sections
MORE

അദ്ഭുതപ്പെടുത്തുമോ ആപ്പിൾ? ഐഫോണ്‍ 12 നെക്കുറിച്ച് അറിയേണ്ടതെല്ലാം; മെസഞ്ചര്‍ റൂമുകളില്‍ ഒത്തുകൂടാം

iphone-12
SHARE

സെപ്റ്റംബറാണ് പൊതുവെ തങ്ങളുടെ പ്രീമിയം ഐഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കാന്‍ ആപ്പിള്‍ തിരഞ്ഞെടുക്കാറ്. ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന ഐഫോണ്‍ 12 സീരിസും സെപ്റ്റംബറില്‍ തന്നെ പുറത്തിറക്കിയേക്കുമെന്നാണ് കൂടുതല്‍ അഭ്യൂഹങ്ങളും പറയുന്നത്. എന്നാല്‍, ചിലര്‍ അത് ഒക്ടോബറിലായിരിക്കുമെന്നും അവകാശപ്പെടുന്നു. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ആപ്പിള്‍ തങ്ങളുടെ എൻജിനീയര്‍മാരെ ചൈനയിലേക്ക് അയച്ചിരുന്നില്ല. ഇതിനാല്‍, ഫോണ്‍ വൈകിയാലും അദ്ഭുതപ്പെടേണ്ട എന്ന വാദവും ഉണ്ട്. എന്നാല്‍, മിക്കവരും തന്നെ, കൊറോണാവൈറസ് മൂലം ഈ വര്‍ഷം ഐഫോണുകള്‍ പുറത്തിറിക്കില്ലെന്ന വാദക്കാരാണ്.

ആപ്പിള്‍ കമ്പനിയെക്കുറിച്ച് ഏറ്റവും വിശ്വസനീയമായ അഭ്യൂഹങ്ങള്‍ നല്‍കുന്നുവെന്നു കരുതുന്ന മിങ്-ചി കുവോ പറയുന്നത് ശരിയാണെങ്കില്‍ ഈ വര്‍ഷവും മൂന്നു മോഡലുകളായിരിക്കും പുറത്തിറക്കുക. ഇവയുടെ സ്‌ക്രീന്‍ വലുപ്പം, 5.4-ഇഞ്ച്, 6.1-ഇഞ്ച്, 6.7-ഇഞ്ച് എന്നിങ്ങനെ ആയിരിക്കും. ഐഫോണ്‍ XR, ഐഫോണ്‍ 11 എന്നിവയുടെ പിന്‍ഗാമി 6.1-ഇഞ്ച് വലുപ്പമുള്ള മോഡലായിരിക്കും. എന്നാല്‍, ഐഫോണ്‍ 11 പ്രോയ്ക്കു പകരമുള്ള മോഡലിന്റെ വലുപ്പം 5.4-ഇഞ്ച് ആയി കുറയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. (അല്ല, ഇതായിരിക്കും ഏറ്റവും വിലകുറഞ്ഞ മോഡലെന്നും വാദിക്കുന്നവരുണ്ട്.) ഇതുപോലെ, ഐഫോണ്‍ 11 പ്രോ മാക്‌സിനു പകരമുള്ള മോഡലിന്റെ സ്‌ക്രീന്‍ സൈസ് 6.7-ഇഞ്ച് ആയി വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും കുവോ പറയുന്നു. ആദ്യമെല്ലാം പറഞ്ഞു കേട്ടത് നാലു മോഡലുകള്‍ പുറത്തിറക്കുമെന്നായിരുന്നു.

ചില അഭ്യൂഹങ്ങള്‍ പ്രകാരം തുടക്ക വേരിയന്റിന്റെ വില (5.4-ഇഞ്ച്?) 649 ഡോളറായിരിക്കും. 6.1-ഇഞ്ച് വലുപ്പമുള്ള മോഡലിന് 749 ഡോളറായിരിക്കാം വില. (പ്രോ മോഡലിന്‍ പ്രോ അല്ലാത്ത മോഡലിനെക്കാള്‍ വിലക്കുറവു ലഭിക്കുമോ? അങ്ങനെ നോക്കിയാല്‍ നാലാമതൊരു ഫോണിന്റെ സാധ്യതയും തള്ളാനൊക്കില്ല.) 'മാക് ഒറ്റകാരാ' എന്ന വെബ്‌സൈറ്റ് പറയുന്നത് തുടക്കത്തില്‍ 4ജി വേരിയന്റും, പിന്നീട് 5ജി വേരിയന്റും അവതരിപ്പിക്കുമെന്നാണ്. അതുപോലെ, ഫോണ്‍ സെപ്റ്റംബറില്‍ അവതരിപ്പിച്ചാലും അതിന്റെ വിപണി ലക്ഷ്യമാക്കിയുള്ള വന്‍ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പിന്നീടെ തുടങ്ങിയേക്കൂ എന്നതിനാല്‍, വാങ്ങാന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരാം. 6.1-ഇഞ്ച്, 5.4-ഇഞ്ച് എന്നീ മോഡലുകളുടെ പ്രൊഡക്ഷന്‍ സെപ്റ്റംബറിലെ തുടങ്ങൂ എന്നാണ് കുവോയുടെ വാദം.

∙ ഐഫോണ്‍ 4ന്റെ ഡിസൈന്‍

മിക്ക അഭ്യൂഹങ്ങളും വിരല്‍ ചൂണ്ടുന്നതു പ്രകാരം ഐഫോണ്‍ 12 സീരിസില്‍, ഐഫോണ്‍ 4ല്‍ കണ്ട അതേ രൂപകല്‍പനാ ഭാഷ ആപ്പിള്‍ തിരിച്ചുകൊണ്ടുവരും. താഴെയും മുകളിലുമുള്ള രണ്ടു ഗ്ലാസ് പ്രതലങ്ങളെ സ്റ്റീല്‍ ഫ്രെയ്മില്‍ പിടിപ്പിക്കുകയായിരിക്കും കമ്പനി ചെയ്യുക. എന്നാല്‍, പുതിയ ഫോണിന്റെ രൂപകല്‍പന ഇതുവരെ കണ്ടിരിക്കുന്ന ഐഫോണുകളെക്കാള്‍ സങ്കീര്‍ണമായ ഒന്നായരിക്കുമെന്ന് കുവോ അവകാശപ്പെടുന്നു.

കൂടുതല്‍ വലുപ്പമുള്ള ക്യാമറാ ലെന്‍സുകളും, കട്ടികൂടിയ ആന്റിനാ ലൈനുകളും പ്രതീക്ഷിക്കുന്നു. ലൈറ്റ്‌നിങ് പോര്‍ട്ട് തന്നെയായിരിക്കും ഐഫോണ്‍ 12ലും. ഐഫോണ്‍ 11 നെ അപേക്ഷിച്ച് നോച്ചിന്റെ 1/3 ഭാഗം കുറയ്ക്കുന്നതില്‍ ആപ്പിള്‍ വിജയിച്ചിരിക്കുന്നുവെന്നും പറയുന്നു. നോച്ചില്‍ പ്രോക്‌സിമിറ്റി സെന്‍സര്‍, ഇന്‍ഫ്രാറെഡ് ക്യാമറ, ഫ്‌ലഡ് ഇലൂമിനേറ്റര്‍, ഡോട്ട് പ്രൊജക്ടര്‍, മുന്‍ ക്യാമറാ സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നിവ ഉണ്ടായിരിക്കും.

ഈ വര്‍ഷം മുതല്‍ എല്ലാ മോഡലുകള്‍ക്കും ഓലെഡ് പാനലായിരിക്കുമെന്നും പറയുന്നു. ഇതില്‍ 80 ശതമാനവും സാംസങ് ആയിരിക്കും എത്തിച്ചു നല്‍കുക. 20 ശതമാനം എല്‍ജിയും നല്‍കും. ചില ഫോണുകള്‍ക്ക് സാംസങ്ങിന്റെ വൈ-ഒക്ടാ ടെക്‌നോളജി ഉപയോഗിക്കും. 5-നാനോമീറ്റര്‍ എ14 പ്രോസസറായിരിക്കും പുതിയ ഫോണുകള്‍ക്ക്. എആര്‍, എഐ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. 4ജിബി മുതല്‍ 6ജിബി വരെയായിരിക്കും റാം. തുടക്ക വേരിയന്റുകള്‍ക്ക് 64 ജിബിയായിരിക്കും സ്റ്റോറേജ് ശേഷി എന്നും അതല്ല 128 ജിബി ആയിരിക്കുമെന്നും വാദമുണ്ട്.

ബാറ്ററി കപ്പാസിറ്റി 2,227 എംഎഎച്, 3,687 എംഎഎച്, 2,815 എംഎഎച് എന്നിങ്ങനെ ആയിരിക്കാം. 20 വോട്ട് പവര്‍ അഡാപ്റ്ററും പുറത്തിറിക്കിയേക്കും. പക്ഷേ ഇത് ഫോണിനൊപ്പം ലഭിച്ചേക്കില്ല. ഈ വര്‍ഷം ആദ്യമായി ഐഫോണുകള്‍ക്കൊപ്പം ചാര്‍ജര്‍ ലഭിച്ചേക്കില്ലെന്നും അഭ്യൂഹമുണ്ട്. ഇതിന് വേറെ കാശു കൊടുക്കേണ്ടതായി വരും. അല്ലെങ്കില്‍ പഴയ ചാര്‍ജറുകള്‍ ഉപയോഗിക്കേണ്ടിവരും. ഇയര്‍പോഡുകളും ഉണ്ടാവില്ല. അതിനാല്‍ ഫോണ്‍ എത്തുന്ന ബോക്‌സിനു വലുപ്പം കുറവായിരിക്കും. യുഎസ്ബി-സി റ്റു ലൈറ്റ്‌നിങ് കേബിള്‍ മാത്രമായിരിക്കും ഫോണിനൊപ്പം ലഭിക്കുക. തുടക്ക മോഡലുകള്‍ക്ക് രണ്ടു പിന്‍ ക്യാമറകളുണ്ടായിരിക്കും എന്നും, കൂടിയ മോഡലുകള്‍ക്ക് മൂന്നു ക്യമാറകള്‍ നല്‍കുമെന്നും പറയുന്നു. പുതിയ സെന്‍സര്‍ ടെക്‌നോളജി ക്യാമറകളില്‍ പ്രതീക്ഷിക്കുന്നു.

മെസഞ്ചര്‍ റൂമുകളില്‍ കൂട്ടുകാര്‍ക്കൊപ്പം എങ്ങനെ ഒത്തുകൂടാം?

കൊറോണാവൈറസുകാലത്ത് ആളുകള്‍ സുരക്ഷിതമായി ഒത്തുകൂടുന്നത് ഹൗസ് പാര്‍ട്ടി, സൂം തുടങ്ങിയ വിഡിയോ കോളങ് ആപ്പുകളിലാണ്. ഈ രണ്ട് ആപ്പുകളുടെയും ചില ഫീച്ചറുകള്‍ ഒരുമിപ്പിച്ചാണ് ഫെയ്‌സ്ബുക് തങ്ങളുടെ മെസഞ്ചര്‍ റൂം അവതരിപ്പിച്ചിരിക്കുന്നത്. മെസഞ്ചര്‍ റൂമില്‍ ഇപ്പോള്‍ ഫെയ്‌സ്ബുക് അക്കൗണ്ട് ഇല്ലാത്തവരടക്കം 50 പേര്‍ക്കുവരെ ഒത്തു ചേരാം. ഈ വിഡിയോ ഏതു പ്രൊഫൈലിലും പേജിലും ഗ്രൂപ്പിലും വേണമെങ്കിൽ ബ്രോഡ്കാസ്റ്റ് ചെയ്യാം. തുടക്കത്തില്‍ ഇത് ചില രാജ്യങ്ങളില്‍ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നതെങ്കിലും താമസിയാതെ മിക്ക രാജ്യങ്ങളിലും നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഫെയ്‌സ്ബുക് റൂംസ് ലൈവില്‍ എല്ലാ കണ്ട്രോളുകളും ആതിഥേയനായിരിക്കും നല്‍കുക. മോഡറേറ്റര്‍മാര്‍ക്കും ആതിഥേയനും ആവശ്യമെങ്കില്‍ ലൈവ് ബ്രോഡ്കാസ്റ്റിന് എത്തുന്നവരെ പുറത്താക്കാനുള്ള അധികാരവും ഉണ്ടായിരിക്കും. ചുരുക്കി പറഞ്ഞാല്‍ സാധാരണ മെസഞ്ചര്‍ റൂംസ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന അനുഭവം തന്നെയായിരിക്കും ലൈവിലും ലഭിക്കുക. എന്നാല്‍, ഇത് ഒരുപറ്റം ആളുകള്‍ക്കു മുന്നില്‍ കാണിക്കുന്നു എന്നതാണ് പ്രത്യേകത. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം സ്വമേധയാ റൂമിലെത്തുകയാണ് ചെയ്യുന്നത്. ആവശ്യമെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ പുറത്തുപോകുകയും ചെയ്യാം.

∙ മെസഞ്ചര്‍ റൂംസില്‍ ഒരു ലൈവ് വിഡിയോ ബ്രോഡ്കാസ്റ്റ് ചെയ്യുന്നതെങ്ങനെ?

– വിഡിയോ കോണ്‍ഫറന്‍സിനായി ആളുകളെ ക്ഷണിക്കുക. 

– വേണ്ടവരെല്ലാം എത്തിച്ചേര്‍ന്നു കഴയുമ്പോള്‍ വിഡിയോ ബോക്‌സിന്റെ താഴെ വലതുവശത്തുള്ള ലൈവ് ബട്ടണില്‍ ക്ലിക്കു ചെയ്ത് മീറ്റിങ് തുടങ്ങുക.

– ഈ വിഡിയോ എവിടെയാണ് സ്ട്രീം ചെയ്യേണ്ടതെന്ന് തീരുമാനിക്കുക. നിങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലോ, ഏതെങ്കിലും ഗ്രൂപ്പിലോ ഇതു പ്രദര്‍ശിപ്പിക്കാം.

– പങ്കെടുക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് പുറത്തു പോകാം, അല്ലാത്തവര്‍ക്ക് കണ്‍ഫേം ചെയ്യാം. ആരെങ്കിലും തീരുമാനം എടുക്കുന്നില്ലെങ്കില്‍ മോഡറേറ്റര്‍ക്ക് അയാളെ പുറത്താക്കാം.

– പങ്കെടുക്കാനാഗ്രഹിക്കുന്ന എല്ലാവരും സമ്മതം നല്‍കിക്കഴിഞ്ഞ് ലൈവ് വിഡിയോ മീറ്റിങ് റൂമിലെ 'സ്റ്റാര്‍ട്ടില്‍' ക്ലിക്കു ചെയ്യുക. തരീമ്പോള്‍ എന്‍ഡില്‍ ക്ലിക്കു ചെയ്യാം. 

വെര്‍ച്വല്‍ ഒത്തു ചേരലുകളുടെ തുടക്ക കാലമാണിത്. താമസിയാതെ വാട്‌സാപിലും ഈ ഫീച്ചര്‍ നല്‍കും. ഹൗസ് പാര്‍ട്ടി, സൂം തുടങ്ങിയ ആപ്പുകളും വേണ്ടവര്‍ക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്. എന്നാല്‍, എല്ലാ ആപ്പുകളിലും സ്വകാര്യത ഒരു പ്രശ്‌നമായേക്കാം.

∙ ക്യാരിമിനാറ്റിയുടെ യുട്യൂബ് ചാനല്‍ ഹാക്കു ചെയ്തു

ക്യാരിമിനാറ്റിയുടെ (CarryMinati) യുട്യൂബ് ചാനല്‍ ഹാക്കു ചെയ്തു. ബിറ്റ് കോയിന്‍ ഡൊണേഷന്‍ നല്‍കിയില്ലെങ്കില്‍ തിരിച്ചു നല്‍കില്ലെന്നായിരുന്നു ഹാക്കര്‍മാരുടെ ഭീഷണി. എന്നാല്‍, യുട്യൂബിന്റെ സഹായത്തോടെ ചാനല്‍ തിരിച്ചെടുക്കാനായി.

∙ ഇന്ത്യയിലെ രണ്ടിലൊന്ന് കമ്പനികളും സൈബര്‍ ആക്രമണം നേരിടുന്നതായി ഐബിഎം

കഴിഞ്ഞ രണ്ടുവര്‍ഷത്തെ വിവരങ്ങള്‍ പരിശോധിച്ചാല്‍, ഇന്ത്യയിലെ രണ്ടിലൊന്ന് കമ്പനികളും സൈബര്‍ ആക്രമണം നേരിട്ടതായി കാണാമെന്ന് ഐബിഎം പറയുന്നു.

∙ ഒപ്പോ റെനോ4 പ്രോയ്ക്ക് 3ഡി ബോര്‍ഡര്‍ലെസ് സ്‌ക്രീന്‍

തങ്ങളുടെ അടുത്ത മികച്ച ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഒപ്പോ- റെനോ4 പ്രോ എന്ന മോഡലിന് 3ഡി ബോര്‍ഡര്‍ലെസ് സെന്‍സ് സൂപ്പര്‍ അമോലെഡ് സ്‌ക്രീനായിരിക്കും നല്‍കുക.

∙ മുന്‍ മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവ് മുകുന്ദ് മോഹന്‍ അറസ്റ്റില്‍

5.5 മില്ല്യന്‍ ഡോളര്‍ തട്ടിപ്പ് കാണിച്ചുവെന്ന ആരോപണത്തിലാണ് മുന്‍ മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവ് മുകുന്ദ് മോഹന്‍ അറസ്റ്റിലായത്.

English Summary: Apple Surprise - New iPhone 12 Release

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA