ADVERTISEMENT

59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയു നടപടിയില്‍ കണ്ണുതള്ളിയിരിക്കുന്ന സമയത്താണ് കൂടുതൽ രാജ്യങ്ങൾ സമാനമായ നീക്കത്തിനൊരുങ്ങുന്നത്. ഇന്ത്യയുടെ ആശയം ഉള്‍ക്കൊണ്ടാലെന്നവണ്ണം അമേരിക്കയും ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്ന കാര്യം തകൃതിയായി പരിഗണിച്ചുവരികയാണ്. ടിക്‌ ടോക്ക് അടക്കമുള്ള ചില ആപ്പുകള്‍ക്ക് അമേരിക്കയിലും അതിശക്തമായ വേരോട്ടമാണുള്ളത്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന കാരണത്താല്‍ ആപ്പുകള്‍ നിരോധിക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ചൈനയ്‌ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ആയിരിക്കും ആപ് നിരോധനം.

 

അമേരിക്കയുടെ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് മൈക് പോംപിയോ ഫോക്‌സ്‌ന്യൂസിനോട് പറഞ്ഞതു പ്രകാരം ടിക്‌ടോക് ഉപയോക്താക്കളുടെ സെല്‍ഫോണ്‍ ഡേറ്റ ശേഖരിക്കുകയും അത് ബെയ്ജിങുമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ടെന്നാണ്. ഇക്കാരണത്താല്‍ വാഷിങ്ടണ്‍ അത് നിരോധിക്കുന്ന കാര്യം പരിഗണിക്കുകയാണ്. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈയ്യിലെത്തണമെന്നുള്ളവര്‍ മാത്രം ടിക്‌ടോക് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയെന്നും മൈക് പറഞ്ഞു.

 

അമേരിക്കക്കാരുടെ ഫോണുകളിലുള്ള ചൈനീസ് ആപ്പുകളുടെ കാര്യത്തില്‍ അമേരിക്ക വേണ്ട നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് എനിക്ക് ഉറപ്പു തരാന്‍ പറ്റുമെന്ന് മൈക് പറയുന്നു. പ്രസിഡന്റിനെക്കാള്‍ മുൻപെ ഇക്കാര്യം വെളിപ്പെടുത്താന്‍ എനിക്ക് താത്പര്യമില്ല. എന്നാല്‍, അതാണ് ഭരണകൂടം ഇപ്പോള്‍ ചിന്തിച്ചുവരുന്നതെന്നു പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ചൈനയ്‌ക്കെതിരെ വാണിജ്യപരമായ ചില ശിക്ഷാ നടപടികള്‍ പ്രഖ്യാപിക്കാനാണ് ഒരുങ്ങുന്നതെന്നാണ് സൂചനകള്‍. 

ടിക്‌ടോക് അമേരിക്കയില്‍ 17.5 കോടിയിലേറെ തവണ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. അതിന് അനുദിനം യുവജനങ്ങള്‍ക്കിടയില്‍ പ്രചാരം വര്‍ധിച്ചുവരികയും ചെയ്യുന്നു. അടുത്തിടെ അമേരിക്കയില്‍ അരങ്ങേറിയ പ്രതിഷേധ സമരങ്ങളും മറ്റും റെക്കോഡു ചെയ്ത് പ്രചരിപ്പിക്കാന്‍ കൂടുതലായി ഉപയോഗിക്കപ്പെട്ടത് ടിക്‌ ടോക്ക് ആണെന്നു പറയുന്നു.

 

∙ ചൈനയുടെ കേന്ദ്ര ബാങ്ക് ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നു

 

ഇന്ത്യയില്‍ പുതിയതായി വരുന്ന ടെക്‌നോളജി കമ്പനികളിലടക്കം നിക്ഷേപം ഇറക്കാന്‍ തക്കംപാര്‍ത്തു നടക്കുകയാണ് ചൈനീസ് കേന്ദ്ര ബാങ്ക് എന്നും പല കമ്പനികളിലും നിക്ഷേപം ഇറക്കിക്കഴിഞ്ഞതായും റിപ്പോര്‍ട്ട്.  ഇന്ത്യയില്‍ ലിസ്റ്റ് ചെയ്ത ടെക്‌നോളജി കമ്പനികള്‍ അടക്കം പല പലതിന്റെയും ഓഹരി ചൈനയുടെ കേന്ദ്ര ബാങ്ക് വാങ്ങിക്കൂട്ടിയിരിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിക്ഷേപങ്ങള്‍ പലതും 1 ശതമാനത്തില്‍ കുറവായതിനാല്‍ അവ കമ്പനികള്‍ക്ക് വെളിപ്പെടുത്തേണ്ടതായി വരുന്നില്ല. സിമന്റ് മേഖലയിലെ വമ്പന്മാരായ അംബുജാ സിമന്റില്‍ 0.32 ശതമാനം, ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ പിരമല്‍ എന്റര്‍പ്രൈസസില്‍ 0.43 ശതമാനം എന്നിങ്ങനെ ഓഹരികള്‍ കൈവശം വച്ചിരിക്കുന്നതായി ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

 

പിരമല്‍ എന്റര്‍പ്രൈസസില്‍ 137 കോടി രൂപയും അംബുജാ സിമന്റില്‍ ഏകദേശം 122 കോടിയും നിക്ഷേപിച്ചു കഴിഞ്ഞതായി പറയുന്നു. ഏകദേശം രണ്ടു വര്‍ഷം മുൻപാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചൈനയുടെ കേന്ദ്ര ബാങ്കിന് ഇന്ത്യയില്‍ നിക്ഷേപം ഇറക്കാൻ അനുമതി നൽകിയത്. ഇതിനു ശേഷം പല പ്രധാന ഇന്ത്യന്‍ കമ്പനികളിലും നിക്ഷേപം നടത്തുകയോ, നടത്താന്‍ നോക്കുകയോ ആണ് ചൈനീസ് സർക്കാർ എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയില്‍ വിവിധ ചൈനീസ് കമ്പനികള്‍ നടത്തിയിരിക്കുന്ന നിക്ഷേപം ഏകദേശം 2600 കോടി ഡോളറാണെന്നാണ് സൂചന. ഉടനെ തന്നെ 1500 കോടി ഡോളര്‍ കൂടി നിക്ഷേപിക്കാന്‍ ഒരുങ്ങിയാണ് കമ്പനികള്‍ നടക്കുന്നതെന്നും പറയുന്നു. ഇനി ഇറക്കാന്‍ പോകുന്ന നിക്ഷേപത്തില്‍ പലതും അടിസ്ഥാന സൗകര്യ വികസനത്തിനായിരിക്കുമെന്നതും ആധിപിടിപ്പിക്കുന്ന കാര്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്റ്റാര്‍ട്ടപ്പുകളെയാണ് കൂടുതലായും ചൈന ലക്ഷ്യമിടുന്നതത്രെ. ബൈജൂസ് ആപ്പില്‍ ടെന്‍സെന്റ് നിക്ഷേപമിറക്കിയിട്ടുണ്ടെന്ന് വാര്‍ത്തകള്‍ പറയുന്നു.

 

∙ ഇന്ത്യയുടെ ഡിജിറ്റല്‍ ടാക്‌സ് അടയ്ക്കാന്‍ തയാറല്ലെന്ന് അമേരിക്കന്‍ കമ്പനികള്‍

 

അമേരിക്കന്‍ ടെക്‌നോളജി ഭീമന്മാരെ പ്രതിനിധീകരിക്കുന്ന ഒരു ഗ്രൂപ്പ് പറയുന്നത് ഇന്ത്യ അടുത്തിടെ ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ ടാക്‌സ് അടയ്ക്കാന്‍ തയാറല്ലെന്നാണ്. ടാക്‌സിന്റെ ആദ്യ ഗഡു അടയ്‌ക്കേണ്ട സമയമായിരിക്കുകയാണ്. ഇതിന് കൂടുതല്‍ സമയം തരണമെന്നാണ് അവരുടെ ആവശ്യം. ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് 2 ശതമാനം അധിക നികുതി നല്‍കണം എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഇത് അമേരിക്കന്‍ ടെക്‌നോളജി ഭീമന്മാരുടെ അടിതെറ്റിച്ചിരിക്കുകയാണ്. ആമസോണ്‍ തുടങ്ങിയ വെബ്‌സൈറ്റുകള്‍, യുട്യൂബ് തുടങ്ങിയ സേവനങ്ങള്‍ ഒക്കെ ഇതിന്റെ പരിധിയില്‍ വരും.

 

∙ പോകൊ എം2 എത്തി; അത് റെഡ്മി നോട്ട് 9 പ്രോ തന്നെ?

 

ഷഓമിയുടെ സബ് ബ്രാന്‍ഡ് ആയ പോകോ തങ്ങളുടെ എം ശ്രേണിയിലുള്ള പുതിയ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിച്ചു. തുടക്ക വില 13,999 രൂപയാണ്. കമ്പനിയുടെ തന്നെ റെഡ്മി നോട്ട് 9 പ്രൊയോട് മിക്ക രീതിയിലും സാദൃശ്യമുണ്ട്, വിലയിലടക്കം. പോകൊ എം2വിന് 33 വോട്‌സ് ക്വിക് ചാര്‍ജര്‍ ഉള്ളതാണ് ഇവ തമ്മില്‍ കാണാവുന്ന പ്രത്യേകതകളില്‍ പ്രധാനം.

 

∙ സോണിയുടെ 12-24 എഫ്/2.8 പ്രൊഫഷണല്‍ ലെന്‍സ് വിപണിയിലേക്ക്

 

മിറര്‍ലെസ് ക്യാമറ നിര്‍മാതാക്കളില്‍ മുൻപന്മാരില്‍ ഒരാളായ സോണി 12-24 എഫ്/2.8 പ്രൊഫഷണല്‍ ലെന്‍സ് പുറത്തിറക്കി. ഓഗസ്റ്റ് മുതല്‍ ഇതു വാങ്ങാനാകുമെന്ന് കമ്പനി പറഞ്ഞു. പ്രൊഫഷണല്‍ ലാന്‍ഡ്‌സ്‌കെയ്പ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ പ്രയങ്കരമാകാന്‍ സാധ്യതയുള്ള ഈ ലെന്‍സിന്റെ വില 3,000 ഡോളറായിരിക്കും. ഇതിന് 847 ഗ്രാം ഭാരമുണ്ട്. ലെന്‍സിന്റെ പിന്നില്‍ ഫില്‍റ്ററുകള്‍ ഇടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

English Summary: Chinese Centre bank buys shares in Indian startups; US to ban Chinese apps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com