ADVERTISEMENT

വ്യത്യസ്തനായ ഒരു കുറ്റവാളിയെ തുറന്നു കാട്ടണമെന്ന മുറവിളിക്കൊടുവില്‍ രാജ്യം അതുതന്നെ ചെയ്യുകയായിരുന്നു, ഭീഷണിപ്പെടുത്തി ലൈംഗിക വിഡിയോകള്‍ കരസ്ഥമാക്കിയ ശേഷം അവ ഓണ്‍ലൈനില്‍ പോസ്റ്റു ചെയ്ത് കാശുണ്ടാക്കിവന്ന സംഘത്തിന്റെ തലവനെ ദക്ഷിണ കൊറിയന്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ പേരുവെളിപ്പെടുത്തണമെന്നു പറഞ്ഞ് 50 ലക്ഷം ആളുകളാണ് ഓണ്‍ലൈനായി ഒപ്പു സഹിതം സർക്കാരിനോട് ആവശ്യപ്പെട്ടത്. അവരുടെ ആഗ്രഹം സർക്കാർ നടത്തിക്കൊടുക്കുകയായിരുന്നു. 

 

ചൊ ജു-ബിന്‍ എന്ന 24 കാരനാണ് ഈ ഗ്രൂപ്പിനു പിന്നില്‍ എന്നാണ് സർക്കാർ പറയുന്നത്. 74 സ്ത്രീകളെ, അവരില്‍ 16 പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍, ഉപയോഗിച്ച് ചാറ്റ് റൂം നടത്തി വരികയായിരുന്നു ചൊ. ഈ റൂമുകളില്‍ കുറഞ്ഞത് 10,000 ഉപയോക്താക്കളുണ്ടായിരുന്നു. ഇവരില്‍ ചിലരില്‍ നിന്ന് 1200 ഡോളര്‍ വരെ ഈ സംഘം ഈടാക്കിയിരുന്നു.

 

ഞാന്‍ ക്ഷതമേല്‍പ്പിച്ചവരോട് ക്ഷമ ചോദിക്കുന്നു, എന്നാണ് ചൊ പറഞ്ഞത്. എന്റെ കൃത്യങ്ങള്‍ക്ക് അറുതിവരുത്തിയതിന് നന്ദി എന്നും അയാള്‍ പറഞ്ഞു. എന്നാല്‍, അപ്പോള്‍ താങ്കള്‍ കുറ്റമേല്‍ക്കുകയാണോ എന്ന പൊലീസിന്റെ ചോദ്യത്തിന് ചൊ മറുപടി നല്‍കിയില്ല. പീഡനം, ഭീഷണി, ബലപ്രയോഗം എന്നിവയക്കും, കുട്ടികളെ സംരക്ഷിക്കാനുള്ള നിയമം, സ്വകാര്യത, ലൈംഗിക ദുരുപയോഗ നിയമം എന്നവ ലംഘിച്ചതിനുമാണ് ചൊയ്‌ക്കെതിരെ കേസ്.

 

കുപ്രസിദ്ധമായ എന്‍ത് റൂമുകള്‍

 

ആളുകളില്‍ നിന്ന് 1,200 ഡോളര്‍ വരെ വാങ്ങിയാണ് എന്‍ത് റൂമുകള്‍ (nth rooms) എന്നറിയപ്പെടുന്ന ചാറ്റ് റൂമുകളിലേക്ക് ആളുകള്‍ക്ക് പ്രവേശനം നല്‍കിയിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ലൈംഗിക വിഡിയോകള്‍ തത്സമയം പ്രക്ഷേപണം ചെയ്തിരുന്ന ഈ ചാറ്റ് റൂമുകളില്‍ പ്രവേശിക്കണമെങ്കില്‍ 200 ഡോളര്‍ മുതലായിരുന്നു നല്‍കേണ്ടത്. ഇത്തരത്തിലുള്ള എട്ടു ചാറ്റ് റൂമുകളായിരുന്നു ഉണ്ടായിരുന്നത്. ഇവയില്‍ മൂന്നും നാലും പെണ്‍കുട്ടികളും ഉണ്ടാകും. ഇവരെ ചാറ്റ് റൂം നടത്തിപ്പുകാര്‍ ബ്ലാക്‌മെയില്‍ ചെയ്ത് എത്തിച്ചതാണ് എന്നാണ് ദക്ഷിണ കൊറിയയില്‍ ആളിപ്പടര്‍ന്ന രോഷത്തിനു കാരണം.

 

ചാറ്റ് റൂം നടത്തിപ്പുകാര്‍ പെണ്‍കുട്ടികളെ മയക്കി വീഴ്ത്തിയത് അവര്‍ക്ക് മോഡലിങ് ജോലിയും മറ്റും നല്‍കാമെന്നു പറഞ്ഞായിരുന്നു. തുടര്‍ന്ന് അവരെ ടെലിഗ്രാം ആപ്പിലെ ഒരു അക്കൗണ്ടിലേക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെ വച്ച് ഈ അക്കൗണ്ടിന്റെ ഓപ്പറേറ്റര്‍ പെണ്‍കുട്ടികളുടെ പേര്, ഫോണ്‍ നമ്പര്‍, അഡ്രസ്, ഫ്രണ്ട് ലിസ്റ്റ്, ഫോട്ടോസ് എന്നിവ ചോര്‍ത്തിയെടുത്ത ശേഷം അവരെ ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നു.

 

ആരായിരുന്നു ഇരകള്‍

 

ഒരു ജോലി അന്വേഷിച്ചു നടന്നപ്പോഴാണ് തനിക്ക് ഓണ്‍ലൈനായി ഒരു ഓഫര്‍ ലഭിച്ചതെന്ന് സ്‌കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി അറിയിച്ചു. പൈസയും ഒരു ഫോണും വാങ്ങിത്തരാം, ഫോട്ടോകള്‍ അയയ്ക്കാനാണ് ചാറ്റ്‌റൂം നടത്തിപ്പുകാര്‍ അവളോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെ വിഡിയോകളും വേണമെന്ന് ആവശ്യപ്പെട്ടു. ഇര പറയുന്ന ഇത്തരത്തിലുള്ള 40 വിഡിയോ എങ്കിലും ഷൂട്ടു ചെയ്തിട്ടുണ്ടാകുമെന്നാണ്. എന്റെ മുഖവും, ശബ്ദവും, വ്യക്തിവിവരങ്ങളുമെല്ലാം അവര്‍ സ്വന്തമാക്കിയിരുന്നുവെന്നും അവള്‍ പറയുന്നു. ഞാന്‍ പിന്തിരിഞ്ഞാല്‍, ഇവ വച്ച് അയാളെന്നെ ഭീഷണിപ്പെടുത്തുമെന്ന് ഞാന്‍ ഭയന്നിരുന്നുവെന്നും അവള്‍ പറഞ്ഞു.

 

ദേഷ്യം പെട്ടെന്നടങ്ങില്ല

 

ദക്ഷിണ കൊറിയക്കാര്‍ നടത്തിപ്പുകാരന്റെ പേരാണ് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇപ്പോള്‍ പൊലീസ് അവര്‍ക്ക് അയാളുടെ ഫോട്ടോയും നല്‍കിയിരിക്കുകയാണ്. ദി ഡോക്ടര്‍ എന്നാണ് അയാള്‍ അറിയപ്പെട്ടിരുന്നത്. പൊലീസ് സ്റ്റേഷനു വെളിയില്‍ അയാള്‍ നടത്തിയ പ്രസ്താവനകള്‍ ആളുകളുടെ രോഷം തണുപ്പിക്കാന്‍ മതിയാവില്ല. സ്ത്രീകളുടെ അവകാശത്തിനായി നിലകൊള്ളുന്ന ഗ്രൂപ്പുകള്‍ തുടങ്ങി പലരും അതി ശക്തമായി അയാള്‍ക്കെതരിരെ രംഗത്തുണ്ട്. അയാളുടെ വ്യക്തിത്വം വെളിപ്പെടുത്തണമെന്നു പറഞ്ഞ് ഒപ്പു നല്‍കിയവരുടെ എണ്ണം 20 ലക്ഷത്തിനു മേലെയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വേണ്ട ശിക്ഷ നല്‍കപ്പെടുന്നില്ല എന്ന ആരോപണവും നിലനില്‍ക്കുന്നു. ഇത്തരം പ്രവര്‍ത്തികള്‍ കുറയ്ക്കാനുതകുന്ന തരത്തിലുള്ള ശിക്ഷയൊന്നും ആര്‍ക്കും നല്‍കുന്നില്ല എന്നാണ് ആരോപണം.

 

ഇതിനെതിരെ ആയിരക്കണക്കിനു സ്ത്രീകളാണ് രംഗത്തുവന്നിരിക്കുന്നത്. സ്‌പൈ ക്യാമറ ഉപയോഗിച്ച് പബ്ലിക് ബാത്‌റൂമുകളില്‍ നിന്നും, തുണി മാറല്‍ മുറികളില്‍ നിന്നും പിടിച്ചവര്‍ക്ക് മതിയായ ശിക്ഷ നല്‍കിയിട്ടില്ല എന്ന വാദം അവര്‍ ഉന്നയിക്കുന്നു. ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂണ്‍ ജൈ-ഇന്‍ പറഞ്ഞത് ചാറ്റ്‌റൂമുകളില്‍ നടന്നത് അതി ക്രൂരമായ കൃത്യങ്ങളാണ് എന്നാണ്. അത് പലരുടെയും ജീവിതം തന്നെ നശിപ്പിച്ചു. ഇതിനെതിരെ രംഗത്തുവന്നവരുടെ എണ്ണം മാത്രം നോക്കിയാല്‍ മതി രാജ്യത്തുണ്ടായ രോഷം മനസിലാക്കാന്‍.

 

പ്രതിഷേധത്തെ തുടര്‍ന്ന് 124 പേരെ അറസ്റ്റു ചെയ്യുകയുണ്ടായി. ഇവരില്‍ 18 പേര്‍ ചാറ്റ് റൂം ഓപ്പറേറ്റര്‍മാരാണ്. ചൊ ആവരില്‍ ഒരാളാണ്. എന്നാല്‍ ഗോഡ്‌ഗോഡ് എന്നറിയപ്പെടുന്ന യൂസര്‍ ഇപ്പോഴും പിടിയിലായിട്ടില്ല. ഇയാളാണ് ആദ്യമായി ഒരു ചാറ്റ് റൂം ഇതിനായി ഉണ്ടാക്കിയതെന്നാണ് ആരോപണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com