ADVERTISEMENT

ഇന്റര്‍നെറ്റ് ഇല്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും വയ്യാത്തവരാണ് ഇന്നു പലരും. എല്ലാം അത്രമേല്‍ എളുപ്പമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, അതുപോലെ തന്നെയാണ് ഡേറ്റയുടെ കാര്യവും. ആരെക്കുറിച്ചുമുള്ള എന്തു വിവരവും എപ്പോള്‍ വേണമെങ്കിലും ചോരാം. അടുത്തിടെ ഒരു പബ്ലിക് സെര്‍വര്‍ ചോര്‍ന്നതില്‍ വെളിപ്പെട്ടത് 10 കോടിയിലേറെ ഡേറ്റാ റെക്കോഡുകളാണ്. ഇവയാകട്ടെ, ഏകദേശം 2.2 കോടി ആളുകളുടേതുമാണ്. ഇത് എങ്ങനെ സംഭവിച്ചു എന്നത് ഇപ്പോഴും വ്യക്തമല്ല എന്നാണ് ഡേറ്റാ ചോര്‍ച്ചയെക്കുറിച്ചു പഠിച്ച ടോറി ഹണ്ട് എന്ന ഓസ്‌ട്രേലിയന്‍ ഗവേഷകന്‍ പറഞ്ഞത്. ഓൺലൈനിൽ രഹസ്യമെന്ന് പറയുന്ന ഡേറ്റയെല്ലാം എപ്പോൾ വേണമെങ്കിലും പരസ്യമാകാമെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പ് കൂടിയാണിത്.

ഈ ഡേറ്റാ ചോര്‍ച്ചയ്ക്കു പേരിട്ടിരിക്കുന്നത് 'db8151dd' എന്നാണ്. ആളുകളുടെ ഇമെയില്‍ അഡ്രസുകള്‍, ഫോണ്‍ നമ്പറുകള്‍, വീടിന്റെ അഡ്രസ്, മുഴുവന്‍ പേര്, ജോലി, സമൂഹ മാധ്യമ പ്രൊഫൈലുകള്‍ തുടങ്ങിയ അടക്കമാണ് പുറത്തുവന്നിരിക്കുന്നത്. ആരുടെ സെര്‍വറില്‍ നിന്നാണ് ഈ ഡേറ്റാ ശേഖരം ചോര്‍ന്നിരിക്കുന്നതെന്ന് ഇപ്പോഴും നിര്‍ണയിക്കാനായിട്ടില്ലെന്നാണ് ടോറി പറയുന്നത്. ഫെയസ്ബുക്, ലിങ്ക്ട്ഇന്‍ തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്ന് ചോര്‍ത്തിയെടുത്തതാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ടോറിയുടെ ഡേറ്റയും ഇക്കൂട്ടത്തിലുണ്ട്. താന്‍ അടുത്തിടെ ആരോടൊക്കെ ഇന്റര്‍നെറ്റിലൂടെ ബന്ധപ്പെട്ടിട്ടുണ്ട് എന്നതടക്കമുള്ള കാര്യങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു.

താന്‍ ആരോടൊക്കെ അടുത്തകാലത്ത് ഇടപെട്ടിട്ടുണ്ട് എന്നതൊക്കെ അറിയാമെന്ന രീതിയിലാണ് ഡേറ്റ കാണപ്പെട്ടതെന്ന് ടോറി പറയുന്നു. ഡേറ്റാ ശേഖരിച്ച കമ്പനിക്ക് താനും, താന്‍ ഇടപെട്ട ആളുമായുള്ള ബന്ധം അറിയാമെന്ന രീതിയിലാണ് അത് സൂക്ഷിച്ചിരുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഇതിനാല്‍ തന്നെ ഈ ഡേറ്റാ ഏതെങ്കിലും കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജ്‌മെന്റ് സിസ്റ്റം ശേഖരിച്ചുവച്ചതില്‍ നിന്നും ചോര്‍ന്നതായിരിക്കാമെന്ന് തനിക്കു തോന്നുന്നതായി അദ്ദേഹം പറഞ്ഞു.

എന്നാല്‍, എവിടെ നിന്നാണ് ഈ ഡേറ്റാ ശേഖരം പുറത്തായിരിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പിന്നെ തനിക്ക് ചെയ്യാവുന്ന ഒരു കാര്യം ഇമെയില്‍ അഡ്രസുകള്‍ ചോര്‍ന്നോ എന്നു പരിശോധിക്കുന്ന ഡേറ്റാബെയ്‌സിലേക്ക് (HaveIBeenPwneddatabase) തന്റെ വിവരങ്ങള്‍ ഇടുക എന്നതായിരുന്നു. ഇത്തരം പുതിയ ഡേറ്റാ ലീക്കുകള്‍ എങ്ങനെ ഉണ്ടായി എന്നറിയുന്നതും അവ തടയുന്നതും എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു.

ഇക്കാര്യത്തില്‍ എനിക്കോ നിങ്ങള്‍ക്കോ കൂടുതലായി ഒന്നും ചെയ്യാനില്ല. എന്തുമാത്രം വ്യക്തിപരമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പങ്കുവയ്ക്കണമെന്ന കാര്യം തീര്‍ച്ചപ്പെടുത്തുക. നമ്മളുടെ അറിവോ സമ്മതമോ നിയന്ത്രണമോ ഇല്ലാതെ നമ്മുടെ വ്യക്തിപരമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ വിഹരിച്ചുകൊണ്ടിരിക്കും. എന്നാല്‍, ഒരു കാര്യം ഉറപ്പിച്ചോളൂ. ഇത്തരം വാര്‍ത്തകള്‍ വരുന്നത് ഇനി വര്‍ധിക്കുകകയേ ഉള്ളൂവെന്നും അദ്ദേഹം പറയുന്നു.

English Summary: Mysterious data breach called ‘db8151dd’ exposed email, physical address, job titles of 22M people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com