ADVERTISEMENT

ഹോങ്കോങ്ങില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങളെ ലോകം സസൂക്ഷ്മം വീക്ഷിക്കുന്നത് ഇതിലെ വിഷയങ്ങളുടെ പരിസമാപ്തിയെക്കുറിച്ചറിയാന്‍ മാത്രമല്ല. മറിച്ച് പ്രതിഷേധക്കാരും നിയമപാലകരും തമ്മില്‍ സാങ്കേതികവിദ്യയുടെ തലത്തില്‍ നടക്കുന്ന എലിയും പൂച്ചയും കളിയുടെ പുരോഗതി അറിയാനും കൂടിയാണ്. ലോകത്തിന്റെ ഏതു പ്രദേശത്തും ഇനി നടക്കാവുന്ന പ്രതിഷേധ സമരങ്ങളില്‍ ഇത്തരം സാങ്കേതികവിദ്യകളുടെ സാന്നിധ്യമുണ്ടായിരിക്കുമെന്ന തിരിച്ചറിവാണ് ടെക് അവബോധമുള്ള വിശ്വപൗരന്മാര്‍ ഹോങ്കോങ്ങിലേക്ക് കണ്ണും കാതും തുറന്നു വച്ചിരിക്കുന്നതിന്റെ കാരണം.

പ്രതിഷേധം സാങ്കേതികവിദ്യാ ഭീമനായ ചൈനയ്‌ക്കെതിരെയാണ്. ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ ഹോങ്കോങ്ങില്‍ നിന്നുള്ള കുറ്റവാളികളെ ചൈനയ്ക്ക് ഏല്‍പ്പിച്ചു കൊടുക്കുമെന്ന നിയമനിര്‍മാണത്തിനെതിരെയാണ്. ഭാഗികമായ സ്വാതന്ത്ര്യമുള്ള ഹോങ്കോങ്ങിന് അതും നഷ്ടപ്പെട്ടേക്കാമെന്ന് പ്രതിഷേധക്കാര്‍ ഭയപ്പെടുന്നു.

ചരിത്രത്തിലെല്ലാം പ്രതിഷേധക്കാര്‍ ഏകാധിപതികളുടെ പ്രതിമ തകര്‍ക്കലും മറ്റും നടത്തിയാണ് ഭരണകൂടത്തിനെതിരെയും മറ്റുമുള്ള എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നതെങ്കില്‍ ഹോങ്കോങ്ങില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുത്തവര്‍ തകര്‍ക്കാന്‍ ശ്രമിച്ചത് തെരുവു വിളക്കുകളുടെ കാലുകളെയാണ്! കാരണം അവ 'സ്മാര്‍ട്' ആയിരുന്നു. അവയില്‍ തങ്ങളെ ഒറ്റിക്കൊടുക്കാന്‍ പ്രാപ്തമായ സെന്‍സറുകളും ക്യാമറകളും വൈഫൈയും ബ്ലൂടൂത്തുമൊക്കെ ഉണ്ടെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അവര്‍ ഇത്തരമൊരു സ്മാര്‍ട് പോസ്റ്റ് മറിച്ചിടുകയും 19 എണ്ണത്തിനു കേടുപാടുകള്‍ വരുത്തുകയും ചെയ്തു. നേരെ ചെന്നങ്ങു മറിച്ചിടുകയല്ല, മറിച്ച് മുഖംമൂടിയും മറ്റുമണിഞ്ഞാണ് അവര്‍ പോസ്റ്റുകളുടെ പ്രവര്‍ത്തനം താറുമാറാക്കിയത്. പോസ്റ്റുകളില്‍ ഇരിക്കുന്ന ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഫീച്ചറുള്ള സ്മാര്‍ട് ക്യാമറകള്‍ തങ്ങളെ ഒറ്റിക്കൊടുക്കുമെന്ന് പ്രതിഷേധക്കാര്‍ കരുതുന്നു. ജൂണ്‍ മുതല്‍ ഹോങ്കോങ് തെരുവുകളെ സജീവമാക്കിയ, ജനാധിപത്യം വേണമെന്ന് വാദിക്കുന്ന പ്രതിഷേധക്കാരുടെ യൂണിഫോമിന്റെ പ്രധാന ഘടകങ്ങളിലൊന്നായിരുന്നു ഏതെങ്കിലും തരത്തിലുള്ള മുഖാവരണം. തങ്ങളുടെ നേതാക്കളെ ഒന്നൊന്നായി ചൈനയ്ക്ക് ഏല്‍പ്പിച്ചു കൊടുത്തേക്കാമെന്ന ഭയപ്പാടാണ് പുതിയ നീക്കത്തിനു പിന്നില്‍.

നേതാക്കളുടെ കാര്യത്തില്‍ വന്നിരിക്കുന്ന മാറ്റവും പ്രതീക്ഷാനിര്‍ഭരമാണ്. ഒരാള്‍ 22 വയസുകാരനായ ജോഷ്വ വോങ് ആണ്. ടെക്‌നോളജി എന്തെന്നറിയാവുന്ന ചെറുപ്പക്കാര്‍ നേതൃത്വമേറ്റെടുക്കാന്‍ കടന്നു വരുന്നത് വളരെ അത്യന്തം ആവേശകരമായ ഒരു മാറ്റമായി കാണുന്നവരും ഉണ്ട്. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ എത്രയധികം പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നോ, അത്രയധികം അവരുടെ നീക്കങ്ങളെ സമരക്കാരും നിരീക്ഷണ വിധേയമാക്കുന്നു. ചൈനയില്‍ സ്മാർട് ക്യാമറകളും മറ്റു സുരക്ഷാ മാര്‍ഗങ്ങളും അരങ്ങു വാഴുകയാണല്ലോ.

ധവള ഭീകരത

ധവള ഭീകരത (White Terror) എന്ന് ചൈനയുമായി ബന്ധപ്പെട്ട ഭാഗങ്ങളില്‍ അറിയപ്പെടുന്നത് എതിര്‍പ്പുകളെ നിര്‍വീര്യമാക്കുന്ന ഭരണകൂട നീക്കങ്ങളെയാണ്. ഹോങ്കോങ്ങിലെ ഇപ്പോഴത്തെ പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞത് ലോകത്തെല്ലാം ധവള ഭീകരത വരാൻ സാധ്യതയുണ്ടെന്നാണ്. നിങ്ങളൊരു ഫെയ്‌സ്ബുക് പോസ്റ്റിട്ടാല്‍ പോലും നിങ്ങള്‍ ഒരു ഭീകരവാദിയായി മുദ്രകുത്തപ്പെടാവുന്ന സാഹചര്യമാണ് ഹോങ്കോങ്ങില്‍ നിലനില്‍ക്കുന്നതെന്ന് അവര്‍ പറഞ്ഞു. കണ്ണില്‍ നിന്നും വായയില്‍ നിന്നുമുള്ള ഡേറ്റ സ്മാര്‍ട് ക്യാമറകള്‍ പിടിച്ചെടുക്കാതിരിക്കാനായി മുഖത്ത് പല വെച്ചുകെട്ടലുമായി മറ്റുപ്രതിഷേധക്കാരെ പോലെയായിരുന്നു പേരു വെളിപ്പെടുത്താല്‍ ഇഷ്ടമില്ലാത്ത അവരും എത്തിയിരുന്നത്. താന്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നെന്നു മനസിലാക്കിയാല്‍ തനിക്കു ജോലി തരുന്ന കമ്പനി പിരിച്ചുവിടുമെന്ന് അവര്‍ പറഞ്ഞു.

മണിക്കൂറുകള്‍ വെയിലത്തു നിന്ന പ്രതിഷേധക്കാര്‍ പെട്ടെന്ന് ഒരു മധ്യവയ്‌സകനു നേരെ തിരിഞ്ഞു. ടീനേജര്‍മാര്‍ മുതല്‍ വാര്‍ദ്ധക്യത്തിലേക്കെവര്‍ വരെ പെട്ടെന്ന് ജാഗരൂകരായി. അവര്‍ക്കടുത്തേക്കു വന്ന മധ്യവയസ്‌കന്‍ അവരുടെ ഫോട്ടോ എടുത്തിരുന്നു. ഇത് തങ്ങള്‍ക്കെതിരെ സംസാരിക്കുമെന്നു പറഞ്ഞ് അയാളെക്കൊണ്ട് ഫോട്ടോ അവര്‍ ലീറ്റു ചെയ്യിപ്പിച്ചു. പ്രതിഷേധക്കാരുടെ ഫോട്ടോകള്‍ അധികാരികള്‍ തയാറാക്കി വരികയാണെന്ന വാര്‍ത്ത ഇതുമായി കൂട്ടി വായിക്കാം.

എപ്പോഴും നിങ്ങളുടെ മേലൊരു കണ്ണ്

ലക്ഷക്കണക്കിനു യന്ത്രക്കണ്ണുകളാണ് തങ്ങളെ നോക്കുന്നതും റെക്കോഡു ചെയ്യുന്നതും എന്നുമുള്ള ഭീതി ആളുകളെ ഗ്രിസിച്ചു കഴിഞ്ഞു. പക്ഷേ, പല പൊതു നിരീക്ഷണ ക്യാമറകള്‍ക്കും ഫേഷ്യല്‍ റെക്കഗ്നിഷന്‍ ശേഷിയില്ലെന്നാണ് അധികാരികള്‍ പറയുന്നത്. ഹോങ്കോങ്ങില്‍ നിലവിലുള്ള നിയമം വച്ച് ഹൈ-ക്വാളിറ്റി ക്യാമറയില്‍ എടുക്കുന്ന ഫോട്ടോകള്‍ അപ്പോള്‍ തന്നെ ഡിലീറ്റു ചെയ്യുമെന്നാണ് പറയുന്നത്. പ്രതിഷേധക്കാര്‍ മറിച്ചിട്ടതു പോലെയുള്ള 50 സ്മാര്‍ട് പോസ്റ്റുകളാണ് നഗരത്തില്‍ ഇപ്പോഴുള്ളത്. ഇത്തരം നാനൂറെണ്ണമാണ് ഉടനെ സ്ഥാപിക്കാന്‍ പോകുന്നത്. ഇവയ്ക്ക് ഗതാഗതം, കാലാവസ്ഥ, മലിനീകരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു മനസിലാക്കാനുള്ള കഴിവുണ്ട്. വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയ സംവിധാനങ്ങളോടു കൂടിയ പോസ്റ്റുകളിലെ സെന്‍സറുകള്‍ സദാ ജാഗരൂകരാണ്. ഇത് ആവശ്യമില്ലാത്ത നിരീക്ഷണ രീതിയാണെന്നാണ് പ്രതിഷേധക്കാർ വാദിക്കുന്നത്. എന്നാല്‍ അവര്‍ തെറ്റിധരിച്ചിരിക്കുകയാണ് എന്നാണ് അധികാരികൾ പറയുന്നത്. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സ്മാര്‍ട് പോസ്റ്റുകളില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യില്ലെന്ന് അധികാരികള്‍ക്ക് ഉറപ്പു തരാനാകുമോ എന്ന് ജോഷ്വ വോങ് ചോദിക്കുന്നു. അവരതു ചെയ്യില്ല. കാരണം അവര്‍ ചൈനയെ പേടിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടും വരുന്ന  'സ്മാര്‍ട്' സിറ്റികള്‍

സ്മാര്‍ട് ഫോണിലെ സ്മാര്‍ടിനെ എല്ലാവരും ഇഷ്ടപ്പെട്ടെങ്കില്‍ നഗരങ്ങളും മറ്റും അങ്ങനെ സ്മാര്‍ട്ടാകുന്നതിനെ പലരും ഭയപ്പാടോടെയാണ് കാണുന്നത്. ഡേറ്റയിലൂടെ സുരക്ഷ എന്ന വാദമാണ് സർക്കാരുകള്‍ ഉയര്‍ത്തുന്നത്. അറ്റലാന്റയിലും സിങ്കപ്പൂരും ഓരോ 1,000 പേര്‍ക്കും 15 ക്യാമറകള്‍ എന്ന രീതിയിലാണ് കഴിഞ്ഞ ഓഗ്‌സ്റ്റിലെ കണക്കുകൾ. ലണ്ടനില്‍ ഓരോ 1,000 പേര്‍ക്കും 70 ക്യാമറകളാണ് ഉള്ളത്. എന്നാല്‍, ചൈനയില്‍ ഉള്ളിടത്തോളം ക്യാമറകള്‍ ലോകത്തൊരിടത്തുമില്ല. തത്സമയ ഫേഷ്യല്‍ റെക്കഗ്നിഷന്‍ വരെ തങ്ങള്‍ക്കു സാധിക്കുന്നു എന്നവര്‍ വീമ്പിളക്കുകയും ചെയ്യുന്നു. ആളുകള്‍ അല്‍ഗോറിതങ്ങള്‍ക്കിടയിലാണ് വസിക്കുന്നത്. ലോകത്ത് ഏറ്റവുമധികം നിരീക്ഷണോപാധികള്‍ പ്രവര്‍ത്തിക്കുന്ന പത്തു നഗരങ്ങളില്‍ എട്ടും ചൈനയിലാണ്.

അണ്ണാര്‍ക്കണ്ണനും തന്നാലായത്

ഹോങ്കോങ്ങിലെ പ്രതിഷേധക്കാര്‍ക്ക് ചൈനയുടെ ടെക് ശൗര്യത്തിനെതിരെ പിടിച്ചു നില്‍ക്കാനാവില്ലെന്ന കാര്യം ഉറപ്പാണ്. പക്ഷേ, ചില സൂത്രപ്പണികള്‍ അവരും ഒപ്പിക്കുന്നുണ്ട്.

ബ്ലൂടൂത്ത് വിപ്ലവം

സ്മാര്‍ട് ഫോണുകള്‍ പ്രിയങ്കരമാണെങ്കിലും അവ ഉപയോക്താവിനെ ഒറ്റുകയും ചെയ്യും. പ്രത്യേകിച്ചും സമൂഹ മാധ്യമങ്ങളിലും മറ്റും പോസ്റ്റു ചെയ്യുന്നുണ്ടെങ്കില്‍ അതു ധാരാളം മതിയാകും. പ്രതിഷേധ സ്ഥലങ്ങളില്‍ വച്ച് ഫോട്ടോ എടുക്കുകയോ, സെല്‍ഫി എടുക്കുകയോ ചെയ്യുന്നത് പങ്കെടുക്കുന്നവർ ഒഴിവാക്കുന്നു. ടെലിഗ്രാം ആപ് ആണ് അവരുടെ രഹസ്യായുധങ്ങളില്‍ ഒന്ന്. ലക്ഷക്കണക്കിന് അംഗങ്ങളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാമെന്നതാണ് ഇതിന്റെ ഗുണം. അടുത്തതായി എന്തു നീക്കമാണ് നടത്തേണ്ടത് എന്നതിനെപ്പറ്റി ഹിതപരിശോധന നടത്തലും മറ്റും ഇതിലൂടെ എളുപ്പമാണ്. ഒരിടത്തു തന്നെ നില്‍ക്കണോ, അടുത്ത സ്ഥലത്തേക്കു നീങ്ങണോ എന്നൊക്കെ തീരുമാനത്തിലെത്തുന്നത് ഇങ്ങനെയാണ്.

എന്നാല്‍ തമ്മില്‍ തമ്മില്‍ ലൈവായി ഡേറ്റ കൈമാറാന്‍ സ്മാര്‍ട് ബ്ലൂടൂത്ത് ടെക്‌നോളജിയാണ് പ്രതിഷേധക്കാർ ഉപയോഗിക്കുന്നത്. ആപ്പിളിന്റെ എയര്‍ഡ്രോപ് ആണ് ഒന്ന്. മറ്റൊന്ന് ബ്രിജ്ഫ്‌ളൈ ആപ്പാണ് ( Bridgefly app).

ലേസര്‍ 'ആയുധങ്ങള്‍'

ക്യാമറക്കണ്ണുകള്‍ക്കു കീഴിലുള്ള പ്രതിഷേധം സർക്കാർ അറിയാതിരിക്കുക എളുപ്പമല്ല. എന്നാല്‍, സ്മാര്‍ട് ക്യാമറകളെ തകർക്കാൻ ലേസര്‍ ടോര്‍ച്ചുകള്‍ ഉപയോഗിക്കുന്നുണ്ട്. ലേസര്‍ കിരണങ്ങള്‍ക്കു മുന്നില്‍ സ്മാർട് ക്യാമറകള്‍ക്ക് ഇപ്പോള്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കാനാവില്ല. ലേസര്‍ ടോര്‍ച്ചുകള്‍ ക്യാമറകള്‍ക്കു നേരെയും പൊലീസിനു നേരെയും തെളിച്ച് ഇരുകൂട്ടരുടെയും 'കണ്ണഞ്ചിപ്പിക്കാനാണ്' ശ്രമം. ലേസര്‍ പോയിന്റര്‍ തെളിച്ചു എന്നതിന്റെ പേരില്‍ ഒരു വിദ്യാർഥിയെ അറസ്റ്റു ചെയ്തപ്പോള്‍ നൂറുകണക്കിനു പേരാണ് ലേസര്‍ പോയിന്ററുകളുമായി രംഗത്തിറങ്ങിയത്.

'കണ്ണീര്‍വാര്‍ക്കാതെ' പ്രതിഷേധം

കണ്ണീര്‍വാതക ഷെല്ലുകളാണല്ലോ ലോകത്ത് പലയിടത്തും പ്രതിഷേധക്കാര്‍ക്കെതരിെ പൊലീസ് ഉപയോഗിക്കുന്ന ഒരു വിദ്യ. എന്നാല്‍ ഇതു നിര്‍വീര്യമാക്കാനുള്ള ശ്രമമാണ് ഹോങ്കോങ് പ്രതിഷേധക്കാര്‍ നടത്തുന്നത്. പല സംഘങ്ങളായി തിരിയുകയാണ് അവരുടെ രീതി. ആദ്യകാലത്ത് കണ്ണീര്‍വാതക ഷെല്‍ എറിയുമ്പോള്‍ത്തന്നെ ആളുകള്‍ അതിവേഗം ചാടിവീണ് ചൂടുപകരാത്ത ഗ്ലൗസിട്ട കൈകോണ്ട് നനഞ്ഞ തുണി പുതപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്.

ഇപ്പോള്‍ ഷെല്ല് പുകഞ്ഞു തുടങ്ങുമ്പോള്‍ തന്നെ സംഘത്തിലെയാള്‍ ട്രാഫിക് കോണ്‍ എടുത്തു വച്ച് മൂടുന്നു. അടുത്ത സംഘത്തിലെയാള്‍ ചാടി വീണ് കോണിനുള്ളിലൂടെ പ്ലാസ്റ്റിക്ക് കുപ്പിയിലൂടെ വെള്ളമൊഴിച്ച് ഗ്രെനേഡ് നിര്‍വീര്യമാക്കുന്നു. ചെളി നിറച്ച പാത്രത്തിലേക്ക് ഗ്രെനേഡ് എടുത്തു പൂഴ്ത്തുന്നതും വിജയകരമായ ഒരു വിദ്യയാണ്.

കുടപ്പരിച

കുടകളാണ് പ്രതിഷേധക്കാരുടെ മറ്റൊരു ആയുധം. കുടമറകള്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ക്യാമറകള്‍ക്കെതിരെയും ജലപീരങ്കികള്‍ക്കെതിരെയും മുളകുപൊടി ചീറ്റിക്കലിനെതിരെയും റബര്‍ വെടിയുണ്ടകള്‍ക്കെതിരെയും എല്ലാം പ്രതിരോധം തീര്‍ക്കാനുതകുന്ന കുടകള്‍ ഹോങ്കോങ് പ്രതിഷേധക്കാര്‍കൊണ്ടു നടക്കുന്നതിനാല്‍ ഇതിനെ 'കുട മുന്നേറ്റമെന്നു' ( Umbrella Movement) വിശേഷിപ്പിക്കുന്നവര്‍ പോലുമുണ്ട്. ഇത്തരത്തില്‍ കുടകള്‍ ചേര്‍ത്തു പിടിച്ച് പല തരത്തിലുമുള്ള ആക്രമണങ്ങള്‍ക്കെതിരെ പരിച തീര്‍ത്തിട്ടുള്ള അവരസങ്ങളും ഉണ്ട്. കുടകള്‍ വിടര്‍ത്തി വാഹനങ്ങളെ തടയുക വരെ ചെയ്തിട്ടുണ്ട് ഇവര്‍.

ഹെല്‍മെറ്റുകളാണ് പ്രതിഷേധക്കാരുടെ പ്രതിരോധ മുറ. കുടകളെപ്പോലെ തന്നെ ഹെല്‍മെറ്റുകളും പ്രതിഷേധത്തിന്റെ ചിഹ്നമായി ഉയരുകയാണിവിടെ.

വെള്ളം പോലെ

കൂട്ടം കൂടി നില്‍ക്കുന്നത് പൊലീസുകാര്‍ക്ക് വളഞ്ഞിട്ടു പിടിക്കല്‍ എളുപ്പമാക്കും. എന്നാല്‍ തങ്ങളുടെ നീക്കങ്ങള്‍ ഇനി വിഖ്യാത യുദ്ധമുറക്കാരനും സിനിമാ നടനുമായ ബ്രൂസ് ലി പറഞ്ഞതു പോലെ, 'രൂപമില്ലാത്ത, ആകൃതിയില്ലാത്ത, വെള്ളം പോലെയുള്ള' ഒന്നായിരിക്കുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

English Summary: Hong Kong Protest and Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com