ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയ ചെറുകിട ഔട്ട്‌ലെറ്റുകളില്‍ സ്പര്‍ശന രഹിത എന്നാൽ ശബ്ദാധിഷ്ഠിത റീചാര്‍ജ് സേവനം അവതരിപ്പിച്ചു. ഉപഭോക്താവും കച്ചവടക്കാരനും തമ്മിലുള്ള ശാരീരിക അകലം പാലിച്ചു കൊണ്ടാവും ഇതു നടപ്പാക്കുക. വോഡഫോണ്‍ ഐഡിയയുടെ സ്മാര്‍ട് കണക്ട് റീട്ടെയിലര്‍ ആപ്പ് വഴിയാണ് ഇതു സാധ്യമാക്കുന്നത്. മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യാനായി ഉപഭോക്താവിനു ഫോണ്‍ കൈമാറുന്ന ആവശ്യം ഇതിലുണ്ടാകില്ല. പത്തക്ക മൊബൈല്‍ നമ്പര്‍ ഉപകരണത്തിലേക്ക് പറഞ്ഞ് ഉപഭോക്താവിനോ കച്ചവടക്കാരനോ റീചാര്‍ജ് നടത്താം. ഗൂഗിള്‍ വോയ്‌സ് സംവിധാനം വഴി പത്ത് അടി ദൂരം വരെ നിന്ന് ഈ കമാന്‍ഡ് സ്വീകരിക്കപ്പെടുകയും ചെയ്യും.

സാധാരണയായി ഉപഭോക്താവ് കടയിലെത്തുമ്പോള്‍ മൊബൈല്‍ നമ്പര്‍ ടൈപ്പു ചെയ്യാനായി ഫോണ്‍ കൈമാറുന്ന രീതിയാണുളളത്. മൊബൈല്‍ നമ്പര്‍ കൃത്യമായി നല്‍കുന്നു എന്ന് ഉറപ്പിക്കാനായുള്ള ഈ പ്രായോഗിക രീതി സാമൂഹിക അകലം പാലിക്കേണ്ട ഇക്കാലത്ത് ആശാസ്യമായ ഒന്നല്ല. രാജ്യത്തെ ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ തുറന്നതോടെ സാമൂഹിക അകലം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കും വിധമാണ് വോഡഫോണ്‍ ഐഡിയ നടപടികള്‍ കൈക്കൊള്ളുന്നത്.

ഉപഭോക്തൃ കേന്ദ്രീകൃതമായ ടെലികോം സേവന ദാതാവ് എന്ന നിലയില്‍ കാലാനുസൃതമായി ഉപഭോക്താക്കളെ എപ്പോഴും കണക്ടഡ് ആയി തുടരാന്‍ സഹായിക്കുന്ന സേവനങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച വോഡഫോണ്‍ ഐഡിയ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ അംബരീഷ് ജെയിന്‍ പറഞ്ഞു. തങ്ങളുടെ 300 ദശലക്ഷത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ഏറ്റവും ആദ്യം നല്‍കുന്ന രീതിയാണു പിന്തുടര്‍ന്നു വരുന്നത്. സ്പര്‍ശന രഹിത റീചാര്‍ജ് വഴി ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരക്ഷിതരായി തുടരാന്‍ ഏറ്റവും ആവശ്യമായ സാമൂഹിക അകലം സാധ്യമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇംഗ്ലിഷ്, ഹിന്ദി ഭാഷകളാണ് ശബ്ദാധിഷ്ഠിത സംവിധാനം പിന്തുണക്കുന്നത്. കൂടുതല്‍ ഭാഷകളില്‍ ഈ സേവനം ഘട്ടം ഘട്ടമായി ലഭ്യമാക്കും.

English Summay : Vodafone Idea introduces Voice Based Contactless Recharge at Retail Outlets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com