ADVERTISEMENT

ഏതൊരു വിജയത്തിനു പിന്നിലും ഒരു പെൺസാന്നിധ്യമുണ്ടാകുമെന്നത് പറയുന്നത് വെറുതെയല്ല. ചരിത്രം പല ജീവിതങ്ങളിലൂടെയും അത് പറഞ്ഞ് തന്നിട്ടുമുണ്ട്. ചെന്നൈയിലെ തീർത്തും സാധാരണ ചുറ്റുപാടിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നിന്റെ തലപ്പത്തെത്തിയ സുന്ദർ പിച്ചൈയുടെ ജീവിതത്തിലുമുണ്ട് അങ്ങനെയൊരാൾ, ഭാര്യ അഞ്ജലി.

 

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയ്ക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് 47 വയസ്സ് തികഞ്ഞത്. നിലവിൽ ആഗോള ടെക് കമ്പനികളിലെ അറിയപ്പെടുന്ന ഏറ്റവും മികച്ച ഇന്ത്യൻ മുഖങ്ങളിൽ ഒരാളാണ് പിച്ചൈ. പിച്ചൈയെ കോടീശ്വരൻ, പുരോഗമന ചിന്തകൻ, പുതുമയുള്ളവൻ എന്നറിയപ്പെടാം. പക്ഷേ ഇന്നും യുവാക്കളുടെ ശ്രദ്ധ ആകർഷിക്കുന്നത് അഞ്ജലിയുമായുള്ള അദ്ദേഹത്തിന്റെ പ്രണയകഥയാണ്. അവർ ഐ‌ഐ‌ടി ഖരഗ്‌പൂരിൽ ഒരുമിച്ച് പഠിക്കുമ്പോൾ ആരംഭിച്ച പ്രണയം കല്യാണം കഴിഞ്ഞും തുടരുന്നുവെന്നത് സിലിക്കൺ വാലിയിൽ ഒരു അദ്ഭുതമാണ്. ടെക് കമ്പനി മേധാവികളുടെ ഭാര്യമാരും കാമുകിമാരും ഇടക്കിടെ വേർപ്പിരിയുന്ന് ഇക്കാലത്ത് പിച്ചൈ–അഞ്ജലി ദമ്പതികൾ ലോകത്തിനു തന്നെ മാതൃകയാണ്.

 

ഖരഗ്പൂർ ഐഐടിയിൽ പഠിക്കുമ്പോൾ കണ്ടുമുട്ടിയ കൂട്ടുകാരിയെയാണ് സുന്ദർ പിച്ചൈ ജീവിത സഖിയാക്കിയത്. ഐ‌ഐ‌ടിയിലെ പെൺകുട്ടിയുടെ ഹോസ്റ്റലിലേക്ക് പോയി അഞ്ജലിയോട് പ്രണയം തുറന്നു പറയാന്‍ പോലും സുന്ദർ പിച്ചൈയ്ക്ക് നാണമായിരുന്നു. ഇതു പറഞ്ഞ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കളിയാക്കുമായിരുന്നു.

 

സെൽ‌ഫോണുകൾ‌ ഇല്ലാത്ത ഒരു യുഗത്തിൽ‌ പ്രണയബന്ധം നിലനിർത്താൻ ഇവർ ഏറെ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് 1995ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ എൻജിനീയറിങ്, മെറ്റീരിയൽ സയൻസിൽ എംഎസ് പഠിക്കാൻ സുന്ദറിന് സ്‌കോളർഷിപ്പ് ലഭിച്ചപ്പോൾ അഞ്ജലി ഇന്ത്യയിൽ തന്നെ തുടർന്നു. അവർ മാസങ്ങളോളം ഒന്നു വിളിക്കാനാകാതെ ബുദ്ധിമുട്ടി. കാരണം അവളെ ഒരു കോൾ വിളിക്കാൻ പോലും സുന്ദറിന്റെ കയ്യിൽ പണമില്ലായിരുന്നു. അന്നത്തെ ദിവസങ്ങളിൽ പിച്ചൈയുടെ ഒരു കോളിനായി ഏറെ കാത്തിരുന്നിട്ടുണ്ടെന്ന് അഞ്ജലി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. പരസ്പരം സംസാരിക്കാതെ ആറു മാസം നീണ്ടുപോയി. പക്ഷേ അവരുടെ ബന്ധം ഈ പ്രതിസന്ധികളെല്ലാം അതിജീവിച്ചു. 

sundar-pichai

 

ഭാര്യ അഞ്ജലിയുടെ വരുമാനം ഇന്ന് 2.2 കോടി ഡോളറാണ്. പിച്ചൈയുടെ വരുമാനം ഏകദേശം 15 കോടി ഡോളറുമാണ്. 1999 മുതൽ 2002 വരെ ആക്സെഞ്ചറിൽ കെമിക്കൽ എൻജിനീയറായാണ് അ‍ഞ്ജലി ജോലി ചെയ്തത്. ഇപ്പോൾ ഇന്റ്യൂട്ടിൽ ബിസിനസ് ഓപ്പറേഷൻസ് മാനേജരാണ്. കരിയർ തീരുമാനങ്ങളെക്കുറിച്ചുള്ള ഉപദേശത്തിനായി സുന്ദർ പിച്ചൈ ഇന്നും അഞ്ജലിയുടെ ഉപദേശമാണ് തേടുന്നത്. മറ്റ് ഐടി ഭീമൻമാരിൽ നിന്ന് ലാഭകരമായ ഓഫറുകൾ ലഭിച്ചിട്ടും ഗൂഗിളിൽ തുടരാൻ പിച്ചൈയോട് പറഞ്ഞതും ഭാര്യയാണ്. പ്രൊഡക്റ്റ് മാനേജറിൽ നിന്ന് ഗൂഗിൾ സിഇഒ ആയി സുന്ദർ പിച്ചൈ ഉയരുമെന്ന് അഞ്ജലിക്ക് വിശ്വാസമുണ്ടായിരുന്നു.

 

സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുന്നു

 

സുന്ദറും അഞ്ജലിയും ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങി സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പോസ്റ്റു ചെയ്യുകയോ അവരുടെ ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുകയോ ചെയ്യുന്നവരല്ല. വല്ലപ്പോഴും ഒരു ട്വീറ്റ് മാത്രമാണ് പിച്ചൈ തന്നെ ചെയ്യുന്നത്. അവർക്ക് രണ്ട് കുട്ടികളുണ്ട് കാവ്യ, കിരൺ. അവരുടെ നേട്ടങ്ങൾ ഒരിക്കൽ പോലും ദമ്പതികൾ സോഷ്യൽ മീഡിയയിൽ പങ്കിടാറില്ല. സോഷ്യൽ മീഡിയ ഭരിക്കുന്ന യുഗത്തിൽ ഒരു പ്രശസ്ത ഇന്ത്യൻ ദമ്പതികൾ അവരുടെ സ്വകാര്യ ജീവിതം ‘സ്വകാര്യമായി’ സൂക്ഷിക്കാനുള്ള വളരെ പക്വമായ തീരുമാനമാണിത്.

 

പിച്ചൈയ്ക്ക് ലഭിച്ചത് നിരവധി ഓഫറുകൾ, പക്ഷേ...

 

ഗൂഗിൾ സ്ഥാപകരിലൊളായ ലാറി പേജിന്റെ വിശ്വസ്തനായിരിക്കെ തന്നെ മൈക്രോസോഫ്റ്റും ട്വിറ്ററും ഉൾപ്പെടെയുള്ള കമ്പനികൾ പിച്ചൈയെ തേടിയെത്തിയിരുന്നു. മൈക്രോസോഫ്റ്റിന്റെ സിഇഒയാക്കാൻ കമ്പനി പരിഗണിച്ചിരുന്ന പേരുകളിലൊന്ന് സുന്ദറിന്റെതായിരുന്നു. പിച്ചൈയെ ട്വിറ്റർ കൊത്തിയെടുക്കും എന്നുറപ്പായപ്പോൾ ശമ്പളത്തിൽ വൻ വർധനവ് നടത്തി ഗൂഗിള്‍ ആ മാറ്റം തടഞ്ഞുവെന്നും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ടായിരുന്നു. എന്തായാലും പിച്ചൈ എങ്ങോട്ടേക്കും പോയില്ല. അതിനു കാരണം മറ്റൊന്നുമല്ല, അഞ്ജലിയുടെ വാക്കുകളായിരുന്നു. അഞ്ജലിയാണ് പിച്ചൈയോട് ഗൂഗിളിൽ തുടരാൻ ഉപദേശിച്ചത്. ഫലമോ പിച്ചൈ ഗൂഗിളിന്റെ സിഇഒ ആയി. ലോകത്ത് ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന ടെക്കിയായി. തന്റെ ബിസിനസ് ആശയങ്ങൾ പിച്ചൈ വീട്ടുകാരോടൊത്ത് പങ്കിടാറുണ്ട്. പറ്റുമെങ്കിൽ ചില പരീക്ഷണങ്ങൾ അവരെക്കൊണ്ട് നടത്താറുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com