ADVERTISEMENT

ഒരു മാസത്തിനുള്ളില്‍ തങ്ങളുടെ നിയന്ത്രണങ്ങള്‍ക്കു വഴങ്ങാത്ത വെര്‍ച്വല്‍ പ്രോട്ടോക്കോള്‍ നെറ്റ്‌വര്‍ക്ക് (വിപിഎന്‍) സേവനദാതാക്കളെ രാജ്യത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് റഷ്യ അന്ത്യശാസനം നല്‍കിയിരിക്കുന്നു. പരിമിതപ്പെടുത്താത്ത ഇന്റര്‍നെറ്റിന്റെ ഉപയോഗം നിയന്ത്രിക്കുക എന്ന നയത്തിന്റെ ഭാഗമായി രാജ്യം നടപ്പാക്കിവരുന്ന നടപടികളുടെ ഭാഗമാണിത്. തങ്ങളുടെ ഇന്റര്‍നെറ്റ് നിയന്ത്രണത്തിനായി ചൈന ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളുടെ അതേ വഴിയെയാണ് റഷ്യയും.

 

ചൈനയുടെ 'ഗ്രെയ്റ്റ് ഫയര്‍വാള്‍,' ഫെയ്‌സ്ബുക്, ഗൂഗിള്‍ അടക്കമുള്ള പല കമ്പനികള്‍ക്കും രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റിലൂടെ രാജ്യത്തിനു പുറത്തേക്കു പോകുന്ന വിവരങ്ങള്‍ തടയുക എന്നതും ചൈന ഉയര്‍ത്തിയ ഇന്റര്‍നെറ്റ് വന്‍മതിലിന്റെ ശേഷിയാണ്. ഈ നിയന്ത്രണങ്ങളെ ഭേദിക്കാന്‍ അനുവദിക്കുന്നവയായിരുന്നു വിപിഎന്‍ സര്‍വീസുകള്‍. ആപ് സ്റ്റോറിലുള്ള വിപിഎന്‍ ആപ്പുകളെ എടുത്തുകളഞ്ഞ ശേഷം തങ്ങളുടെ രാജ്യത്ത് പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്ന് ആപ്പിളിനോട് ചൈന ആവശ്യപ്പെട്ടിരുന്നു. കമ്പനി അത് അനുസരിക്കുകയും ചെയ്തു. സമാനമായ സാഹചര്യമാണ് ഇപ്പോള്‍ റഷ്യയില്‍ ഉരുത്തിരിയുന്നത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

 

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒമ്പതു പ്രധാന വിപിഎന്‍ സേവനദാതാക്കളോടാണ് റഷ്യ തങ്ങളുടെ നയങ്ങള്‍ക്ക് അനുസരിച്ച പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എക്‌സ്പ്രസ്‌വിപിഎന്‍, ഹൈഡ്‌മൈആസ്!, ഹോളാ വിപിഎന്‍, ഐപിവാനിഷ്, കാസ്പര്‍സ്‌കി സെക്യോര്‍ കണക്‌ഷന്‍, കീപ്‌സോളിഡ് (വിപിഎന്‍ അണ്‍ലിമിറ്റഡ്), നോര്‍ഡ്‌വിപിഎന്‍ ഓപ്പണ്‍ വിപിഎന്‍, ടോര്‍ഗാര്‍ഡ്, വൈപര്‍ വിപിഎന്‍ തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിപിഎന്‍ കമ്പനികള്‍ അവരുടെ സെര്‍വറുകള്‍ സർക്കാരിന്റെ ഐടി സിസ്റ്റവുമായി ബന്ധിപ്പിക്കണമെന്നാണ് റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ റഷ്യ ബാന്‍ ചെയ്ത വെബ്സൈറ്റുകള്‍ രാജ്യത്തുള്ളവര്‍ സന്ദര്‍ശിക്കുന്നില്ല എന്നുറപ്പിക്കാം. 

 

വിപിഎന്‍ സേവന ദാതാക്കളില്‍ കാസ്പര്‍സ്‌കി നോട്ടീസ് കിട്ടിയതോടെ തങ്ങളുടെ സെര്‍വറുകളെ റഷ്യ ആവശ്യപ്പെട്ടതു പോലെ ബന്ധിപ്പിക്കുകയും ചെയ്തു. മറ്റുള്ളവര്‍ റഷ്യയ്ക്ക് മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ അവര്‍ റഷ്യന്‍ നിയമങ്ങള്‍ അംഗീകരിക്കില്ല എന്നാണ് സൂചനകള്‍. നോര്‍ഡ്‌വിപിഎന്‍ റഷ്യയുടെ ആവശ്യം അംഗീകരിക്കില്ല. ഉപയോക്താക്കളുമായി എത്തിച്ചേര്‍ന്നിട്ടുള്ള സേവന കരാറിന്റെ ലംഘനമാണിതെന്നാണ് കമ്പനി വക്താവ് പറഞ്ഞത്. ഓണ്‍ലൈന്‍ സ്വാതന്ത്ര്യവും സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കതെയുള്ള പ്രവര്‍ത്തനത്തിന് തങ്ങള്‍ ഒരുക്കമല്ലെന്ന സൂചനയാണ് നോര്‍ഡ് നല്‍കുന്നത്.

 

പുതിയതല്ല

 

എന്നാല്‍ ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്ന ഈ നിയമം പുതിയതല്ല. 2017ല്‍ സർക്കാർ പാസാക്കിയതായിരുന്നു ഇത്. പക്ഷേ, അതു നടപ്പാക്കാനുള്ള ശ്രമം ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്നു മാത്രം. ഇത്തരം കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന റഷ്യന്‍ അധികാര കേന്ദ്രമാണ് റോസ്‌കോംനഡസര്‍ (Roskomnadzor). ഇതിന്റെ തലവനായ അലക്‌സാണ്ടര്‍ സാറോവ് (Aleksandr Zharov) പറഞ്ഞത് തങ്ങള്‍ പറയുന്നത് അംഗീകരിക്കാത്ത വിപിഎന്‍ സേവനദാതാക്കളെ പടിക്കു പുറത്താക്കുമെന്നാണ്. ഒരു മാസത്തിനുള്ളില്‍ തന്നെ ഇതു നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ഈ വിപിഎന്‍ സേനവനദാതാക്കളെ പുറത്താക്കിയാലും മറ്റു പലരും റഷ്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം സാറോവ് അംഗീകരിച്ചു. എന്നാല്‍ വിപിഎന്‍ നിരോധനം ഒരു ദുരന്തമാകുമെന്ന് താന്‍ കരുതുന്നില്ലെന്നും പക്ഷേ തനിക്കതു ചെയ്യേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് നെറ്റ്‌വര്‍ക്കിലൂടെ ഉപയോക്താക്കള്‍ക്ക് സ്വകാര്യമായി ഡേറ്റാ കൈമാറാന്‍ ഉപയോഗപ്പെടുത്താവുന്ന സേവനമാണ് വിപിഎന്‍. പൊതു ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന കണക്ഷനുകള്‍ക്ക് സ്വകാര്യത ഉറപ്പാക്കാനാണ് ഇവ ഉപയോഗിക്കുക. ഓഫിസുകളുടെയും മറ്റും ബ്രാഞ്ചുകളെ തമ്മില്‍ ബന്ധിപ്പിക്കാനും ഇവയുടെ സേവനം ഉപയോഗിക്കാറുണ്ട്. ഇവ ഇന്റര്‍നെറ്റില്‍ പരിപൂര്‍ണ്ണ സ്വകാര്യത ഉറപ്പാക്കില്ലെങ്കിലും ചില ഗുണങ്ങള്‍ ലഭിക്കുകയും ചെയ്യും. ഇത്തരം മികച്ച സേവനങ്ങള്‍ക്ക് മാസ വരിസംഖ്യ നല്‍കണം. അല്ലാത്തവ പൊതുവെ ഉപയോക്താവിന്റെ ഡേറ്റാ ചോര്‍ത്താന്‍ ഉപയോഗിക്കുന്നവയാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com