ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ എയർടെൽ വൻ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ റിപ്പോർട്ട് പ്രകാരം എയര്‍ടെല്ലിന്റെ അറ്റനഷ്ടം ഏകദേശം 15,933 കോടി രൂപയാണ്. പതിനഞ്ച് വർഷത്തിനിടെ ഇത് ആദ്യമായാണ് എയർടെല്ലിന് ഇത്രയും വലിയ തിരിച്ചടി നേരിടുന്നത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 2,866 കോടി രൂപയായിരുന്നു. ഇതിനിടെ കമ്പനിയുടെ മൊത്തം കടം 1.1 ലക്ഷം കോടി രൂപയായി.

 

ക്രമീകരിച്ച മൊത്ത വരുമാനം (എജിആർ) അടയ്ക്കൽ വ്യവസ്ഥകൾ കാരണമാണ് എയർടെൽ വൻ നഷ്ടത്തിലായത്. ഒന്നാം പാദത്തിലെ നഷ്ട റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് ഭാരതി എയർടെല്ലിന്റെ ഓഹരി വില വ്യാഴാഴ്ചത്തെ വ്യാപാരത്തിൽ 4 ശതമാനത്തിലധികം ഇടിഞ്ഞു. ഭാരതി എയർടെൽ ഓഹരി വില 4.05 ശതമാനം ഇടിഞ്ഞ് 543.40 രൂപയായി. ബി‌എസ്‌ഇയിൽ 566.35 രൂപയായിരുന്നു ക്ലോസ്. പിന്നീട് ഓഹരി 2.38 ശതമാനം ഇടിഞ്ഞ് 13.50 രൂപ കുറഞ്ഞ് 552.85 രൂപയിലെത്തി.

 

എയർടെല്ലിന്റെ ഏകീകൃത വരുമാനം 15.4 ശതമാനം ഉയർന്ന് 23,939 കോടി രൂപയായി. കഴി‍‍ഞ്ഞ വർഷം ഒന്നാം പാദത്തിൽ ഇത് 20,737.90 കോടി രൂപയായിരുന്നു. ഉയർന്ന ഡേറ്റയും വോയ്സ് ഉപഭോഗവും രേഖപ്പെടുത്തിയിട്ടും ലാഭകരമായി മുന്നേറുന്നതിൽ എയർടെൽ പരാജയപ്പെട്ടു. 

 

രാജ്യത്തെ മൊബൈൽ സർവീസുകളിൽ നിന്നുള്ള കമ്പനിയുടെ ശരാശരി വരുമാനം ഒരു ഉപയോക്താവിൽ നിന്ന് പ്രതിമാസം 157 രൂപയാണ്. ഇത് മാർച്ച് പാദത്തിലെ 154 രൂപയേക്കാൾ അൽപം കൂടുതലാണ്. 4 ജി ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് എയർടെലിന് നിരക്കുകൾ വർധിപ്പിക്കാൻ കഴിഞ്ഞു. മാത്രമല്ല ഇപ്പോൾ മുഖ്യ എതിരാളികളായ റിലയൻസ് ജിയോയേക്കാളും ഉയർന്ന എആർപിയു ഉണ്ട്. ജിയോയുടെ കഴിഞ്ഞ പാദത്തിലെ ആർപു 130.6 രൂപയാണ്.

 

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരം 4 ജി ഉപഭോക്താക്കളുടെ എണ്ണം 138.3 ദശലക്ഷമാണ്. ഈ കാലയളവിൽ 20 ലക്ഷം 4ജി വരിക്കാരെ മാത്രമാണ് എയർടെലിന് നേടാനായത്. ഏപ്രിലിൽ, മേയ് മാസങ്ങളിൽ കോവിഡുമായി ബന്ധപ്പെട്ടാണ് വരിക്കാരുടെ എണ്ണം കുറഞ്ഞത്. മിക്ക ജീവനക്കാരും വീട്ടിൽ നിന്ന് ജോലിചെയ്യാൻ തുടങ്ങിയതോടെ ഓരോ വരിക്കാരന്റെയും ഡേറ്റ ഉപയോഗം പ്രതിമാസം 16.3 ജിബി എന്ന ഏറ്റവും ഉയർന്ന നിലയിലെത്തി. 73 ശതമാനം വർധനയാണ് ഇത് കാണിക്കുന്നത്. 

 

കോവിഡ് മൂലമുണ്ടായ അഭൂതപൂർവമായ പ്രതിസന്ധിയിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. ഇതൊക്കെയാണെങ്കിലും, ഞങ്ങളുടെ ടീമുകൾ രാജ്യത്തിന് മികച്ച സേവനം നൽകുകയും ഉപഭോക്താക്കളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഉപകരണ ഇക്കോ സിസ്റ്റത്തിലെ സപ്ലൈ ചെയിൻ ആഘാതം മൂലം 4 ജി നെറ്റ് വരിക്കാരെ ചേർക്കുന്നത് 20 ലക്ഷമായി കുറഞ്ഞു. എങ്കിലും ഡേറ്റാ ട്രാഫിക് വളർച്ച 73 ശതമാനം വർധിച്ചുവെന്നും ഭാരതി എയർടെല്ലിന്റെ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഗോപാൽ വിറ്റാൽ പറഞ്ഞു.

 

English Summary: Bharti Airtel share price slips 4% on widening of loss in Q1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com