ADVERTISEMENT

10 വർഷത്തിനിടെ ടെക്‌ ലോകത്ത് എന്തെല്ലാമാണ് സംഭവിച്ചത്. ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തു. ഇതിൽ പ്രധാനപ്പെട്ട ചില സംഭവങ്ങളും വിവാദങ്ങളും പരിശോധിക്കാം.

ഐഫോണ്‍ നിര്‍മാണശാലയില്‍ 14 പേര്‍ ആത്മഹത്യ ചെയ്തു

ഐഫോണ്‍, ഐപാഡ്, എച്പി കംപ്യൂട്ടറുകള്‍ എന്നിവ നിര്‍മിച്ചിരുന്ന, ഫോക്‌സ്‌കോണിന്റെ ചൈനയിലെ ഷന്‍സെണിലെ ഫാക്ടറിയിലുണ്ടായ ആത്മഹത്യകളില്‍ കുറഞ്ഞത് 14 എണ്ണം അവിടെ നിലനിന്നിരുന്ന മൃഗീയമായ അവസ്ഥ കാരണമായിരുന്നുവെന്നത് ലോകത്തെ ഞെട്ടിച്ചു. ലോകത്തെ പ്രധാന കമ്പനികളുടെ ടെക്‌നോളജി ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതില്‍ ഏറ്റവും പേരെടുത്ത കമ്പനികളിലൊന്നായ ഫോക്‌സ്‌കോണ്‍ ആപ്പിള്‍, നിന്റെന്റോ, എച്പി തുടങ്ങിയവയുടെ അടക്കമുള്ള പ്രൊഡക്ടുകളാണ് ഷെന്‍സണിലെ ഫാക്ടറിയിൽ നിര്‍മിക്കുന്നത്. ഇവിടെ ജോലിക്കാര്‍ക്ക് ശാരീരികമായി താങ്ങാനാകാത്തവിധം ഓവര്‍ടൈം ജോലി ചെയ്യിപ്പിച്ചിരുന്നു. ജോലിസ്ഥലത്തിനു വേണ്ട ഉചിതമായ സാഹചര്യങ്ങൾ അല്ലായിരുന്നു അവിടെ നിലനിന്നിരുന്നത്. ചെറിയ കുറ്റങ്ങള്‍ക്ക് പോലും തേടിപ്പിടിച്ച് ജോലിക്കാരെ ശിക്ഷിച്ചിരുന്നു. മേല്‍നോട്ടത്തിനു നിന്നിരുന്നവരുടെ ക്രൂരതയും കൂടി വെളിയില്‍ വന്നപ്പോള്‍ ലോകം ഞെട്ടി.

ജോലി സ്ഥലത്തെ കെട്ടിടത്തിന്റെ മുകളിലത്തെ നിലകളില്‍ നിന്ന് ആത്മഹത്യ ചെയ്യാന്‍ എടുത്തു ചാടുന്നവരെ പിടിക്കാന്‍ അവിടെ നെറ്റുകള്‍ സ്ഥാപിച്ചിരുന്നു. ജോലിക്കാരെ എടുക്കുമ്പോള്‍ അവര്‍ ആത്മഹത്യ ചെയ്യില്ലെന്ന് എഴുതി വാങ്ങുക പോലും ചെയ്തു. വാര്‍ത്ത പുറത്തുവന്നശേഷം ആപ്പിളും എച്പിയും മറ്റും ഫോക്‌സ്‌കോണിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി ചില കാര്യങ്ങളില്‍ മാറ്റം വരുത്തി. പിന്നെ 2012ല്‍ ചൈന ജോലി സ്ഥലങ്ങള്‍ക്കായി പുതിയ നിയമങ്ങള്‍ ഇറക്കി. ഓവര്‍ടൈം ജോലി നിയന്ത്രിക്കുക എന്നത് ഇതില്‍ പ്രധാനമായിരുന്നു.

(2010)

എൻഎസ്എയ്ക്ക് ഗൂഗിളിന്റെയും യാഹുവിന്റെയും സെര്‍വറുകളില്‍ രഹസ്യക്കണ്ണുണ്ടെന്ന് സ്‌നോഡന്‍

ചരിത്രത്തിലെ ഏറ്റവും വലിയ വിസില്‍ബ്ലോവര്‍മാരില്‍ (whistleblower - നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്ന് അറിയിക്കുന്നയാള്‍) ഒരാളായ ആയ എഡ്വേഡ് സ്‌നോഡന്‍, അമേരിക്കയുടെ നാഷണല്‍ സെക്യുരിറ്റി ഏജന്‍സി (എൻഎസ്എ) ജനങ്ങളുടെ ഗൂഗിള്‍, യാഹൂ അക്കൗണ്ടുകള്‍ രഹസ്യമായി പരിശോധിച്ചിരുന്നതായി വെളിപ്പെടുത്തി. ഉപയോക്താക്കളുടെ വിഡിയോ, ഓഡിയോ, ടെക്‌സ്റ്റ് തുടങ്ങിയവ അവരുടെ അനുമതിയില്ലാതെ പരിശോധിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇത് അദ്ഭുതപ്പെടുത്തുന്നുവെന്നും തങ്ങളുടെ സെര്‍വറുകള്‍ പരിശോധിക്കാന്‍ സർക്കാരുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല എന്നുമാണ് ഗൂഗിളും, യാഹുവും പ്രതികരിച്ചത്. എന്നാല്‍, തങ്ങള്‍ക്ക് അത്തരമൊരു പേടി ഉണ്ടായിരുന്നതായി ഗൂഗിള്‍ മറ്റൊരു പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. സ്‌നോഡന്‍ ഇന്നും അമേരിക്കയുടെ ചാരവൃത്തി നിയമപ്രകാരം കുറ്റവാളിയാണ്. അദ്ദേഹം ഇന്ന് മോസ്‌കോയില്‍ താമസിക്കുന്നു. റഷ്യയാണ് അദ്ദേഹത്തിന് അഭയം നല്‍കിയത്.

(2013)

തങ്ങളിറക്കുന്ന വണ്ടികളുടെ എമിഷന്‍ വിവരങ്ങള്‍ തെറ്റായിരുന്നുവെന്ന് ഫോക്‌സ്‌വോഗന്റെ കുറ്റസമ്മതം

തങ്ങളുടെ വാഹനങ്ങളുടെ ടെസ്റ്റ് നടത്തുന്ന സമയത്ത്, വിശ്രുത ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വോഗണ്‍ ചില ഉപകരണങ്ങള്‍ ഉപയോഗിച്ച് അവയുടെ കാര്‍ബണ്‍ എമിഷന്‍ കൃത്രിമമായി കുറച്ചുകാണിക്കാന്‍ ശ്രമിച്ചത് അമേരിക്കയുടെ പരിസ്ഥിതി വകുപ്പ് കയ്യോടെ പിടികൂടി. തങ്ങളുടെ വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദമാണെന്നു വരുത്തിതീര്‍ക്കാനായിരുന്നു കമ്പനിയുടെ ശ്രമം. പിടിക്കപ്പെട്ടതിനു ശേഷം കമ്പനി കുറ്റസമ്മതം നടത്തി. തങ്ങള്‍ വിറ്റ 1.10 കോടി വാഹനങ്ങളില്‍ ഈ പണി നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചത് കമ്പനിയുടെ സല്‍പ്പേരിന് വലിയ കളങ്കമാണ് സമ്മാനിച്ചത്.

ഇതാകട്ടെ കമ്പനിക്ക് വന്‍ സാമ്പത്തിക തിരിച്ചടി നല്‍കി. അമേരിക്കയ്ക്ക് അവര്‍ 4.3 ബില്ല്യന്‍ ഡോളര്‍ പിഴയായി നില്‍കി. അതു കൂടാതെ വിവിധ രാജ്യങ്ങളിലെ പരിസ്ഥിതി വകുപ്പുകള്‍ക്കും ഉപയോക്താക്കളുമുയര്‍ത്തിയ ക്ലെയ്മുകള്‍ തീര്‍പ്പാക്കാനായി അവര്‍ക്ക് 22 ബില്ല്യന്‍ ഡോളര്‍ നല്‍കേണ്ടതായും വന്നു. ഇതില്‍ ഉള്‍പ്പെട്ടുവെന്നു കരുതുന്ന 6 ഫോക്‌സ്‌വോഗന്‍ എക്‌സിക്യൂട്ടീവുമാര്‍ക്ക് ക്രിമിനല്‍ കേസ് നേരിടേണ്ടതായും വന്നു.

(2015)

ടാക്‌സ് വെട്ടിപ്പില്‍ ആപ്പിളിന് 13 ബില്ല്യന്‍ യൂറോ പിഴ

ആപ്പിള്‍ കമ്പനി ഒരു ദശാബ്ദത്തിലേറെയായി തങ്ങളുടെ യൂറോപ്പിലെ വില്‍പ്പനയില്‍ നിന്നു ലഭിക്കുന്ന വരുമാനം അയര്‍ലൻഡിലൂടെ വഴിമാറ്റി പുറത്തെത്തിക്കുക വഴി തട്ടിപ്പു നടത്തിയെന്നു കണ്ടെത്തി. അയര്‍ലൻഡ് നല്‍കുന്ന ടാക്‌സ് ഇളവ് മുതലെടുത്തായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനം. അത് നിയമപരമായിരുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പിഴ. മൂന്നു വര്‍ഷമാണ് യൂറോപ്യന്‍ യൂണിയന്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്. തുടര്‍ന്ന് 13 ബില്ല്യന്‍ യൂറോ, അഥവാ 14.5 ബില്ല്യന്‍ ഡോളറിനു തുല്യമായി തുക ഒടുക്കാനാണ് കമ്പനിയോട് ആവശ്യപ്പെട്ടത്. ആപ്പിള്‍ ഇതു ശരിയല്ലെന്നു വാദിക്കുകയും തങ്ങളുടെ യൂറോപ്യന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുമെന്നൊക്കെ പറഞ്ഞുവെങ്കിലും കമ്പനിക്കേറ്റ നാണക്കേടുകളിലൊന്നായാണ് ഇത് എണ്ണപ്പെടുന്നത്.

(2016)

സാംസങ്ങിന്റെ ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിക്കല്‍

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ സാംസങ്ങിന്റെ ഏറ്റവും മുന്തിയ ഹാന്‍ഡ്‌സെറ്റുകളിലൊന്നായ ഗാലക്‌സി നോട്ട് 7 മോഡലുകള്‍ ചാര്‍ജിങ്ങിനിടെ പൊട്ടിത്തെറിച്ചതായും തീ പിടിച്ചതായും വിവിധ സ്ഥലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് കമ്പനിക്ക് ഈ സീരീസ് മൊത്തമായി പിന്‍വലിക്കേണ്ടതായി വന്നു. ആദ്യം വാങ്ങിയ ഫോണുകള്‍ക്ക് പ്രശ്‌നം കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്പനി അവ മാറി നല്‍കിയിരുന്നു. എന്നാല്‍, മാറി നല്‍കിയ ഫോണുകളും പ്രശ്‌നം കാണിച്ചതിനെത്തുടര്‍ന്നാണ് അവര്‍ക്ക് വിറ്റ ഫോണുകള്‍ മുഴുവന്‍ തിരിച്ചു വിളിക്കേണ്ടതായി വന്നത്. തുടര്‍ന്ന് ഗാലക്‌സി നോട്ട് 7 ന്റെ നിര്‍മ്മാണം പൂര്‍ണമായും നിർത്തി.

(2016)

ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍

റഷ്യയില്‍ നിന്നു പ്രവര്‍ത്തിപ്പിച്ചിരുന്ന ചില അക്കൗണ്ടുകള്‍ 100,000 ഡോളര്‍ എങ്കിലും ചെലവിട്ട് അമേരിക്കന്‍ തെരഞ്ഞെടുപ്പു സമയത്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതായി ഫെയ്‌സ്ബുക് കുറ്റസമ്മതം നടത്തി. ജൂണ്‍ 2015 മുതല്‍ ഇവര്‍ തങ്ങളുടെ പണി തുടങ്ങിയിരിക്കാമെന്നും കമ്പനി 2017 സെപ്റ്റംബറില്‍ വെളിപ്പെടുത്തി. ഈ പ്രഖ്യാപനത്തിനു മുൻപ് റഷ്യക്കാര്‍ അമേരിക്കന്‍ ഇലക്ഷനില്‍ ഇടപെട്ടുവെന്നു വിശ്വസിക്കാനുള്ള കാരണമൊന്നുമില്ലെന്ന നിലപാടാണ് എടുത്തിരുന്നത്. ഫെയ്‌സ്ബുക്കിനെ പോലെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു മാധ്യമത്തിലൂടെ ഒരാളുടെ ഖ്യാതി വര്‍ധിപ്പിക്കാനും എതിരാളിയെ ഇടിച്ചു താഴ്ത്താനും എത്ര എളുപ്പമാണെന്ന് ലോകം ആദ്യമായി മനസ്സിലാക്കുന്ന നിമിഷമാണത്. രാജ്യങ്ങളുടെ ജനാധിപത്യ പ്രക്രിയ പോലും സമൂഹ മാധ്യമങ്ങളിലൂടെ നിയന്ത്രിക്കാമെന്നത് ഫെയ്‌സ്ബുക്കിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

റോഹിങ്ഗ്യകള്‍ക്കെതിരെയുള്ള ആക്രമണം

മ്യാന്‍മാറിലെ റോഹിങ്ഗ്യ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിനും ഫെയ്‌സ്ബുക് ഒരു മീഡിയമായി എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ അന്വേഷണസംഘം കണ്ടെത്തിയത്. പിന്നീട് ഇതിൽ തങ്ങള്‍ക്കു തെറ്റുപറ്റിയതായി ഫെയ്‌സ്ബുക് സമ്മതിച്ചു.

എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബന്ധപ്പെട്ടിരുന്ന കേംബ്രിജ് അനലിറ്റിക്ക എന്ന ഡേറ്റാ വിശകലന കമ്പനി നിയമപരമല്ലാതെ ആളുകളുടെ ഡേറ്റ പിരശോധിച്ചുവെന്നും അവ ദുരുപയോഗം ചെയ്തുവെന്നും ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വെളിപ്പെടുത്തലാണ് ലോകത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത്. ഇതില്‍ ഫെയ്‌സ്ബുക്കിന്റെ പിഴവ് മറച്ചുവയ്ക്കാനുള്ള ശ്രമമുണ്ടോ എന്ന് സംശയിക്കുന്നവരും ഉണ്ട്.

(2017 / 2018)

ഗൂഗിളിലെ ലിംഗവിവേചനവും ലൈംഗീകാക്രമണങ്ങളും

ഗൂഗിള്‍ എൻജിനീയര്‍ ജെയിംസ് ഡാമോറിന്റെതായി പുറത്തുവന്ന ലിംഗവിവേചന ലക്ഷ്യപ്രഖ്യാപനം വന്‍ വിവാദമാണ് സൃഷ്ടിച്ചത്. കമ്പനിയില്‍ ഇത് വന്‍ കോളിളക്കം തന്നെ സൃഷ്ടിച്ചു. ഡാമോര്‍ രാജിവച്ചു പോയെങ്കില്‍ പോലും അതു കെട്ടടങ്ങാന്‍ വിസമ്മതിച്ചു.

അടുത്ത വര്‍ഷമാണ് കമ്പനിയിലെ വിവിധ ജോലിക്കാരുടെ ലൈംഗിക ദുഷ്‌പെരുമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ആന്‍ഡ്രോയിഡിന്റെ സൃഷ്ടാവായ ആന്‍ഡി റൂബിന്‍ അടക്കമുള്ളവരുടെ പ്രവൃത്തിയെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഇരകളായ സ്ത്രീകള്‍ നല്‍കിയ പരാതികള്‍ കമ്പനി അനുഭാവപൂര്‍വ്വം പരിഗണിച്ചില്ലെന്നും റൂബിനും മറ്റും കമ്പനി വിടുമ്പോള്‍ വന്‍ തുക നല്‍കി എന്നതും കമ്പനിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിച്ചു. ആയിരക്കണക്കിനു തൊഴിലാളികളാണ് ഇതില്‍ പ്രതിഷേധിച്ച് നിരത്തിലിറങ്ങിയത്. ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ തങ്ങള്‍ക്കുതെറ്റുപറ്റിയതായി സമ്മതിക്കുകയും ചെയ്തു.

പെന്റഗണു വേണ്ടി രഹസ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍ക്കൊള്ളിച്ച ഡ്രോണുകള്‍ നിര്‍മിച്ചു നല്‍കാനുള്ള ശ്രമം ഗൂഗിള്‍ ഉപേക്ഷിച്ചു. ചൈനാ സർക്കാരിന് തങ്ങളുടെ പൗരന്മാരുടെ നീക്കം നിരീക്ഷിച്ചുകൊണ്ടിരിക്കാന്‍ അനുവദിക്കുന്ന തരം സേര്‍ച് ആപ് ഗൂഗിള്‍ ഉണ്ടാക്കുന്നതായി കമ്പനിയിലെ തന്നെ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട വാര്‍ത്ത വന്‍ പ്രതിഷേധത്തിനിടയാക്കി. ഈ പ്രൊജക്ട് പൂര്‍ണമായും വേണ്ടെന്നുവച്ചതായി അറിയില്ല.

(2018 / 2019)

ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നത് പ്രധാന ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു

രണ്ടു വിമാനങ്ങള്‍ തകരുന്നതിനു മുൻപ് തന്നെ ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നത് കമ്പനിയുടെ പ്രധാന ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു എന്ന വെളിപ്പെടുത്തലാണ് മറ്റൊരു പ്രധാന വിവാദം. ആദ്യ അപകടം ഉണ്ടാകുന്നതിന് രണ്ടു വര്‍ഷം മുൻപ് തന്നെ ഒരു പൈലറ്റ് ഈ പ്രശ്‌നങ്ങള്‍ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. 2018 ലും 2019ലുമായി നടന്ന അപകടങ്ങളില്‍ 346 ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് എല്ലാ ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെയും പറക്കല്‍ നിർത്തിവച്ചിരിക്കുകയാണ്. എഫ്ബിഐ ഇതിനെക്കുറിച്ചെല്ലാം സമഗ്രാന്വേഷണം നടത്തുകയാണിപ്പോള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com