ADVERTISEMENT

ചോദിച്ചും പറഞ്ഞും യാത്ര പോയിരുന്ന നാളുകളെ ഓര്‍മ്മയാക്കി പുതിയ യുഗപ്പിറവി കൊണ്ടുവന്ന സേവനമായ ഗൂഗിള്‍ മാപ്‌സ് അതിന്റെ 15-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഗൂഗിള്‍ ഈ സേവനം 2005ലാണ് അവതരിപ്പിച്ചത്. ഗൂഗിളിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള സേവനങ്ങളിലൊന്നുമാണ് മാപ്‌സ്. ആപ്പിളും നോക്കിയും ബിങും എല്ലാം മാപ്‌സ് ഇറക്കിയെങ്കിലും കാലോചിതമായി പരിഷ്‌കരിച്ചു മുന്നേറിയ ഗൂഗിള്‍ മാപ്‌സ് ഇന്നും മുന്നില്‍ തന്നെ തുടരുന്നു.

 

മാപ്‌സിന് സന്തോഷകരമായ 15-ാം പിറന്നാള്‍ ആശംസിച്ചുകൊണ്ടാണ് ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും മേധാവിയായ സുന്ദര്‍ പിച്ചൈ രംഗത്തെത്തിയത്.

 

മാപ്‌സ് പ്രിന്റു ചെയ്യാമെന്നത് പ്രിയങ്കരമാക്കി

 

സ്മാര്‍ട് ഫോണ്‍ സജീവമാകുന്നതിനു മുൻപുള്ള ആദ്യകാലത്ത് ഗൂഗിള്‍ മാപ്‌സ് നമുക്ക് പ്രിന്റ് ചെയ്തും എടുക്കാമെന്നതാണ് ഇതിനെ കൂടുതല്‍ ജനപ്രിയമാക്കാന്‍ ഉപകരിച്ച ഘടകങ്ങളിലൊന്ന് ഗൂഗിള്‍ മാപ്‌സിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ആയ ജെന്‍ ഫ്രിറ്റ്‌സ്പാട്രിക് പറയുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഗൂഗിളില്‍ ജോലിചെയ്യുന്നയാളാണ് ജെന്‍. താന്‍ ഗൂഗിളിന്റെ യൂസര്‍ എക്‌സ്പീരിയന്‍സ് ടീമിനൊപ്പമാണ് ജോലിയെടുത്തു തുടങ്ങിയതെന്ന് ജെന്‍ പറയുന്നു. മാപ്‌സിന്റെ ഏതു ഭാഗത്താണ് പ്രിന്റ് ബട്ടണ്‍ നല്‍കേണ്ടതെന്ന് ആലോചിച്ച് മണിക്കൂറുകളോളം തലപുകയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്ന് അവര്‍ ഓര്‍ത്തെടുക്കുന്നു. തുടക്കത്തല്‍ ദിശയും റോഡും കണ്ടെത്തിയിരുന്നത് ഡെസ്‌ക്‌ടോപ്പിലും ലാപ്‌ടോപ്പിലുമായിരുന്നല്ലോ. ഇതിനു ശേഷം പ്രിന്റെടുത്താണ് യാത്ര.

 

ഇപ്പോള്‍ റിയല്‍ടൈം മാപ്‌സ്; ദിവസം 100 കോടി കിലോമീറ്റര്‍

 

അക്കാലത്തിനു ശേഷം മാപ്‌സ് പോകേണ്ട ദിശ അറിയിച്ച് സ്മാര്‍ട് ഫോണുകളില്‍ വാസമാരംഭിച്ചതോടെ കോടിക്കണക്കിന് ആരാധകരെ ഗൂഗിള്‍ മാപ്‌സിന് ആകര്‍ഷിക്കാനായി. ഇന്ന് ഒരു ദിവസം ശരാശരി 100 കോടി കിലോമീറ്ററാണ് ആളുകള്‍ ലോകത്തെമ്പാടുമായി ഗൂഗിള്‍ മാപ്‌സ് പ്രയോജനപ്പെടുത്തുന്നതെന്ന് ഗൂഗിള്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

 

പുതുമയുമായി മാപ്‌സ്

 

എന്നാല്‍, മാപ്‌സ് 15-ാം വയസിലേക്കും അടുത്ത പതിറ്റാണ്ടിലേക്കും കടക്കുന്ന ഈ വേളയില്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്ത് എത്താന്‍ സഹായിച്ചാല്‍ മാത്രം പോരാ എന്ന് ഗൂഗിളിനറിയാം. ഇന്ന് മാപ്‌സില്‍ നോക്കി സ്ഥലങ്ങളെപ്പറ്റി വിവരാന്വേഷണം നടത്താം. കൂടുതല്‍ ആഴത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും മാപ്‌സ് സജ്ജമാണ്. ഒപ്പം പുതിയ ഡിസൈനും ഐക്കണുമായാണ് മാപ്‌സ് പിറന്നാള്‍ ആഘോഷിക്കുന്നത്.

 

പുതിയ ടാബ്

 

പുതിയ ഡിസൈനും ഐക്കണും ആന്‍ഡ്രോയിഡിലും ഐഒഎസിലും ലോകമെമ്പാടും ലഭ്യമാക്കും. മാപ്‌സ് ആപ്പിന്റെ താഴെ പുതിയ ടാബുകളും വരും. നിലവില്‍ എക്‌സ്‌പ്ലോര്‍ ടാബ്, കമ്യൂട്ട് ടാബ് എന്നിവയാണ് ഉള്ളത്. ഇവ നിലനിര്‍ത്തും. ഒപ്പം സേവ്ഡ്, കോണ്‍ട്രിബ്യൂട്ട്, അപ്‌ഡേറ്റ് എന്നീ ടാബുകളും പ്രത്യക്ഷപ്പെടും. എക്‌സ്‌പ്ലോര്‍ ടാബ് ഉപയോഗിച്ച് ഒരു സ്ഥലത്തെ ഭക്ഷണശാലകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, വിശേഷാവസരങ്ങള്‍ തുടങ്ങിയവ കണ്ടുപിടിക്കാം. കമ്യൂട്ട് ഒരു സ്ഥലത്തു നിന്ന് വേറൊരിടത്തേക്ക് എത്താന്‍ വേണ്ട സമയം ലഭ്യമാക്കുന്നു. ട്രാഫിക് അപ്‌ഡേറ്റ്, സഞ്ചരിക്കാന്‍ വേണ്ട സമയം തുടങ്ങിയവയും നല്‍കും.

 

പുതിയ സേവ്ഡ് ടാബില്‍ ഉപയോക്താവ് സേവു ചെയ്ത സ്ഥലങ്ങളെല്ലാം ഒരിടത്തു ലഭ്യമാക്കും. അടുത്തു നടത്താനിരിക്കുന്ന യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപയോക്താവ് സേവു ചെയ്തിട്ടുണ്ടെങ്കില്‍ അതും ഇവിടെ ലഭിക്കും. ആളുകള്‍ ഇത്തരത്തില്‍ 650 കോടി സ്ഥലങ്ങള്‍ സേവു ചെയ്തിട്ടുള്ളതായി ഗൂഗിള്‍ വെളിപ്പെടുത്തി.

 

കോണ്ട്രിബ്യൂട്ട് ടാബില്‍ ഉപയോക്താക്കള്‍ ഓരോ സ്ഥലങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍, ഫോട്ടോകള്‍ അടക്കം നല്‍കുമെന്ന് ഗൂഗിള്‍ കരുതുന്നു. റിവ്യൂകളും ഒരു പ്രദേശത്തെക്കുറിച്ചുള്ള പ്രാദേശിക വിവരങ്ങളും തങ്ങളുടെ ഉപയോക്താക്കള്‍ നല്‍കി മാപ്‌സിനെ കൂടുതല്‍ സമ്പുഷ്ടമാക്കുമെന്നാണ് കമ്പനി കരുതുന്നത്. ഗൂഗിള്‍ മാപ്‌സില്‍ ലോക്കല്‍ ഗൈഡ്‌സ് പ്രോഗ്രാമും ഉണ്ട്. ലോകമെമ്പാടും നിന്നുള്ള 12 കോടി ആളുകള്‍ ഇതിനായി സ്ഥിരം സമയം ചെലവിടുന്നു. അവര്‍ കണ്ടെന്റ് അപ്‌ലോഡ് ചെയ്തും റിവ്യൂ എഴുതിയും ഈ സേവനത്തെ സഹായിക്കുന്നു.

 

അപ്‌ഡേറ്റസ് ടാബ് നേരത്തെയുണ്ടായിരുന്ന 'ഫോര്‍ യു' വിഭാഗത്തിന്റെ പരിഷ്‌കരിച്ച രൂപമായിരിക്കും. ഇത് ട്രെന്‍ഡിങ് പ്ലെയ്‌സസ്, തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങള്‍, പ്രാദേശിക വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിക്കും. ഇപ്പോള്‍ ആളുകള്‍ മാപ്‌സിനോട് 'ഏറ്റവും നല്ല മസാലദോശ കിട്ടുന്ന സ്ഥലമേതാണ്' എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ പോലും ചോദിക്കാന്‍ തുടങ്ങിയരിക്കുന്നതിനാലാണ് വിശദമായ റിവ്യൂകളും മറ്റും ഗൂഗിള്‍ ചേര്‍ക്കാന്‍ തയാറായിരിക്കുന്നത്. അതായത് മസാല ദോശ മുതൽ ബിരിയാണി വരെ ഗൂഗിൾ മാപ്പിൽ കിട്ടും. കൂടാതെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിനെക്കുറിച്ചുള്ള വിവരങ്ങളും മാപ്‌സില്‍ ഉൾ‌ക്കൊളളിക്കും.

 

പുതിയ ലൈവ് വ്യൂ

 

ഇനി മാപ്‌സില്‍ വരുന്ന ലൈവ് വ്യൂവില്‍ ഓഗ്മെന്റഡ് റിയാലിറ്റിയുടെ ശേഷിയും ഉള്‍ക്കൊള്ളിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com