ADVERTISEMENT

രാജ്യത്തെ കള്ളപ്പണത്തിനെതിരായും ഡിജിറ്റൽ പണമിടപാടുകൾ സജീവമാക്കുന്നതിന്റെയും ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു സർജിക്കൽ സ്ട്രൈക്കായിരുന്നു 2016 നവംബറിലെ ആ തീരുമാനം. 1000, 500 നോട്ടുകളെല്ലാം പിൻവലിച്ച് 2000 രൂപയുടെ പുതിയ കറൻസി അവതരിപ്പിച്ചു. ഇതോടൊപ്പം പുതിയ 500 ന്റെ നോട്ടുകളും ഇറക്കി. എന്നാൽ, അന്ന് മോദി സർക്കാർ സ്വപ്നം കണ്ട പദ്ധതികൾ പരാജയപ്പെട്ടുവെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. കറൻസി നോട്ടുകൾ കുറച്ചുകൊണ്ട് വന്ന് ഡിജിറ്റൽ പണമിടപാടുകൾ വ്യാപമാക്കാൻ കോടികളുടെ പദ്ധതിയും സർക്കാർ നടപ്പിലാക്കി. എന്നാൽ ഡിജിറ്റൽ ഇടപാടുകളേക്കാൾ കൂടുതൽ കറൻസി നോട്ടുകൾ വിപണിയിൽ ഇറങ്ങിയെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. 

 

പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 പിൻവലിക്കൽ പ്രഖ്യാപനം നടത്തുന്നതിന് തൊട്ടുമുമ്പ്, 2016 നവംബർ 4 ന് 17,741 ബില്യൺ രൂപയുടെ കറൻസി നോട്ടുകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. എന്നാൽ 2019 നവംബറിലെ കണക്കുകൾ നോക്കുമ്പോൾ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിലെ നോട്ടുകൾ 22,420 ബില്യൺ രൂപയായി ഉയർന്നിട്ടുണ്ട്. അതേസമയം, രാജ്യത്തെ വ്യാജ കറൻസികളുടെ എണ്ണവും വ്യാപകമായിട്ടുണ്ട്.

 

കറൻസികൾ തിരിച്ചെടുത്തതിനു ശേഷവും നോട്ടുകളുടെ വർധനവ് കാണിക്കുന്നുണ്ടെങ്കിലും ധനമന്ത്രി അനുരാഗ് താക്കൂർ പാർലമെന്റിൽ നൽകിയ മറുപടിയിൽ പറഞ്ഞത് ഡിമോണിറ്റൈസേഷനും ഡിജിറ്റൽ ക്യാഷ് പദ്ധതികളും പ്രചാരത്തിലുള്ള നോട്ടുകൾ 2,934.80 ബില്യൺ രൂപയായി കുറയ്ക്കുന്നതിൽ വിജയിച്ചു എന്നാണ്.

 

2014 ഒക്ടോബർ മുതൽ 2016 ഒക്ടോബർ വരെ എൻ‌ഐ‌സി പ്രതിവർഷം ശരാശരി 14.51 ശതമാനം നിരക്കിൽ വളർച്ച രേഖപ്പെടുത്തി എന്നതാണ് സർക്കാർ നൽകിയ യുക്തി. ഈ നിരക്കിൽ, എൻ‌ഐ‌സി 2019 നവംബർ 25 വരെ 25,354.93 ബില്യൺ രൂപയായി ഉയരുമായിരുന്നു. ഈ തീയതിയിലെ യഥാർഥ എൻ‌ഐ‌സി 22,420 ബില്യൺ രൂപ മാത്രമുള്ളതിനാൽ, ഡിജിറ്റലൈസേഷനെത്തുടർന്ന് സമ്പദ്‌വ്യവസ്ഥയിലെ നോട്ടുകളുടെ ഉപയോഗം കുറയ്ക്കുന്നതിൽ വിജയിച്ചുവെന്നും എൻ‌ഐ‌സി 2,934.80 ബില്യൺ രൂപയായി കുറച്ചു എന്നുമാണ് സർക്കാർ വാദം.

 

കള്ളപ്പണം തടയുക, വ്യാജ കറൻസി നോട്ടുകൾ ഇല്ലാതാക്കുക, തീവ്രവാദ ധനസഹായത്തിന്റെ വേരുകൾ പിഴുതെടുക്കുക, ഡിജിറ്റൽ ഇടപാടുകൾ ഉയർത്തുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങളോടെയാണ് 1,000, 500 രൂപ നോട്ടുകൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ രാജ്യത്തുടനീളം വ്യാജ കറൻസികൾ വ്യാപകമായി. കേവലം ചെറിയ പ്രന്ററുകൾ ഉപയോഗിച്ച് പോലും 2000 നോട്ടിന്റെ പകർപ്പുകൾ അടിച്ചിറക്കാൻ തുടങ്ങി. പാക്കിസ്ഥാനിൽ നിന്നു പോലും 2000 ന്റെ നോട്ടുകൾ ഇന്ത്യയിലേക്ക് ഒഴുകുന്നതായി വാർത്തകൾ വന്നിരുന്നു.

 

കറൻസി നോട്ടുകൾ പിൻവലിച്ച സമയത്ത്, 2016-17 കാലയളവിൽ 7.62 ലക്ഷം (നോട്ടുകളുടെ എണ്ണം) വ്യാജ നോട്ടുകളാണ് പിടികൂടിയത്. എന്നാൽ, 2017-18ൽ 5.22 ലക്ഷം നോട്ടുകളും 2018-19ൽ 3.17 ലക്ഷം നോട്ടുകളും കണ്ടെത്തിയതായി റിസർവ് ബാങ്ക് റിപ്പോർട്ട് ചെയ്യുന്നു. അതായത്, രാജ്യത്ത് പുതിയ പരിഷ്കാരങ്ങൾ വന്നിട്ടും കള്ളനോട്ടുകളുടെ എണ്ണത്തിൽ ഒരു കുറവും വന്നിട്ടില്ലെന്ന് ആർബിഐ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു.

 

ഡിമോണിറ്റൈസേഷനുശേഷം രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഉപയോഗത്തിൽ ഗണ്യമായ വർധനവുണ്ടായതായും സർക്കാർ സൂചിപ്പിച്ചു. 2016-17 സാമ്പത്തിക വർഷത്തിൽ മൊത്തം ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം 1,023 കോടി ആയിരുന്നു. ഇത് അടുത്ത വർഷം 2,070 കോടിയായി ഉയർന്നു. 104 ശതമാനം ഉയർന്ന് 2018-19ൽ 3,133 കോടിയായി, 51.35 ശതമാനം ഉയർച്ച രേഖപ്പെടുത്തി. എന്നാൽ ഇത് അയൽ രാജ്യമായ ചൈനയിലെ കണക്കുകള്‍ നോക്കുമ്പോൾ ചെറിയൊരു ശതമാനം മാത്രമാണ്. കഴിഞ്ഞ അഞ്ചു വർഷമായി രാജ്യാന്തര തലത്തിലും ഡിജിറ്റൽ പണമിടപാടുകൾ കൂടിയിട്ടുണ്ട്. നിരവധി ഓൺലൈൻ പണമിടപാട് ആപ്പുകൾ പുറത്തിറങ്ങി. ഇതോടൊപ്പം 1000, 500 നോട്ടുകൾ പിൻവലിച്ചതോടെ ആദ്യ മാസങ്ങളിൽ പണമിടപാടിന് ബുദ്ധിമുട്ട് നേരിട്ടപ്പോൾ മിക്കവരും കാര്യം സാധിക്കാൻ ഡിജിറ്റൽ ഇടപാടുകളെ ആശ്രയിച്ചിരുന്നു. എന്നാൽ 2000 നോട്ടുകൾ വ്യാപകമായതോടെ മിക്കവരും ഡിജിറ്റൽ ഇടപാടിൽ നിന്ന് പിൻമാറുന്ന കാഴ്ചയും കാണാമായിരുന്നു.

 

നോട്ടുകൾ പിൻവലിച്ചതിനു ആറു മാസങ്ങൾക്ക് ശേഷം ആർബിഐ പുറത്തുവിട്ട കണക്കുകൾപ്രകാരം രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ വീണ്ടും കുത്തനെ കുറഞ്ഞുവെന്നായിരുന്നു. ആദ്യ മൂന്നു മാസങ്ങളിലെ മുന്നേറ്റം പിന്നീട് ഉണ്ടായില്ല. 500, 1000 പിൻവലിക്കുന്നതോടെ ജനം ഡിജിറ്റൽ ഇടപാടിലേക്ക് പോകുമെന്നാണ് സർക്കാർ വാദിച്ചിരുന്നത്. ഡിജിറ്റൽ ഇടപാട് സജീവമാക്കാൻ കോടികളുടെ പദ്ധതികൾ നടപ്പിലാക്കി. സമ്മാനവും ആപ്പും പിഒഎസ് മെഷീനുകളും വാർത്തകളിൽ നിറഞ്ഞു നിന്നു. എന്നാൽ സാധാരണക്കാർക്ക് ഇപ്പോഴും ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാൻ ഭയമാണ്. എടിഎമ്മിൽ നിന്ന് ക്യാഷ് പിൻവലിക്കാൻ മാത്രമാണ് ഇന്ന് ഈ കാർഡുകൾ ഉപയോഗിക്കുന്നത്.

 

നോട്ടുകൾ പിൻവലിച്ചിട്ട് നേട്ടമുണ്ടാക്കിയത് ചില സ്വകാര്യ കമ്പനികൾ തന്നെയാണ്. ഇവർക്കും ഇപ്പോൾ വേണ്ടത്ര ഇടപാടുകൾ നടക്കുന്നില്ല. ഭീം ആപ്പ്, പേടിഎം, ഏറ്റവും അവസാനം അവതരിപ്പിച്ച ഗൂഗിൾ പേ വരെ ഡിജിറ്റൽ ഇടപാട് മേഖലയിൽ സജീവമാണ്. എന്നിട്ടും ജനങ്ങള്‍ക്ക് ഇപ്പോഴും ഈ ആപ്പുകളെ അത്രയ്ക്ക് വിശ്വാസം പോര. ഭൂരിഭാഗവും ഇപ്പോഴും നേരിട്ടുളള പണമിടപാടിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ ആകെ കണക്ക് നോക്കുമ്പോൾ നോട്ട് പിൻവലിക്കുന്നതിന് മുൻപത്തേക്കാൾ മുന്നേറ്റം ഇപ്പോൾ പ്രകടമാണ്. കാരണം പണം പിൻവലിക്കുന്നതിന് മുൻപ് രാജ്യത്ത് മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. റിലയൻസ് ജിയോ വന്നതിനു ശേഷമാണ് ഇന്ത്യയിൽ സാധാരണക്കാരിലേക്കും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭിക്കാൻ തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com