ADVERTISEMENT

ഇന്റര്‍നെറ്റ് ചരിത്രത്തില്‍ നാഴികക്കല്ലായേക്കാവുന്ന ഒരു നീക്കത്തില്‍ തങ്ങളുടെ രാജ്യത്തെ വാര്‍ത്താ പ്രസിദ്ധീകരണങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഫെയ്‌സ്ബുക്കോ, ഗൂഗിളോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന് അവശ്യപ്പെടുന്ന നിയമം കൊണ്ടുവരാന്‍ പോകുകയാണ് ഓസ്‌ട്രേലിയ. കുറച്ചു കാലമായി പല രാജ്യങ്ങളും പരിഗണിക്കുന്ന ഒരു കാര്യമാണിതെങ്കിലും അത് ആദ്യമായി നടപ്പാക്കുന്ന രാജ്യമായിരിക്കുകയാണ് ഓസ്‌ട്രേലിയ. മാധ്യമങ്ങള്‍ക്ക് അവകാശധനത്തിന്റെ (royatly) രീതിയില്‍ പൈസ നല്‍കാനാണ് നിര്‍ദ്ദേശം. ഇത് ഈ വര്‍ഷം നിയമമാകുമെന്ന് ഓസ്‌ട്രേലിയുടെ ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ് പറഞ്ഞു. ഇത് ഓസ്‌ട്രേലിയന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഗുണകരമാകുമെന്നു കരുതുന്നു.

 

കൂടാതെ, വാര്‍ത്താ രംഗത്ത് കൂടുതല്‍ മത്സരം ഉണ്ടാകാനും സഹായിക്കുമെന്നു കരുതുന്നു. ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികള്‍ വാര്‍ത്താ മാധ്യമങ്ങളുടെ കണ്ടെന്റ് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലൂടെ നല്‍കുക വഴി, മാധ്യമങ്ങള്‍ക്ക് കിട്ടേണ്ട വരുമാനമോ, ശ്രദ്ധയോ ലഭിക്കാതെ പോകുന്നു. പലരും ഗൂഗിളിലും ഫെയ്‌സ്ബുക്കിലും തളച്ചിടപ്പെടുന്നു. വാര്‍ത്താ മാധ്യമങ്ങളുടെ വളര്‍ച്ച ഓരോ രാജ്യത്തിനും ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണ്. കൂടുതല്‍ രാജ്യങ്ങള്‍ ഇതിന്റെ ചുവടുപിടിച്ചു നിയമങ്ങള്‍ കൊണ്ടുവന്നേക്കും. ടെക്‌നോളജി കമ്പനികള്‍ ലോകമെമ്പാടും നേരിടുന്ന എതിര്‍പ്പിന്റെ ഭാഗമായും ഇതിനെ കാണാം. തങ്ങളുടെ മേധാവിത്വം എങ്ങനെ ഊട്ടിയുറപ്പിക്കാമെന്ന കാര്യത്തിലാണ് ഇത്തരം കമ്പനികള്‍ക്ക് ശ്രദ്ധ എന്ന ആരോപണം തന്നെയാണ് കഴിഞ്ഞ ദിവസം അമേരിക്കന്‍ കോണ്‍ഗ്രസിനു മുന്‍പാകെ ടെക് ഭീമന്മാര്‍ നേരിട്ടതും.

 

തങ്ങളടെ മാധ്യമസ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി ഇങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാവില്ല. അവരുമായി ചര്‍ച്ച നടത്തണമെന്നാണ് കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ ഗൂഗിളിനോടും ഫെയ്‌സ്ബുക്കിനോടും ആവശ്യപ്പെട്ടത്. എന്നാല്‍, അവര്‍ യാതൊരു ശുഷ്‌കാന്തിയും ഇക്കാര്യത്തില്‍ കാണിക്കാത്തതിനാലാണ് രാജ്യം നേരിട്ട് നിയമം കൊണ്ടുവരുന്നത്. എന്നാല്‍, തങ്ങള്‍ മൂലം ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്കു ലഭിക്കുന്ന കോടിക്കണക്കിനു ഹിറ്റുകള്‍ പരിഗണിക്കാതെയാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നാണ് ഗൂഗിള്‍ ഇതേക്കുറിച്ചു പ്രതികരിച്ചത്. ഇത് ഉല്‍കണ്ഠയുളവാക്കുന്നതാണെന്ന് അവര്‍ പറയുന്നു. ഇത് അടിസ്ഥാന പ്രശ്‌നത്തിന് ഒരു പരിഹാരമല്ലെന്നും ഗൂഗിള്‍ നിരീക്ഷിക്കുന്നു. ഫെയ്‌സ്ബുക് ഇതേക്കുറിച്ച് പ്രതികരിക്കാനിരിക്കുന്നതേയുള്ളു.

 

Jeff-Bezos

പരസ്യ വരുമാനം ഇടിയുന്ന മാധ്യമ സ്ഥാപനങ്ങള്‍ അമേരിക്കന്‍ കമ്പനികളെ ഇങ്ങനെ നിര്‍ബാധം പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നു പറഞ്ഞ് സർക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമാണ് പുതിയ നിയമമെന്നും പറയുന്നു. ലോകത്തെ പല രാജ്യങ്ങളും ടെക് ഭീമന്മാരുടെ കടന്നുകയറ്റം ശരിയല്ലെന്നു പറഞ്ഞു ഇരിക്കുമ്പോള്‍ ഓസ്‌ട്രേലിയ നടപടി എടുത്തിരിക്കുകയാണ് എന്നാണ് ന്യൂസ് കോര്‍പ് ഓസ്‌ട്രേലിയയുടെ മൈക്കിള്‍ മില്ലര്‍ പ്രതികരിച്ചത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 3,000 ജേണലിസം ജോലികള്‍ ഓസ്‌ട്രേലിയയില്‍ ഇല്ലാതായി. പരമ്പരാഗത വാര്‍ത്താ കമ്പനികളില്‍ നിന്ന് പരസ്യ വരുമാനം ഗൂഗിളും ഫെയ്‌സ്ബുക്കും തട്ടിയെടുക്കുകയായിരുന്നു എന്നാണ് ആരോപണം. പരസ്യത്തിനായി ചെലവഴിക്കപ്പെടുന്ന ഓരോ 100 ഡോളറിന്റെയും മൂന്നിലൊന്ന് ഗൂഗിളും ഫെയ്‌സ്ബുക്കും വിഴുങ്ങുന്നുവെന്നും പറയുന്നു. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും ഇത്തരം നിയമം പാസാക്കിയേക്കും.

 

∙ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് - മസ്‌കിനെതിരെ ബെസോസ്

 

ios

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് രംഗത്ത് ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ്എക്‌സിനു വെല്ലുവിളി ഉയര്‍ത്തി 3,236 സാറ്റലൈറ്റുകളുടെ ഒരു നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാനായി 1000 കോടി ഡോളര്‍ മുടക്കാനാണ് ജെഫ് ബെയ്‌സോസിന്റെ ആമസോണ്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തരം സാറ്റലൈറ്റുകള്‍ 5ജിയുടെ വിതരണത്തില്‍ സഹായിച്ചേക്കുമെന്ന് കരുതുന്നു. സ്‌പെസ്എക്‌സ് 500 സാറ്റലൈറ്റുകളാണ് ഇതുവരെ അയച്ചിരിക്കുന്നത്. അവര്‍ കെട്ടിപ്പെടുക്കാനാഗ്രഹിക്കുന്ന കോണ്‍സ്റ്റലേഷനില്‍ 12,000 സാറ്റലൈറ്റുകള്‍ കണ്ടേക്കും. ഈ സാങ്കേതികവിദ്യയ്ക്ക് നല്ല മുതല്‍മുടക്കു വേണ്ടിവരുമെങ്കിലും, അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതില്‍ അവയ്ക്ക് വലിയൊരു പങ്കുവഹിക്കാനാകും.

 

∙ ഐഫോണ്‍ എത്താന്‍ വൈകുമെന്ന് ആപ്പിള്‍

 

കുറച്ചു കാലമായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന അഭ്യൂഹമാണ് ഈ വര്‍ഷത്തെ ഐഫോണ്‍ 12 അവതരണം വൈകിയേക്കുമെന്നത്. അത് ഔദ്യോഗികമായി ശരിവച്ചിരിക്കുകയാണ് ആപ്പിള്‍ ഇപ്പോള്‍. സാധാരണഗതിയില്‍ സെപ്റ്റംബര്‍ ആദ്യമാണ് പ്രീമിയം ഐഫോണുകള്‍ അവതരിപ്പിക്കാറ്. എന്നാല്‍, 2020ല്‍ നിലനില്‍ക്കുന്നത് അസാധാരണ സാഹചര്യമായതിനാല്‍ ഫോണ്‍ അവതരണം നീട്ടിവച്ചേക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍, എപ്പോള്‍ പ്രതീക്ഷിക്കാമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

 

whatsapp-message-new

∙ അടുത്ത ഐഒഎസ് അപ്‌ഡേറ്റ് ഫെയ്‌സ്ബുക്കിനെ അസ്വസ്ഥമാക്കുന്നു

 

ഐഒഎസ് 14ല്‍ വിപുലമായ സ്വകാര്യതാ കേന്ദ്രീകൃത അധികാരങ്ങളാണ് ആപ്പിള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കു നല്‍കാന്‍പോകുന്നത്. പുതിയ സെറ്റിങ്‌സിലൂടെ എന്തു ഡേറ്റയാണ് ഒരു ആപ്പിന് ലഭ്യമാക്കേണ്ടത് എന്ന് ഉപയോക്താവിനു തീരുമാനിക്കാം. താന്‍ ആപ്പുകള്‍ ഉപയോഗിക്കുന്ന രീതി ചില ആപ്പുകള്‍ നോക്കിയിരിക്കുന്നതും ഉപയോക്താവിന് നിയന്ത്രിക്കാം. ഈ പുതിയ സ്വകാര്യതാ ഫീച്ചറുകള്‍ ഫെയ്‌സ്ബുക്കിന്റെയും പല ആപ് ഡെവലപ്പര്‍മാരുടെയും ഉറക്കം കെടുത്തുകയാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ഫീച്ചറുകള്‍ തങ്ങളുടെ പരസ്യ ബിസിനസിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഫെയ്‌സ്ബുക് വിലയരുത്തുന്നത്. ഇനി മേല്‍ പരസ്യക്കാര്‍ക്ക് ഡിവൈസ് ഐഡി ഉപയോഗിച്ച് ഉപയോക്താക്കളെ ട്രാക്കു ചെയ്യുന്നതും ഒഴിവാക്കി കളയുകയാണ് ആപ്പിള്‍ പുതിയ ഫീച്ചറുകളിലൂടെ. ഐഒഎസ് 14 ബീറ്റാ യൂസര്‍മാര്‍ വമ്പന്‍ ആപ്പുകള്‍ രഹസ്യമായി തങ്ങളുടെ ക്ലിപ് ബോര്‍ഡില്‍ എന്താണുളളതെന്നും മറ്റും നിരീക്ഷിക്കുന്നത് കണ്ടു കഴിഞ്ഞു.

 

∙ ആദ്യമായി 1000 കോടി ഡൗണ്‍ലോഡ് നടന്ന പ്ലേസ്റ്റോര്‍ ആപ് ഏത്?

 

ഗൂഗിള്‍ പ്ലേ സര്‍വീസസ് ആണ് പ്ലേ സ്റ്റോറില്‍ ആദ്യമായി 1000 കോടി ഡൗണ്‍ലോഡ് കടന്ന ആദ്യ ആപ്. ഈ ആപ് എല്ലാ ആന്‍ഡ്രോയിഡ് ഫോണിലും പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത് എത്തുന്നതാണ്. ആന്‍ഡ്രോയിഡ് ലോകമെമ്പാടും എത്രയധികം ഫോണുകളില്‍ ഉപയോഗിക്കപ്പെടുന്നു എന്നു കാണിച്ചു തരുന്നതാണ് പുതിയ കണ്ടെത്തല്‍.

 

∙ ഓണര്‍ മാജിക്ബുക്ക് ലാപ്‌ടോപ് അവതരിപ്പിച്ചു

 

മികച്ച ഫീച്ചറുകളുമായി ഓണര്‍ മാജിക്ബുക്ക് ലാപ്‌ടോപ് ഇന്ത്യയില്‍ അവതരിപ്പിച്ചു. തുടക്ക വില 42,990 രൂപയാണ്. ഫ്‌ളിപ്കാര്‍ട്ടിലൂടെയാണ് വില്‍ക്കുന്നത്. ഓഗസ്റ്റ് 6ന് ഡിസ്‌കൗണ്ടോടെയാണ് വില്‍പ്പന തുടങ്ങുന്നത്. തുടക്ക മോഡലിന് 39,990 രൂപയായിരിക്കും വില. കൂടാതെ, 12 മാസ ഇഎംഐ, എക്‌സ്‌ചേഞ്ചിലൂടെ 13,000 രൂപ വരെ കിഴിവ് തുടങ്ങിയ ഓഫറുകളും ഉണ്ട്. ഫുള്‍ എച്ഡി റെസലൂഷനുള്ള 15.6-ഇഞ്ച് സ്‌ക്രീനുള്ള ഈ മോഡലിന് ശക്തി പകരുന്നത് എഎംഡി റൈസന്‍ 1 3500 ആണ്. റാഡിയോണ്‍ വെഗാ 8 ഗ്രാഫിക്‌സും ഉണ്ട്. 8ജിബി റാം, 256ജിബി എസ്എസ്ഡി തുടങ്ങി ഇത്തരം ഒരു ലാപ്‌ടോപ്പില്‍ നിന്നു പ്രതീക്ഷിക്കുന്ന ഫീച്ചറുകളെല്ലാം ഉണ്ട്.

 

∙ സ്മാര്‍ട് ഉപകരണങ്ങള്‍ അണുമുക്തമാക്കാന്‍ സാംസങ്ങിന്റെ യുവി സ്റ്റെറിലൈസര്‍

 

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സ്മാര്‍ട് ഉപകരണങ്ങള്‍ അണുമുക്തമാക്കാനായി സാംസങ് യുവി സ്റ്റെറിലൈസര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്മാര്‍ട് ഫോണ്‍, ഇയര്‍ബഡ്‌സ് തുടങ്ങി പലതും അണുമുക്തമാക്കാന്‍ ഉപയോഗിക്കാവുന്ന സാംസങ് യുവി സ്‌റ്റെറിലൈസര്‍ ബോക്‌സില്‍ ഇരട്ട യുവി ലൈറ്റുകള്‍ ഉണ്ട്. 3,599 രൂപ വിലയിട്ടിരിക്കുന്ന ഉപകരണത്തിന് വയര്‍ലെസ് ചാര്‍ജിങ് ഉള്ള ഉപകരണങ്ങളെ ചാര്‍ജ് ചെയ്യാനും സാധിക്കുമെന്നത് പലര്‍ക്കും ആകര്‍ഷകമായ കാര്യമായിരിക്കും.

 

∙ വാട്‌സാപിലൂടെ 50 പേരുമായി വിഡിയോ ചാറ്റ് നടത്താം

 

ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സാപിലൂടെ ഇനി പരമാവധി 50 പേരുമായി വിഡിയോ ചാറ്റ് നടത്താം. ഫെയ്‌സ്ബുക് റൂംസ് എന്ന ഫീച്ചര്‍ വാട്‌സാപ് വെബിനും ഇപ്പോള്‍ നല്‍കിയിരിക്കുകയാണ്. വാട്‌സാപ് തങ്ങളുടെ കംപ്യൂട്ടറില്‍ ബ്രൗസറിലൂടെ ഉപയോഗിക്കുന്നവര്‍ക്കാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭ്യമാകുക. വാട്‌സാപ് വെബ് ഉപയോക്താക്കള്‍ക്ക് സ്‌ക്രീനിന്റെ മുകളില്‍ ഇടതുവശത്ത് കാണുന്ന മൂന്നു ഡോട്ടുകളില്‍ ക്ലിക്കു ചെയ്ത് മെന്യൂ തുറന്ന് ക്രീയേറ്റ് റൂം ഓപ്ഷനിലെത്തി പുതിയ റൂം തുറക്കാം.

 

English Summary: Facebook, Google will have to pay to media houses etc

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com