sections
MORE

ഇന്റർനെറ്റ് സർക്കാർ നിരീക്ഷണത്തിൽ, റഷ്യൻ സോഫ്റ്റ്‍‌വെയർ നിർബന്ധം

samsung-phone
SHARE

2020 ജൂലൈ മുതൽ റഷ്യയിൽ വിൽക്കുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും റഷ്യൻ സോഫ്റ്റ്‍‌വെയർ ഉണ്ടായിരിക്കണമെന്ന  പുതിയ നിയമനിർമാണവുമായി പാർലമെന്റ്. ഏതൊക്കെ ഉപകരണങ്ങളിൽ ഏതൊക്കെ സോഫ്റ്റ്‍‌വെയറുകളാണ് വേണ്ടത് എന്നതു സംബന്ധിച്ച പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും. 

രാജ്യത്തെ ഇന്റർനെറ്റ് പൂർണമായും സർക്കാർ നിരീക്ഷണത്തിലാക്കിയ ശേഷം സ്മാർട്ഫോണുകളിലും കംപ്യൂട്ടറുകളിലും സ്മാർട് ടിവിയിലും വരെ റഷ്യൻ സോഫ്റ്റ്‍‌വെയർ നിർബന്ധമാക്കുന്നത് ഭരണകൂടത്തിന്റെ ചാര സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനു വേണ്ടിയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ, വിദേശ സോഫ്റ്റ്‍‌വെയറുകൾക്കുള്ള റഷ്യൻ ബദലുകളെപ്പറ്റി ഉപയോക്താക്കൾ അറിയണമെന്നുള്ളതുകൊണ്ടാണു നിയമനിർമാണം നടത്തുന്നതെന്നാണു സർക്കാർ വാദം.

ഇന്റർനെറ്റിന് വൻമതിൽ കെട്ടി റഷ്യയും

റഷ്യയിൽ വിവാദമായ ഒരു പുതിയ നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നു. ‘പരമാധികാര ഇന്റർനെറ്റ്’ നിയമം വെള്ളിയാഴ്ചയാണ് റഷ്യ നടപ്പിലാക്കിയത്. റഷ്യയ്ക്ക് മാത്രമായി ഒരു സ്വതന്ത്ര ഇന്റർനെറ്റ് സൃഷ്ടിക്കാൻ നിർബന്ധിക്കുന്നതാണ് പുതിയ നിയമം. ഫലത്തിൽ റഷ്യൻ സര്‍ക്കാരിന് ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾക്ക് ചുറ്റും ഒരുതരം ഡിജിറ്റൽ ‘അയൺ കർട്ടൻ’ സ്ഥാപിക്കാനുള്ള അധികാരം നൽകി. നിയമം പ്രാബല്യത്തിൽ വന്നതോടെ ടെക് കമ്പനികളും റഷ്യൻ ഇന്റർനെറ്റ് ഉപയോക്താക്കളും ഒരുപോലെ നിരീക്ഷിക്കപ്പെടുമെന്നാണ് അറിയുന്നത്.

ഈ വർഷം ആദ്യത്തിലാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പുതിയ നിയമങ്ങളിൽ ഒപ്പുവെച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നെറ്റ്‌വർക്കുകളിൽ നിന്ന് മാറി സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു ദേശീയ ശൃംഖല സൃഷ്ടിക്കാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം.

രാജ്യങ്ങള്‍ക്കു നിയന്ത്രണമുള്ള ഇന്റര്‍നെറ്റ് എന്നത് ചില സ്വേച്ഛാതിപത്യ സ്വഭാവമുള്ള സർക്കാരുകളുടെ ഒരു സ്വപ്‌നമാണ്. റഷ്യയുടെ ഇപ്പോഴത്തെ നീക്കങ്ങളും ആ വഴിക്കുള്ളതാണ്. തങ്ങളുടെ സൈബര്‍ പ്രതിരോധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇനി റഷ്യക്കാര്‍ തമ്മില്‍ കൈമാറാന്‍ ശ്രമിക്കുന്ന ഡേറ്റ റഷ്യയ്ക്കു വെളിയിലേക്കു പോകുന്നില്ലെന്നുറപ്പാക്കാനാണ് അവരുടെ ശ്രമം. ഇതിനായുള്ള ഒരു കരടു നിയമം കഴിഞ്ഞ വര്‍ഷം റഷ്യന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. നിവിലെ സംവിധാനത്തില്‍ ചൈനയൊഴികെ ഏതു രാജ്യക്കാരുടെ ഡേറ്റയും രാജ്യാന്തര ഇന്റര്‍നെറ്റില്‍ പ്രവേശിക്കുന്നുണ്ട്.

'ഡിജിറ്റല്‍ ഇക്കോണമി നാഷണല്‍ പ്രോഗ്രാം' എന്നു പേരിട്ടിരിക്കുന്ന കരടു രേഖ പ്രകാരം ലോക രാജ്യങ്ങള്‍ റഷ്യയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാലും രാജ്യത്തെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഇടതടവില്ലാതെ സേവനം നല്‍കാന്‍ സാധിക്കണം. ഇന്നു ലോകത്തു നടക്കുന്ന പല സൈബര്‍ ആക്രമണങ്ങളുടെയും പ്രഭാവകേന്ദ്രം റഷ്യയാണെന്നാണു കരുതുന്നത്. ഇതിനാല്‍ നേറ്റോയും അതിന്റെ സഖ്യ കക്ഷികളും റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പല തവണ ഭീഷണിപ്പെടുത്തിക്കഴിഞ്ഞു.

പുതിയ നിയപ്രകാരം റഷ്യ തന്നെ ഇന്റര്‍നെറ്റിന്റെ അഡ്രസ് സിസ്റ്റത്തിന്റെ (DNS) പഠഭേദം സൃഷ്ടിക്കും. ഇതിലൂടെ ആഗോള ഇന്റര്‍നെറ്റ് ബ്ലോക്കു ചെയ്യപ്പെട്ടാലും രാജ്യാന്തര സെര്‍വറുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ലിങ്കുകള്‍ പ്രവര്‍ത്തിക്കുമെന്നുറപ്പാക്കാം. ആഗോളതലത്തില്‍ ഇപ്പോള്‍ 12 സംഘടനകളാണ് ഡിഎന്‍എസ് മൂല സെര്‍വറുകളുടെ പ്രവര്‍ത്തനം നോക്കിനടത്തുന്നത്. ഇവയില്‍ ഒന്നുപോലും റഷ്യക്കാരുടെ അധീനതയിലല്ല. എന്നാല്‍ ഇന്റര്‍നെറ്റിന്റെ കേന്ദ്ര അഡ്രസ് ബുക്കിന്റെ പല കോപ്പികള്‍ റഷ്യ ഇതിനോടകം കൈവശപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ഇതിനാല്‍, ഇന്റര്‍നെറ്റ് ബ്ലോക്കു ചെയ്താലും അവരെ ബാധിച്ചേക്കില്ലെന്നു വാദിക്കുന്നവരുമുണ്ട്.

ഈ സിസ്റ്റം നിലവില്‍ വന്നു കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ തമ്മില്‍ കൈമാറുന്ന ഡേറ്റ സേവനദാതാക്കള്‍, സർക്കാർ നിയന്ത്രിത റൂട്ടിങ് പോയിന്റുകളിലേക്കായിരിക്കും അയക്കുക. അവിടെ വച്ചിരിക്കുന്ന ഫില്‍റ്ററുകള്‍ അവരുടെ സന്ദേശങ്ങള്‍ ലക്ഷ്യസ്ഥാനത്തേക്ക് അയക്കും. പക്ഷേ, രാജ്യാന്തര സെര്‍വറുകളിലേക്ക് അയക്കില്ല. വിദേശത്തേക്ക് പോകുന്ന സന്ദേശങ്ങളും തടയപ്പെട്ടേക്കാം. അധികം താമസിയാതെ ആഭ്യന്തര ഇന്റര്‍നെറ്റ് ഉപയോഗം ഈ റൂട്ടറുകളില്‍ കൂടെ കടന്നു വേണം പോകാന്‍ എന്നതാണ് റഷ്യയുടെ ലക്ഷ്യം. ഇതിലൂടെ രാജ്യം ലക്ഷ്യംവയ്ക്കുന്നത് ചൈനയുടെ മാതൃകയിലുള്ള ഒരു സെന്‍സര്‍ഷിപ് സിസ്റ്റമാണെന്നു കരുതുന്നവരുമുണ്ട്. ചൈനയില്‍ സർക്കാർ വിരുദ്ധ പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടിരിക്കും.

പുതിയ തന്ത്രങ്ങളോട് റഷ്യയിലെ സേവനദാതാക്കള്‍ക്ക് പൊതുവെ താത്പര്യമാണ്. പക്ഷേ, അതെങ്ങനെ നടപ്പാക്കുമെന്ന കാര്യത്തെപ്പറ്റി അവര്‍ തമ്മില്‍ വിയോജിപ്പുമുണ്ട്. ഇതിലൂടെ റഷ്യയിലേക്കുള്ള രാജ്യാന്തര ഇന്റര്‍നെറ്റ് ട്രാഫിക്ക് കാര്യമായ രീതിയില്‍ മുറിഞ്ഞേക്കാം. എന്തായാലും റഷ്യന്‍ സർക്കാർ സേവനദാദാക്കള്‍ക്ക് പുതിയ സിസ്റ്റത്തിലേക്കു മാറാനുള്ള പൈസ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

English Summary: Russia bans sale of gadgets without Russian-made software

  •  
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA