ADVERTISEMENT

ബഹിരാകാശത്ത് സാഹസം കാട്ടാന്‍ ആമസോണ്‍ മേധാവി ജെഫ് ബെയ്‌സോസിനെ പോലെ താനുണ്ടാവില്ലെന്ന് ആധുനിക കംപ്യൂട്ടിങ്ങിന്റെ പിതാക്കന്മാരില്‍ ഒരാളും ശതകോടീശ്വരനുമായ ബില്‍ ഗേറ്റ്സ്. ന്യൂ യേര്‍ക് ടൈംസുമായി നടത്തിയ അഭിമുഖത്തിലാണ് ചില കാര്യങ്ങൾ വെളിപ്പെടുത്തിയത്. ലോകത്തെ എണ്ണപ്പെട്ട ടെക്‌നോളജി മേധാവികളില്‍ ഒരാളായ ഗേറ്റ്സിന്റെ വാക്കുകള്‍ക്ക് ലോകം എക്കാലവും കാതോര്‍ത്തിട്ടുണ്ട്. പുതിയ അഭിമുഖ സംഭാഷണത്തിലെ ചില പ്രധാന കാര്യങ്ങള്‍ ഇവയാണ്:

 

∙ ശതകോടീശ്വരൻമാർ കൂടുതല്‍ കരം കെട്ടണം

 

ശതകോടീശ്വരന്മാർക്ക് കൂടുതല്‍ കരം ഏര്‍പ്പെടുത്തുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് മത്സരാര്‍ഥിയാകാന്‍ ശ്രമിക്കുന്ന പുരോഗമനവാദിയായ എലിസബത്ത് വോറനും ബേണി സാന്‍ഡേഴ്‌സും കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന 'വെല്‍ത്ടാക്‌സി'നോട് (ധന നികുതി) തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. (ചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത രീതയില്‍ ധനികരും പണമില്ലാത്തവരും തമ്മിലുള്ള അന്തരം അതിവേഗം വളരുകയാണ്. ഈ അന്തരം ചെറുതായെങ്കിലും കുറയ്ക്കാനായി അമേരിക്കയില്‍ 10.1 ബില്ല്യന്‍ ഡോളറിലേറെ ആസ്തിയുള്ളവര്‍ക്ക് പ്രതിവര്‍ഷം 8 ശതമാനം വരെ നികുതിയടിക്കാനാണ് സാന്‍ഡേഴ്‌സിന്റെ നിര്‍ദ്ദേശം.)

 

പുതിയ തരം ടാക്‌സ് സിസ്റ്റം വന്നോട്ടെ. എന്നാല്‍ അത് എലിസബത്ത് വോറനും മറ്റും പറയുന്നയത്ര വേണ്ടെന്നാണ് ഗേറ്റ്സ് പറയുന്നത്. പുതിയ ടാക്‌സ് സിസ്റ്റം വന്നാല്‍ ലോകത്തെ രണ്ടാമത്തെ ധനികായ ഗേറ്റ്സ് വര്‍ഷാവര്‍ഷം 600 കോടി ഡോളര്‍ ടാക്‌സ് നല്‍കേണ്ടിവരും! എന്നാല്‍, മറ്റെല്ലാവരെക്കാളും ടാക്‌സ് നല്‍കിയിട്ടുള്ളയാളാണ് താനെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തന്റെ ജീവിതകാലത്ത് 1000 കോടി ഡോളറാണ് നികുതിയായി നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഗേറ്റ്സിനെപ്പോലെ തന്നെ മറ്റു കോടീശ്വരരായ ജോര്‍ജ് സോറോസും അബിഗെയ്ല്‍ഡിസ്‌നിയും വെല്‍ത് ടാക്‌സ് അല്‍പ്പം മയപ്പെടുത്തുന്ന കാര്യത്തിനായി സ്വാധീനം ചെലുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ എസ്റ്റേറ്റ് ടാക്‌സ് ഇട്ടാലും വെല്‍ത് ടാക്‌സ് അവതരിപ്പിക്കേണ്ട എന്നാണ് മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഹിലരി ക്ലിന്റന്റെ വാദവും. പക്ഷേ, പൂച്ചകളെ എത്രകാലം മണികെട്ടാതെ വിടും എന്നുള്ളതാണ് ജനാധിപത്യ രാജ്യങ്ങള്‍ നേരിടുന്ന ഒരു വന്‍ വെല്ലുവിളി.

 

∙ പോഷകക്കുറവു പരിഹരിക്കാം, ബഹിരാകാശത്തേക്കില്ല

billagtes

 

കാശ് എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് അമേരിക്കന്‍ കോടീശ്വരന്മാര്‍. ലോകത്തെ ഏറ്റവും വലിയ ധനികനും ആമസോണ്‍ കമ്പനിയുടെ മേധാവിയുമായ ജെഫ് ബെസോസിന്റെ പദ്ധതികളിലൊന്ന് ബഹിരാകാശത്ത് ഒരു കോളനി സ്ഥാപിക്കണമെന്നാണ്. അത്തരം പദ്ധതികളില്‍ തനിക്കു താത്പര്യമില്ലെന്ന് ഗേറ്റ്സ് തുറന്നു പറഞ്ഞു. എന്നാല്‍, ബെസോസിന് അതുമായി മുന്നോട്ടുപോകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ സ്വപ്‌നങ്ങള്‍ കാണുന്ന മറ്റൊരു കോടീശ്വരനാണ് ടെസ്‌ലയുടെ മേധാവി ഇലോണ്‍ മസ്‌ക്.

 

താനും ധാരാളം സയൻ‌സ് ഫിക്ഷന്‍ വായിച്ചിട്ടുണ്ട്. എന്നാല്‍, ബെസോസും മസ്‌കും വായിച്ചിരിക്കുന്നയത്ര വായിച്ചിട്ടുണ്ടാവില്ലെന്നും ഗേറ്റ്സ് പറഞ്ഞു. മസ്‌കിന്റെയും ബെസോസിന്റെയും പദ്ധതികളിലെ അപ്രായോഗികതയാണോ ഗേറ്റ്സ് ധ്വനിപ്പിക്കാന്‍ ഉദ്ദേശിച്ചതെന്നു വ്യക്തമല്ല. എന്തായാലും ബഹിരാകാശത്തേക്കു കടക്കാതിരിക്കാനുള്ള കാരണമെന്താണെന്നുള്ള ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് പോഷകാഹാരക്കുറവ് പരിഹരിക്കല്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു, എയ്ഡ്‌സ് നിര്‍മ്മാര്‍ജ്ജനം കൂടുല്‍ പ്രാധാന്യമര്‍ഹിക്കുന്നു, മലേറിയ ഇല്ലായ്മ ചെയ്യല്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു എന്നാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ധാരാളമായി ഏര്‍പ്പെടുന്നയാളാണ് ഗേറ്റ്സ്.

 

∙ ലോകത്തെ പുതിയ രീതിയില്‍ കാണാത്തയാളാണ് താനെന്ന് മക്കള്‍ കരുതുന്നു

 

ആധുനിക രീതിയില്‍ ലോകത്തെ കാണാത്തയാളാണ് താനെന്ന് തന്റെ കുട്ടികള്‍ കരുതുന്നതായി ഗേറ്റ്സ് പറഞ്ഞു. തന്റെ മക്കളുടെ പാത്രം കഴുകിവയ്ക്കുകയും അവരെ സ്‌കൂളിലെത്തിക്കുകയും ചെയ്യുന്ന ഒരു സാധാരണ പിതാവാണ് താനെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു മക്കളാണ് അദ്ദേഹത്തിനുള്ളത് – ജെനിഫര്‍ (23), റോറി (20), ഫീബി (17). 

 

തന്റെ മക്കളെപ്പോലെ താനൊരു ഫോണ്‍-കേന്ദ്രീകൃത വ്യക്തിയല്ലെന്നും വലിയ സ്‌ക്രീനുകളാണ് തനിക്കു പ്രിയമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, താന്‍ കുട്ടികളുടെ ഇഷ്ടമറിഞ്ഞ് ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇളയമകള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിവരങ്ങളറിയിക്കാന്‍ ആഗ്രഹിക്കുന്നത്. അപ്പോള്‍, ഹോ, ഇന്‍സ്റ്റഗ്രാം പരിശോധിക്കാന്‍ മറന്നു പോയല്ലോ എന്നു കരുതി വേഗം പോയി അതു പരിശോധിക്കുമെന്നും മറ്റൊരു കുട്ടിക്ക് വാട്‌സാപാണ് ഇഷ്ടം അതിനാല്‍ അതും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ ഞാന്‍ ചിന്തിക്കും, ദൈവമേ ഞാനിതെല്ലാം ചെയ്യണമല്ലോ എന്ന്. എന്നാല്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ കുട്ടികള്‍ പറയും 'ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരു ശ്രദ്ധയുമില്ലെന്ന്,' അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com