sections
MORE

‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ’ ഫോണ്‍ കമ്പനി അടച്ചുപൂട്ടുന്നു, 'പ്രൊജക്ട് ജെം' പുറത്തിറങ്ങില്ല

andy_rubin_eyes_down
SHARE

ലോകത്തെ ഏറ്റവും ജനപ്രിയ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ സഹസ്ഥാപകൻ ആന്‍ഡി റൂബിന്‍ തുടങ്ങിയ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ സ്റ്റാര്‍ട്ട് അപ് കമ്പനിയായ ഇസന്‍ഷ്യല്‍ പ്രൊഡക്റ്റ്സിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. ആന്‍ഡി റൂബിന്‍, റിച് മൈനര്‍, നിക് സിയേഴ്‌സ്, ക്രിസ് വൈറ്റ് എന്നിവര്‍ ചേര്‍ന്നാണ് 2003ല്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം തുടങ്ങിയത്. പിന്നീട്, ഇത് ഏകദേശം 50 ദശലക്ഷം ഡോളറിന് ഗൂഗിള്‍ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് റൂബിനും ഗൂഗിളിനൊപ്പം ചേരുകയായിരുന്നു.

ലൈംഗീകാരോപണങ്ങളെത്തുടര്‍ന്ന് ഗൂഗിളില്‍ നിന്നു പുറത്തുപോയ റൂബിന്‍ സ്വന്തം സംരംഭമായ ഇസന്‍ഷ്യല്‍ പ്രൊഡക്റ്റ്സ് അവതരിപ്പിച്ചു. 2015ലാണ് റൂബിന്‍ ഇസന്‍ഷ്യല്‍ തുടങ്ങുന്നത്. സ്മാര്‍ട് ഫോണ്‍ വിപണിയെ പടിച്ചുലയ്ക്കാനുള്ള പദ്ധതികളുമായി തുടങ്ങിയ കമ്പനിയാണെങ്കിലും നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടതോടെ ഇനി മുന്നോട്ടുപോകേണ്ട എന്ന തീരുമാനമെടുത്തിരിക്കുകയാണ് കമ്പനിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍. റൂബിനെതിരെയുള്ള കേസാണ് പ്രധാന പ്രതിബന്ധങ്ങളിലൊന്ന്.

andy-rubin-essential-phone-tease-4

കമ്പനി ഇതുവരെ ആകെ ഒരു പ്രൊഡക്ട് മാത്രമാണ് പുറത്തിറക്കിയത്. 'പ്രൊജക്ട് ജെം' എന്ന പേരില്‍ അധികമാരും കണ്ടിട്ടില്ലാത്ത ഡിസൈനുമായി ഒരു ഫോണ്‍ പുറത്തിറക്കുക എന്ന ലക്ഷ്യമായിരുന്നു കമ്പനിക്കു മുന്നിലുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ കമ്പനി പറയുന്നത് ഈ ഫോണ്‍ ഉപയോക്താക്കളിൽ എത്തിക്കുന്നതിന് ഫലപ്രദമായ മാര്‍ഗ്ഗങ്ങളൊന്നും തങ്ങളുടെ മുന്നിലില്ല എന്നാണ്. നാലു വര്‍ഷം മുൻപാണ് തങ്ങളുടെ ആദ്യ ഇസന്‍ഷ്യല്‍ ഫോണ്‍ കമ്പനി അവതരിപ്പിക്കുന്നത്. വിപണിയെ പിടിച്ചുകുലുക്കാന്‍ ഇറക്കിയതാണെങ്കിലും വമ്പന്‍ കമ്പനികളുടെ സാമ്പത്തിക പിന്‍ബലമില്ലാതെ ഇറക്കിയ ഈ ഫോണിന് വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല എന്നതു കൂടാതെ മോശം റിവ്യൂകളും ധാരാളമായി കിട്ടി.

തങ്ങളുടെ രണ്ടാമത്തെ ഫോണും ഒരു സ്മാര്‍ട് സ്പീക്കറും വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലിടയിലായിരുന്നു ഇസന്‍ഷ്യല്‍. മാസങ്ങളോളം നിശബ്ദതയിലായിരുന്ന ശേഷമാണ് പ്രൊജക്ട് ജെം പുറത്തിറക്കുന്ന കാര്യം 2019 ഒക്ടോബറില്‍ കമ്പനി അറിയിച്ചത്. എന്നാല്‍, അതോടെ ഇസന്‍ഷ്യലിന്റെ കഥയും കഴിയുകയായിരുന്നു. 2018ല്‍ ഇസന്‍ഷ്യല്‍ 'ന്യൂട്ടണ്‍ മെയില്‍' എന്ന സേവനം വാങ്ങിയിരുന്നു. ഇതിനും പൂട്ടുവീഴുകയാണ്.

andy-rubin-essential-phone-tease-3

കമ്പനി അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി അവരിറക്കിയ ഇസന്‍ഷ്യല്‍ ഫോണിന് സുരക്ഷാ അപ്‌ഡേറ്റും ഇറക്കിയിട്ടുണ്ട്. ഇതാണ് തങ്ങള്‍ നല്‍കുന്ന അവസാന അപ്‌ഡേറ്റ് എന്നു കമ്പനി പറഞ്ഞു. നിങ്ങളുടെ ഇസന്‍ഷ്യല്‍ ഫോണ്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ അടുത്ത ഒരു സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കാന്‍ തങ്ങളുണ്ടാകുകയില്ല എന്നാണ് കമ്പനി അറിയിച്ചത്. പുതിയ മൊബൈല്‍ അനുഭവം നല്‍കുക എന്ന ശ്രമകരമായ പദ്ധതിയുമായി തുടങ്ങിയതായിരുന്നു ഇസന്‍ഷ്യല്‍. പിന്നീടു തുടങ്ങിയ പ്രൊജക്ട് ജെമ്മും മൊബൈല്‍ കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമിന് മാറ്റം വരുത്താന്‍ ആഗ്രഹിച്ചായിരുന്നു. തങ്ങളുടെ തീവ്ര പരിശ്രമത്തിനു പോലും അത് ഉപയോക്താക്കളിലെത്തിക്കാന്‍ സാധിക്കില്ലെന്നു മനസ്സിലാക്കിയതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

കമ്പനി പൂട്ടുന്നതിന്റെ ഭാഗമായി അമേരിക്കയിലും ബെംഗളൂരുവിലുമുള്ള ജോലിക്കാരോടും ആഗോള തലത്തിലെ തങ്ങളുടെ പാര്‍ട്ണര്‍മാരോടും ഇത്രയും കാലം നല്‍കിയ സേവനങ്ങള്‍ക്കും സഹകരണത്തിനും കമ്പനി നന്ദി അറിയിച്ചു. ഇസന്‍ഷ്യല്‍ ഫോണ്‍ കാര്യമായി വിറ്റുപോകാതിരുന്നതിന്റെ പ്രധാന കാരണം അതിന് റിവ്യൂവര്‍മാരില്‍ നിന്നും മറ്റും ലഭിച്ച പ്രതികരണമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആന്‍ഡ്രോയിഡ് 10, ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 730 പ്രോസസറുമായി ഇറങ്ങാനിരിക്കുകയായിരുന്ന പ്രൊജക്ട് ജെം വേണ്ടന്നുവച്ചതിനു പിന്നിലും മാധ്യമങ്ങളുടെ പ്രതികരണം എന്താവാമെന്ന ഭീതിയായിരിക്കാമെന്നു പറയുന്നു.

andy-rubin

റൂബിന്‍ 2014ലാണ് ഗൂഗില്‍ വിടുന്നത്. കമ്പനിയിലെ ജോലിക്കാരാണ് റൂബിനെതിരെ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഗൂഗിള്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആദ്ദേഹത്തോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എങ്കിലും അദ്ദേഹത്തിന് 90 ദശലക്ഷം ഡോളറിന്റെ എക്‌സിറ്റ് പാക്കേജും നല്‍കി. ഈ പാക്കേജ് ആയിരക്കണക്കിനു ജോലിക്കാരുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയായിരുന്നു. ഗൂഗിളിനെതിരെ പോലു ചിലര്‍ കേസു കൊടുത്തിരിക്കുകയാണ്. തന്റെ പേരിലുള്ള ആരോപണങ്ങളെ റൂബിന്‍ നിഷേധിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA