ADVERTISEMENT

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് വളരെ ധീരമായ ഒരു പ്രസ്താവനയാണ് സയന്‍സ് പ്രസിദ്ധീകരണമായ സയന്റിഫിക് അമേരിക്കന്‍ (Scientific American) അടുത്തിടെ നടത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇനിയും ജനിച്ചിട്ടില്ല എന്നാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ തങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നുവെന്ന് അവകാശപ്പെടുന്ന കമ്പനികള്‍ ആളുകളെ പറ്റിക്കുകയാണ് ചെയ്യുന്നതെന്നാണ് അവര്‍ എടുത്തിരിക്കുന്ന ധീരമായ നിലപാട്. സ്മാര്‍ട് ഫോണ്‍ ക്യാമറകളെ വരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിതം എന്നൊക്കെ കമ്പനികള്‍ വിളിക്കുന്ന കാലത്താണ് നാമിന്ന്. എന്നാല്‍, അത്തരമൊരു കാലം എത്തിയിട്ടില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചില ബിസിനസ് സ്ഥാപനങ്ങള്‍, തങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുതുടങ്ങിയതായി അവകാശപ്പെടുന്നു. ലോകവ്യാപകമായി തങ്ങള്‍ നടത്തിയ സര്‍വെയില്‍ 37 ശതമാനം കമ്പനികളും തങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള എഐ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നതായാണ് അവകാശപ്പെട്ടതെന്ന് സയന്റിഫിക് അമേരിക്കന്‍ പറയുന്നു. അമേരിക്കയിലെ മാത്രം കണക്കു പരിശോധിച്ചാല്‍ കാണുന്നത് 61 ശതമാനം കമ്പനികളും തങ്ങള്‍ എഐ ഉപയോഗിക്കുന്നതായി പറഞ്ഞിരിക്കുന്നു എന്നാണ്. അമേരിക്കയിലും ബ്രിട്ടനിലും നടത്തിയ മറ്റൊരു സര്‍വെ പറയുന്നത് 77 ശതമാനം കമ്പനികള്‍ എഐ-കേന്ദ്രീകൃത സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്നാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇന്നു കാണുന്ന പ്രശ്‌നം അതെന്താണെന്ന കാര്യത്തില്‍ അഭിപ്രായ ഐക്യം ഇല്ല എന്നതാണ്.

 

എന്നാല്‍, ഇത്തരം ചര്‍ച്ചകള്‍ തന്നെ അകാലത്തുള്ളതാണെന്നാണ് സയന്റിഫിക് അമേരിക്ക പറയുന്നത്. ബിസിനസുകാര്‍ക്ക് ഉപയോഗിക്കാവുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിറന്നിട്ടേയില്ല എന്നാണ് അവരുടെ വാദം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിറവിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അതിശയോക്തികരം മാത്രമാണെന്നും അവര്‍ പറയുന്നു. തങ്ങള്‍ മാത്രമല്ല ഇങ്ങനെ ചിന്തിക്കുന്നതെന്നും സാംസങ്ങിന്റെ വൈസ് പ്രസിഡന്റും ആപ്പിളിന്റെ വോയ്‌സ് അസിസ്റ്റന്റ് സിറിയുടെ സൃഷ്ടിയില്‍ പങ്കാളിയുമായ എല്‍. ജൂലിയ പറയുന്നതും അതുതന്നെയാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്നു ബിസിനസുകാര്‍ ഉപയോഗിക്കുന്ന ടൂളുകളുടെ ഘടകങ്ങള്‍, ഗണിതശാസ്ത്രം, സ്ഥിതിവിവരശാസ്ത്രം, മെഷീന്‍ ലേണിങ്, ഡീപ് ലേണിങ്, ബിഗ് ഡേറ്റാ എന്നിവയാണെന്നാണ് ജൂലിയ പറയുന്നത്. ഇന്നത്തെ ടെക്‌നോളജിയുടെ ഗുണഭോക്താക്കളാകാന്‍ ആഗ്രഹിക്കുന്ന ബിസിനസുകാര്‍ ഇതു മനസ്സില്‍ വയ്ക്കുന്നത് ഉപകാരപ്രദമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

 

ഇന്നത്തെ ടൂളുകള്‍ക്കും ശക്തിയുണ്ട്. പക്ഷേ, ശരിക്കുളള എഐ അടുത്ത തലമുറയില്‍ പ്രതീക്ഷിച്ചാല്‍ മതി. ഒരിക്കല്‍ അതു വരികതന്നെ ചെയ്യും. ഇന്നത്തെ പല രീതികളെയു തച്ചുകര്‍ത്ത് പുതിയ യുഗപ്പിറവി തന്നെ കൊണ്ടുവരും. തങ്ങളിപ്പോഴേ അത്തരം ടെക്‌നോളജിയാണ് ഉപയോഗിക്കുന്നതെന്നു വിചാരിക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍ കരുതിയിരിക്കണം. കാരണം അവരുടെ എതിരാളികള്‍ക്ക് ഭാവിയെക്കുറിച്ച് വ്യക്തമായ ധാരണ കണ്ടേക്കാം. അവര്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ കെല്‍പ്പുള്ളവരായി തീരും.

 

അപ്പോള്‍ ഇത് എഐ അല്ലെങ്കില്‍ പിന്നെയെന്താണ്?

 

മിക്കവരെ സംബന്ധിച്ചും ഇത് ഓട്ടോമേഷന്‍ മാത്രമാണ്. ഇപ്പോള്‍ ബിസിനസ് സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത് പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന സാങ്കേതികവിദ്യയുടെ പരിഷ്‌കരിച്ച പതിപ്പു മാത്രമാണ്. നിലവിലെ മെഷീനുകള്‍, അവയ്‌ക്കെന്തെന്നു മനസ്സിലാകാത്ത കാര്യങ്ങള്‍ നടത്തുക മാത്രമാണ് ചെയ്യുന്നത്. പല പരമ്പരാഗത കമ്പനികളും ഇതു ചെയ്യുന്നു പോലുമില്ല. എന്നാല്‍, മെഷീന്‍ ലേണിങ്ങിന്റെ ഗുണങ്ങള്‍ ഉപയോഗിക്കാന്‍ ബിസിനസുകാര്‍ തുടങ്ങണം താനും.

 

ഇതില്‍ നിന്നൊക്കെ എങ്ങനെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭിന്നമാകുന്നത്? മനുഷ്യര്‍ ചെയ്യുന്നതുപോലെ ഒരു പ്രശ്‌നത്തിന് പറ്റിയ പരിഹാരം എഐ തന്നെ കാണാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ് അത് പരിഗണിക്കേണ്ടി വരിക. ഡേറ്റയിലെ ട്രെന്‍ഡുകള്‍ പരിശോധിക്കുമ്പോള്‍, മറ്റുലഭ്യമായ വിവരവും കൂടെ പരിശോധിച്ച് സ്വയം തീരുമാനത്തിലെത്താനാകണം. ബിസിനസ് സ്ഥാപനങ്ങള്‍ക്കാവശ്യമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്തുമ്പോള്‍ സമൂല മാറ്റം പ്രതീക്ഷിക്കാം. എല്ലാം 'ഒന്നേന്നു തുടങ്ങണം'. ശരിക്കുള്ള എഐ സ്വന്തം കമ്പനി തന്നെ തുടങ്ങിയേക്കും. എന്നാല്‍, ബിസിനസ് സംരംഭകര്‍ പുതിയ മാറ്റങ്ങള്‍ക്ക് ശ്രദ്ധകൊടുക്കുക തന്നെ വേണം. എഐ വിപ്ലവം അതിവിദൂരത്തൊന്നുമല്ലെന്നും സയന്റിഫിക് അമേരിക്കന്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com