ADVERTISEMENT

ഓണ്‍ലൈൻ തേഡ്പാര്‍ട്ടി വില്‍പ്പനക്കാര്‍ക്ക് അധികമായി ചുമത്താന്‍ പരിഗണിക്കുന്ന നികുതി വേണ്ടെന്നുവയ്ക്കണമെന്ന് ആമസോണും ഫ്‌ളിപ്കാര്‍ട്ടും അടക്കമുള്ള കമ്പനികള്‍ സർക്കാരിനോട് അഭ്യര്‍ഥിച്ചു. ഈ പുതിയ ടാക്‌സ് ഓണ്‍ലൈന്‍ വിപണിയെ ഒന്നടങ്കം തകര്‍ക്കുമെന്നാണ് അവര്‍ പറഞ്ഞത്. ഓണ്‍ലൈന്‍ സെല്ലര്‍മാര്‍ നടത്തുന്ന ഓരോ വില്‍പ്പനയ്ക്കും 1 ശതമാനം ടാക്‌സ് അധികമായി വാങ്ങാനാണ് ഉദ്ദേശം. ഇത് അടുത്ത മാസം പാര്‍ലമെന്റ് അംഗീകരിച്ചാല്‍ ഏപ്രില്‍ മുതല്‍ നിലവില്‍ വരും. നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ ബിജെപി സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാണ് അധിക ടാക്‌സ് ചുമത്തുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് പെട്ടെന്നേറ്റ മാന്ദ്യത്തിനെതിരെ പൊരുതാനാണ് സർക്കാർ അധിക ടാക്‌സ് പിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

എന്നാല്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍സ് ഓഫ് കൊമേഴ്‌സ് ആന്‍ ഇന്‍ഡസ്ട്രി (എഫ്‌ഐസിസിഐ) തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം പുതിയ നികുതി ഭാരം ഇകൊമേഴ്‌സ് വ്യവസായത്തിന് ആഘാതമുണ്ടാക്കുമെന്നാണ് പറയുന്നത്. ഈ റിപ്പോര്‍ട്ട് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിക്കു ലഭിച്ചിരുന്നു. പുതിയ നികുതി നടപ്പിൽ വരുന്നതോടെ കരകയറാനാകാത്ത തലത്തിൽ ഓണ്‍ലൈന്‍ വ്യവസായാത്തിന് നഷ്ടം നേരിട്ടേക്കുമെന്നാണ് എഫ്‌ഐസിസിഐ പറയുന്നത്. ഇത് വന്നാല്‍ വില്‍പ്പനയും കുറഞ്ഞേക്കും.

 

മറ്റൊരു സംഘടനയായ യുഎസ്-ഇന്ത്യാ സ്ട്രാറ്റിജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം സർക്കാരിനോട് അഭ്യര്‍ഥിച്ചിരിക്കുന്നത് ഇത്തരമൊരു നീക്കം നടത്തുന്നതിനു മുൻപ് അതിന് ഒരുങ്ങാന്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് കുറച്ചു സമയമെങ്കിലും കൊടുക്കണമെന്നാണ്. അധിക നികുതി വാങ്ങുന്നത് ഏപ്രില്‍ 1, 2021 വരെയെങ്കിലും നീട്ടിവയ്ക്കണമെന്നാണ് അവര്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ കോപ്പിയും റോയിട്ടേഴ്‌സിനു ലഭിച്ചു. പുതിയ നീക്കത്തെക്കുറിച്ച് ആമസോണ്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍, ഫ്‌ളിപ്കാര്‍ട്ടിന്റെ വക്താവ് പറഞ്ഞത് തങ്ങൾ വില്‍പ്പനക്കാരുടെ കൂട്ടായ്മയിലൂടെ ആയിരിക്കും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നാണ്. ധനവകുപ്പും ഇതെക്കുറിച്ചു പ്രതികരിക്കാന്‍ വിസമ്മതിച്ചു.

 

കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇത് നികുതിദാതാവിന് അധികഭാരമാവില്ല എന്നാണ്. അവര്‍ക്കത് ഓഫ്‌സെറ്റ് ചെയ്യാമെന്നാണ്. എന്നാല്‍, റീട്ടെയിൽ വ്യവസായക്കാര്‍ സർക്കാരിനോട് പുതിയ ടാക്‌സ് ഏര്‍പ്പെടുത്തരുതെന്നാണ് അഭ്യര്‍ഥിക്കുന്നത്. അധിക നികുതി ഏര്‍പ്പെടുത്തിയാല്‍ അത് തങ്ങളുടെ മൂലധനത്തെ തന്നെ ബാധച്ചേക്കാമെന്നാണ് ചില തേഡ് പാര്‍ട്ടി വില്‍പ്പനക്കാര്‍ പറയുന്നത്. തങ്ങള്‍ ഇപ്പോള്‍തന്നെ ദേശീയ തലത്തിലുള്ള നികുതി അടക്കുന്നുണ്ടല്ലോ എന്നാണ് അവരുടെ വാദം.

 

ഈ പുതിയ നികുതി തങ്ങളുടെ വളര്‍ച്ചയെ ബാധിക്കുമെന്നതു കൂടാതെ പിടിച്ചു നിൽക്കൽ പോലും വിഷമത്തിലാക്കിയേക്കുമെന്നാണ് യുനെക്‌സോ ലൈഫ് സയന്‍സസ് പറഞ്ഞത്. അവര്‍ ആരോഗ്യ പരിപാലന ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ ഇന്ത്യയിലൂടെ വിറ്റഴിക്കുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ചുലക്ഷം രൂപയില്‍ താഴെ വരുമാനം ഉണ്ടാക്കിയ ഓണ്‍ലൈന്‍ വില്‍പ്പനക്കാരെ പുതിയ ടാക്‌സില്‍ നിന്ന് ഒഴിവാക്കും. കടകളിലൂടെ വില്‍പ്പന നടത്തുന്നവര്‍ക്കും പുതിയ നികുതി ബാധകമാക്കില്ല. ഇവര്‍ക്കെല്ലാം ദേശീയ തലത്തിലുള്ള സെയില്‍സ് ടാക്‌സ് ബാധകമായിരിക്കും.

 

ഇന്ത്യയുടെ ഇകൊമേഴ്‌സ് മേഖല 2026 ആകുമ്പോഴേക്ക് 20, 000 കോടി ഡോളര്‍ മൂല്യമുള്ള ഒന്നായി തീരുമെന്നാണ് ഇതുവരെയുള്ള പ്രവചനം. സ്മാര്‍ട് ഫോണ്‍ വില്‍പ്പന ഉയരുന്നതും കുറഞ്ഞ വിലയ്ക്ക് ഡേറ്റാ ലഭ്യമാക്കുന്നതും ഓണ്‍ലൈന്‍ വില്‍പ്പന കൂടാന്‍ കാരണമാകും എന്നാണ് കരുതുന്നത്. പലചരക്കു മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ ഓണ്‍ലൈനിലൂടെ വാങ്ങുന്ന പ്രവണത വര്‍ധിക്കുകയാണ്. എന്നാല്‍, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ പുതിയ നിയന്ത്രണങ്ങളുടെ പിടിയിലാണ്. അതിനു പുറമെയാണ് അവയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്ന ആന്റിട്രസ്റ്റ് അന്വേഷണം.

 

പുതിയ ടാക്‌സ് ഊബര്‍, ഒല തുടങ്ങിയ ടാക്‌സി കമ്പനികള്‍ക്കായി വണ്ടി ഓടിക്കുന്ന ഡ്രൈവര്‍മാരുടെ വരുമാനത്തിനും വന്നേക്കാമെന്നും പറയുന്നു. സൊമാറ്റോ, സ്വിഗി തുടങ്ങിയ ഭക്ഷണ വിതരണ കമ്പനികള്‍ക്കും പുതിയ നികുതി വരാം. കേന്ദ്ര സർക്കാർ ടാക്‌സ് അടിത്തറ നിലവില്‍ നികുതിവേണ്ടാത്ത പതിനായിരക്കണക്കിനു വ്യവസായങ്ങളിലേക്കും ഭക്ഷണ വിതരണക്കാരിലേക്കും ക്യാബ് ഡ്രൈവര്‍മാരിലേക്കും വിപുലപ്പെടുത്തുകയാണ് ചെയ്യുന്നത്. പുതിയ നികുതിയിലൂടെ 3000 കോടി രൂപ നേടാമെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com