sections
MORE

ഇന്ത്യയെ ഇരുട്ടിലാക്കുമെന്ന ഭീതി! ആക്രമണത്തിന് ചൈനീസ് വൈറസുകൾ, പരിശോധന കർശനമാക്കി

powercut
SHARE

ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഊർജ ഉപകരണങ്ങൾക്ക് കർശന പരിശോധന ഏർ‌പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ആർ.കെ. സിങ്.  ഊർജ മേഖലയിൽ ഉപയോഗിക്കുന്ന ചൈനീസ് ഉൽപന്നങ്ങളിൽ മാൽവെയർ, ട്രോജൻ വൈറസ് എന്നിവയുടെ സാന്നിധ്യം പരിശോധിക്കുന്നതോടൊപ്പം ഗുണനിലവാരം ഉറപ്പുവരുത്തുകയുമാണു ലക്ഷ്യം. ചൈന ചതിയിലൂടെ ആക്രമണം നടത്താൻ ശ്രമിച്ചേക്കാം. രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളെ തകർക്കുന്ന വൈദ്യുതി ഗ്രിഡ് ആക്രമണങ്ങൾക്ക് കാരണമാകുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

രാജ്യം സ്വയം പര്യാപ്തത നേടുന്നതിന്റെ ഭാഗമായി സോളർ മൊഡ്യൂളുകൾക്ക് ഓഗസ്റ്റ് 1 മുതൽ 25 ശതമാനവും സോളർ സെല്ലുകൾക്ക് 15 ശതമാനവും ഇറക്കുമതി ചുങ്കം ചുമത്തും.‌ തന്ത്രപ്രധാന മേഖല എന്ന നിലയ്ക്ക് ഊർജമേഖലയെ ശത്രുരാജ്യങ്ങളുടെ വിധ്വംസക പ്രവർത്തനങ്ങളിൽ നിന്നു സംരക്ഷിക്കേണ്ടതുണ്ട്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഈ രാജ്യങ്ങളിൽ നിന്ന് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ മുൻകൂട്ടി സർക്കാരിന്റെ അനുമതി വാങ്ങണം. ഊർജമേഖലയിലെ ഉപകരണങ്ങളിൽ ദൂരെയിരുന്ന് നിയന്ത്രിക്കാവുന്ന മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യാനാകുമെന്നു റിപ്പോർട്ടുകളുണ്ട്. ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ കർശന പരിശോധനയുണ്ടാകുമെന്നും ആർ.കെ. സിങ് പറഞ്ഞു.

ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ആഭ്യന്തര ഉൽ‌പാദനത്തിൽ വർധനവുണ്ടാക്കുമെന്നതിനാൽ ചൈനയിൽ നിന്നുള്ള ചരക്കുകൾക്ക് കർശനമായ ഗുണനിലവാര നിയന്ത്രണ നടപടികളും ഉയർന്ന താരിഫുകളും ഏർപ്പെടുത്താൻ ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ നടപടികൾ സ്വീകരിച്ചു തുടങ്ങി.

ഏതൊരു രാജ്യത്തിനും വൈദ്യുതി വളരെ സെൻസിറ്റീവും തന്ത്രപരവുമായ മേഖലയാണ്. വൈദ്യുതിയാണ് എല്ലാ വ്യവസായങ്ങളും ആശയവിനിമയ സംവിധാനങ്ങളും തന്ത്രപ്രധാനമായവ ഉൾപ്പെടെ എല്ലാ ഡേറ്റാബേസുകളും പ്രവർത്തിപ്പിക്കുന്നതിന്റെ അടിസ്ഥാനം. ഇതിനാൽ ശത്രു‌രാജ്യങ്ങൾ നടത്തുന്ന ഏതെങ്കിലും അട്ടിമറിയിൽ നിന്ന് അത് സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ശക്തമായൊരു ഫയർവാൾ നിർമിക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂൺ 15 ലെ അതിർത്തി ഏറ്റുമുട്ടലിനുശേഷം ചൈനയ്‌ക്കെതിരായ സാമ്പത്തിക നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ശത്രു രാജ്യങ്ങളെ ‘പ്രീ റഫറൻസ് രാജ്യങ്ങൾ’ എന്ന് അറിയപ്പെടുമെന്നും അവിടെ നിന്ന് ഏതെങ്കിലും ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് മുൻപ് മുൻകൂറായി സർക്കാർ അനുമതി ആവശ്യമാണെന്നും സിങ് പറഞ്ഞു. ചൈനയും പാക്കിസ്ഥാനും ഉൾപ്പെടെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്നവരാണ് ഈ രാജ്യങ്ങൾ.

സൈബർ ഭീഷണി പരിശോധിക്കാൻ കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇത് വലിയ ഭീഷണിയാണെന്നും പാനൽ വ്യക്തമാക്കി. ഇത് വളരെ ഗുരുതരമാണ്, സെൻസിറ്റീവ് ആണ്. കാരണം ഏതൊരു എതിരാളിക്കും നമ്മുടെ രാജ്യം മുഴുവൻ നിശ്ചലമാക്കാൻ കഴിയും. പ്രതിരോധ വ്യവസായവും മറ്റെല്ലാ വ്യവസായങ്ങളും വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. വൈദ്യുതി ഇല്ലാതായാൽ 12 മുതൽ 24 മണിക്കൂർ വരെ പ്രവർത്തിക്കാൻ സ്റ്റോറേജ് സംവിധാനം ഉണ്ട്, എങ്കിലും ഭീഷണി വളരെ ഗുരുതരമാണെന്നും സിങ് കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് മുതൽ സൗരോർജ്ജ മൊഡ്യൂളുകൾക്ക് 25 ശതമാനം കസ്റ്റംസ് തീരുവ ചുമത്താൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇത് 2022 ഏപ്രിൽ മുതൽ 40 ശതമാനമായി ഉയർത്താമെന്നും അദ്ദേഹം പറഞ്ഞു. സോളാർ സെല്ലുകളിൽ 15 ശതമാനം ഡ്യൂട്ടി നിർദ്ദേശിച്ചിട്ടുണ്ട്. 2022 ൽ ഇത് 25 ശതമാനമായി ഉയർത്തും. സോളാർ ഇൻവെർട്ടറുകളിൽ 20 ശതമാനം ഇറക്കുമതി തീരുവ നിർദ്ദേശിക്കുന്നു.

ഇന്ത്യയിലെ മൊഡ്യൂൾ വിതരണത്തിന്റെ 80 ശതമാനവും ചൈനയാണ്. ചൈനയിൽ നിന്നും മലേഷ്യയിൽ നിന്നും സോളാർ സെല്ലുകളും മൊഡ്യൂളുകളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ നിലവിൽ 15 ശതമാനം സുരക്ഷാ തീരുവ ചുമത്തുന്നു. ആ നികുതി ജൂലൈ അവസാനം അവസാനിക്കും. ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി ഉറവിടം ചൈനയാണ്. ചൈനീസ് ഇറക്കുമതിയായ ഇലക്ട്രോണിക് വസ്തുക്കൾ, വ്യാവസായിക യന്ത്രങ്ങൾ, ജൈവ രാസവസ്തുക്കൾ എന്നിവ കഴിഞ്ഞ വർഷം 70 ബില്യൺ യുഎസ് ഡോളറായിരുന്നു. ഇന്ത്യയുമായി 50 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാര മിച്ചമുണ്ട് ചൈനയ്ക്ക്.

English Summary: India to check all power equipment imported from China for malware

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA