ADVERTISEMENT

ദിവസങ്ങൾക്ക് മുൻപ് ഈ ലേഖകന്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഒരു തിരുത്തലിനായി വിളിച്ചപ്പോള്‍ പരാതി അയയ്ക്കാനും പറഞ്ഞ് ഒരു ഉദ്യോഗസ്ഥന്‍ തന്ന മെയിൽ ഐഡികള്‍ നോക്കൂ, adpo@gmail.com, akshyadpoidukki@gmail.com. പരാതി അയയ്‌ക്കേണ്ടത് ജിമെയിലില്‍! വേറെ ഐഡി ഒന്നുമില്ലെ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്ന് യാതൊരു വീണ്ടുവിചാരവുമില്ലാത്ത മറുപടിയും കിട്ടി. മുൻപൊരിക്കല്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക സന്ദേശങ്ങള്‍ കൈമാറാനായി വാട്‌സാപ് ഉപയോഗിക്കുന്ന കാര്യം പറഞ്ഞിരുന്നതും ഓര്‍ക്കുമല്ലോ. സാധാരണക്കാരന്‍ ഉപയോഗിക്കാന്‍ പേടിക്കേണ്ട കമ്പനികളാണ് ഗൂഗിളും, ഫെയ്‌സ്ബുക്കുമൊക്കെ എന്നിരിക്കെ ഗൂഗിളിന്റെ ജിമെയിലും ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപും എല്ലാം സർക്കാര്‍ ആവശ്യങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നുവെന്നത് ടെക്‌നോളജിയെക്കുറിച്ച് എത്രമാത്രം അജ്ഞരാണ് അവര്‍ എന്നതാണ് കാണിക്കുന്നത്.

 

സർക്കാരുകള്‍ ഉണരുന്നു

 

ലോകമെമ്പാടുമുള്ള സർക്കാരുകള്‍ തങ്ങളുടെ ഔദ്യോഗികാവശ്യങ്ങള്‍ക്കായി കണ്‍സ്യൂമര്‍ ടെക്‌നോളജി കമ്പനികളെ ആശ്രയിക്കുന്നത് നിർത്തണമെന്ന കാര്യത്തില്‍ ബോധമുള്ളവരാകുകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വന്തമായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ പണിയാനാണ് ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്. തങ്ങളുടെ സുപ്രധാനമായ ഡിജിറ്റല്‍ നീക്കങ്ങൾ പോലും സ്വകാര്യ കമ്പനികള്‍ക്ക് വേണമെങ്കില്‍ പരിശോധിക്കാന്‍ പാകത്തിന് ഇട്ടുകൊടുക്കുന്ന അവസ്ഥയാണ് ഇപ്പോഴുളളത്. അതിനാല്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്, ആപ്പിളിന്റെ ഐഒഎസ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക് അപ്പുറത്തേക്കും സർക്കാരുകള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്.

 

ഫിന്‍ലന്‍ഡില്‍ നിന്നുള്ള ജോളാ കമ്പനിയുടെ ഓപ്പറേറ്റിങ് സിസ്റ്റമാണ് സെയ്ല്‍ഫിഷ് ഒഎസ്. അതിന്മേല്‍ പണിതുയര്‍ത്തിയ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഓറോറ ഒഎസ്. റഷ്യയുടെ ദേശീയ ടെലികോം ഓപ്പറേറ്ററായ റോസ് ടെലികോമിനോട് ഓറോറാ ഒഎസില്‍ 75 ശതമാനം ഓഹരി വാങ്ങാനാണ് റഷ്യന്‍ സർക്കാർ ആവശ്യപ്പെട്ടത്. ഓറോറ ഒഎസ് കേന്ദ്രമാക്കി സുരക്ഷിതമായ ഡിജിറ്റല്‍ ലോകം പണിതുയര്‍ത്താനാണ് റഷ്യയുടെ ലക്ഷ്യം. ഓറോറ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ സർക്കാരിന്റെ കീഴിലുള്ളതും കോര്‍പറേറ്റ് സെക്ടറിലുള്ളതുമായ കമ്പനികള്‍ ഉപയോഗിക്കണമെന്ന നിബന്ധന വയ്ക്കാനാണ് റഷ്യ ഉദ്ദേശിക്കുന്നതെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

 

വാവെയ് പുറത്തിറക്കിയ ഹാര്‍മണി ഒഎസ് ചൈനയുടെ ദേശീയ ഓപ്പറേറ്റിങ് സിസ്റ്റമാകാനുള്ള സാധ്യതയുണ്ടെന്നും ഗവേഷണ കമ്പനിയായ കൗണ്ടര്‍പോയിന്റ് റിസേര്‍ച്ചിന്റെ ഉദ്യോഗസ്ഥനായ നീല്‍ ഷാ പറഞ്ഞു. ചൈനയില്‍ വികസിപ്പിച്ച ശേഷം മറ്റു രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുകയായിരിക്കും നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്നാല്‍, അത്തരമൊരു ഒഎസിന് ചൈനയ്ക്കു വെളിയില്‍ ആരെങ്കിലും സ്വീകരണം നല്‍കുമോ എന്നാണ് അറിയേണ്ടത്. 

 

ബ്രസീലിലെ ഒരു കമ്പനിയുടെ സികുര്‍ (Sikur) വളരെ സുരക്ഷിതമായ ഓപ്പറേറ്റിങ് സിസ്റ്റമാണ്. ഈ സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോം സ്മാര്‍ട് ഫോണുകളും ട്രെയ്ഡിങ് സ്ഥാപനങ്ങളും വ്യവസായ ആവശ്യത്തിനുള്ള ഇന്റര്‍നെറ്റ് ഓഫ് തിങ്‌സും പോസ് മെഷീനുകളും (PoS machines--പോയിന്റ്ഓഫ് സെയില്‍) വെയറബിൾസും തുടങ്ങി ഒരുവിധപ്പെട്ട എന്തു സ്മാര്‍ട് ഉപകരണവും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഈ ഓപ്പറേറ്റിങ് സിസ്റ്റം ഇന്ത്യക്ക് വാങ്ങാന്‍ വളരെ ഉചിതമാണെന്നാണ് ഷാ പറയുന്നത്. 

 

രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വഷളാകുന്നതും ടെക് ശീതയുദ്ധവും പരിപാലനവാദവും (protectionism) കൊടികുത്തി വാഴുന്ന ഇന്നത്തെ കാലത്ത് ചൈനയും റഷ്യയും ബ്രസീലും സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം എന്ന പടച്ചട്ടയണിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇവയെ തങ്ങളുടെ നിയന്ത്രണത്തില്‍ നിർത്താമെന്നതും സ്വകാര്യമാണെന്നതും ഈ ആശയം ആകര്‍ഷകമാക്കുന്നു. ഇന്ത്യയും അത്തരമൊരു ഓപ്പറേറ്റിങ് സിസ്റ്റം സ്വന്തമാക്കണമെന്നാണ് ഷാ പറയുന്നത്. തന്ത്രപ്രധാനമായ നീക്കങ്ങള്‍ക്ക് ഇതാണ് വേണ്ടത്. ആഡ്രോയിഡിലും ഐഒഎസിലും പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളും കൂടെ ഫെയ്‌സ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റാള്‍ ചെയ്ത ഉപകരണങ്ങളുമായി നീങ്ങുന്ന ഉദ്യോഗസ്ഥരെ വേണമെന്നു വച്ചാല്‍ കമ്പനികള്‍ക്ക് ട്രാക്കു ചെയ്യാം. സിം ഇടാത്ത ആന്‍ഡ്രോയിഡ് ഫോണുമായി നടന്നാല്‍ പോലും ഗൂഗിളിന് ട്രാക്കു ചെയ്യാനാകുമെന്ന കാര്യം മുൻപ് എഴുതിയിരുന്നത് ഓര്‍ക്കുമല്ലോ. 

 

സിക്കുറിന് എന്തൊക്കെ ചെയ്യാം? 

 

ഏത് ആപ്പിനും സുരക്ഷിതത്വം നല്‍കാനുള്ള കഴിവ് സിക്കുറിനുണ്ട്. ബാങ്കിങ് മേഖല, ഓഹരിവിപണിയുമായി ബന്ധപ്പെട്ട ആപ്പുകള്‍, വാര്‍ത്ത, ക്രിപ്‌റ്റോകറന്‍സി, വോലറ്റുകള്‍, ഇമെയിൽ എന്നിങ്ങനെ എന്തും. ജനപ്രിയ ആപ്പുകളായ വാട്‌സാപ്പിനെ പോലും ഇതില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാം. ഇതിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ മാനിക്കുന്ന ഏത് ആപ്പിനും പ്രവര്‍ത്തിക്കാവുന്ന ഒന്നായിരിക്കും സിക്കുര്‍. സുരക്ഷാ ബോധമുളള പല ഉദ്യോഗസ്ഥരും പ്രത്യേകിച്ച് വിദേശ സ്വകാര്യ കമ്പനികളുടെ പ്രിതിനിധികള്‍ വിപിഎന്‍ ഉപയോഗിക്കാറുണ്ട്. സിക്കുറിന് വിപിഎന്‍ ആവശ്യമില്ല. സുരക്ഷയുടെ പല അടരുകള്‍ അതില്‍തന്നെ പിടിപ്പിച്ചിട്ടുണ്ട്.

 

സിക്കുര്‍ സ്വന്തമായി ആപ്‌സ്റ്റോര്‍ തുടങ്ങാന്‍ പോകുകയാണ്. കൂടുതല്‍ സുരക്ഷ നല്‍കുന്ന ആപ്പുകള്‍ ഈ സ്റ്റോറിലേക്ക് ചേക്കേറിയേക്കാം. സാംസങ്ങിന്റെ ടിസെന്‍ ഒഎസ് സ്മാര്‍ട് ടിവികളിലും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിലും ഉപയോഗിക്കുന്നുണ്ട്. എല്‍ജി ഏറ്റെടുത്ത വെബ് ഒഎസും ടിവിയ്ക്കും മറ്റ് ഉപകരണങ്ങള്‍ക്കും ഉപയോഗിക്കുന്നു. ആന്‍ഡ്രോയിഡിന്റെ കടന്നുകയറ്റം സ്മാര്‍ട് ഫോണുകളില്‍ പരമാവധി ഒതുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നു പറയുന്നു. 

 

ഇതിന്റെയെല്ലാം പിന്നില്‍ അമേരിക്കയില്‍ നിന്നുള്ള ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നീ ഒഎസ് ഇരട്ടകളുടെ ആധിപത്യം ഇടിക്കുക എന്നതാണ് ലക്ഷ്യമെന്നും ഷാ പറയുന്നു. വിന്‍ഡോസും മാക്കും അമേരിക്കാ കേന്ദ്രീകൃതമാണ്. അതുപോലെ തന്നെയാണ് ഗൂഗിള്‍, ഫെയ്‌സ്ബുക് എന്നീ കമ്പനികളുടെ കാര്യവും. സ്വകാര്യത എങ്ങനെ മാനിക്കാതിരിക്കണം എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് ഈ ഇരട്ടക്കമ്പനികള്‍. പരസ്യത്തിലൂടെ ലാഭം മാത്രം നോക്കി പ്രവര്‍ത്തിക്കുന്ന ഈ കമ്പനികള്‍ രാജ്യങ്ങളെ നോക്കുകുത്തികളാക്കി ലാഭം കൊയ്യുകയാണ്. വാട്‌സാപ് ഉപയോഗിക്കാന്‍ എന്താണ് കാര്യമെന്ന് നിങ്ങളുടെ സുഹൃത്തിനോടു ചോദിക്കൂ. കിട്ടുന്ന ഉത്തരം ഇതായിരിക്കാം. എല്ലാവരും ഉപയോഗിക്കുന്നു ഞാനും ഉപയോഗിക്കുന്നു. എനിക്ക് സ്വകാര്യതയെക്കുറിച്ചൊന്നും അറിയില്ല. പേടിയില്ല. സ്വകാര്യതയോ? എന്റെ എന്ത് എടുത്തുകൊണ്ടു പോകാനാണ്? കൊണ്ടുപോകുന്നെങ്കില്‍ പോട്ടെ.

 

കൊച്ചയില്‍ സ്ഥിരതാമസമാക്കിയ ഒരു മാധ്യമപ്രവര്‍ത്തക സുഹൃത്തിന്റെ അനുഭവം കൂടെ പറയാം. അദ്ദേഹത്തിന്റെ ടീനേജിലേക്കു കടന്ന മകള്‍ തോള്‍ താഴ്ത്തിയാണ് നടക്കുന്നത്. വീട്ടില്‍ അതേപ്പറ്റി പല തവണ സംസാരിച്ചിട്ടുണ്ട്. എന്നാല്‍, താനോ ഭാര്യയൊ അതേപ്പറ്റി ഇന്റര്‍നെറ്റില്‍ ഒരിക്കല്‍പോലും സേര്‍ച്ച് ചെയ്തിട്ടില്ല. പക്ഷേ, ഇപ്പോള്‍ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക് പേജില്‍ പെണ്‍കുട്ടികള്‍ക്ക് ഉരം പൊക്കിവച്ചു നടക്കാന്‍ എന്തു ചെയ്യണം എന്നതിനെക്കുറിച്ചുള്ള പരസ്യങ്ങളാണ്. ഫെയ്‌സ്ബുക് സ്വകാര്യ സംഭാഷണം കേള്‍ക്കുമോ എന്ന ചോദ്യത്തിന് കമ്പനിയുടെ മേധാവിമാര്‍ക്ക് സക്കര്‍ബര്‍ഗ് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. അങ്ങനെ ചെയ്യില്ലെന്നു വാദിക്കുന്നവരും ഉണ്ട്. അമേരിക്കയില്‍ നല്ലൊരു ശതമാനം പേരും ഫെയ്‌സ്ബുക്കും മറ്റും തങ്ങളുടെ സ്വകാര്യ സംഭാഷണം കേള്‍ക്കുന്നുവെന്നു കരുതുന്നവരാണ്. ആപ്പുകള്‍ക്ക് ക്യാമറ, സ്പീക്കര്‍ തുടങ്ങിയ ഫീച്ചറുകളിലേക്ക് അക്‌സസ് കൊടുക്കുന്നവര്‍ ആവശ്യം കഴിയുമ്പോള്‍ ഇത് റിവോക്ക് ചെയ്താല്‍ ഒരു പരിധിവരെ പ്രശ്‌നം കുറയ്ക്കാം. മാര്‍ക്ക് സക്കര്‍ബര്‍ഗ് സ്വന്തം കംപ്യൂട്ടറിന്റെ ക്യാമറയ്ക്കു മുന്നില്‍ ടേപ് ഒട്ടിച്ചു വച്ചിരിക്കുന്ന ചിത്രം കുപ്രസിദ്ധമാണല്ലോ! താങ്കള്‍ ഒരു ഫ്രാങ്കന്‍സ്റ്റൈനെ (മേരി ഷെലിയുടെ ഭ്രാന്തന്‍ കഥാപാത്രം) ആണോ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് ഒരിക്കല്‍ യൂറോപ്പിലെ സ്വകാര്യതാ സംരക്ഷകരിലൊരാള്‍ സക്കര്‍ബര്‍ഗിനോട് ചൊദിച്ചത്. 'ജനസംഖ്യ' മാത്രം പരിശോധിച്ചാല്‍ ഫെയ്‌സ്ബുക് ലോകത്തെ ഏറ്റവും വലിയ രാജ്യമാണ്. ചൈനയ്ക്ക് 142 കോടിയിലേറെ മാത്രമാണ് ജനസംഖ്യ. ഫെയ്‌സ്ബുക്കിന് 200 കോടിയിലേറെയുണ്ട്! ധനം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്ക് ഇത്രയേറെ ആധികാരികതയും പ്രചാരവും കൈവന്നത് ലോക ചരിത്രത്തിലെ ക്രൂരമായ തമാശകളിലൊന്നാണ്. 

 

ഇത്തരം കമ്പനികളെയും സാഹചര്യങ്ങളെയും പരമാവധി ഒഴിവാക്കാനാണ് റഷ്യന്‍ സർക്കാർ പുതിയ ഒഎസ് ഏറ്റെടുക്കുന്നത്. ഓറോറ ഒഎസിന് മൊബൈലിലെ എല്ലാ പ്രധാന ഫങ്ഷനുകളും ഉണ്ട്. കോളുകള്‍, കോണ്ടാക്ട്‌സ്, സന്ദേശസംവിധാനം, ബ്രൗസര്‍, മീഡിയ പ്ലേ ചെയ്യാനുള്ള കഴിവ്, കലണ്ടര്‍, ക്യാമറ, ഗ്യാലറി, വാച്ച് ടൈമര്‍, ഡോക്യുമെന്റുകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവയെല്ലാം ഈ ഒഎസിനുണ്ട്. റഷ്യ സർക്കാര്‍ ഉദ്യോഗസ്ഥരെ മുഴുവന്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ കോര്‍പറേറ്റ് ഇമെയില്‍, മെസഞ്ചറുകള്‍, ഐടി സിസ്റ്റം തുടങ്ങിയവ ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും പരിശോധനയില്‍ നിന്ന് ഒഴിവാക്കാം. ഇതിനു ചിലവ് പ്രതീക്ഷിക്കുന്നത് 2.4 ബില്ല്യന്‍ ഡോളറാണ്. തീര്‍ച്ചയായും ഏതു യുദ്ധസാമഗ്രിക്കു വേണ്ടിയും ചിലവഴിക്കുന്നതിനെക്കാള്‍ ഒഴിച്ചുകൂടാനാകാത്തതാണിത്. തങ്ങളുടെ 8 ദശലക്ഷം ഉദ്യോഗസ്ഥരെയാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറ്റുന്നത്. 2021ല്‍ പുതിയ ഒഎസിന്റെ ചുക്കാന്‍ പൂര്‍ണ്ണമായും റഷ്യയുടെ കൈയ്യില്‍ വരും. മുനിസിപ്പല്‍ ഉദ്യോഗസ്ഥരോടു പോലും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചുള്ള ഫോണുകള്‍ ഉപയോഗക്കാന്‍ പറയാനാണ് റഷ്യയുടെ ഉദ്ദേശം. എന്നാൽ ഇന്ത്യ ഉടനടി ഒഎസ് സ്വന്തമാക്കുകയോ നിര്‍മിക്കുകയോ ചെയ്യുമോ എന്നറിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com