sections
MORE

കോവിഡ് 19: 75 ശതമാനം ഐടി കമ്പനികളും സാമ്പത്തിക ഞെരുക്കത്തിലേക്ക്

it-company
SHARE

തിരുവനന്തപുരം∙ കോവിഡ്  വ്യാപനം മൂലം സംസ്ഥാനത്തെ 75 ശതമാനത്തോളം ഐടി കമ്പനികളും കടുത്ത സാമ്പത്തികഞെരുക്കത്തിലേക്ക് നീങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെ (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ബിസിനസ് ഇംപാക്റ്റ് സർവേ. വിദേശ ക്ലയന്റ് കരാറുകൾ റദ്ദാകുകയും ചെയ്ത വർക്കുകളുടെ പണം അനിശ്ചിതമായി വൈകുകയും ചെയ്യുന്നതാണ് പ്രതിസന്ധിക്ക് കാരണം. വിദേശരാജ്യങ്ങളിലെ ക്ലയന്റുകളുടെ ഭദ്രതയെ ആശ്രയിച്ചാണ് മിക്ക ഐടി കമ്പനികളുടയും നിലനിൽപ്പ്. കേരളത്തിലെ പല കമ്പനികളുടെയും 70 ശതമാനത്തോളം ക്ലയന്റുകളും യുഎസിൽ നിന്നാണ്.

ജിടെക്കിൽ അംഗങ്ങളായ 192 കമ്പനികളാണ് സർവേയിൽ പങ്കെടുത്തത്. 6 മാസത്തേക്കെങ്കിലുമുള്ള തടസമില്ലാത്ത പ്രവർത്തനത്തിനു പണലഭ്യത ഉറപ്പാക്കുന്നതിലാണ് കമ്പനികൾ ഊന്നൽ നൽകുന്നത്.

നയപരമായ ഇടപെടലുകൾക്കു പുറമേ വിവിധ ഐടി പാർക്കുകളിൽ 6 മാസത്തേക്കെങ്കിലും വാടക ഒഴിവാക്കി നൽകണമെന്ന് പല കമ്പനികളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിവർഷം വാടകയിലുണ്ടാകുന്ന ആനുപാതിക വർധനവും ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്നാണ് ആവശ്യം.

സർവേയിലെ കണ്ടെത്തലുകൾ

∙ 80% കമ്പനികൾ അടുത്ത 6 മാസത്തിനുള്ളിൽ ബിസിനസ് മാന്ദ്യം പ്രതീക്ഷിക്കുന്നു

∙ 72% കമ്പനികൾ അവർക്ക് കിട്ടാനുള്ള പണം വൈകുമെന്നും നിലവിലുള്ള ക്ലയന്റ് കരാറുകൾ നിർബന്ധപൂർവം അവസാനിപ്പിക്കുന്ന സ്ഥിതിയുമുണ്ടാകാമെന്ന് വിശ്വസിക്കുന്നു

∙ 75% കമ്പനികൾ ശമ്പളം, ലോൺ, വാടക ഉൾപ്പടെയുള്ള പേയ്മെന്റുകൾ പ്രതിസന്ധി മൂലം വൈകുമെന്ന് കരുതുന്നു

∙ 52% കമ്പനികൾ ചെറിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള സാധ്യത മുന്നിൽകാണുന്നു.

∙ 16% കമ്പനികൾ‌ ലോൺ തിരിച്ചടവ് ഉൾപ്പടെ വൈകാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.

വീട്ടിലിരുന്ന് എല്ലാം നടപ്പില്ല

പല  രാജ്യങ്ങളുടെയും ദേശസുരക്ഷ, ധനകാര്യമേഖല, ആരോഗ്യം തുടങ്ങിയ തന്ത്രപ്രധാന വിഭാഗങ്ങളിൽ സാങ്കേതികപിന്തുണ നൽകുന്നതാണ് മിക്ക ഐടി കമ്പനികളും. അതിനാൽ തന്നെ വിവരസുരക്ഷ, സ്വകാര്യത, ബൗദ്ധിക സ്വത്തവകാശം (ഐപിആർ) തുടങ്ങിയ കാര്യങ്ങൾ പ്രധാനമാണ്. കേരളത്തിലെ മിക്ക കമ്പനികളും വർക് ഫ്രം ഹോമിലേക്കു മാറിയതിനാൽ ഇത്തരം മർമപ്രധാനമായ ജോലികളെ ഒരു പരിധി വരെ ബാധിച്ചിട്ടുണ്ട്. കമ്പനികളിലെ അതീവ നിയന്ത്രിത മേഖലകളിലെ സിസ്റ്റങ്ങളിൽ ചെയ്തിരുന്ന ജോലി വർക് ഫ്രം ഹോം ആയി നൽകുന്നതിനും തടസം നേരിടുന്നുണ്ട്.

ജിടെക് പറയുന്നത്

"വളരെ സൂക്ഷ്മതയോടെയുള്ള നടപടികൾ കൊണ്ടുമാത്രമേ  കമ്പനികൾക്ക് ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാനാവൂ. ചെലവു ചുരുക്കൽ, ബിസിനസ് തുടർച്ച, സർക്കാരുമായുള്ള ഇടപെടൽ എന്നിവയുമായി ബന്ധപ്പെട്ട ശ്രമങ്ങൾക്ക് ജിടെക് നേതൃത്വം നൽകും.”

–അലക്സാണ്ടർ വർഗീസ് (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) ചെയർമാൻ) 

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA