ADVERTISEMENT

കഴിഞ്ഞ ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച അസാമിലെ അന്തിമ പൗരന്മാരുടെ പട്ടികയുടെ ഡേറ്റ ക്ലൗഡിൽ നിന്ന് അപ്രത്യക്ഷമായെന്ന് റിപ്പോർട്ട്. സുപ്രീംകോടതി നിർദ്ദേശിച്ച പ്രകാരം ലിസ്റ്റ് പ്രസിദ്ധീകരിച്ച സ്റ്റേറ്റ് നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻ‌ആർ‌സി) വെബ്‌സൈറ്റിൽ നിന്നാണ് ഡേറ്റ അപ്രത്യക്ഷമായത്. എന്നാൽ, എൻ‌ആർ‌സി ഡേറ്റ സുരക്ഷിതമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ക്ലൗഡിലെ ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണ് ഡേറ്റ കാണാത്തതെന്നും പ്രശ്‌നം ഉടൻ പരിഹരിക്കപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു.

 

ഐടി കമ്പനിയായ വിപ്രോയുമായുള്ള കരാർ പുതുക്കാത്തതാണ് എൻ‌ആർ‌സി ഡേറ്റ അപ്രത്യക്ഷമാകാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്. അന്തിമ പട്ടിക ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ചതിനുശേഷം അസം എൻ‌ആർ‌സിയിൽ പൗരന്മാരെ ഒഴിവാക്കുകയും ഉൾപ്പെടുത്തുകയും ചെയ്യുന്നതിന്റെ പൂർണ്ണ വിവരങ്ങൾ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.nrcassam.nic.in ൽ അപ്‌ലോഡ് ചെയ്തിരുന്നു.

 

ഡേറ്റ സൂക്ഷിക്കാനായി വിപ്രോയാണ്  ക്ലൗഡ് സേവനം നൽകിയിരുന്നത്. അവരുടെ കരാർ കഴിഞ്ഞ ഒക്ടോബർ 19 വരെ ആയിരുന്നു. എന്നാൽ, ഇത് മുൻ കോ-കോർഡിനേറ്റർ (പ്രതീക് ഹജെല) പുതുക്കിയിരുന്നില്ല. ഡിസംബർ 15 മുതൽ ഡേറ്റ ഓഫ്‌ലൈനായി. വിപ്രോ ഇത് താൽക്കാലികമായി നിർത്തിവച്ച ശേഷം ഡിസംബർ 24 ന് ഞാൻ ചുമതലയേറ്റതെന്നും എൻ‌ആർ‌സി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഹിതേഷ് ദേവ് ശർമ്മ വാർത്താ ഏജൻസിയായ പി‌ടി‌ഐയോട് പറഞ്ഞു.

 

ജനുവരി 30 ന് നടന്ന യോഗത്തിൽ ആവശ്യമായ ഔപചാരികതകൾ ചെയ്യാൻ സംസ്ഥാന ഏകോപന സമിതി തീരുമാനിച്ചതായും ഫെബ്രുവരി ആദ്യ വാരം വിപ്രോയ്ക്ക് കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു. വിപ്രോ ഡേറ്റ തത്സമയമാക്കിയാൽ അത് പൊതുജനങ്ങൾക്ക് ലഭ്യമാകും. അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ആളുകൾക്ക് ഇത് ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ശർമ്മ പറഞ്ഞു.

 

അസാമിന്റെ എൻ‌ആർ‌സി കോ-ഓർഡിനേറ്ററായിരുന്ന പ്രതീക് ഹജേലയെ കഴിഞ്ഞ ഒക്ടോബറിലാണ് സ്ഥലം മാറ്റിയത്. അദ്ദേഹത്തിന്റെ പിൻഗാമിയായ ശർമയുടെ നിയമനത്തിലെ കാലതാമസം വിപ്രോയുമായുള്ള ക്ലൗഡ് സേവന സബ്‌സ്‌ക്രിപ്‌ഷൻ പുതുക്കുന്നതുൾപ്പെടെയുള്ള പ്രധാന ജോലികൾ മന്ദഗതിയിലാക്കി. ക്ലൗഡ് സേവനത്തിന്റെ പുതുക്കൽ വേഗത്തിലാക്കാൻ ഇപ്പോൾ ശ്രമം നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. അസാമിലെ പൗരന്മാരുടെ പട്ടികയിൽ നിന്ന് 19 ലക്ഷത്തിലധികം ആളുകളെ ഒഴിവാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com