ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ചിത്രം വരച്ചാൽ അതിന്റെ അവകാശം ആർക്ക്?

AI-writer
SHARE

പേര്:  ഓറിയ കാത്തി

ജനനം: ജനുവരി 1, 2019

താമസം: മൈക്രോസോഫ്റ്റ് ക്ലൗഡ്

ജോലി: കവിതയെഴുത്തും ചിത്രം വരയ്ക്കലും

മുകളിലെ ചിത്രത്തിന്റെ അടിക്കുറിപ്പ് വായിച്ചു വട്ടായെങ്കിൽ ക്ഷമിക്കുക, പറഞ്ഞതു സത്യം. ഓറിയ കാത്തി എന്നൊരാളില്ല. പക്ഷേ എട്ടുമാസമായി ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ദിവസവും നാലുവരി കവിതയും അതിനൊപ്പം ചിത്രവും പോസ്റ്റ് ചെയ്യും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ സ്വയം പ്രവർത്തിക്കുന്ന (ബോട്ട്) കംപ്യൂട്ടർ കവിയും ചിത്രകാരിയുമാണ് ഓറിയ. രൂപം കൊടുത്തത് ചോറ്റാനിക്കര എരുവേലി സ്വദേശിയും കൊച്ചിയിൽ എൻജിനീയറുമായ സ്ലീബ പോളും ആലപ്പുഴ സ്വദേശിയും ബെംഗളൂരുവിൽ ഡിസൈനറായ ഫാബിൻ റഷീദും ചേർന്ന്. 

ഇറ്റലിയിലെ ഫ്ലോറൻസ് ബിനാലെയിലേക്കു ക്ഷണം ലഭിച്ച ഓറിയയുടെ സർവ ചെലവുകളും വഹിക്കുന്നത് മൈക്രോസോഫ്റ്റ്. ആഷർ (Azure) മെഷീൻ ലേണിങ് പൈപ്പ്‌ലൈന്‍ ഉപയോഗിക്കുന്ന ഓറിയയ്ക്കു പിന്തുണയുമായി മൈക്രോസോഫ്റ്റ് പ്രിൻസിപ്പൽ പ്രോഗ്രാം മാനേജറും തിരുവനന്തപുരം സ്വദേശിയുമായ സന്തോഷ് പിള്ളയുമുണ്ട്. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ  മൗലിക കവിത എഴുതാനും ചിത്രം വരയ്ക്കാനും കഴിയുമോ? അങ്ങനെ വരച്ചാൽ സ്വത്തവകാശം ആർക്ക് തുടങ്ങിയ ചോദ്യങ്ങളും ഇവരുടെ ഗവേഷണം ഉയർത്തുന്നു. 

ഓറിയ ജനിച്ചതിങ്ങനെ

ലാംഗ്വിജ് മോഡലിങ്: 3.5  ലക്ഷം ഇംഗ്ലിഷ് ഹൈക്കു (ജാപ്പനീസ് കാവ്യരൂപം) കവിതകൾ ഓറിയയ്ക്ക് കാവ്യഘടന പഠിക്കാനായി (മെഷീൻ ലേണിങ്) നൽകി. ഇലോൺ മസ്ക് സ്ഥാപിച്ച ഓപ്പൺ എഐയുടെ ജനറേറ്റീവ് പ്രീ–ട്രെയിനിങ്–2 എന്ന സംവിധാനമാണ് ഉപയോഗിച്ചത്. നിലവിൽ കവിതകൾ പൂർണതോതിൽ അർഥവത്തല്ലെങ്കിലും ഭാവിയിൽ അതിലേക്കെത്തുമെന്നാണു പ്രതീക്ഷ. 

ഉദാഹരണം: 

'It's good as you can

and pull it on that power

and go home.

Sorry'

ടെക്സ്റ്റ് ടു ഇമേജ്: കവിതയുടെ അർഥം മനസ്സിലാക്കി ചിത്രമാക്കുന്നതു മൈക്രോസോഫ്റ്റിന്റെ  AttnGAN പ്രോഗ്രാം വഴി. 

കളറിങ്: ചിത്രത്തിനു നിറം പകരുന്നതും എഐ തന്നെ. 4,105 ചിത്രങ്ങളടങ്ങിയ വിക്കിആർട് ഇമോഷൻസ് ഡേറ്റസെറ്റാണ് ഉപയോഗിച്ചത്. ഓരോ നിറവും കാഴ്ചക്കാരനിൽ എന്തു വികാരമാണുണ്ടാക്കുന്നതെന്ന് ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എൻവിഡിയ കമ്പനിയുടെ ഫാസ്റ്റ്ഫോട്ടോ സ്റ്റൈൽ സംവിധാനമുപയോഗിച്ച് കവിതയുടെ വികാരത്തിനുസരിച്ചു നിറം പകരാം. 

നമ്മുടെ വീട്ടിലെ ചുമരുകള്‍ എഐ ആര്‍ട്ടിസ്റ്റ് ഡിസൈൻ ചെയ്യുന്ന കാലവും വിദൂരമല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ