ADVERTISEMENT

സ്വകാര്യതയെക്കുറിച്ച് അവബോധം കൂടിക്കൊണ്ടിരിക്കുന്ന അമേരിക്കിയില്‍ 'ഗൂഗിള്‍ പേ' ഒരു നനഞ്ഞ പടക്കമായിരുന്നു. എന്നാലിപ്പോള്‍ പുതിയ പരീക്ഷണവുമായി ഇറങ്ങിയിരിക്കുകയാണ് ടെക്‌നോളജി ഭീമനായ ഗൂഗിള്‍. പരമ്പരാഗത ബാങ്കുകളുമൊത്തു ചേര്‍ന്നു നടത്തുന്ന ഈ പദ്ധതിയില്‍ കമ്പനി നല്‍കുന്നത് 'സ്മാര്‍ട് ചെക്കിങ്' അക്കൗണ്ടുകളാണ്. ഗൂഗിള്‍ പേ വഴി ആരംഭിച്ചിരിക്കുന്ന ഈ പുതിയ പരീക്ഷണത്തില്‍ പരമ്പരാഗത ബാങ്കിങ് സേവനങ്ങള്‍ക്ക് ഗൂഗിള്‍ അനലിറ്റിക്‌സ് ടൂള്‍ നല്‍കുകയാണ് പുതിയ പദ്ധതി.

 

ഫെയ്‌സ്ബുക്, ഊബര്‍, ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍, പുതിയ പണമിടപാടു രീതികള്‍ ഇപ്പോൾ തന്നെ രംഗത്തുണ്ട്. ഈ കമ്പനികളെല്ലാം ഉപയോക്താക്കളെ നീരാളികളെപ്പോലെ പിടിക്കുകയാണ്. തങ്ങളില്ലാതെ ഒരു നീക്കവും സാധ്യമല്ലാതാക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ബെയ്ന്‍ ആന്‍ഡ് കമ്പനി കണ്‍സള്‍ട്ടിങ് ഫേമിലെ ജെറാഡ് ഡു ടൊയിറ്റിനെ പോലെയുള്ളവരാണ് ഈ ആരോപണം ഉയര്‍ത്തുന്നത്.

 

ആമസോണിന്റെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് തങ്ങളുടെ ഓണ്‍ലൈന്‍ വില്‍പന വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഊബര്‍ ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് അക്കൗണ്ടുകളും നല്‍കുന്നത് തങ്ങളുടെ ടാക്‌സി ബിസിനസ് പോഷിപ്പിക്കാമെന്ന ചിന്തയോടെയാണ്. ഫെയ്‌സ്ബുക് പേ മെസേജിങ് ആപ്പിന് താങ്ങായാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ആപ്പിളും ഇപ്പോള്‍ ഗൂഗിളും രംഗത്തിറങ്ങിയിരിക്കുന്നത് ഐഒഎസും അന്‍ഡ്രോയിഡും ആളുകള്‍ക്ക് അനിവാര്യമാക്കി മാറ്റാനാണ്.

 

സാമ്പത്തിക സേവനങ്ങള്‍ നല്‍കുക വഴി തങ്ങളുടെ പരസ്യ വരുമാനം വര്‍ധിപ്പിക്കാമെന്ന ചിന്ത ഫെയ്‌സബുക്കിനും ഗൂഗിളിനും ഉണ്ടെന്ന കാര്യവും മനസിലാക്കാം. ഏതുതരം പരസ്യങ്ങളിലാണ് ആളുകള്‍ ക്ലിക്ക് ചെയ്ത് സാധനങ്ങള്‍ വാങ്ങുന്നത് എന്നതിനെപ്പറ്റി കൃത്യമായ അറിവ് ലഭിക്കും. ടെക് ഭീമന്മാര്‍ക്കെതിരെ അമേരിക്ക അന്വേഷണത്തിനൊരുങ്ങുകയാണ്. ഇതിനാല്‍ ഈ കമ്പനികള്‍ നേരിട്ട് ബാങ്കിങ് രംഗത്തേക്കു കടന്നാല്‍ അത് കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കാമെന്ന തോന്നലാണ് മറ്റു കമ്പനികളുമായി കൂട്ടുകൃഷിയിലേര്‍പ്പെടാന്‍ അവരെ പ്രേരിപ്പിക്കുന്നതത്രെ. ഡേറ്റാ സംരക്ഷണം, സ്വകാര്യതാ ഭഞ്ജനം തുടങ്ങി നിരവധി ആരോപണങ്ങള്‍ അവര്‍ക്കെതിരെ ഇപ്പോള്‍ത്തന്നെ ഉണ്ടല്ലോ. 

 

എന്നാല്‍ പരമ്പരാഗത ബാങ്കിങ് മേഖലയ്ക്കു ചുറ്റും ഈ കമ്പനികള്‍ ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ ചിലര്‍ക്കെങ്കിലും ഇഷ്ടപ്പെടുന്നുമില്ല. തങ്ങള്‍ക്കു കൂച്ചുവിലങ്ങു വീണേക്കാമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വളരെ സൂക്ഷിച്ചു മാത്രമാണ് ഈ കമ്പനികള്‍ നീങ്ങുന്നതെന്ന് ജെറാഡ് പറയുന്നു. ഇതിനാലാണ് തങ്ങള്‍ പരമ്പരാഗത ബാങ്കുകളുമൊത്തു പ്രവര്‍ത്തിക്കുകയാണ് എന്ന ധാരണ പരത്താന്‍ ഈ കമ്പനികള്‍ ശ്രമിക്കുന്നത്. ഗൂഗിളിന്റെ പുതിയ നീക്കത്തിനൊപ്പം സിറ്റിഗ്രൂപ് കണ്ടേക്കുമെന്നു പറയുന്നു. 2020ല്‍ ആയിരിക്കും സേവനം തുടങ്ങുക എന്നു പ്രഖ്യാപിച്ചിരിക്കുന്ന ഗൂഗിള്‍ വളരെ സൂക്ഷിച്ചു മാത്രമാണ് ഓരോ ചുവടും വയ്ക്കുന്നതെന്നു കാണാം.

 

ചൈനയ്ക്കു പിന്നില്‍

 

സ്വകാര്യ കമ്പനികള്‍ ബാങ്കിങ് മേഖലയില്‍ വിളയാട്ടം നടത്തുന്ന ഒരു രാജ്യം ചൈനയാണ്. ആലിബാബയുടെ ആന്റ് ഫിനാന്‍ഷ്യല്‍, ടെന്‍സെന്റിന്റെ വീചാറ്റ് അക്കൗണ്ട് തുടങ്ങിയവ ചൈനയുടെ ജിഡിപി വളര്‍ച്ചയുടെ 16 ശതമാനം നല്‍കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. അമേരിക്കയില്‍ ഇത് കേവലം 1 ശതമാനമാണ്. പരമ്പരാഗത ബാങ്കിങ്ങിനു വെളിയിലേക്കു നീങ്ങാന്‍ അമേരിക്കന്‍ ഉപയോക്താക്കള്‍ക്ക് അത്ര ധൈര്യം പോര. കൂടാതെ അമേരിക്കന്‍ ബാങ്കുകള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ അടക്കമുള്ള സേവനങ്ങള്‍ മോശമൊന്നുമല്ല.

 

എന്നാല്‍, തങ്ങള്‍ കൂടുതല്‍ നല്ല സേവനമൊക്കെ നല്‍കാമെന്നു പറഞ്ഞ് അമേരിക്കക്കാരോട് അടുത്തുകൂടാനുള്ള ശ്രമമാണ് ടെക്‌നോളജി കമ്പനികള്‍ ഇപ്പോള്‍ നടത്തുന്നത്. ചൈനക്കാരോട് നമുക്കു പിടിച്ചു നില്‍ക്കാനാകില്ല എന്നൊക്കെയാണ് അവര്‍ പറയുന്നത്. അമേരിക്കയിലെ സാമ്പത്തിക അടിസ്ഥാനസൗകര്യങ്ങള്‍ കാലഹരണപ്പെട്ടതാണ് എന്നാണ് താന്‍ കരുതുന്നതെന്ന് ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

 

അമേരിക്കന്‍ ബാങ്കുകള്‍ക്കും ഈ ഭീഷണി മണത്തു തുടങ്ങിയിരിക്കുന്നു. തങ്ങളുടെ ഫ്രെനിമിയെ (frenemy- ശത്രുവും മിത്രവുമായവര്‍) എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് അവര്‍ വളരെ പേടിയിലാണ്. ഉപയോക്താക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരും അവരെക്കുറിച്ചുള്ള ഡേറ്റാക്കൂനകള്‍ കൈയ്യില്‍ വയ്ക്കുന്നവരുമായ ഈ കമ്പനികളെ ഒരു കൈപ്പാടാകലെ നിർ‌ത്താനാകാത്ത സ്ഥിതിയിലാണ് ബാങ്കുകള്‍. ക്രെഡിറ്റ് കാര്‍ഡുകള്‍ക്കപ്പുറത്തേക്ക് ടെക്‌നോളജി കമ്പനികള്‍ നീങ്ങുമ്പോള്‍ തങ്ങള്‍ പിന്തള്ളപ്പെടുമെന്ന് ബാങ്കുകള്‍ക്കറിയാമത്രെ. പിന്നെ ചെറിയ ബാങ്കുകള്‍ പൂട്ടിപ്പോകുകയോ അവയെ ടെക് കമ്പനികള്‍ ഏറ്റെടുക്കുകയോ ചെയ്‌തേക്കും. രംഗം ഒരു വലിയ ഡാര്‍വീനിയന്‍ പരീക്ഷണശാലയാകുകയാണ് എന്നാണ് ജെറാഡ് പറയുന്നത്.

 

ഗൂഗിള്‍ പ്ലേ അമേരിക്കയില്‍ ക്ലച്ചു പിടിച്ചില്ലെങ്കിലും അത് ഇന്ത്യയില്‍ സജീവമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യയില്‍ ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചിരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗൂഗിളിനെ ഇപ്പോള്‍ എഴുതിത്തള്ളാനാവില്ലെന്നും ജെറാഡ് പറയുന്നു.

 

English Summary: Google set to offer banking accounts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com