ADVERTISEMENT

റിലയന്‍സ് ഒരുമ്പെട്ടാല്‍ ഇന്ത്യയില്‍ പലതും നടക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് അറിയാത്തവരില്ല. സംശയമുണ്ടെങ്കില്‍ എയര്‍ടെല്ലിനോടും വൊഡാഫാണിനോടും ഐഡിയയോടും മറ്റും ചോദിച്ചാല്‍ മതി. വളരെ വര്‍ഷങ്ങളായി റിലയന്‍സ് കീഴടക്കാന്‍ ആഗ്രഹിക്കുന്ന ഒരു മേഖലയാണ് ഇകോമൈഴ്‌സ്. അവരുടെ കണ്ണ് അതില്‍ പതിഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ഇന്ത്യയില്‍ മുന്നിലുള്ള, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും ഇനി പുതിയ തന്ത്രങ്ങളൊരുക്കിയില്ലെങ്കില്‍ തങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്നറിയാം. എന്തായാലും റിലയന്‍സിന്റെ ജിയോമാര്‍ട്ടിനെതിരെ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഫ്‌ളിപ്കാര്‍ട്ട് – പല നഗരങ്ങളിലും ഡാര്‍ക് സ്റ്റോറുകള്‍ (dark store) തുടങ്ങുക എന്നതാണ് അവര്‍ ആദ്യം പരീക്ഷിക്കുന്നത്. ഡാര്‍ക് സ്‌റ്റോര്‍ എന്നു പറഞ്ഞാല്‍ റീട്ടെയില്‍ സ്റ്റോര്‍, വിതരണ കേന്ദ്രം എന്നൊക്കെയാണ് അര്‍ഥം. അടുത്തുള്ള ലൊക്കേഷനുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുക എന്ന ഉദ്ദേശമായിരിക്കും ഈ ശേഖരണശാലകള്‍ക്ക് ഉണ്ടാകുക. വിദേശ കമ്പനികള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ മൂലം, വാള്‍മാര്‍ട്ട് ഉപേക്ഷിച്ചു പോകുമൊ എന്ന സംശയം ഉന്നയിച്ചവര്‍ക്കുള്ള മറുപടി കൂടെയാണ് കമ്പനി നടത്തുന്ന പുതിയ നീക്കങ്ങളും മുതല്‍മുടക്കും.

 

എന്നാല്‍, ഇത് പരമ്പരാഗത ഫ്‌ളിപ്കാര്‍ട്ട് കച്ചവടത്തിനപ്പുറവുമാകാം. പലചരക്കിനു മാത്രമായാണ് ചെറിയ സ്റ്റോറുകള്‍ പണിയുന്നത്. പല മെട്രോ നഗരങ്ങളിലും, 3,000- 4,000 അടി വിസ്തീര്‍ണമുള്ള ഡസന്‍ കണക്കിന് ഡാര്‍ക് സ്റ്റോറുകളാണ് ഫ്‌ളിപ്കാര്‍ട്ട് ഇപ്പോള്‍ അണിനിരത്തുന്നത്. ഭക്ഷണ-പല ചരക്കു വില്‍പ്പന ഡൽഹിയുടെ നാഷണല്‍ ക്യാപ്പിറ്റല്‍ റിജിയണ്‍, മുംബൈ, പുനെ, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങയി നഗരങ്ങളടക്കം പലയിടത്തും ഊര്‍ജ്ജിതമാക്കാനാണ് കമ്പനിയുടെ നീക്കം.

 

∙ ഫ്‌ളിപ്കാര്‍ട്ട് ക്വിക്

 

കഴിഞ്ഞയാഴ്ചയാണ് കമ്പനി തങ്ങളുടെ പുതിയ സേവനമായ 'ഫ്‌ളിപ്കാര്‍ട്ട് ക്വിക്' ബെംഗളൂരുവില്‍ അവതരിപ്പിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് ലഭ്യമാക്കയിട്ടുണ്ട്. ഇതിലൂടെ 2,000 ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് രണ്ടു മണിക്കൂറിനുള്ളില്‍ എത്തിച്ചു കൊടുക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പലചരക്ക്, പാല്‍, മത്സ്യം, ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങി പല പ്രൊഡക്ടുകളും ഇത്തരത്തില്‍ എത്തിച്ചുകൊടുക്കും. കൂടുതല്‍ പ്രൊഡക്ടുകള്‍ പിന്നീട് വില്‍പ്പനയ്‌ക്കെത്തും.

 

∙ എങ്ങനെയാണ് ഓര്‍ഡര്‍ ചെയ്യുക?

 

ദിവസവും ഏതു സമയത്തും ഓര്‍ഡര്‍ ചെയ്യാം. എന്നാല്‍ എത്തിച്ചു നല്‍കല്‍ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും. ഇതിന്റെ കുറഞ്ഞ ഡെലിവറി ചാര്‍ജ് 29 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് 90 മിനിറ്റിനുള്ളില്‍ എത്തിച്ചു കിട്ടണമെന്ന് ആവശ്യപ്പെടാം. അല്ലെങ്കില്‍ 2 മണിക്കൂറിനുള്ളില്‍ വേണമെന്നും ആവശ്യപ്പെടാം. വൈറ്റ്ഫീല്‍ഡ്, പനത്തൂര്‍, എച്എസ്ആര്‍ ലേയൗട്ട്, ബിടിഎം ലേയൗട്ട്, ബനശങ്കരി, കെആര്‍ പുരം, ഇന്ദിരാനഗര്‍ എന്നിവിടങ്ങളിലാണ് ഇത് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള പിന്‍ കോഡ് കേന്ദ്രീകൃത ഡെലിവറി സിസ്റ്റമായിരിക്കില്ല മറിച്ച് ലാറ്റിറ്റിയൂഡ്, ലോഞ്ചിട്യൂഡ് സമീപനമായിയിരിക്കും ഡെലിവറിക്ക് സ്വീകരിക്കുക. ഇതിലൂടെ ഡെലിവറി വേഗത്തിലാക്കാമെന്നും അഡ്രസ് തെറ്റിപ്പോയി ഡെലിവറി ബോയ്‌സ് ചുറ്റിത്തിരിയുന്നതു കുറയ്ക്കാനാകുമെന്നും കമ്പനി കരുതുന്നു.

 

∙ കിരാനാ സ്റ്റോര്‍, സ്വന്തം ശേഖരണ സ്ഥലങ്ങള്‍

 

കൂടാതെ കിരാന സ്റ്റോറുകളെ ഒപ്പം കൂട്ടുക എന്ന ജിയോയുടെയും ആമസോണിന്റെയും തന്ത്രവും കമ്പനി പയറ്റുന്നുണ്ട്. അതിനു പുറമെ പല നഗരങ്ങളിലും സ്വതന്ത്ര നെറ്റ്‌വര്‍ക്കുകളും സംഭരണ സ്ഥലങ്ങളും സ്വന്തമായി ഒരുക്കും. ഡൽഹിയില്‍ തുടക്കത്തില്‍ ഇത്തരത്തിലുള്ള പന്ത്രണ്ടോളം സംഭരണ സ്ഥലങ്ങളൊരുക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതത്രെ. അതു പോലെ മറ്റു നഗരങ്ങളിലും. ഏതൊക്കെ സാധനങ്ങളാണ് പെട്ടെന്നു വിറ്റു പോകുന്നത് എന്നു കണ്ടെത്തിയ ശേഷം, അവ കൂടുതല്‍ സ്‌റ്റോക്കു ചെയ്യും. നഗരത്തിനു വെളിയിലുള്ള തങ്ങളുടെ തന്നെ ഫുള്‍ഫില്‍മെന്റ് സെന്ററുകളില്‍ നിന്നാകും സാധനങ്ങള്‍ എത്തിക്കുക.

 

തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന വില്‍പ്പനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും ഗുണകരമായ രീതിയിലുള്ള പുതിയ മുതല്‍മുടക്കുകള്‍ നടക്കാനൊരുങ്ങുകയാണ് കമ്പനി എന്നു പറയുന്നു. കൂടുതല്‍ പ്രാദേശികമായ വില്‍പ്പനാ തന്ത്രങ്ങള്‍ മനസില്‍ വച്ച് ആറു നഗരങ്ങളില്‍ കൂടെ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കമ്പനി മുതിരുന്നത്. ഫ്‌ളിപ്കാര്‍ട്ട് ക്വിക് ഈ നഗരങ്ങളിലും എത്തിയേക്കും. കൊറോണാവൈറസ് മൂലമുള്ള ലോക്ഡൗണ്‍ ഓണ്‍ലൈന്‍ പലചരക്കു വ്യാപാരികളായ ബിഗ്ബാസ്‌കറ്റ്, ഗ്രോഫേഴ്‌സ്, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയവര്‍ക്ക് ഗുണകരമാകുകയായിരുന്നു എന്നും പറയുന്നു. ഈ കാലയളവില്‍, ഇവര്‍ക്കു ലഭിക്കുന്ന ഓര്‍ഡറുകള്‍ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്.

 

കഴിഞ്ഞ മാസം ഫ്‌ളിപ്കാര്‍ട്ട് വാള്‍മാര്‍ട്ടിന്റെ ഇന്ത്യയിലെ മൊത്തവ്യാപാര ബിസിനസ് ഏറ്റെടുത്തിരുന്നു. വാള്‍മാര്‍ട്ടിന്റെ 'ബെസ്റ്റ് പ്രൈസ്' വില്‍പ്പനശാലകള്‍ തങ്ങളുടെ ഫുള്‍ഫില്‍മെന്റ് സെന്ററുകളാക്കാനാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ ഉദ്ദേശമെന്നു പറയുന്നു. അതേസമയം, ഇന്ത്യയിലെ ഓണ്‍ലൈന്‍ വില്‍പ്പന 2024ലോടെ ഇരട്ടിയാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

 

English Summary: Flipkart's new strategies agaist JioMart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com