ADVERTISEMENT

ഇന്റര്‍നെറ്റുമായി ഘടിപ്പിച്ച സുരക്ഷാ ക്യാമറകളില്‍ നിന്നുള്ള ക്ലിപ്പുകള്‍ ചോര്‍ത്തിയെടുക്കാമെന്നത് വാസതവമാണെന്നിരിക്കെ പുതിയ തരത്തില്‍ അരങ്ങേറുന്ന തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഉപയോക്താവ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് അയയ്ക്കുന്ന ഇമെയിലാണ് ഇപ്പോള്‍ സംസാരവിഷയം. ഗൂഗിളിന്റെ സുരക്ഷാ ക്യാമറയായ നെസ്റ്റിന്റെ ഉപയോക്താക്കള്‍ക്കാണ് ഈ മെയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സെക്‌സും എക്‌സ്‌റ്റോര്‍ഷന്‍ (extortion- തട്ടിച്ചെടുക്കല്‍) എന്ന വാക്കും ചേര്‍ത്തു നിര്‍മ്മിച്ച സെക്‌സ്റ്റോര്‍ഷന്‍ എന്ന വാക്കാണ് ഇത്തരം തട്ടിപ്പുകളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.

 

ഇതുവരെ 1,700 പേര്‍ക്കാണ് ഇത്തരം ഇമെയില്‍ ലഭിച്ചിരിക്കുന്നതെന്നാണ് മൈംകാസ്റ്റ് എന്ന ഇന്റര്‍നെറ്റ് സുരക്ഷാ കമ്പനി പറയുന്നത്. എന്നാല്‍, ഇതു വ്യാപകമാകുകയാണ് എന്നും തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ആളുകള്‍ കരുതിയിരിക്കണമെന്ന് മൈംകാസ്റ്റും ഗൂഗിളും മറ്റു സുരക്ഷാവിദഗ്ധരും ആവശ്യപ്പെടുന്നു. ഈ മാസം ആദ്യം തുടങ്ങിയ ഈ പുതിയ തട്ടിപ്പില്‍ ഉപയോഗിക്കുന്നത് ഗൂഗിള്‍ നെസ്റ്റില്‍ നിന്നടുത്ത ക്ലിപ്പാണ് എന്നത് വിശ്വാസ്യത പകരുന്നു എന്നിടത്താണ് പലരും വീഴുന്നതത്രെ. ഉപയോക്താവിന്റെ ക്ലിപ്പുകള്‍ വിട്ടുതരണമെങ്കില്‍ നിശ്ചിത പൈസ നല്‍കണമെന്ന സ്ഥിരം പല്ലവിയാണ് പുതിയ തട്ടിപ്പുകാരും പറയുന്നത്.

 

പൊതുവെ ഇങ്ങനെ അയയ്ക്കപ്പെടുന്ന ഇമെയിലില്‍ ഒരു ലിങ്ക് ആയിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍, പുതിയ തട്ടിപ്പുകാര്‍ ആദ്യമെ പൈസ ചോദിക്കുന്നില്ല. പകരം ഒരു അക്കൗണ്ടിലേക്കു ലോഗ്-ഇന്‍ ചെയ്യാന്‍ വേണ്ട യൂസര്‍നെയ്മും പാസ്‌വേഡും ആയിരക്കും നല്‍കുക. ഇര ലോഗ്-ഇന്‍ ചെയ്തു പരിശോദിക്കുമ്പോള്‍ അവിടെ ശരിക്കും ഗൂഗിള്‍ നെസ്റ്റില്‍ നിന്നു ചോര്‍ത്തിയ ഒരു ക്ലിപ് ആയിരിക്കും കാണാനാകുക. പക്ഷേ, അത് ഇരയുടെ ക്യാമറയില്‍ നിന്ന് എടുത്തതല്ലെന്നു മാത്രം. അവിടെനിന്ന് മറ്റൊരു മെയില്‍ ബോക്‌സിലേക്ക് കടക്കാന്‍ ഇരയോട് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. നിങ്ങളുടെ ക്ലിപ്പ് അടുത്തയാഴ്ചയ്ക്കു മുൻപ് പോസ്റ്റു ചെയ്യുന്നതായിരിക്കും എന്ന മുന്നറിയിപ്പായിരിക്കും ലഭിക്കുക.

 

ഇങ്ങനെ പല നടപടിക്രമങ്ങളിലൂടെ കടത്തിവിട്ട് ആളുകള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഒന്നും മനസ്സിലാക്കിക്കൊടുക്കാതിരിക്കാനാണ് തട്ടിപ്പുകാരുടെ ശ്രമം. തുടര്‍ന്ന് ഏകദേശം 550 ഡോളര്‍ മൂല്യത്തിനുള്ള ബിറ്റ്‌കോയിന്‍ അടയ്ക്കാനോ ആമസോണ്‍, ഐട്യൂണ്‍സ്, ബെസ്റ്റ്‌ബൈ, ടാര്‍ഗറ്റ് തുടങ്ങിയവയുടെ ഗിഫ്റ്റ് കാര്‍ഡ് നല്‍കാനോ ആണ് ഇരകളോട് ആവശ്യപ്പെടുന്നത്.

 

ഇങ്ങനെ ലഭിക്കുന്ന ഇമെയിലുകള്‍ കണ്ടില്ലെന്നു നടിക്കുകയാണ് വേണ്ടതെന്നാണ് സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. തങ്ങളുടെ ഡിവൈസ് ഹാക്കു ചെയ്യപ്പെടാമെന്ന് ആളുകള്‍ക്ക് അറിയാം. ആ പേടി മുതലെടുക്കാനാണ് ശ്രമം. എന്നാല്‍, എങ്ങനെയാണ് തട്ടിപ്പുകാര്‍ ഇരകളുടെ മെയില്‍ ഐഡി കരസ്ഥമാക്കിയതെന്നോ നെസ്റ്റില്‍ നിന്നുള്ള ക്ലിപ് സ്വന്തമാക്കിയതെന്നോ ഇതുവരെ മനസ്സിലായിട്ടില്ല. ഈ സാഹചര്യം ദൗര്‍ഭാഗ്യകരമാണ് എന്നാണ് ഗൂഗിള്‍ പ്രതികരിച്ചത്. സ്വകാര്യതയും സുരക്ഷയും നല്‍കുക എന്നത് തങ്ങളുടെ ലക്ഷ്യമാണെന്ന് കമ്പനി പറയുന്നു.

 

ഇപ്പോള്‍ ഇമെയില്‍ ലഭിച്ച ആരുടെയും ക്യാമറകള്‍ ഭേദിക്കപ്പെട്ടിട്ടില്ലെന്നും സുരക്ഷാ വിദഗ്ധര്‍ സാഷ്യപ്പെട്ടുത്തുന്നു. എന്നുവച്ച് ഇന്റര്‍നെറ്റുമായി കണക്ടു ചെയ്ത ഉപകരണങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നല്ല. ഇന്ന് പലരും ഇന്റര്‍നെറ്റുമായി കണക്ടു ചെയ്ത ഡോര്‍ബെല്ലുകള്‍ മുതല്‍ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വരെ ഉപയോഗിക്കുന്നു. ഇവയെല്ലാം ഹാക്കു ചെയ്യപ്പെടാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നും വിദഗ്ധര്‍ പറയുന്നു. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ഉപകരണങ്ങള്‍ ഭേദിക്കപ്പെടാമെന്ന ഭീതി യാഥാര്‍ഥ്യം തന്നെയാണ്. എന്നാല്‍ ഉപയോക്താക്കള്‍ കൂടുതല്‍ സുരക്ഷിതമായ മാര്‍ഗ്ഗങ്ങള്‍ തേടണം. ഉദാഹരണത്തിന് ഗൂഗിള്‍ നെസ്റ്റ് ക്യാമറാ ഉപയോഗിക്കുന്നവര്‍ ഇരട്ട ഓതന്റിക്കേഷന്‍ പ്രയോജനപ്പെടുത്തണമെന്നാണ് കമ്പനി പറയുന്നത്.

 

എന്നാല്‍, ഇത്തരം സ്മാര്‍ട് ഉപകരണങ്ങള്‍ ഹാക്കു ചെയ്ത് ബ്ലാക്‌മെയില്‍ ചെയ്യപ്പെടാമെന്നത് യാഥാര്‍ഥ്യമാണെന്നിരിക്കെ ആളുകള്‍ സുരക്ഷാ ക്യമറകള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്താതെ ഉപയോഗിച്ചു തുടങ്ങുമോ എന്നാണ് പലരും ചോദിക്കുന്നത്. നിങ്ങളുടെ വീട്ടില്‍നിന്ന് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചു വച്ചിട്ടുള്ള എല്ലാ ഉപകരണങ്ങളും സൈബര്‍ ക്രിമിനലുകള്‍ കാണാനുള്ള സാധ്യതയുണ്ടെന്നാണ് ഇസെറ്റിന്റെ സൈബര്‍ സുരക്ഷാ വിദഗ്ധനായ ജെയ്ക് മൂര്‍ പറയുന്നത്. എന്നാല്‍, ഹാക്കര്‍മാര്‍ കണ്ടേക്കുമെന്നു കരുതി ആളുകള്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാത്ത സുരക്ഷാ ക്യാമറ വാങ്ങാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നു. എന്തായാലും അദ്ദേഹം പറയുന്ന സംശയം തോന്നുന്ന മെയിലുകള്‍ തുറക്കേണ്ട എന്ന ഉപദേശമാണ് പുതിയ തട്ടിപ്പിനെതിരെ നല്‍കപ്പെടുന്ന ഉപദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com