ADVERTISEMENT

വിവിധ രാജ്യങ്ങളിലേക്ക് ചൈന ഇപ്പോള്‍ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്ന പുതിയ നീക്കങ്ങള്‍ വിജയിക്കുകയാണെങ്കില്‍ ജനാധിപത്യത്തെ ബഹുമാനിക്കുന്ന അമേരിക്കയോ, അതേ മനോഭാവമുള്ള രാജ്യങ്ങളോ ആയിരിക്കില്ല ഭാവിയില്‍ ഇന്റര്‍നെറ്റിന്റെ അധിപന്‍, മറിച്ച് ചൈന ആയിരിക്കുമെന്നാണ് ഇപ്പോള്‍ അമേരിക്കയില്‍ ഉയര്‍ന്നിരിക്കുന്ന മുന്നറിയിപ്പ്. ഇന്റര്‍നെറ്റിന്റെ ഭാവിയെക്കുറിച്ച് പേടിപ്പെടുത്തുന്ന ഒരു മുന്നറിയിപ്പാണ് അമേരിക്കയിലെ അറിയപ്പെടുന്ന ഒരു സെനറ്റര്‍ നടത്തിയിരിക്കുന്നത്.  ലോകത്തെ മുക്കിലും മൂലയിലും ചൈനീസ് കമ്പനികൾ സജീവമായി കഴിഞ്ഞു. അമേരിക്ക, ബ്രിട്ടൻ, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെല്ലാം ചൈനീസ് ടെക് കമ്പനികള്‍ പിടിമുറുക്കി കഴിഞ്ഞു. ഭരണാധികാരികൾ മാറിചിന്തിക്കാൻ തുടങ്ങിയപ്പോഴേക്കും ഇന്ത്യ പോലുള്ള വൻ രാജ്യങ്ങളെ പോലും ചൈനീസ് കമ്പനികൾ വിഴുങ്ങിയിരിക്കുന്നു.

 

ജനാധിപത്യ സ്വഭാവമില്ലാത്തതും പൗരന്മാരെ നിരീക്ഷിക്കുന്നതും താത്പര്യമില്ലാത്ത വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യുന്നതും തങ്ങള്‍ക്കു പ്രചാരണവേല നടത്തുന്നതിനുമുള്ള ഒരു ഉപാധിയാണ് ബെയ്ജിങ്ങിന് ഇന്ന് ഇന്റര്‍നെറ്റ്. കൂടുതല്‍ രാജ്യങ്ങളെ തങ്ങളുടെ വഴിയിലേക്കു കൊണ്ടുവരാനുള്ള താത്പര്യമാണ് ചൈന ഇപ്പോള്‍ കാണിക്കുന്നത്. ഇപ്പോഴത്തെ അടിച്ചമര്‍ത്തിയുള്ള ഭരണം പോരാത്തതിനാലെന്നവണ്ണം ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്, കൂടുതല്‍ ഭീതിപ്പെടുത്തുന്ന തരത്തിലുള്ള ഭരണരീതികള്‍ നടപ്പാക്കാനായി, അവിശ്വസനീയമായ വേഗത്തിലും ലക്ഷ്യബോധത്തോടെയും കുതിക്കുകയാണ് ചൈന എന്നാണ് സെനറ്ററുടെ ആരോപണം.

 

ഭാവിയില്‍ വിവിധ രാജ്യങ്ങളില്‍ വന്നേക്കാവുന്ന ഭരണരീതി, ഡിജിറ്റല്‍ സാധ്യതകള്‍ സ്ഥാപനവല്‍ക്കരിച്ച് കൂടുതല്‍ സ്വേച്ഛാധിപത്യപരമാക്കാനാണ് ചൈന ശ്രമിക്കുന്നത്. തങ്ങളുടെ സ്വേച്ഛാധിപത്യ കാഴ്ചപ്പാട് പരമാവധി വികസിപ്പിക്കാനും അത് മറ്റുരാജ്യങ്ങള്‍ക്കും എത്തിച്ചുകൊടുക്കാനും അവര്‍ ശ്രമിക്കുന്നു. ഇത് അടിസ്ഥാനപരമായി അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും രാജ്യാന്തര സമൂഹത്തിനു മൊത്തത്തിലും സാമ്പത്തികവും പ്രതിരോധപരവുമായ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നാണ് സെനറ്റര്‍ റോബര്‍ട്ട് മെനെന്‍ഡസ് ഒരു പ്രസ്താവനയില്‍ അറിയിച്ചത്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ശേഷി ചൂഷണം ചെയ്ത് സ്വേച്ഛാധിപത്യപരമായ പ്രവണതകള്‍ പോഷിപ്പിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ് ചൈന. തങ്ങളുടെ നയങ്ങളുടെ പണിയായുധങ്ങള്‍ മുഴുവന്‍ ഉപയോഗിച്ച്, തങ്ങള്‍ക്കു വേണ്ട രീതിയില്‍ ഡിജിറ്റല്‍ സാമ്രാജ്യം കെട്ടിപ്പെടുക്കാനാണ് ചൈന ശ്രമിക്കുന്നതെന്നാണ് സെനറ്റര്‍ ആരോപിക്കുന്നത്.

 

ഇക്കാര്യത്തില്‍ ചൈന വിജയിച്ചാല്‍ അമേരിക്കയും സമാന മനസ്ഥിതിക്കാരായ മറ്റു രാജ്യങ്ങളുമായിരിക്കില്ല ഇന്റര്‍നെറ്റിനെ നിയന്ത്രിക്കുക. പിന്നീട് അത് ചൈനയായിരിക്കുമെന്നും അദ്ദേഹം പറയുന്നു. കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി ജനങ്ങളെ അടിച്ചമര്‍ത്തി ഭരിക്കുന്ന രീതി പരമാവധി പ്രോത്സാഹിപ്പിക്കാനാണ് ചൈനീസ് സർക്കാരിനുള്ളിലുള്ളവര്‍ ശ്രമിക്കുന്നത്. രാജ്യത്തിനുള്ളിലും മറ്റു രാജ്യങ്ങളിലും ഈ സ്വേച്ഛാധിപത്യപരമായ മോഡല്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനായി ചൈനീസ് ടെക്‌നോളജി കമ്പനികളെ സഹായിക്കാനായി കൈയ്യയച്ചു പണം നല്‍കുന്നു. വിദേശ സർക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കി തങ്ങളുടെ നയങ്ങളും നിലപാടുകളും അനുവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ചൈന തങ്ങളുടെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു എന്നതിനുള്ള ചില തെളിവുകളും റിപ്പോര്‍ട്ടിലുണ്ട്. പ്രശസ്ത ഹോട്ടല്‍ ശൃംഖലയായ മാരിയട്ട് (Marriott) ടിബറ്റ് പോലെയുള്ള ചില സ്ഥലങ്ങള്‍ തര്‍ക്കപ്രദേശങ്ങളായി കാണിച്ചതിന് ചൈന മാപ്പു പറയിപ്പിക്കുകയുണ്ടായി. അമേരിക്കയുടെ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ അഥവാ എന്‍ബിഎയുമായി ബന്ധപ്പെട്ടു നടന്ന സംഭവമാണ് മറ്റൊന്ന്. ഹൂസ്റ്റണ്‍ റോക്കറ്റസ് ടീമിന്റെ മാനേജര്‍, ഹോങ്കോങിലെ പ്രതിഷേധക്കാര്‍ക്ക് പിന്തുണ അറിയച്ചു നടത്തിയ ട്വീറ്റ് ചൈനയുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തി. എന്‍ബിഎ ഇതിനൊരു തിരുത്തല്‍ നല്‍കാനൊക്കെ ശ്രമിച്ചു. എന്നാല്‍ കളികള്‍ ചൈനയില്‍ കാണിക്കുന്നത് നിരോധിക്കുക വഴി എന്‍ബിഎയ്ക്ക് കോടിക്കണക്കിന് ഡോളറായിരിക്കാം നഷ്ടപ്പെട്ടിരിക്കുക എന്നു പറയുന്നു.

 

ഇതുപോലെയുള്ള സംഭവങ്ങളാണ് മെനെന്‍ഡെസിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തങ്ങള്‍ക്കു പുതിയതായി ലഭിച്ച അധികാരം ഉപയോഗിച്ച് സൈബറിടങ്ങളിലെ സ്വാതന്ത്ര്യത്തിനു വിലങ്ങിടാന്‍ ശ്രമിക്കുന്നു. സ്വതന്ത്രവും ചങ്ങലയ്ക്കിടാത്തതുമായ ഇടമാണ് ഇന്റര്‍നെറ്റ് ഇപ്പോള്‍. എന്നാല്‍, ഇതിനുപകരം തങ്ങളുടെ തന്‍പോരിമ അടിച്ചേല്‍പ്പിക്കാനാണ് ചൈന ശ്രമിക്കുന്നു. റിപ്പോര്‍ട്ടിൽ പറയുന്നത് അമേരിക്കയാണ് ഇപ്പോഴും ഡിജിറ്റല്‍ മേഖലയില്‍ പുതുമകള്‍ അവതരിപ്പിക്കുന്നതില്‍ മുൻപനെന്നാണ്. എന്നാല്‍, ചൈന സാങ്കേതികവിദ്യാ വികസനത്തിന് വേണ്ടുവോളം കാശിറക്കുകയാണിപ്പോള്‍ എന്നത് കണ്ടില്ലെന്നു നടിക്കരുതെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. ചൈനയ്ക്ക് കൂടിക്കൂടി വരുന്ന പിന്തുണ, രാജ്യാന്തര കാര്യനിര്‍വഹണ സമതികളില്‍ രാജ്യത്തിനു പ്രാധാന്യം വര്‍ധിക്കുന്നത് തുടങ്ങിയവയൊക്കെ അമേരിക്കയുടെ, ടെക്‌നോളജി മേഖലയിലെ മേല്‍ക്കോയ്മയ്ക്കു ഭീഷണിയാണ്. ടെക്‌നോളജി സംബന്ധമായി പലതിലും നിലവാരം അമേരിക്കന്‍ പ്രൊഡക്ടുകളായിരുന്നു നിര്‍ണയിച്ചിരുന്നത്. ഇതിലൂടെ പലതും സർക്കാരുകളുടെ ഇടപെടലില്ലാത്തെ, ജനാധിപത്യപരമായി പൊതുജനങ്ങളിലേക്ക് എത്തി.

 

അമേരിക്കയിലെ നയരൂപീകരണ വിദഗ്ധര്‍ വര്‍ഷങ്ങളായി ചൈനയുടെ വാര്‍ത്താവിനിമയ ഉപകരണങ്ങളുടെ കടന്നുകയറ്റത്തിനെതിരെ രംഗത്തുവന്നിരുന്നു. വാവെയ്, സെഡ്റ്റിഇ തുടങ്ങിയ കമ്പനികളില്‍ നിന്ന് ടെലിമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനെതിരെ ആയിരുന്നു അവര്‍ രംഗത്തുവന്നത്. ഈ കമ്പനികളില്‍ ചൈന സർക്കാര്‍ നേരിട്ടു നിക്ഷേപം നടത്തിയിരിക്കുന്നു എന്നാണ് ആക്ഷേപം. ഈ കമ്പനികളുടെ തോളിലേറി ചൈന ആഗോള തലത്തില്‍ വമ്പന്‍ മുന്നേറ്റങ്ങള്‍ നടത്തിയേക്കാമെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. ചൈനയുടെ 'ഡിജിറ്റല്‍ സില്‍ക്ക് റോഡ്' പദ്ധതിയും അസ്വസ്ഥതയുളവാക്കുന്ന ഒന്നാണ്. ആഗോളതലത്തില്‍ ഇന്റര്‍നെറ്റിന്റെ നിയന്ത്രണത്തിനു വേണ്ടിയുള്ള കാര്യപരിപാടിയുടെ ഭാഗമാണ് ഇതെന്നാണ് ആരോപണം.

 

ആഗോളതലത്തില്‍ ഡിജിറ്റല്‍ മേധാവിത്വം അമേരിക്കയ്ക്കു നഷ്ടപ്പെട്ടാല്‍ ചൈന ആ പദവി ഏറ്റെടുക്കും. മറ്റു രാജ്യങ്ങളുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടില്ല. ചൈനയുടെ അഭിപ്രായങ്ങള്‍ മാത്രമായിരിക്കാം നടപ്പാക്കപ്പെടുക എന്നാണ് ആരോപണം. ജനാധിപത്യത്തെ അരുംകൊല ചെയ്യാന്‍ ചൈനയില്‍ നിന്നു പല രാജ്യങ്ങളും പഠിച്ചെടുത്തേക്കുമെന്ന ഭീഷണിയും നിലനല്‍ക്കുന്നു.

 

English Summary: New Report Warns Of Dark Digital Future With China-Dominated Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com