ADVERTISEMENT

മോഷണശ്രമം തൽസമയം കണ്ടെത്താൻ രാജ്യത്ത് ആദ്യമായി സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) കേരളത്തിൽ നടപ്പാക്കുന്നു. സിഐഎംഎസ് സജ്ജമാക്കിയ സ്ഥാപനങ്ങളിൽ എവിടെ മോഷണശ്രമം നടന്നാലും 3 മുതൽ 7 വരെ സെക്കൻഡിനകം പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ മുന്നറിയിപ്പും വിഡിയോ ദൃശ്യവും ലഭിക്കുന്ന സംവിധാനമാണിത്. ഇതിന്റെ പ്രവർത്തനം ഡിജിപി ലോക്നാഥ് ബെഹ്റ വിലയിരുത്തി. പദ്ധതി നവംബർ ഒന്നിന് നടപ്പിൽ വരും. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു ടെക് പദ്ധതി നടപ്പിലാക്കുന്നത്.

ഇതിന്റെ ആദ്യ പരീക്ഷണങ്ങൾ തൃശൂരിലും എറണാകുളത്തും നടന്നിരുന്നു. ബാങ്കുകളിലും ജ്വല്ലറികളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും മോഷണം തടയാനുള്ള ജാഗ്രതാ സംവിധാനം ഫലപ്രദമാണോ എന്നു പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. മോഷ്ടാക്കൾ അതിക്രമിച്ചു കടന്നാലുടൻ പൊലീസ് കൺട്രോൾ റൂമിൽ സിസിടിവി ദൃശ്യങ്ങളടക്കം അപായ മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനമാണ് സിഐഎംഎസ് അഥവാ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം.

തൃശൂരിൽ ആദ്യമായി  നടപ്പാക്കിയത് റെയിൽവേ സ്റ്റേഷനു സമീപത്തെ കെഎംജെ ജ്വല്ലറിയിലാണ്. പദ്ധതിയുടെ ഉദ്ഘാടനത്തിനു ശേഷം ഫലപ്രദമാണോ എന്നു നേരിട്ടു പരീക്ഷിക്കുകയായിരുന്നു അന്ന് കമ്മിഷണർ ചെയ്തത്. ജ്വല്ലറിയിൽ സ്ഥാപിച്ച സെൻസറുകളിൽ നിന്നു ‘മോഷണവിവരം’ കൺട്രോൾ റൂമിലേക്കു എത്തി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ജ്വല്ലറിക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ ലഭ്യമായി. ഈ അറിയിപ്പ് വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക്  കൈമാറി. സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട്മാപ്പും ഫോൺ നമ്പറും സഹിതമായിരുന്നു അറിയിപ്പ്. 

7 മിനിറ്റിനകം പൊലീസ് സ്ഥലത്തെത്തുമെന്നതാണു സിസ്റ്റത്തിന്റെ പ്രത്യേകത. സുരക്ഷാ ഭീഷണിയുള്ള സ്ഥാപനങ്ങൾക്കു പുറമേ വീടുകൾക്കും 24 മണിക്കൂറും സുരക്ഷയൊരുക്കുന്ന സംവിധാനമാണിത്. പൊലീസിന്റെ കുറ്റവാളിപ്പട്ടികയിൽപ്പെട്ടവർ സ്ഥാപനങ്ങളിലെത്തിയാൽ കയ്യോടെ പിടികൂടാൻ ‘ഫേസ് റെക്കഗ്നിഷൻ’ ക്യാമറകൾ സ്ഥാപിക്കാനും ലക്ഷ്യമ‍‍ിടുന്നുണ്ട്.

പട്ടി കയറിയാൽ പൊലീസ് വരില്ല

സിഐഎംഎസ് ജാഗ്രതാ സംവിധാനത്തിലൂടെ അപായ മുന്നറിയിപ്പ് കൺട്രോൾ റൂമിൽ ലഭിച്ചാലും തൽസമയ ദൃശ്യങ്ങൾ പരിശോധിച്ച് മോഷണശ്രമമാണെന്ന് ഉറപ്പിച്ചാലേ പൊലീസ് സ്ഥലത്ത് എത്തൂവെന്ന് കമ്മിഷണർ. പട്ടിയോ പൂച്ചയോ എലിയോ മറ്റോ സ്ഥാപനത്തിനുള്ളിൽ കടന്നാലും സെൻസറുകൾ അപായ മുന്നറിയിപ്പ് മുഴക്കിയേക്കാം. അതുകൊണ്ടു തന്നെ സിസിടിവി തൽസമയ ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടേ കൺട്രോൾ റൂമിൽ നിന്ന് അതതു സ്റ്റേഷനുകളിലേക്കു സന്ദേശം നൽകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com