ADVERTISEMENT

ഇന്ത്യയിലെ മുൻനിര ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്കാര്‍ട്ട് ഹോള്‍സെയില്‍ വില്‍പന പൂര്‍ണ്ണമായും നിർത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി അവര്‍ വില്‍പനക്കാരില്‍ നിന്ന് പ്രൊഡക്ടുകള്‍ നേരിട്ടെടുക്കുന്നതു കുറയ്ക്കുകയോ നിർത്തുകയോ ചെയ്തിരിക്കുന്നതായി പറയുന്നു. ഓണ്‍ലൈന്‍ വില്‍പനക്കാര്‍ക്കുളള നിയമങ്ങള്‍ കര്‍ശനമാക്കിയതാണ് വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാര്‍ട്ടിന് വില്‍പനക്കാരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങി വില്‍ക്കാന്‍ കഴിയാതെ വരുന്നത്. ഫ്ലിപ്കാര്‍ട്ടിലെ മികച്ച ഓഫറുകള്‍ നല്‍കിയിരുന്ന റീട്ടെയിൽനെറ്റ് (RetailNet), ഒമ്‌നിടെക്‌റീട്ടെയിൽ (OminTechRetail) എന്നീ സെല്ലര്‍മാരായിരുന്നു ഫ്ലിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നത്. ഇവയിലൂടെ വില്‍ക്കുന്ന പ്രൊഡക്ടുകളുടെ ശേഖരണമാണ് കമ്പനി ഇപ്പോള്‍ നിർത്തുന്നത്. ഉപയോക്താക്കള്‍ക്ക് ഇതു വലിയ തിരിച്ചടിയായേക്കും.

 

തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ സാധനങ്ങള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവരോട് ഫ്ലിപ്കാര്‍ട്ട് ഇപ്പോള്‍ പറയുന്നത് ഇഷ്ടമുള്ള ആല്‍ഫാ സെല്ലര്‍മാര്‍ക്കോ, അല്ലെങ്കില്‍ ബീറ്റാ സെല്ലര്‍മാര്‍ക്കൊ ഉല്‍പന്നങ്ങള്‍ അയച്ചു കൊടുക്കാനാണ്. ആല്‍ഫാ സെല്ലര്‍മാരും ബീറ്റാ സെല്ലര്‍മാരും ഇന്ത്യയുടെ പുതിയ വിദേശ നിക്ഷേപ നിയമം അനുസരിക്കാനായി കമ്പനി ഉണ്ടാക്കിയ രണ്ട് അടരുകളാണ്. എന്തായാലും ഫ്ലിപ്കാര്‍ട്ടിന് അവരുടെ ഹോള്‍സെയില്‍ വില്‍പന നിർത്തേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആല്‍ഫാ റീട്ടെയിലര്‍മാരോ ബീറ്റാ റീട്ടെയിൽമാരോ വരുന്നത് അവരുടെ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരമാകില്ല എന്നാണ് വിലയിരുത്തല്‍. അവരുടെ ഹോള്‍സെയില്‍ വില്‍പന അവസാനിക്കാന്‍ ഇനി അധികം സമയം വേണ്ടിവരില്ല.

 

ഇന്ത്യയില്‍ എന്തു തന്ത്രമാണ് ഇനി പയറ്റേണ്ടതെന്നതിനെക്കുറിച്ച് ഫ്ലിപ്കാര്‍ട്ടിന്റെ ഉടമയായ വാള്‍മാര്‍ട്ടിന് ഒരു പിടിയും കിട്ടുന്നില്ല എന്നാണ് പറയുന്നത്. 'ഫ്ലിപ്കാര്‍ട്ട് ഇന്ത്യ' എന്ന ഹോള്‍സെയില്‍ വില്‍പനാ വിഭാഗം പൂര്‍ണ്ണമായും അടച്ചുപൂട്ടണോ, അതോ ഭാഗികമായിപ്രവര്‍ത്തിപ്പിക്കണമോ എന്നു പോലും തീരുമാനമെടുക്കാനാകാതെ അവര്‍ വിഷമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തായാലും റീട്ടെയിൽ നെറ്റിലേക്കും ഒമ്‌നിടെക്‌റീട്ടെയ്‌ലിലേക്കും ഇനി സാധനങ്ങള്‍ അയക്കേണ്ടെന്ന് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നവരോട് അവർ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ ഇ–കൊമേഴ്‌സ് വ്യാപാര രംഗത്തെ രണ്ടാമത്തെ വമ്പന്‍ കമ്പനിയായ ആമസോണിനും ഇതെല്ലാം ബാധകമാണ്.

 

ഇന്ത്യ കഴിഞ്ഞ ഡിസംബറില്‍ തങ്ങളുടെ 'ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്' പോളിസിയില്‍ വരുത്തിയ മാറ്റങ്ങളാണ് കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുന്നത്. ഈ ആപ്രതീക്ഷിത നീക്കം ആമസോണിന്റെയും ഫ്ലിപ്കാര്‍ട്ടിന്റെയും അടി തെറ്റിച്ചിരിക്കുകയാണ്. ഇത്രകാലം ഈ കമ്പനികള്‍ നടത്തിവന്ന ബിസിനസ് മുഴുവന്‍ നിയമവിരുദ്ധമായേക്കും. ഇനി എന്തായാലും പുതിയ തന്ത്രങ്ങള്‍ ഒരുക്കാതെ അവര്‍ക്കു മുന്നോട്ടു പോകാനായേക്കില്ല. ഈ രണ്ടു പ്ലാറ്റ്‌ഫോമിലും ഒരു സെല്ലര്‍ക്കു വില്‍ക്കാവുന്ന ഉല്‍പന്നങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും നിയന്ത്രണം കൊണ്ടുവന്നുകഴിഞ്ഞു.

 

ഇന്ത്യയില്‍ നിന്ന് മറ്റൊരു പുതിയ ഇകൊമേഴ്‌സ് കമ്പനി ഉടനെ വന്നേക്കുമെന്നും അവര്‍ക്ക് വഴിയൊരുക്കാനാണ് ഈ കമ്പനികള്‍ക്ക് മൂക്കുകയറിടുന്നതെന്നും ചില ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലും ചേര്‍ന്ന് തുടങ്ങിയ കമ്പനിയായിരുന്നു ഫ്ലിപ്കാര്‍ട്ട്. ഇത് അമേരിക്കയിലെ റീട്ടെയിൽ ഭീമന്‍ വാള്‍മാര്‍ട്ട് ഭീമമായ തുകയ്ക്ക് സ്വന്തമാക്കുകയായിരുന്നു. ആമസോണ്‍ ലോകത്തെ ഏറ്റവും വലിയ പണക്കാരനായ ജെഫ് ബെയ്‌സോസിന്റെ ഉടമസ്ഥതയിലുള്ളതാണ്. റീട്ടെയിൽ രംഗത്ത് ചൈനയില്‍ തിരിച്ചടി നേരിട്ട ബെയ്സോസ് ഇന്ത്യന്‍ ബിസിനസ് രംഗം ഗൗരവത്തിലെടുക്കുകയും ധാരാളം പണമിറക്കുകയും ചെയ്തിരുന്നു. ഇന്ത്യ പോസ്റ്റിലൂടെ സാധനങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ തീരൂമാനിച്ചതിലൂടെ പോസ്റ്റല്‍ വകുപ്പിന് പുത്തനുണര്‍വു നല്‍കാനും ആമസോണിനു സാധിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com