ADVERTISEMENT

ഐഒഎസ്14ല്‍ തങ്ങളുടെ ഐമെസേജിനെ പുതിയ ഫീച്ചറുകള്‍ നല്‍കി അവതരിപ്പിക്കാൻ ശ്രമിക്കുമെന്നാണ് ആപ്പിള്‍ പറഞ്ഞത്. മെമോജികള്‍, പുതിയ സ്റ്റിക്കറുകള്‍, ഗ്രൂപ് ചാറ്റുകള്‍ ഓര്‍ഗനൈസ് ചെയ്യുന്ന രീതി തുടങ്ങിയവയിലൊക്കെ ഉചിതമായ മാറ്റങ്ങള്‍ കൊണ്ടുവന്നാണ് ഐമെസേജിന് പുത്തന്‍ ഉണര്‍വു നല്‍കാന്‍ ആപ്പിള്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇത് ലോകത്തെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സാപിന് വെല്ലുവിളി ഉയര്‍ത്തുമോ? കാലമല്‍പ്പം പിന്നോട്ടു പോയാല്‍, 2018ല്‍ വാട്‌സാപിന്റെ ഉടമയായ ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞ ഒരു അഭിപ്രായം വാട്‌സാപിന് ഏറ്റവും വലിയ ഭീഷണി ഐമസേജ് ആയിരിക്കുമെന്നാണ്. ഇതില്‍ കഴമ്പില്ലാതില്ല. അമേരിക്കയിലെ കാര്യം നോക്കിയാല്‍ അതു ശരിയുമാണ്. അവിടെ വാട്‌സാപിന് മറ്റിടങ്ങളിലേതുവച്ച് നോക്കിയാല്‍ തിളങ്ങുന്ന നേട്ടമൊന്നും അവകാശപ്പെടാനാവില്ല. അമേരിക്കയില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ ധാരളമുണ്ട് എന്നതാണ് കാരണം. പക്ഷേ, ആപ്പിള്‍ തങ്ങളുടെ പരിസ്ഥിതിയില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനി ആയതിനാല്‍ വാട്‌സാപിന് തത്കാലം വെല്ലുവിളി ഉയര്‍ത്തുമെന്ന് സങ്കല്‍പ്പിക്കാനാവില്ല. ഐമെസേജ് ആന്‍ഡ്രോയിഡിലും പ്രവര്‍ത്തിക്കുന്ന രീതിയില്‍ കൊണ്ടുവന്നാല്‍ മാത്രമെ ലോകമെങ്ങും വാട്‌സാപിന് വെല്ലുവിളി ഉയര്‍ത്താന്‍ ആപ്പിളിനു സാധിക്കൂ. ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് വാട്‌സാപ് ഇല്ലാതിരിക്കാന്‍ സാധിക്കില്ല. കാരണം ബഹുഭൂരിപക്ഷം പേരും ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്.

 

∙ ആനിമേറ്റഡ് സ്റ്റിക്കറുകളുമായി വാട്‌സാപ്

INDIA-US-INTERNET-FACEBOOK

 

ആനിമേറ്റഡ് സ്റ്റിക്കറുകള്‍ സപ്പോര്‍ട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ് വാട്‌സാപ് എന്ന് വാബേറ്റാഇന്‍ഫോ റിപ്പോര്‍ട്ടു ചെയ്യുന്നു. ആപ്പിനുള്ളില്‍ ആനിമേറ്റഡ് സ്റ്റിക്കറുകള്‍ വാട്‌സാപില്‍ കാണാന്‍ സാധിക്കുന്നവര്‍ക്ക് അത് സേവു ചെയ്ത് വീണ്ടും അയയ്ക്കാനും സാധിക്കും. തേഡ്പാര്‍ട്ടി ഡെവലപ്പര്‍മാരുടെ സ്റ്റിക്കറുകള്‍ വാട്‌സാപിലേക്ക് ഇംപോര്‍ട്ട് ചെയ്യാനും അവസരം നല്‍കിയേക്കും. കൂടാതെ വാട്‌സാപ് സ്റ്റോറില്‍ ഇത്തരം സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനായി വച്ചിരിക്കുമെന്നും വാബേറ്റാഇന്‍ഫോ പറയുന്നു. എന്നാല്‍, ആദ്യ ഘട്ടത്തില്‍ ആനിമേറ്റഡ് സ്റ്റിക്കറുകള്‍ കാണാനുള്ള അവസരം മാത്രമായരിക്കും ഒരുങ്ങുക എന്നും, അതും ചില ഉപയോക്താക്കള്‍ക്കു മാത്രമായിരിക്കും ഇതു ലഭിക്കുക എന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ഘട്ടംഘട്ടമായി ഈ ഫീച്ചര്‍ വാട്‌സാപില്‍ എത്തുമെന്ന കാര്യം ഉറപ്പാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Foxconn_factory_

 

∙ ഇന്ത്യയില്‍ കൂടുതല്‍ മുതല്‍മുടക്കാന്‍ ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനി ഫോക്‌സ്‌കോണ്‍

microsoft-duo-neo-surface

 

ആപ്പിളിന് ഐഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയായ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ കൂടുതല്‍ മുതല്‍മുടക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലോകത്തെ ഏറ്റവും വലിയ കോണ്‍ട്രാക്ട് നിര്‍മാതാവാണ് ഫോക്‌സ്‌കോണ്‍. ഇന്ത്യയില്‍ പ്രധാനമായും ആപ്പിളിന്റെയും ഷഓമിയുടെയും ഉപകരണങ്ങളാണ് കമ്പനി ഇതുവരെ നിര്‍മിച്ചുവന്നത്. തങ്ങള്‍ ഉറപ്പായും ഇന്ത്യയില്‍ കൂടുതല്‍ മൂലധനമിറക്കുമെന്നാണ് കമ്പനിയുടെ മേധാവി ലിയു യങ്-വേ അറിയിച്ചത്. കൊറോണാവൈറസ് ബാധയെ തുടര്‍ന്ന് കമ്പനിയുടെ ലാഭം നടപ്പു വര്‍ഷം ഇടിയുകയായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ കുറവാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, കോവിഡ്-19ന്റെ ആഘാതത്തില്‍ നിന്ന് തങ്ങള്‍ കരകയറി തുടങ്ങിയതായി കമ്പനി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. 

 

∙ മൈക്രോസോഫ്റ്റിന്റെ ആന്‍ഡ്രോയിഡ് ഫോണ്‍ സര്‍ഫസ് ഡുവോ ഉടന്‍ ഇറക്കിയേക്കും

 

മൈക്രോസോഫ്റ്റിന്റെ ഇരട്ട സ്‌ക്രീനുള്ള സ്മാര്‍ട് ഫോണായ സര്‍ഫസ് ഡുവോ അടുത്ത മാസം ഇറക്കിയേക്കും. ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയിഡ് 10 ആയിരിക്കുമെങ്കിലും അധികം താമസിയാതെ അത് ആന്‍ഡ്രോയ്ഡ് 11ലേക്ക് അപ്‌ഗ്രേഡു ചെയ്യാന്‍ സാധിക്കുമെന്നും പറയുന്നു. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസറും, 6 ജിബി റാമും, 64 ജിബി അല്ലെങ്കില്‍ 128 ജിബി സ്റ്റോറേജ് ശേഷിയുമുള്ള മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഈ ഹാര്‍ഡ്‌വെയര്‍ അത്രമേല്‍ ആകര്‍ഷകമൊന്നും അല്ലാത്തതിനാല്‍ മൈക്രോസോഫ്റ്റ് അതിവേഗം ഇരട്ട സ്‌ക്രീന്‍ ഫോണിനായി ആന്‍ഡ്രോയിഡ് 11 ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സര്‍ഫസ് കംപ്യൂട്ടറുകളുടെ വിജയമാണ് ഫോണും നിര്‍മിക്കാന്‍ മൈക്രോസോഫ്റ്റിനെ പ്രേരിപ്പിക്കുന്നതെന്നു പറയുന്നു. ഇവയുടെ ഏറ്റവും വലിയ ആകര്‍ഷണീയത സ്റ്റൈലസ് സപ്പോര്‍ട്ട് ആയിരിക്കും. വലിയ സ്‌ക്രീനില്‍നോട്ടുകള്‍ കുറിക്കാനും മറ്റും എളുപ്പമായിരിക്കുമെന്നത് ചില തരം ഉപയോക്താക്കള്‍ക്ക് പ്രിയങ്കരമാകുമെന്നാണ് കമ്പനി കരുതുന്നത്.

 

∙ കൂടുതല്‍ ഇരട്ട സ്‌ക്രീന്‍ മോഡലുകളുമായി സാംസങ്

 

പുതിയ രണ്ടു ഇരട്ട സ്‌ക്രീന്‍ ഫോണുകള്‍ അവതരിപ്പിക്കാനാണ് കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് ഒരുങ്ങുന്നത്- ഗ്യാലക്‌സി ഫോള്‍ഡ് 2, ഗ്യാലക്‌സി സെഡ് ഫ്‌ളിപ് 5ജി. ആദ്യം ഇറക്കിയ ഇരട്ട സ്‌ക്രീന്‍ ഫോണുകള്‍ക്ക് ചില പ്രശ്‌നങ്ങള്‍ കണ്ടിരുന്നുവെങ്കിലും പിന്നീട് അവ പരിഹരിക്കപ്പെട്ടു എന്നതും, ഇത്തരം ഡിസൈനിന് പ്രതീക്ഷിച്ചതിലേറെ ആവശ്യക്കാരുണ്ട് എന്നതുമാണ് കമ്പനിയെക്കൊണ്ട് കൂടുതല്‍ മോഡലുകള്‍ ഇറക്കിക്കുന്നതെന്നു പറയുന്നു. ഇരട്ട സ്‌ക്രീന്‍ ഐഫോണ്‍ എന്ന ആശയം ആപ്പിളിന്റെയും സജീവ പരിഗണനയിലുണ്ടെന്നും വാര്‍ത്തകളുണ്ട്.

English Summary: Tech capsule 24--Apple to take on WhatsApp; MS to introduce new phone soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com