sections
MORE

കേരളത്തിലെ എല്ലാ മൊബൈൽ വരിക്കാരുടെയും സിഡിആര്‍ ഡേറ്റ കേന്ദ്രം ആവശ്യപ്പെട്ടെന്ന്...

cellphone-smartphones
SHARE

നിരീക്ഷണത്തിന്റെ ഭീതിപരത്തിയും സ്വകാര്യതയെക്കുറിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചും കേന്ദ്ര സർക്കാർ കേരളമടക്കം പലയിടത്തെയും മുഴുവന്‍ ഉപയോക്താക്കളുടെ കോള്‍ ഡേറ്റാ റെക്കോഡ്‌സ് (സിഡിആര്‍) ആവശ്യപ്പെട്ടതായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സിന്റെ പ്രാദേശിക ഘടകങ്ങള്‍ വഴിയാണ് ടെലികോം ഓപ്പറേറ്റര്‍മാരോട് വിവരങ്ങള്‍ ആരാഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കേരളം, ഡൽഹി, ആന്ധ്രാപ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍, ഒഡിഷ, മധ്യപ്രദേശ്, പഞ്ചാബ് എന്നിവടങ്ങളിലുള്ളവരുടെ സിഡിആര്‍സ് ആണ് കഴിഞ്ഞ ഏതാനും മാസങ്ങളായി അവശ്യപ്പെടുന്നത്. നിരവധി മാസങ്ങളായി ഇതു നടന്നെങ്കിലും 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് മൊത്തം ആളുകളുടെ ഡേറ്റയ്ക്കു വേണ്ടിയുള്ള ആവശ്യമുയര്‍ന്നിരിക്കുന്നതത്രെ.

ഫെബ്രുവരി 12ന് സെല്ലുലാര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) ഈ അപേക്ഷകള്‍ തള്ളിക്കളഞ്ഞുവെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരെല്ലം അസോസിയേഷനില്‍ അംഗങ്ങളാണ്. ചില പ്രത്യേക റൂട്ടുകളിലെയും പ്രദേശത്തെയും സിഡിആറുകള്‍ന ചോദിക്കുക എന്നു പറഞ്ഞാല്‍ അതിനെ തുടര്‍ന്ന് നിരീക്ഷണം നടത്തിയെന്ന ആരോപണവും ഉയരാം. ഡൽഹി പോലെയൊരു പ്രദേശത്ത് നിരവധി വിവിഐപികള്‍ താമസിക്കുന്ന സ്ഥലമാണ്. അവരില്‍ മന്ത്രിമാരും എംപിമാരും ജഡ്ജിമാരും ഉള്‍പ്പെടുമെന്നും അസോസിയേഷന്‍ പറഞ്ഞു.

അന്നത്തെ രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി അടക്കമുള്ള രാഷ്ട്രീയക്കാരുടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഉണ്ടായ 2013ല്‍ ഇത്തരം റെക്കോഡുകള്‍ കൊടുക്കുന്നതിന് യുപിഎ സര്‍ക്കാര്‍ ചില നിബന്ധനകള്‍ കൊണ്ടുവന്നിരുന്നു. എസ്പിയുടെ റാങ്ക് മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഇതു ചോദിക്കാന്‍ അധികാരമെന്നും പറഞ്ഞിരുന്നു. ഇത്തരം നിബന്ധനകളൊന്നും പാലിക്കാതെയാണ് ഇപ്പോള്‍ സിഡിആര്‍സ് ആവശ്യപ്പെട്ടതത്രെ. ഡൽഹി സര്‍ക്കിളിലുള്ള ഏകദേശം 53 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരുടെ സിഡിആര്‍സ് ആവശ്യപ്പെട്ടതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ- ഫെബ്രുവരി 2, 3, 4 തിയതികളിലെ സിഡിആര്‍സ് ആണ് ചോദിച്ചത്. ഈ സമയത്ത് പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം അരങ്ങേറുന്ന സമയമായിരുന്നു. ഡൽഹി തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിക്കുന്നത് ഫെബ്രുവരി 6 നായിരുന്നു. എന്താവശ്യത്തിനാണ് ഈ രേഖകള്‍ എന്ന കാര്യവും വെളിപ്പെടുത്തിയില്ലെന്ന് സിഒഎഐ പറയുന്നു. ടെലികോം ഓപ്പറേറ്റര്‍മാര്‍ കോള്‍ രേഖകളും ഐപി രേഖകളും ഒരു വര്‍ഷത്തേക്ക് സൂക്ഷിച്ചുവയ്ക്കണം. അധികാരികള്‍ ചോദിച്ചാല്‍ ഈ രേഖകള്‍ നല്‍കുകയും വേണം.

എന്നാല്‍, ഇതിനെല്ലാം ചില മാനദണ്ഡങ്ങളുണ്ട്. ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് സിഡിആര്‍സിനായുള്ള പുതിയ അഭ്യര്‍ഥനയത്രെ. വളരെ അസാധാരണമായ നടപടിയാണ് ഇതെന്നാണ് മുന്‍ ട്രായി മേധാവി പ്രതികരിച്ചത്. സിഡിആര്‍സ് ചോദിക്കുന്നതിന് ഒരു കാരണം വേണം. അല്ലാത്ത പക്ഷം അത് സ്വകാര്യതാ നിയമത്തിന്റെ ലംഘനമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക വ്യക്തിയുടെ ഡേറ്റ വേണമെന്നല്ല പറയുന്നത് ഒരു പ്രദേശത്തെ എല്ലാ വ്യക്തികളുടേയും ഡേറ്റാ വേണമെന്നാണ് ആവശ്യം. ഒരാളുടെ ഡേറ്റ ആവശ്യപ്പെടണമെങ്കില്‍ എന്തെങ്കിലും കാരണം വേണമെന്നാണ് ഒരു മുതിര്‍ന്ന ടെലികോം ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

സർക്കാർ നടത്തുന്ന ഇത്തരം അഭ്യര്‍ഥനകള്‍ കമ്പനികള്‍ മാനിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഒരു എക്‌സിക്യൂട്ടീവ് പറഞ്ഞത് മാനിക്കാതിരിക്കാന്‍ സാധ്യമല്ല എന്നാണ്. എന്നാല്‍, ഈ ഡേറ്റാ ഉപയോഗിച്ച് കോള്‍ഡ്രോപ് പരിശോധിക്കാനായിരിക്കുമോ എന്ന് ചോദ്യമുയര്‍ന്നു. എന്നാല്‍, സിഡിആര്‍സില്‍ നിന്ന് കോള്‍ഡ്രോപ്‌സിന്റെ വ്യക്തമായ ചിത്രം ലഭിക്കില്ല എന്നു പറയുന്നു.

ഓരോ പ്രദേശത്തേയും സിഡിആര്‍സ് ചോദിച്ച ദിവസം

ഓരോ മാസവുമാണ് മൊത്തം ആളുകളുടെ സിഡിആര്‍സിനുള്ള അഭ്യര്‍ഥന എത്തുക. അതാകട്ടെ ഓരോ പ്രദേശത്തിനും ഓരോ തിയതിയിലുമാണ്.

ആന്ധ്രാപ്രദേശ്: എല്ലാ മാസവും 1, 5 തിയതികളില്‍

ഡൽഹി: 18-ാം തിയതി

ഹരിയാന: 21-ാം തിയതി

ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍: ഫെബ്രുവരി അവസാന ദിനം

കേരളാ, ഒഡിഷാ: 15-ാം തിയതി

മധ്യപ്രദേശ്, പഞ്ചാബ്: കഴിഞ്ഞ മാസത്തിന്റെ അവസാന ദിവസം, ഈ മാസത്തിന്റെ ആദ്യ ദിനം

ഇതു കൂടാതെയാണ് ഡൽഹി സര്‍ക്കിളില്‍ ഫെബ്രുവരി 2, 3, 4 ദിവസങ്ങളിലെ സിഡിആര്‍ വിശദാംശങ്ങള്‍ ചോദിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA