ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയുടെ മൂന്നാം പാദ റിപ്പോർട്ടുകൾ പുറത്തുവന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കമ്പനിയുടെ മൊത്തം നഷ്ടം 6,439 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിൽ തന്നെ ക്രമീകരിച്ച മൊത്ത വരുമാനവുമായി (എജിആർ) ബന്ധപ്പെട്ട മിക്ക ബാധ്യതകളും കണക്കിലെടുത്ത് കമ്പനിയുടെ സെപ്റ്റംബർ വരെയുള്ള പാദത്തിൽ 50,922 കോടി രൂപയായിരുന്നു നഷ്ടം. കമ്പനിയുടെ മൊത്തം കടം 1.15 ലക്ഷം കോടി രൂപയാണ്.

 

ഡിസംബർ പാദത്തിൽ എജിആറുമായി ബന്ധപ്പെട്ട കുടിശ്ശികയ്ക്കായി കമ്പനി 52.8 കോടി രൂപ ചെലവ് രേഖപ്പെടുത്തി. സെപ്റ്റംബർ പാദത്തിൽ ഈ കുടിശ്ശികയ്ക്കായി 44,150 കോടി രൂപ വകയിരുത്തിയിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വോഡഫോൺ ഐഡിയയുടെ വരുമാനം സെപ്റ്റംബർ പാദത്തിൽ 10,844 കോടിയിൽ നിന്ന് ഡിസംബർ പാദത്തിൽ 11,089 കോടി രൂപയായി ഉയർന്നു. ഈ പാദത്തിൽ 8.3 ദശലക്ഷം 4 ജി ഉപയോക്താക്കൾ കൂടി. അതേസമയം, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11,764.8 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്ത വരുമാനം.

 

വരുമാനത്തിന്റെ കണക്കുകൾ കാണിക്കുന്നത് വോഡഫോൺ ഐഡിയ ഇപ്പോഴും സമ്മർദ്ദത്തിലാണ് എന്നാണ്. നഷ്ടം പ്രതീക്ഷിച്ചതിലും കൂടുതലാണ്, എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ വരുമാന വർധനവ് വളരെ കുറവാണ്. കഴിഞ്ഞ മൂന്ന് പാദങ്ങളെ അപേക്ഷിച്ച് ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞുവെന്നാണ് രേഖകൾ പറയുന്നത്.

 

കമ്പനിയുടെ ശരാശരി ആളോഹരി വരുമാനം (ARPU) ഡിസംബർ അവസാനം 109 രൂപയായി ഉയർന്നു. സെപ്റ്റംബർ അവസാനം ഇത് 107 രൂപയായിരുന്നു. എയർടെലിന്റെ ആർപു 135 രൂപയും ജിയോയുടേത് 128.4 രൂപയുമാണ്. ഡിസംബറിൽ എല്ലാ ടെലികോം കമ്പനികളും അവരുടെ താരിഫ് 40 ശതമാനം വരെ ഉയർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com