ADVERTISEMENT

ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് ടിവി ചാനല്‍ വിതരണ കമ്പനികളിലൊന്നായ 'ഡിഷ് ടിവി' വില്‍ക്കാനൊരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. മുകേഷ് അംബാനി ജിയോ ഗിഗാഫൈബറുമായി രംഗം കീഴടക്കാന്‍ ശ്രമിക്കുന്ന സമയത്താണ് ഡിഷ് ടിവിയുടെ ഉടമകള്‍ വിറ്റൊഴിയുന്നതെന്നാണ് ഒരഭ്യൂഹം. 2016 സെപ്റ്റംബറില്‍ മുകേഷ് അംബാനിയുടെ ജിയോ ടെലികോം രംഗത്തിറങ്ങിയതോടെ പ്രതിരോധിച്ചു നിന്ന പല കമ്പനികളും ഇപ്പോൾ നില്‍ക്കക്കള്ളിയ്ക്കായി ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, കേബിള്‍ ടിവി എന്നിവയിലാണ് ജിയോ അടുത്തതായി കണ്ണുവച്ചിരിക്കുന്നത്. ഇത് സാറ്റലൈറ്റ് ഡിഷ് കമ്പനികള്‍ക്ക് വൻ ഭീഷണി തന്നെയാണ്. ഇതോടൊപ്പം ട്രായിയുടെ പുതിയ പരിഷ്കാരങ്ങളും തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍, അതല്ല ഡഷ് ടിവി ഉടമകള്‍ കടംകയറി നില്‍ക്കുന്നതിനാലാണ് ഡിടിഎച് സംവിധാനം വില്‍ക്കുന്നതെന്നും പറയപ്പെടുന്നു.

 

വാങ്ങുന്നത് എയര്‍ടെല്‍

 

ഡിഷ് ടിവി വാങ്ങാന്‍ എത്തിയിരിക്കുന്നവരുടെ കാര്യമാണ് അതിലും രസകരം. ടെലികോം മേഖലയില്‍ ജിയോയുടെ കൈയ്യില്‍ നിന്ന് അടി വാങ്ങിയ ഭാരതി എയര്‍ടെല്‍ ആണ് ഡിഷ് ടിവിയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. എയര്‍ടെല്ലും ഓഹരി മേഖലയിലെ വമ്പന്മാരായ വാര്‍ബര്‍ഗ്പിന്‍കസും (Warburg Pincus) ചേര്‍ന്ന് ഡിഷ് ടിവിയുടെ ഷെയറുകള്‍ ഏകദേശം 4,800 മുതല്‍ 5,300 കോടി രൂപയ്ക്ക് വാങ്ങാനാണിരിക്കുന്നതെന്നാണ് പറയുന്നത്. എയര്‍ടെല്‍, തങ്ങളുടെ നിലവിലെ ഡിറ്റിഎച് ബിസിനസിനോട് ഒരുമിപ്പിക്കാനാണ് ഡിഷ് ടിവി വാങ്ങുന്നതത്രെ. നേരത്തെ, ഡിഷ് ടിവി വിഡിയോകോണ്‍ ഡി2എച് ഡിഷ് ടിവി സ്വന്തമാക്കിയിരുന്നു.

 

ഡിഷ് ടിവിയുടെ ഉടമകളായ ഗോയല്‍ കുടുംബത്തിന്റെ ഓഹരികളാണ് എയര്‍ടെല്ലും മറ്റും സ്വന്തമാക്കുന്നത്. ഗോയല്‍ കുടുംബത്തിനു വന്‍ കടബാധ്യത ഉള്ളതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 16,000 കോടിയാണത്രെ അവരുടെ കടം. ഡിഷ് ടിവിയുടെ നിയന്ത്രണം എസെല്‍ ഗ്രൂപ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്രയുടെ സഹോദരന്‍ ജവഹാര്‍ ഗോയലിന്റെ കൈയ്യിലാണ്. ഡിഷ് ടിവി വിറ്റാല്‍ തങ്ങളുടെ കടത്തിന്റെ ഒരു ഭാഗം വീട്ടാനാകുമെന്ന് അവര്‍ കരുതുന്നു.

 

ഡി2എച് വാങ്ങിയതാണ് ഡിഷ് ടിവി കാണിച്ച മണ്ടത്തരങ്ങളിലൊന്ന് എന്ന് സുഭാഷ് ചന്ദ്ര പറയുന്നു. ഈ കമ്പനി വാങ്ങിയതിലൂടെ തനിക്കും സഹോദരനും വന്‍ നഷ്ടം നേരിട്ടുവെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. വില്‍ക്കല്‍ വാര്‍ത്തകള്‍ വന്നതോടെ ഡിഷ് ടിവിയുടെ ഓരികള്‍ 5.2 ശതമാനം ഉയര്‍ന്ന് 31.30 രൂപയായി. കമ്പനിയുടെ വിപണി ക്യാപ് 5,763 കോടി രൂപയാണ്. എയര്‍ടെല്ലും ഡിഷ് ടിവിയും ഒരുമിച്ചാല്‍ ഇരു കമ്പനികളുടെയും കൂടെ മൊത്തം സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 3.8 കോടിയാകും.

 

എയര്‍ടെല്ലും ഡിഷ് ടിവിയും തമ്മില്‍ കച്ചവട ചര്‍ച്ചകള്‍ മാര്‍ച്ചില്‍ തുടങ്ങിയതാണെന്നു പറയുന്നു. തുടക്കത്തില്‍ ഒരു ഓഹരിക്ക് 62 രൂപയാണ് ഗോയല്‍ കുടംബം ചോദിച്ചിരുന്നതത്രെ. എന്നാല്‍ 45-50 രൂപയ്ക്ക് കച്ചവടം ഉറച്ചേക്കുമെന്നാണ് പുതിയ വാര്‍ത്തള്‍ പറയുന്നത്. വാര്‍ബര്‍ഗ്പിന്‍കസ് ഭാരതി ടെലിമീഡിയയുടെ 20 ശതമാനം ഓഹരി വാങ്ങിയ കമ്പനിയാണ്.

 

എയര്‍ടെല്ലും ഡിഷ് ടിവിയും ഒരുമിപ്പിക്കുമ്പോള്‍ ഡിഷ് ടിവിയ്ക്കായിരിക്കും പ്രാധാന്യം ലഭിക്കുക. ട്രായിയുടെ കണക്കു പ്രകാരം 2018ല്‍ ഏകദേശം 7.01 കോടി ഡിറ്റിഎച് സബ്‌സ്‌ക്രൈബര്‍മാരാണ് ഇന്ത്യയിലുള്ളത്. ഇവരില്‍ 40 ശതമാനവും ഡിഷ് ടിവിയുടെ സബ്‌സ്‌ക്രൈബര്‍മാരാണ്. 22 ശതമാനമാണ് എയര്‍ടെല്ലിനുളളത്. ഇരു കമ്പനികളും ഒരുമിക്കുമ്പോള്‍ അവര്‍ക്ക് 62 ശതമാനം വരിക്കാരെ ലഭിക്കും. രണ്ടാം സ്ഥാനത്തുള്ള ടാറ്റാ സ്‌കൈയ്ക്ക് 25 ശതമാനം വരിക്കാരാണുള്ളത്.

 

ഇനി നാലു പ്രധാന കമ്പനികളായിരിക്കും ഇന്ത്യന്‍ ഡിറ്റിഎച് മത്സര രംഗത്തുള്ളത്– ഡിഷ് ടിവി-എയര്‍ടെല്‍, ടാറ്റാ സ്‌കൈ, സണ്‍ ഡയറക്ട് (12 ശതമാനം), റിലയന്‍സ് ബിഗ് ടിവി (1 ശതമാനം). ഇവരെ കൂടാതെ ദൂരദര്‍ശന്റെ ഫ്രീ സര്‍വീസും ഉണ്ട്. അതിന് 2.2 കോടി വരിക്കാരുള്ളതായി കണക്കുകള്‍ പറയുന്നു.

 

ജിയോഗിഗാഫൈബറിന്റെ മുന്നേറ്റത്തിനു തടയിടാന്‍ ഡിഷ്-എയര്‍ടെല്‍ കമ്പനിക്കാകുമോ എന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ ഉറ്റു നോക്കുന്നത്. ആദ്യകാലത്ത് നഗര പ്രദേശങ്ങളിലെ വീടുകളിലേക്ക് കടന്നുകയറാനായിരിക്കും ജിയോ ശ്രമിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com