ADVERTISEMENT

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായിരിക്കുന്ന പിരിമുറുക്കത്തിന് അയവു വാരാത്തതിനാല്‍ ഇന്ത്യ ഇതുവരെ എടുത്ത സൈനികേതര നടപടികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്നു വേണമെങ്കില്‍ പറയാവുന്നതാണ് ടിക്‌ ടോക്, യുസി ബ്രൗസര്‍, വീചാറ്റ്, ഷെയര്‍ചാറ്റ്, ക്യാംസ്‌കാനര്‍ എന്നിവ അടക്കമുള്ള പ്രധാനപ്പെട്ട 59 ആപ്പുകളുടെ നിരോധനം. ഇന്ത്യയുടെ പരമാധികാരത്തെിനും അഖണ്ഡതയ്ക്കും ഭീഷണിയാണ് എന്നാണ് പറഞ്ഞിരിക്കുന്ന കാരണം. ഇവയെല്ലാം തന്നെ ഇന്ത്യയുടെ യുവതീയുവാക്കളെ ആകര്‍ഷിച്ചു നിർത്തിയിരുന്നവയായിരുന്നു, പ്രത്യേകിച്ചും ടിക്‌ടോക്. ഇന്ത്യന്‍ ആപ് മാര്‍ക്കറ്റിലേക്ക് ഇഷ്ടംപോലെ ആപ്പുകള്‍ പ്രവഹിക്കുന്നതിനാല്‍ ഇവയുടെ അഭാവം ശ്രദ്ധിക്കപ്പെടാനും പോകുന്നില്ല. 

 

ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള ബിസിനസ് താത്പര്യങ്ങള്‍ക്കേറ്റ ഏറ്റവും വലിയ അടിയുമാണിത്. കൊറോണാവൈറസ് ബാധയുടെ മറവില്‍ ചില ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങളെ ഏറ്റെടുക്കാന്‍ ചൈനീസ് കമ്പനികള്‍ അവസരവാദപരമായ നീക്കങ്ങളും നടത്തിയിരുന്നു. ഇന്ത്യൻ കമ്പനികളിൽ വൻതോതിൽ നിക്ഷേപം നടത്തി കയ്യടക്കാനുള്ള ചൈനീസ് നീക്കം തടയാനായി കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയം എഫ്ഡിെഎ വ്യവസ്ഥകളിൽ നേരത്തെ തന്നെ ഭേദഗതി വരുത്തിയിരുന്നു. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഒരു രാജ്യത്തെയും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കേന്ദ്രസർക്കാരിന്റെ അനുമതി ഇല്ലാതെ നേരിട്ടുള്ള നിക്ഷേപം നടത്താനാവില്ല. നേരത്തേ പാക്കിസ്ഥാനും ബംഗ്ലദേശിനും ഈ നിയന്ത്രണം ഉണ്ടായിരുന്നു.

 

China-Made-App

ചൈനാ നിര്‍മിത വസ്തുക്കള്‍ ഇന്ത്യയില്‍ വില്‍ക്കരുതെന്ന ഉത്തരവ് ഇറക്കിയാല്‍ അതിനെതിരെ ചൈനയ്ക്ക് വേള്‍ഡ് ട്രെയ്ഡ് ഓര്‍ഗനൈസേഷനില്‍ പരാതി നല്‍കാനാകും. എന്നാല്‍, ആപ്പുകള്‍ക്കെതിരെയുള്ള ഈ നീക്കം മികച്ചതാണെന്നു വിലയിരുത്തപ്പെടുന്നു. ചൈനയില്‍ നിന്ന് ഇറക്കുമതി പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നെങ്കില്‍ ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങളും പ്രശ്‌നത്തിലായേനെ എന്നും പറയുന്നു. ഇതിനെ ഇന്ത്യ ചൈനയ്‌ക്കെതിരെ സ്വീകരിച്ചേക്കാവുന്ന നടപടികളില്‍ ആദ്യത്തേതു മാത്രമായി കണ്ടാല്‍ മതിയെന്നു വാദിക്കുന്നവരും ഉണ്ട്. ഏകദേശം 10 ദിവസം മുമ്പ് സർക്കാർ 56 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു എന്നു വാര്‍ത്ത പരന്നിരുന്നെങ്കിലും, 'പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക്' അതു നടന്നിട്ടില്ലെന്നു പറഞ്ഞിരുന്നു. 

ഇന്ത്യയുടെ എഫ്ഡിഐ നിയമങ്ങളില്‍ മാറ്റം വരുത്തിയത് ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ്പുകള്‍ക്ക് തിരച്ചടിയാകുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ 100 കോടി ഡോളറിലേറെ മൂല്യമുളള സ്റ്റാര്‍ട്ട്-അപ് (യുണികോണ്‍) കമ്പനികളില്‍ ഒരു ചൈനീസ് നിക്ഷേപകനെങ്കിലും ഇപ്പോഴുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ് ആണ് ടിക്‌ടോക്ക്. 120 ദശലക്ഷത്തിലേറെ ആക്ടീവ്യൂസര്‍മാരാണ് ആപ്പിനുള്ളത്. ആപ്പില്‍ ദിവസവും ധാരാളം സമയം ചിലവഴിക്കുന്ന യുവതീ യുവാക്കളുടെ എണ്ണം അനുദിനം വര്‍ധിക്കുകയായിരുന്നു. എന്നാല്‍, ഇന്ന് ഇതിനു പകരം ഉപയോഗിക്കാവുന്ന ആപ്പുകള്‍ ഉണ്ട്.

 

iPhone-12

∙ ഐഫോണ്‍ 12നൊപ്പം ചാര്‍ജറുമില്ല? 

 

INDIA-US-INTERNET-FACEBOOK

ഈ വര്‍ഷം ഇറങ്ങുമെന്നു പ്രതീക്ഷിക്കുന്ന ആപ്പിളിന്റെ പ്രീമിയം സ്മാര്‍ട് ഫോണുകള്‍ ഐഫോണ്‍ 12 സീരിസ് എന്നായിരിക്കാം അറിയപ്പെടുക. എന്നാല്‍, ഇവ വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന ഹാന്‍ഡ്‌സെറ്റ് അടങ്ങുന്ന ബോക്‌സില്‍ രണ്ടു പ്രധാന കുറവുകള്‍ ഉണ്ടായേക്കാമെന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്. ഈ വര്‍ഷത്തേ മോഡലുകള്‍ക്കൊപ്പം ഹെഡ്‌ഫോണ്‍ കണ്ടേക്കില്ലെന്നുള്ള ഊഹഹോപോഹങ്ങള്‍ നേരത്തെ തന്നെ പ്രചിരച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ മാക്‌റൂമേഴ്‌സ് വെബ്‌സൈറ്റ് പുറത്തുവിട്ടിരിക്കുന്ന വിവരം ശരിയാണെങ്കില്‍ ഫോണിനൊപ്പം പവര്‍ അഡാപ്റ്ററും ലഭ്യമായേക്കില്ല. ഇതു ശരിയാണെങ്കില്‍, ഇതുവരെ മിക്ക കമ്പനികളും തുടര്‍ന്നുവന്നിരുന്ന ഒരു ശീലം ആപ്പിള്‍ അവസാനിപ്പിക്കുകയാണ്. ഇപ്പോള്‍ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ പഴയ ഫോണിന്റെ ചാര്‍ജര്‍ ഉപയോഗിക്കാമെന്നുവച്ചാല്‍ പോലും ആന്‍ഡ്രോയിഡ് സിസ്റ്റം ഉപയോഗിക്കുന്നവർ ഐഫോണ്‍ വാങ്ങുകയാണെങ്കില്‍ ചാര്‍ജര്‍ വേറെ വാങ്ങേണ്ടതായി വരാം. മാക്‌റൂമേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഐഫോണിനൊപ്പം ഒരു യുഎസ്ബി-സി കേബിള്‍ മാത്രമായിരിക്കും ഉണ്ടാകുക എന്നാണ്.

 

ഐഫോണുകള്‍ക്കൊപ്പം നല്‍കിവന്നിരുന്ന ഇയര്‍ഫോണുകളായ ഇയര്‍പോഡുകള്‍ ഈ വര്‍ഷം നല്‍കാതിരിക്കുന്നത് ഉപയോക്താക്കളുടെ ശ്രദ്ധ, തങ്ങളുടെ എയര്‍പോഡുകളിലേക്ക് തിരിക്കാനാണെന്നു പറഞ്ഞു കേട്ടിരുന്നു. എന്നാല്‍, പവര്‍ അഡാപ്റ്റര്‍ നല്‍കാതിരിക്കാനുള്ള കാരണം വ്യക്തമല്ല. റിപ്പോര്‍ട്ടില്‍ കഴമ്പുണ്ടെങ്കില്‍ മറ്റൊരു കാര്യം കൂടെ ഉറപ്പിക്കാം – പുതിയ ഐഫോണിന് വളരെ കാലമായി കാത്തിരുന്ന യുഎസ്ബി-സി പോര്‍ട്ട് ലഭിക്കും. നിലവില്‍ ഐഫോണുകളിലുള്ള ആപ്പിളിന്റെ സ്വന്തം ലൈറ്റ്‌നിങ് പോര്‍ട്ടിനെക്കാള്‍ വേഗമുണ്ട് യുഎസ്ബി-സി പോര്‍ട്ടിന്. ഒരു പക്ഷേ, തങ്ങളുടെ വയര്‍ലെസ്ചാര്‍ജറും അവതരിപ്പിക്കുന്നുണ്ടായിരിക്കാമെന്നും കരുതാം. കൊറോണാവൈറസ് ബാധ മൂലമുള്ള സവിശേഷ സാഹചര്യമാണോ ആപ്പിളിനെക്കൊണ്ട് മാറിച്ചിന്തിപ്പിക്കുന്നതെന്നും ആലോചിക്കാവുന്ന കാര്യമാണ്. എന്തായാലും, ആപ്പിള്‍ തുടങ്ങിവച്ചേക്കാവുന്ന ഈ പരിപാടി ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളും ഏറ്റുപിടിക്കാതിരുന്നാല്‍ മതിയായിരുന്നു എന്നാണ് ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ പ്രാര്‍ഥന. മറ്റൊരു കാര്യം, ഐഫോണ്‍ 12 സീരിസിന്, ഐഫോണ്‍ 4, 4എസ് മോഡലുകളുടെ ഡിസൈന്‍ ഭാഷയോട് സാമ്യമുണ്ടാകാമെന്ന വാര്‍ത്തയാണ്. സോണി ഡിക്‌സണ്‍ എന്ന വെബ്‌സൈറ്റ് പുറത്തുവിട്ട ഡമ്മി ഫോണുകളുടെ ചിത്രങ്ങളില്‍ നിന്നാണ് ഈ വാര്‍ത്ത പ്രചരിക്കുന്നത്.

 

∙ സോണി എ7എസ് 3യില്‍ പുതുമയുടെ ബഹളമായിരിക്കുമെന്ന്

 

സോണി എ7എസ് 3യില്‍ പുതുമയുടെ ബഹളമായിരിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ ഷൂട്ടു ചെയ്യുന്നതിന് പലരും ഇക്കാലത്ത് ഉപയോഗിച്ചു വരുന്നത് സോണി എ7എസ് 2 ആണ്. കുറച്ചു കാലമായി ഇതിന്റെ അടുത്ത മോഡല്‍ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു സോണി ആരാധകര്‍. ഈ വര്‍ഷം തന്നെ പുതിയ മോഡല്‍ വിപണിയിലെത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് കമ്പനി അറിയിച്ചു. നിരവധി പുതിയ ഫീച്ചറുകള്‍ തങ്ങള്‍ ഒരുക്കുമെന്നും പറഞ്ഞു.

 

∙ ഫെയ്‌സബുക് ഡാര്‍ക്ക് മോഡ് ഇപ്പോള്‍ ലഭ്യം

 

ചില സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്കിന്റെ ഡാര്‍ക് മോഡ് ഇപ്പോള്‍ ലഭ്യമാണ്. തങ്ങള്‍ക്ക് ഇത് ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ ഫെയ്‌സ്ബുക് ആപ്പിന്റെ ആപ് മെന്യു പരിശോധിക്കുക. സെറ്റിങ്‌സ് ആന്‍ഡ് പ്രൈവസിക്കുള്ളിലാണ് ഡാര്‍ക് മോഡ് ഉണ്ടെങ്കില്‍ കാണാന്‍ കഴിയുക. കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനാണോ ഉപയോഗിക്കുന്നതെന്നു പരിശോധിച്ചു നോക്കുക. എന്നാല്‍, എല്ലാവര്‍ക്കും ഡാര്‍ക് മോഡ് ലഭിക്കാന്‍ അല്‍പ്പം കാലതാമസമെടുത്തേക്കുമെന്നും പറയുന്നു.

 

English Summary: Tech Capsules: Chinese app ban to protect the youth; iPhone buyers not to get charger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com