ADVERTISEMENT

തങ്ങളുടെ ഉദ്യോഗസ്ഥരാണ് തങ്ങളുടെ വിജയത്തിനു പിന്നില്‍, തങ്ങള്‍ക്ക് പ്രഗത്ഭരായ ഉദ്യോഗസ്ഥരുടെ ഒരു നിര തന്നെ ഉണ്ട് എന്നതില്‍ അഭിമാനിക്കുന്നു. അവരാണ് തങ്ങളുടെ സ്ഥാപനത്തിന്റെ നട്ടെല്ല് എന്നൊക്കെ പറഞ്ഞിരുന്ന ഇന്ത്യന്‍ ഇ–കൊമേഴ്‌സ് ഭീമന്‍ ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവയ്ക്കുകയാണ്. അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് കഴിഞ്ഞ ആറുമാസത്തിനിടയില്‍ രാജിവച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പട്ടികയിലേക്ക് എത്തുന്നത് നിശാന്ത് വെര്‍മനും അനുരാഗ് വര്‍മയുമാണ്. നിശാന്ത് വൈസ് പ്രസിഡന്റും, അനുരാഗ് സീനിയര്‍ ഡയറക്ടര്‍ പദവിയിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഡയറക്ടര്‍മാരായിരുന്ന കീര്‍ത്തി വരുണ്‍ അവസാരള, വികാഷ് ജാലാന്‍ സാംരാത് ഡോഗ്രാ എന്നിവരും രാജിവച്ചു.

ഫ്ലിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള Myntra സീനിയര്‍ വൈസ് പ്രസിഡന്റായ ബിന്ദു മെന്‍ഡൊന്‍സായും രാജിവച്ചു. കമ്പനിയുടെ സിഇഒ അനന്ത് നാരായണന്‍ കഴിഞ്ഞ വര്‍ഷം രാജിവച്ചിരുന്നു. ഫ്ലിപ്കാര്‍ട്ട് ഗ്രൂപ്പിന്റെ ഫാഷന്‍ വിഭാഗത്തിന്റെ തലപ്പത്തുള്ള റിഷി വാസുദേവ്, ഹ്യൂമന്‍റിസേഴ്‌സസ് മേധാവി സ്മൃതി സിങ്, സിറ്റിഒ രവി ഗരികിപതി എന്നിവരും രാജിവച്ചിരിക്കുകയാണ്. ഫ്ലിപ്കാര്‍ട്ടിന്റെ സിഎഫ്ഒ ദീപാഞ്ചന്‍ ബസുവും കഴിഞ്ഞ വര്‍ഷം കമ്പനിയില്‍ നിന്നു പുറത്തുപോയി. അഭൂതപൂര്‍വ്വമായ ഈ കൊഴിഞ്ഞുപോക്കിനു പിന്നിലെന്താണ് എന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍മാർ അന്വേഷിക്കുന്നത്.

ഒഴിവുകള്‍ കമ്പനി നികത്തുന്നില്ല

കുറച്ചു കാലമായി അമിതോത്സാഹത്തോടെ ജോലിക്കാരെ എടുത്തിരുന്ന ഫ്ലിപ്കാര്‍ട്ട് പുതിയ ആളുകളെ എടുക്കുന്നതും വല്ലാതെ കുറച്ചിരിക്കുകയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുറത്തുപോകുകയാണെങ്കിലും അവരുടെ ഒഴിവുകള്‍ ഒന്നും കമ്പനി നികത്തുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡിസംബര്‍ മാസം മുതല്‍ ഫ്ലിപ്കാര്‍ട്ടില്‍ ആളെ എടുക്കുന്നില്ല എന്നും വാര്‍ത്തകള്‍ പറയുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ എടുക്കുന്ന കാര്യത്തില്‍ മെല്ലെപ്പോക്കാണ് കമ്പനി ഇപ്പോള്‍ കൈക്കൊള്ളുന്ന നയം. പറ്റുമെങ്കില്‍ ഇപ്പോള്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്ന ആരെയെങ്കിലും ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് സ്ഥാനക്കയറ്റം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ കമ്പനി തയാറായില്ല.

എന്നാല്‍, പുതിയ ജോലിക്കാരെ എടുക്കാതിരിക്കുന്നതു ഫ്ലിപ്കാര്‍ട്ട് മാത്രമല്ല എന്ന് ബിഐടി കണ്‍സള്‍ട്ടന്റ്‌സ് മാനേജിങ് ഡയറക്ടര്‍ ജെയിംസ് അഗര്‍വാള്‍ പറഞ്ഞു. പല കമ്പനികളും പുതിയ ജോലിക്കാരെ എടുക്കുന്നത് നിറുത്തിയിരിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഫ്ലിപ്കാര്‍ട്ടിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുറത്തുപോകുന്നത് കമ്പനിക്കു വെളിയിലുള്ള സാധ്യതകള്‍ ആരായാനാണ് എന്നാണ് റിക്രൂട്ട്‌മെന്റ് വിദഗ്ധര്‍ പറയുന്നത്. 

അഗര്‍വാളിന്റെ അഭിപ്രായത്തില്‍ ഉടനെ പ്രവര്‍ത്തനമാരംഭിച്ചേക്കാവുന്ന പുതിയ ഇകൊമേഴ്‌സ് കമ്പനികളെ ലക്ഷ്യമിട്ടായിരിക്കാം ഇവരിൽ ചിലരെങ്കിലും  രാജിവച്ചിരിക്കുന്നത് എന്നാണ്. പുതിയ കമ്പനികളില്‍ തങ്ങളുടെ കരിയറിന് കൂടുതല്‍ വളര്‍ച്ച സാധ്യത അവര്‍ കാണുന്നുണ്ടാകാം, എന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ എതാനും മാസങ്ങള്‍ക്കുള്ളില്‍ വമ്പന്‍ കമ്പനികളില്‍ നിന്നു പുറത്തുവന്നിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം 40 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് ട്രാന്‍സേര്‍ച്ച് ഇന്ത്യ എന്ന കമ്പനി പറയുന്നത്. എന്നാല്‍, വെളിയില്‍ നിലവിലുള്ള തസ്തികള്‍ക്ക് അനുസൃതമല്ല പുറത്തുവന്നിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണമത്രെ.

ചിലപ്പോള്‍, ഫ്ലിപ്കാര്‍ട്ടില്‍ ആവശ്യത്തിലധികം സ്റ്റാഫ് ഉണ്ടായിട്ടായിരിക്കാം ഉദ്യോഗസ്ഥര്‍ പുറത്തുപോകുന്നത്. ചിലരാകട്ടെ അടുത്തുവരുന്ന ഇകൊമേഴ്‌സ് സ്ഥാപനങ്ങളില്‍ ഭാഗ്യപരീക്ഷണം നടത്താമെന്ന ഉദ്ദേശത്തോടെയായരിക്കാം രാജിവയ്ക്കുന്നത്. ഈ വര്‍ഷം പുതിയ ചില സ്ഥാപനങ്ങൾ പ്രവര്‍ത്തനം തുടങ്ങുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രചരിക്കുന്നുമുണ്ടല്ലോ. എന്തായാലും മുമ്പില്ലാത്ത തരത്തില്‍ ഉദ്യോഗസ്ഥര്‍ രാജിവയ്ക്കുന്നു എന്നത് ഒരു സത്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com