ADVERTISEMENT

സ്മാര്‍ട് ഫോണുകള്‍ വഴി അയച്ച സന്ദേശങ്ങള്‍ മിനിറ്റുകള്‍ വൈകുന്നത് സ്വാഭാവികമാണ്. മണിക്കൂറുകള്‍ വൈകുന്നത് അപൂര്‍വ്വമാണ്, എന്നാലിതാ ഒൻപത് മാസം മുൻപ് അയച്ച മെസേജുകളാണ് ചിലര്‍ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അതും വാലന്റൈന്‍സ് ഡേക്ക് അയച്ച സന്ദേശങ്ങള്‍. മുൻ കാമുകിയുടെയും കാമുകന്റെയും പഴയ മെസേജുകൾ ഫോണിലേക്ക് വരാൻ തുടങ്ങിയതോടെ പലരുടെയും ജീവിതം പ്രതിസന്ധിയിലായി. മുൻ കാമുകിയുടെ ഹോട്ട് മെസേജുകൾ വായിച്ച ചില ഭാര്യമാർ ഭർത്താവിനെ വരെ ഉപേക്ഷിച്ചു. എല്ലാറ്റിനും കാരണം വൈകി വന്ന മെസേജ്...

 

വാലന്റൈന്‍സ് ഡേക്ക് അയച്ച പല പ്രണയസന്ദേശങ്ങളും ഒൻപത് മാസങ്ങള്‍ക്കു ശേഷം ലഭിച്ചത് ചില്ലറ പൊല്ലാപ്പൊന്നുമല്ല അമേരിക്കയിലെ പലര്‍ക്കുമിടയില്‍ ഉണ്ടാക്കിയത്. ഇതില്‍ മരിച്ചു പോയ മുന്‍ കാമുകന്റെയും അടുത്ത സുഹൃത്തിന്റെയും വരെ സന്ദേശങ്ങള്‍ ലഭിച്ചവരുണ്ട്. പലരും സ്വപ്‌നമാണോ സംഭവിക്കുന്നതെന്നാണ് ആദ്യം കരുതിയത്. 

 

ആന്‍ഡ്രോയിഡ്, ഐഫോണ്‍ വ്യത്യാസമില്ലാതെ എല്ലാ ഫോണുകളിലും കഴിഞ്ഞ ഫെബ്രുവരി 14ന് അയച്ച മെസേജുകള്‍ ലഭിച്ചു. അമേരിക്കയിലെ പ്രധാന മൊബൈല്‍ സേവന ദാതാക്കളുടെയെല്ലാം ഉപഭോക്താക്കള്‍ പരാതിയുമായി എത്തി. അമേരിക്കയിലെ പ്രധാന ടെലികോം സേവന ദാതാക്കളിലൊരാളായ സ്പ്രിന്റിന്റെ സെര്‍വറുകളിലെ അറ്റകുറ്റപണികളാണ് പണിപറ്റിച്ചതെന്ന് വ്യക്തമാക്കി. അതേസമയം മറ്റൊരു കമ്പനിയായ ടി-മൊബൈല്‍ മൂന്നാം കക്ഷി കമ്പനിക്കാണ് പിഴവ് പറ്റിയതെന്ന് പറഞ്ഞു. അപ്പോഴും അവര്‍ കമ്പനി ഏതെന്ന് വ്യക്തമാക്കിയില്ല.

 

വൈകാതെ സൈനിവേഴ്‌സ് എന്ന കമ്പനി പിഴവ് ഏറ്റുപറഞ്ഞുകൊണ്ട് രംഗത്തെത്തി. തങ്ങളുടെ ഒരു സെര്‍വറിന് ഫെബ്രുവരി 14ന് പ്രവര്‍ത്തന രഹിമായിരുന്നെന്നും നവംബര്‍ ഏഴിന് മാത്രമാണ് ശരിയാക്കാനായതെന്നുമാണ് അവര്‍ അറിയിച്ചത്. സെര്‍വര്‍ ശരിയായതോടെ അയക്കാതെ ബാക്കിയായ സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അയക്കുകയായിരുന്നു. തലക്കൊരു അടി കിട്ടിയപോലെയാണ് ആ സന്ദേശം ലഭിച്ചപ്പോള്‍ തോന്നിയതെന്നാണ് ട്വറ്ററില്‍ കുരിബ്ഹോ എന്ന പേരില്‍ അക്കൗണ്ടുള്ളയാള്‍ പ്രതികരിച്ചത്. ഒരുവേള സ്വപ്‌നാണോ എന്ന് സംശയിച്ചു പോവുകയും ചെയ്‌തെന്ന് കുരിബ്ഹോ പറഞ്ഞു. മരിച്ചുപോയ അടുത്ത സുഹൃത്തില്‍ നിന്നുള്ള സന്ദേശമായിരുന്നു കുരിബ്ഹോന് ലഭിച്ചത്. 

 

മറ്റൊരു യുവതിക്ക് പറയാനുള്ളത് പിരിഞ്ഞ കാമുകന് അയച്ച സന്ദേശം മാസങ്ങള്‍ക്ക് ശേഷം കിട്ടിയതിനെ കുറിച്ചായിരുന്നു. കഴിഞ്ഞ വാലന്റൈന്‍സ് ഡേക്ക് അയച്ച് സന്ദേശം ഒൻപത് മാസത്തിന് ശേഷം പുലര്‍ച്ചെ അഞ്ചിനാണ് അവരുടെ മുന്‍ കാമുകന് ലഭിച്ചത്. എന്തായാലും വൈകി വന്ന ആ സന്ദേശം നല്ല കുറച്ചു നേരത്തെ സംസാരത്തിന് കാരണമായെന്നും അവര്‍ സമ്മതിക്കുന്നു.

English Summary: A ton of people received text messages overnight that were originally sent on Valentine’s Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com