ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റങ്ങളിലൊന്ന് സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നൂതനമായ ക്യമാറാ സിസ്റ്റങ്ങളുമായി ഒരുങ്ങുന്ന ഈ അതിബൃഹത്തായ സിസ്റ്റം സുരക്ഷാ ക്യാമറാ വില്‍പന നടത്തുന്ന കമ്പനികള്‍ക്ക് വന്‍ ചാകരയായരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. കൂടാതെ, സ്വകാര്യതാ പ്രേമികളുടെ നടുവിനേറ്റ അടിയുമായിരിക്കാം ഇത്. ഇത്തരം സിസ്റ്റം ചൈനയിലെ ഓര്‍വിലിയന്‍ ശൈലിയിലുള്ള നിരീക്ഷണ സൗകര്യം സർക്കാരിനു നല്‍കുമെന്നായിരിക്കും അവര്‍ വാദിക്കുക.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേത്രത്വത്തിലുള്ള സർക്കാർ അടുത്തമാസം തന്നെ ഇതിനുള്ള ടെന്‍ഡര്‍ വിളിക്കുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഇന്ത്യയൊട്ടാകെ സ്ഥാപിക്കുന്ന ക്യാമറകളില്‍ നിന്നുള്ള ഡേറ്റ ഒരു സ്ഥലം കേന്ദ്രീകരിച്ച് വിശകലനം ചെയ്യാനാണ് ഉദ്ദേശമെന്നാണ് കേള്‍ക്കുന്നത്. ഇതിലേക്ക് വ്യക്തിയുമായി ബന്ധമുള്ള എല്ലാ രേഖകളും ബന്ധിപ്പിക്കുകയും ചെയ്യും. പാസ്‌പോര്‍ട്ട്, ഫിംഗര്‍പ്രിന്റ് തുടങ്ങിയവയെല്ലം ഉള്‍ക്കൊള്ളിച്ചുള്ള ഒരു സിസ്റ്റമായിരിക്കും ഇത്. വേണ്ടത്ര അംഗങ്ങളില്ലാത്ത ഒന്നാണ് ഇന്ത്യന്‍ പൊലീസ് സേന. അവരുടെ പ്രവര്‍ത്തം ലഘുകരിക്കുക എന്ന ഉദ്ദേശമായിരിക്കും സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. 

 

പൊലീസ് സേനയില്‍ ആനുപാതികമായി ലോകത്ത് ഏറ്റവമധികം അംഗങ്ങളുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഏകദേശം 724 പേര്‍ക്ക് ഒരു ഉദ്യോഗസ്ഥന്‍ എന്നതാണ് അനുപാതം. ആഗോളതലത്തിലെ ശരാശരിയെക്കാള്‍ വളരെ താഴെയാണിതെന്നു കാണാം. എന്നാല്‍, ഈ നീക്കം ഫേഷ്യല്‍ റെക്കഗ്നിഷന്‍ ബിസിനസ് കമ്പനികള്‍ക്ക് മെഗാ ബംപറായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയുടെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ വിപണി 2024ലോടെ ഏകദേശം 4.3 ബില്ല്യന്‍ ഡോളര്‍ ബിസിനസായി തീരുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് ചൈനയുടേതിനോട് സമാനമായിരിക്കും.

 

എന്നാല്‍, ഈ നീക്കം പലര്‍ക്കും അപകട സൈറാണായാണ് തോന്നുന്നതത്രെ. രാജ്യത്ത് ഒരു ഡേറ്റാ സ്വകാര്യത നിയമമില്ല അവരുന്നയിക്കുന്ന പ്രധാന പ്രശ്‌നം. കഴിഞ്ഞ ഏഴാഴ്ച കശ്മിരില്‍ ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്ത സർക്കാരാണിതെന്നും അവര്‍ പറയുന്നു. ചൈനയോടു കിടപിടക്കുന്ന സിസ്റ്റമായി തീരണമെങ്കില്‍ ഇനിയും സമയമെടുക്കുമെങ്കിലും ഡേറ്റാ സ്വകാര്യത നിയയമമടക്കമുള്ള സുരക്ഷാ നടപടികളില്ലാത്തത് പല തരത്തിലുള്ള ഡേറ്റാ ദുരുപയോഗ പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് ചിലര്‍ വാദിക്കുന്നു.

 

വേണ്ടത്ര ഡേറ്റാ സുരക്ഷാ നടപടികള്‍ സ്വീകരിക്കാതെ ഇത്തരമൊരു സിസ്റ്റം കൊണ്ടുവരുന്ന ലോകത്തെ ഏക ജനാധിപത്യ രാജ്യം ഇന്ത്യയായിരിക്കുമെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഡൽഹി കേന്ദ്രമമായി പ്രവര്‍ത്തിക്കുന്ന നിയമജ്ഞനായ അപര്‍ ഗുപ്ത പറഞ്ഞു. പരിരക്ഷയില്ലാത്ത ഡേറ്റാ കൂന ലഭിക്കാനാഗ്രഹിക്കുന്ന കമ്പനികള്‍ക്ക് ഇതൊരു സ്വര്‍ണ്ണ ഖനിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

 

ഡേറ്റാ സംരക്ഷണ നിയമത്തിന്റെ ആദ്യ ഡ്രാഫ്റ്റ് കഴിഞ്ഞ വര്‍ഷം സർക്കാരിന്റെ പരിഗണനയ്ക്ക് അയച്ചെങ്കിലും അതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയോ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയോ പോലും ചെയ്തില്ല. ആധാര്‍ നമ്പറിന്റെ കാര്യത്തില്‍ നേരിട്ട പ്രശ്‌നങ്ങളായിരിക്കാം പാര്‍ലമെന്റ് ഇത് ചര്‍ച്ചയ്ക്ക് എടുക്കാതിരിക്കാനുള്ള കാരണമെന്നു പറയുന്നു. ആധാറിലെ വിവരങ്ങള്‍ ചോര്‍ന്നതും വ്യക്തിഗത വിവരങ്ങള്‍ക്കുള്ള ബ്ലാക് മാര്‍ക്കറ്റ് ഇന്ത്യയില്‍ പെട്ടെന്നു വളര്‍ന്നതും സർക്കാർ പരിഗണിക്കുന്നുണ്ടായിരിക്കുമെന്നാണ് കരുതുന്നത്. 

 

ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റത്തിനുള്ള ക്യാമറകള്‍ സ്ഥാപിക്കാന്‍ ഏതെല്ലാം കമ്പനികളായിരിക്കും താത്പര്യമെടുക്കുക എന്നതിനെപ്പറ്റി ഇപ്പോള്‍ വിവരമില്ല. എന്നാല്‍ വിവരാവകാശ നിയമം വഴി ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച രേഖകള്‍ കാണിക്കുന്നത് പേരു പറയാത്ത ചില കമ്പനികള്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഡേറ്റാ, രാജ്യത്തിന്റെ ഡേറ്റാ ബെയ്‌സുമായി ബന്ധിപ്പിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങല്‍ ചോദിച്ചിരിക്കുന്നതു കാണാം. പ്ലാസ്റ്റിക് സര്‍ജറി ചെയ്ത ആളുകളെ തിരിച്ചറിയണോ എന്നും ഒരു കമ്പനി ചോദിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക് ആഭ്യന്തര വകുപ്പിന്റെ വക്താവ് വസുധ ഗുപ്ത മറുപടി നല്‍കിയില്ല.

 

നല്ല രീതിയില്‍ കൊണ്ടുവരികയാണെങ്കല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ഉപകാരപ്രദമായേക്കാമെന്നാണ് പറയുന്നത്. ക്രിമിനലുകളെ തിരച്ചറിയാനുള്ള കഴിവ് വിലമതിക്കാനാകാത്തതാണ് എന്നാണ് പഞ്ചാബിലെ ആസൂത്രിത കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നീക്കത്തിന്റെ തലവനായിരുന്ന നിലഭ് കിഷോര്‍ പറയുന്നത്. പക്ഷേ, മനുഷ്യര്‍ ഇടനിലക്കാരായി വേണമെന്നും അദ്ദേഹം പറയുന്നു. അതല്ലെങ്കില്‍ ഈ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. 

 

ഇന്ത്യയില്‍ തിരിച്ചുവ്യത്യാസം അനുഭവിച്ചു പോന്ന താഴ്ന്ന ജാതിക്കാര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഇതു തിരിച്ചടിയാകുമോ എന്ന സംശയമുയര്‍ത്തുന്നവരും ഉണ്ട്. രാജ്യത്ത് താഴ്ന്ന ജാതിക്കാരും ഗോത്രവര്‍ഗ്ഗക്കാരും ഏകദേശം 34 ശതമാനം വരുമെന്നാണ് പറയുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കാണാതായ 5,000 കുട്ടികളെ കണ്ടെത്താനായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിക്കട്ടെ എന്ന ചോദ്യത്തിന് ഈ വര്‍ഷം ജനുവരിയില്‍ ഡൽഹി ഹൈക്കോടതി 'അംഗീകരിക്കാനാവില്ല' എന്ന മറുപടിയാണ് നല്‍കിയത്. ഈ മാസം ആദ്യം തമിഴ് നാട്ടിലെ മധുര പൊലീസ് സ്റ്റേഷനില്‍ നിന്ന് അവര്‍ ഫേഷ്യല്‍ റെക്കഗ്നിഷനുമായി ബന്ധിപ്പിച്ച് ഉപയോഗിച്ചുവന്ന ഫോട്ടോകളും ഫോണ്‍ നമ്പറുകളും പുറത്തായതായി വാര്‍ത്തകളുണ്ട്.

 

വിദേശികള്‍ ചാരവൃത്തി നടത്തുമോ?

 

വേണ്ടത്ര സുരക്ഷാ നടപടികള്‍ ഇല്ലാതെ ഇത്തരമൊരു സിസ്റ്റം നടപ്പിലാക്കിയാല്‍ ഈ ഡേറ്റാ വിദേശ രാജ്യങ്ങളുടെ കൈവശമെത്താമെന്ന അതിഗുരുതരമായ പ്രശ്‌നവും നിലനില്‍ക്കുന്നു. കഴിഞ്ഞ മാസം ഡൽഹി സർക്കാർ ചൈനീസ് കമ്പനിയായ ഹൈക്‌വിഷനില്‍ നിന്ന് ആളുകളെ വരുത്തി 150,000 സിസിടിവികള്‍ പിടിപ്പിച്ചിരുന്നു. ഇതിനെ കേന്ദ്രം അതിനിശിതമായി വിമര്‍ശിച്ചിരുന്നു. ഡേറ്റാ ഹാക്കു ചെയ്യപ്പെടാം എന്നാണ് കേന്ദ്രം പറഞ്ഞത്.

 

ഇന്ത്യയില്‍ നിരീക്ഷണ ക്യാമറകള്‍ പിടിപ്പിക്കാനുള്ള ലോട്ടറിയടിക്കാനുള്ള കമ്പനികളുടെ കൂട്ടത്തില്‍ സിപി പ്ലസ്, ഡാഹുവ, പാനസോണിക് കോര്‍പറേഷന്‍, ബോഷ്, ഹണിവെല്‍, ഡി-ലിങ്ക് തുടങ്ങിയവയാണുള്ളത്. നിലവില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇതിനായി അപേക്ഷ സമര്‍പ്പിക്കാനാവില്ല. കാരണം അവര്‍ക്ക് അമേരിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ടെ്കനോളജി അംഗീകരിച്ച മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള കഴിവില്ല. ചൈനയുടെ കൈയ്യിലുള്ളത്ര നിലവാരമുള്ള ക്യമറകളും ഇന്ത്യയില്‍ ഇപ്പോള്‍ പിടിപ്പിച്ചേക്കില്ലെന്നും പറയുന്നു. പക്ഷേ, ഇതു സംഭവിക്കുകയാണെങ്കല്‍ ചൈനയുടേതിനു സമാനമായ നിരീക്ഷണ സംവിധാനങ്ങളായിരിക്കും ഇന്ത്യയിലും വരിക എന്ന് സ്റ്റാക് ടെക്‌നോളജീസ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആയ അതുല്‍ റായ് പറഞ്ഞു. ചൈനയോളം ശക്തരാകാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ അവ പടിഞ്ഞാറന്‍ രാജ്യങ്ങളാണെങ്കില്‍ പോലും തങ്ങളുടെ പൗരന്മാരെ നിരീക്ഷണവിധേയരാക്കുമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com