sections
MORE

ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനെതിരെ ഐഎഫ്എഫ്; ഐഫോണ്‍ 12 സീരിസിന്റെ വില ചോര്‍ന്നു?

boycott-china
SHARE

ഇന്ത്യയില്‍ ഡിജിറ്റല്‍ അവകാശ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന കമ്പനിയായ ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ അഥവാ ഐഎഫ്എഫ് സർക്കാർ 59 ചൈനീസ് ആപ്പുകളെ നിരോധിച്ചത് ചോദ്യം ചെയ്തിരിക്കുകയാണ്. ഇതിലെ സുതാര്യത ഇല്ലായ്മയെയും ഇന്ത്യന്‍ പൗരന്റെ ഡിജിറ്റല്‍ അവകശങ്ങളുടെ ലംഘനമാണോ നടത്തിയിരിക്കുന്നത് എന്നതുമാണ് കമ്പനി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍. വിവരാവകാശ നിയമം മൂലം ഇതിന്റെ കാരണങ്ങള്‍ തേടിയ കമ്പനിക്ക് കിട്ടിയ മറുപടി അത് 'പരിമിതപ്പെടുത്തിയ അല്ലെങ്കില്‍ വിലക്കപ്പെട്ടതാണ്' എന്ന ഉത്തരമാണ്. നിരോധിക്കാന്‍ ഉപയോഗിച്ച നിയമങ്ങള്‍ അത്ര രഹസ്യമായും സുതാര്യത ഇല്ലാത്തതും ആണെങ്കില്‍ അത് ഇന്ത്യന്‍ പൗരന്മാരുടെ ഡിജിറ്റല്‍ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാകാമെന്ന് ഐഎഫ്എഫ് പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.

ഇതിനു സർക്കാർ കമ്പനിക്കു നല്‍കിയ മറുപടിയില്‍ പറയുന്നത് ആപ്പുകള്‍ നിരോധിച്ചതിനെക്കുറിച്ച് ആര്‍ടിഐ ആക്ടിന്റെ സെക്ഷന്‍ 8 (1), (a) പ്രകാരം അതു വെളിപ്പെടുത്താനാവില്ലെന്നാണ്. സെക്ഷന്‍ 69 എ, ഐടി ആക്ട് ആന്‍ഡ് ബ്ലോക്കിങ് റൂള്‍സ് പ്രകാരമാണ് കമ്പനി വിശദീകരണം ചോദിച്ചത്. സ്വകാര്യത വേണമെന്നുള്ളവര്‍ ഉപയോഗിക്കുന്ന സേര്‍ച് എൻജിനായ ഡക്ഡക്‌ഗോ ഇന്ത്യയില്‍ നിരോധിച്ചുവെന്നു വാര്‍ത്ത വന്നപ്പോഴും ഐഎഫ്എഫ് വിശദീകരണം ചോദിച്ച് രംഗത്തെത്തിയിരുന്നു. അത് സർക്കാർ അനുവദിക്കുകയും ചെയ്തിരുന്നു. നിരോധിക്കപ്പെട്ട ആപ്പുകള്‍ക്ക് നിരവധി ചോദ്യങ്ങളടങ്ങുന്ന ഒരു ചോദ്യാവലി നല്‍കിയിരിക്കുകയാണിപ്പോള്‍. അതിനു മറുപടി നല്‍കാനുള്ള കാലാവധി ഈ ആഴ്ച അവസാനിക്കും. ആപ്പുകളെക്കുറിച്ചുള്ള അന്തിമ തീരുമാനം അതിനു ശേഷം കൈക്കൊള്ളുമെന്നാണ് കരുതുന്നത്.

∙ ഐഫോണ്‍ 12 സീരിസിന്റെ വില ചോര്‍ന്നു?

ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ പ്രകാരം, ഈ വര്‍ഷം നാല് ഐഫോണ്‍ മോഡലുകളാണ് ആപ്പിള്‍ ഇറക്കാനിരിക്കുന്നത്. അഭ്യൂഹങ്ങളെ വിശ്വസിക്കാമെങ്കില്‍ അവയുടെ വില ചോര്‍ന്നിരിക്കുകയാണ്. ഇവയില്‍, 5.4-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനുള്ള ഐഫോണ്‍ 12 5ജി, 6.1-ഇഞ്ച് വലുപ്പമുള്ള ഐഫോണ്‍ 12 മാക്‌സ് 5ജി എന്നിവയുണ്ടാകും. ഇവ ആയിരിക്കും ഈ വര്‍ഷത്തെ വില കുറഞ്ഞ മോഡലുകള്‍. അതേസമയം, മുന്‍ വര്‍ഷങ്ങളിലേതു പോലെ രണ്ടു പ്രോ മോഡലുകളും ഇറക്കും. ഇവയിലൊന്ന് 6.1-ഇഞ്ച് വലുപ്പമുള്ളതും, മറ്റൊന്ന് 6.7-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനുളള പ്രോ മാക്‌സുമാണ്. ആപ്പിളിന്റെ ഈ വര്‍ഷത്തെ മികച്ച ടെക്‌നോളജികള്‍ മുഴുവന്‍ പ്രോ മോഡലുകളില്‍ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷത്തെ ഏറ്റവും വിലകൂടിയ മോഡല്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് ആണ്- 1449 ഡോളര്‍. കോമിയ (@komiya_kj) എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വിലകള്‍ പോസ്റ്റു ചെയ്തത്. https://bit.ly/2D4brUX

iphone-12

ഇന്ത്യയിലെ തുടക്ക വിലയെക്കുറിച്ചുള്ള സൂചനകള്‍ പ്രകാരം, ഏറ്റവും കുറഞ്ഞ വേരിയന്റിന്റെ വില 64,900 രൂപയായിരിക്കുമെന്നു പറയുന്നു. തുടക്ക വിലയ്ക്കു കഴിഞ്ഞ വര്‍ഷം 6.1-ഇഞ്ച് വലുപ്പമുള്ള ഐഫോണ്‍ 11 ആയിരുന്നു കിട്ടിയതെങ്കില്‍, ഈ വര്‍ഷം 5.4-ഇഞ്ച് വലുപ്പമുളള സ്‌ക്രീനുള്ള ഫോണായിരിക്കും കിട്ടുക. അതെ, സൂക്ഷിച്ചു നോക്കിയാല്‍ കാണാവുന്ന കാര്യം ഈ വര്‍ഷം ഐഫോണുകളുടെ വില ആപ്പിള്‍ വര്‍ധിപ്പിച്ചു എന്നു തന്നെയാണ്. ഇന്ത്യക്കാര്‍ക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ചും കൂടുതല്‍ വില നല്‍കേണ്ടിവരും. ജിഎസ്ടി, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ വര്‍ധിച്ചിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഏറ്റവും വില കൂടിയ ഐഫോണുകളാണ് എത്തുന്നത്. പ്രോ മോഡലുകളുടെ തുടക്ക വില 1 ലക്ഷം രൂപയ്ക്കടുത്തായിരിക്കും. എന്നാല്‍, ആപ്പിളിന്റെ ഇന്ത്യയിലെ പാര്‍ട്ണര്‍മാര്‍, പ്രതിമാസ ഇന്‍സ്റ്റാള്‍മെന്റ് സ്‌കീമില്‍ ഫോണുകള്‍ നല്‍കിയേക്കും. എന്നാല്‍, കോവന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകരാം ഈ വര്‍ഷത്തെ ഐഫോണുകള്‍ രണ്ടുമാസമെങ്കിലും വൈകിയായിരിക്കും മാര്‍ക്കറ്റിലെത്തുക. സെപ്റ്റംബറിനു പകരം നവംബറില്‍ ഫോണ്‍ പ്രതീക്ഷിച്ചാല്‍ മതിയെന്നു റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, 5ജി ഐഫോണ്‍ സെപ്റ്റംബറില്‍ എത്തിയേക്കില്ലെന്ന് ചിപ് നിര്‍മാതാവായ ക്വാല്‍കം സൂചിപ്പിക്കുന്നു.  

∙ ഷഓമിക്കെതിരെ പേറ്റന്റ് ലംഘനത്തിന് കേസ്

രാജ്യത്ത് ഏറ്റവുമധികം വില്‍ക്കുന്ന ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ ഷഓമിയ്‌ക്കെതിരെ, മൊബൈല്‍ ആന്‍ഡ് വിഡിയോ ടെക്‌നോളജി റീസേര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്പനി, ഇന്റര്‍ഡിജിറ്റല്‍ എന്ന കമ്പനി തങ്ങള്‍ക്ക് പേറ്റന്റുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചു എന്നു പറഞ്ഞ് ഡല്‍ഹി ഹൈക്കോടതിയില്‍ കേസു കൊടുത്തിരിക്കുകയാണ്. കമ്പനി നേടിയ 3ജി, 4ജി സെല്ലുലാര്‍ പേറ്റന്റുകളാണ് ഷഓമി ലംഘിച്ചതായി അവര്‍ ആരോപിക്കുന്നത്. തങ്ങളുടെ H.265/HEVC പേറ്റന്റും ലംഘിച്ചിരിക്കുന്നുവെന്ന് അവര്‍ ആരോപിക്കുന്നു. ഇരു കമ്പനികളും തമ്മില്‍ വര്‍ഷങ്ങളായി നിലനിന്ന തര്‍ക്കമാണ് ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുന്നത്. കോടതിക്കു വെളിയില്‍ ഇതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയമടഞ്ഞതിനാലാണ് കേസ് കോടതിയിലെത്തുന്നത്.

∙ മൊബൈല്‍ ഗെയിമിങ് പിസിക്കു സമാനമാക്കാന്‍ ഷഓമി

ചിപ്പ് നര്‍മാതാവായ ക്വന്‍കം കമ്പനിയും ഷഓമിയും സ്മാര്‍ട് ഫോണുകളില്‍ പിസിയില്‍ ലഭിക്കുന്ന തരം ഗെയ്മിങ് അനുഭവം കൊണ്ടുവരാനായി ഒത്തു പരിശ്രമിക്കുകയാണെന്നു പറയുന്നു. ഷഓമി പുറത്തിറക്കിയേക്കുമെന്നു കരുതുന്ന എംഐ 10 പ്രോ പ്ലസ് ഫോണിലായിരിക്കും ആദ്യം ഇത് അവതരിപ്പിക്കുക. ഒരു ജിപിയു ടര്‍ബോ സ്യൂട്ടായിരിക്കാം അധികമായി നല്‍കുന്ന ഫീച്ചറുകളിലൊന്ന് എന്നു പറയുന്നു.

∙ സ്മാര്‍ട് വാച്ചുമായി സിസ്‌ക - വില 3,999 രൂപ

വെയറബിള്‍ കംപ്യൂട്ടിങ് രംഗത്തേക്ക് സ്മാര്‍ട് ഫോണുമായി എത്തിയിരിക്കുകയാണ് എല്‍ഇഡി ബള്‍ബുകളടക്കം പല ഗൃഹോപകരണങ്ങളും നിര്‍മിച്ചുവന്ന കമ്പനിയായ സിസ്‌ക. എസ്ഡബ്ല്യൂ 100 എന്നു പേരിട്ടിരിക്കുന്ന തങ്ങളുടെ ആദ്യ സ്മാര്‍ട് വാച്ചിന് 3,999 രൂപയായിരിക്കും എംആര്‍പി. എന്നാല്‍, ഈ മോഡലിന് ഒരു ഇന്‍ട്രഡക്ടറി ഓഫര്‍ ഫ്‌ളിപ്കാര്‍ട്ട് ഇന്നു മുതല്‍ നല്‍കുന്നു. വാച്ച് വേണ്ടവര്‍ക്ക് 2499 രൂപയ്ക്ക് വാങ്ങാം.

∙ ഗൂഗിളിന്റെ വിജയം തുടരണമെന്നില്ലെന്ന് പിച്ചൈ

സേര്‍ച്ച് ഭീമന്‍ ഗൂഗിളിന്റെ വിജയം എക്കാലത്തേക്കും തുടരണമെന്നില്ലെന്ന് കമ്പനിയുടെ മേധാവിയായ സുന്ദര്‍ പിച്ചൈ അമേരിക്കന്‍ കോണ്‍ഗ്രസ് പനലിനു മുന്നില്‍ പറഞ്ഞു. തങ്ങള്‍ വന്‍ വെല്ലുവിളികളാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

sundar-pichai

∙ ജിയോ-ഫെയ്‌സ്ബുക് സൂപ്പര്‍ ആപ് ഇന്ത്യയില്‍ വന്‍വിജയമായേക്കാമെന്ന് റിപ്പോര്‍ട്ട്

ചൈനയില്‍ മക്കവരും വിചാറ്റ് ഉപയോഗിക്കുന്നവരാണ്. സമൂഹ മാധ്യമം മുതല്‍ പണമിടപാടുകള്‍ വരെ ഇതിലൂടെ നടക്കും. ഇത്തരം ഒരു സൂപ്പര്‍ ആപ് ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുകയാണ് റലയന്‍സ് ജിയോയും ഫെയ്‌സ്ബുക്കും. ഫെയ്‌സ്ബുക്കിന്റെ അധീനതയിലുള്ള വാട്‌സാപിനെ തന്നെ ഇതിനായി ഒരുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഈ നീക്കം വിജയം കാണാനുള്ള സാധ്യത വളരെയധികമാണെന്ന് ഗവേഷകര്‍ പറയുന്നു.

∙ വാട്‌സാപില്‍ അപ്രത്യക്ഷമാകുന്ന മെസേജ് അയയ്ക്കാനായേക്കും

വാട്‌സാപില്‍ കാലപരിധിക്കു ശേഷം സ്വയം അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയക്കാന്‍ താമസിയാതെ സാധിച്ചേക്കും. ഇതേക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വളരെക്കാലമായി പ്രചിരിക്കുന്നുണ്ട്. പുതിയ വാര്‍ത്തകള്‍ പ്രകാരം ഉപയോക്താക്കള്‍ക്ക് തങ്ങള്‍ അയയ്ക്കുന്ന സന്ദേശം 7 ദിവസം കഴിയുമ്പോള്‍ തന്നെ ഡിലീറ്റു ചെയ്യാന്‍ പാകത്തിനു സെറ്റു ചെയ്യാമെന്നാണ് പറയുന്നത്. വളരെ കാലമായി വാട്‌സാപ് ഈ ഫീച്ചര്‍ ടെസ്റ്റു ചെയ്തുവരികയാണ്. എന്നാണ് ഇത് അവതരിപ്പിക്കുക എന്ന് ഇപ്പോഴും തീര്‍ച്ചയില്ല.

English Summary: Internet rights body red flags banning of 59 Chinese apps

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA