ADVERTISEMENT

മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍, ടെലികോം ഉപകരണങ്ങള്‍, സോളാര്‍ പാനലുകള്‍, എയര്‍ കണ്ടിഷണറുകള്‍, പെനിസിലില്‍ എന്നിവ ഉള്‍പ്പടെ കേവലം 327 ഉല്‍പ്പനങ്ങള്‍ക്കാണ് ഇന്ത്യ ഇപ്പോള്‍ പ്രധാനമായും ചൈനയെ ആശ്രയിക്കുന്നതെന്ന് പഠനം. ഇവയാണ് രാജ്യം നടത്തുന്ന ഇറക്കുമതിയുടെ നാലില്‍ മൂന്നും. വേണമെന്നു വച്ചാല്‍ ഇവയെല്ലാം എത്തിക്കാന്‍ ബദല്‍ സംവിധാനമൊരുക്കല്‍ സാധ്യമാണെന്നും പറയുന്നു. സ്വയംപര്യാപ്തത നേടണമെങ്കില്‍ ചിലതെല്ലാം ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കേണ്ടതായും വരും.

 

ആര്‍ഐഎസ്, അഥവാ റിസേര്‍ച് ആൻഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ ഡെവലപ്പിങ് കണ്ട്രീസ് (Research and Information System for Developing Countries (RIS), ഐക്യരാഷ്ട്ര സംഘടനയുടെ കോംട്രേഡ് ഡേറ്റ എടുത്തു നടത്തിയ പഠനമാണ് ഇക്കാര്യത്തിലേക്ക് വെളിച്ചംവീശിയിരിക്കുന്നത്. 2018ല്‍ നിര്‍ണായകമായ സാധനങ്ങളുടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി നടന്നിരിക്കുന്നത് 66.6 ബില്ല്യന്‍ ഡോളറിനാണ്. മൊത്തം ഇറക്കുമതിയാകട്ടെ 90 ബില്ല്യന്‍ ഡോളറുമെന്നും പഠനം പറയുന്നു. 2018-19 കാലഘട്ടത്തില്‍ ഔദ്യോഗിക വിവരം പ്രകാരം ചൈനയില്‍ നിന്നു നടന്നിരിക്കുന്ന ഇറക്കുമതി 76.4 ബില്ല്യന്‍ ഡോളറിനുള്ളതാണ്.

 

ഇറക്കുമതി ചെയ്യുന്ന ഒരു സാധനത്തിന്റെ 10 ശതമാനമെങ്കിലു ചൈനയാണ് നല്‍കുന്നതെങ്കിലോ, അല്ലെങ്കില്‍ 50 ദശലക്ഷം ഡോളറിനുള്ളേത് ചൈനയില്‍ നിന്നു വരുത്തുകയാണ് ചെയ്യുന്നതെങ്കിലോ അതിനെ ലാഘവബുദ്ധിയോടെ കാണില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ചൈനയ്ക്കുള്ള കുത്തക പൊളിക്കേണ്ടത് തന്ത്രപരമായ ആവശ്യവുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത്തരത്തില്‍ ചൈനയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്ന സാധനങ്ങളില്‍ 327 എണ്ണത്തിന്റെ കാര്യം ലാഘവബുദ്ധിയോടെ പരിഗണിക്കാനാവില്ല. മൊത്തം 4,000 ലേറെ ഉല്‍പ്പനങ്ങളാണ് ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍, ഇവയില്‍ 10 ശതമാനത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഗൗരവം കാണിക്കേണ്ടത്. പക്ഷേ, മുകളില്‍ പറഞ്ഞ 4,000 ലേറെ ഉല്‍പ്പന്നങ്ങളുടെ 82 ശതമാനം അല്ലെങ്കില്‍, 3,300 ലേറെ ഉല്‍പ്പന്നങ്ങള്‍ ഇപ്പോഴും ചൈനയില്‍ നിന്നു വാങ്ങുന്നതു തന്നെയാണ് ലാഭകരം.

 

എന്നാല്‍, ചില സാധനങ്ങള്‍ ചൈന മാത്രമാണ് കയറ്റുമതി ചെയ്യുന്നത്. ഇയര്‍ഫോണുകള്‍, ഹെഡ്‌ഫോണുകള്‍, മൈക്രോവേവ് അവനുകള്‍, ചില തരം വാഷിങ് മെഷീനുകള്‍ തുടങ്ങിയവെയെല്ലാം ഇതില്‍പ്പെടും. മറ്റു പലവിധ ഉല്‍പ്പന്നങ്ങളും ഇവയില്‍ പെടും- വണ്ടികളുടെ പാര്‍ട്‌സുകള്‍, എസ്‌കലേറ്ററുകളുടെ പാര്‍ട്‌സുകള്‍, ചില തരം ആസിഡുകള്‍, വളങ്ങളും കീടനാശിനികളും തുടങ്ങിയവയെല്ലാം ചൈന മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഉദാഹരണത്തിന് ഡയമോണിയം ഫോസ്‌ഫേറ്റ് ഉണ്ടാക്കി വില്‍ക്കുന്ന ഏക രാജ്യം ചൈനയാണ്.

 

എന്നാല്‍, ഇതില്‍ ചില സാധനങ്ങള്‍ മറ്റെവിടെ നിന്നും ലഭ്യമല്ലെങ്കില്‍ രാജ്യത്തു തന്നെ ഉണ്ടാക്കാമെന്നാണ് ആര്‍ഐഎസിന്റെ ഡയറക്ടര്‍ സച്ചിന്‍ ചതുര്‍വേദി ദേശിയ മാധ്യമങ്ങളോടു പറഞ്ഞത്. ഇനി മറ്റെവിടെ നിന്നെങ്കിലും ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കിത്തന്നെ വേണമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍, സർക്കാർ വെറുതെയിരിക്കുകയല്ല. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പലതിനും ബദല്‍ മാര്‍ഗങ്ങള്‍ ആരായാന്‍ മാര്‍ച്ച് മുതല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, സാമ്പത്തികശാസ്ത്രജ്ഞരും വ്യാപാരികളും പറയുന്നത് ചൈനയെപ്പോലെ ഇത്രയധികം സാധനങ്ങള്‍ ഉൽപ്പാദിപ്പിച്ചു വിടാന്‍ കെല്‍പ്പുള്ള മറ്റു രാജ്യങ്ങള്‍ ഉണ്ടാവില്ലെന്നാണ്. ആര്‍ഐഎസും ഇക്കാര്യത്തില്‍ യോജിപ്പു പ്രകടിപ്പിക്കുന്നു. വേണ്ടത്ര അളവില്‍ സാധനങ്ങള്‍ എത്തിച്ചു തരാന്‍ ഇപ്പോള്‍ ചൈനയ്ക്കുള്ള ശേഷി മറ്റാര്‍ക്കുമില്ലെന്ന് ഗവേഷകരും സമ്മതിക്കുന്നു.

 

കഴിഞ്ഞ പല വര്‍ഷങ്ങളായി ലോകത്തിന്റെ നിര്‍മാണ ഫാക്ടറിയായി ചൈന മാറിയിരുന്നു. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍, രാസവസ്തുക്കള്‍, തുടങ്ങിയവ നിര്‍മിക്കുന്ന ആഗോള ഭീമന്മാര്‍ ചൈനയില്‍ വന്‍തോതിലുള്ള നിര്‍മാണശാലകള്‍ തുറക്കുകയും ചെയ്തിരുന്നു. പല ഉല്‍പ്പന്നങ്ങളും അമേരിക്കയും യൂറോപ്പുമടക്കമുള്ള മേഖലകളിലേക്കും കയറ്റുമതി ചെയ്തിരുന്നത് ചൈനയില്‍ നിന്നാണ്. എന്നാല്‍, കൊറോണാവൈറസ് ബാധയ്ക്കു ശേഷവും അമേരിക്ക-ചൈന വാണിജ്യ യുദ്ധം മുറുകിയതിനു ശേഷവും പല കമ്പനികളും തങ്ങളുടെ താവളങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്.

 

സ്വയംപര്യാപ്തതയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കില്‍ പരമാവധി ഉല്‍പ്പന്നങ്ങള്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതിനായിരിക്കണം ഊന്നല്‍ നല്‍കേണ്ടതെന്ന് ഗവേഷകര്‍ പറയുന്നു. അതു തന്നെയാണ് സർക്കാർ ഇപ്പോള്‍ ചെയ്യുന്നതും. പല തരത്തിലുള്ള പ്രോത്സാഹനങ്ങളും ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന സാധനങ്ങള്‍ക്കും കമ്പനികള്‍ക്കും നല്‍കുന്നുണ്ട്. മൊബൈല്‍ - ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയൊക്കെ പ്രാദേശികമായി ഉത്പാദനം നടത്താനുള്ള ശ്രമത്തിലാണ് രാജ്യം. വാണിജ്യ വ്യവസായ മന്ത്രാലയമാകട്ടെ ഇത്തരത്തിലുള്ള പല മേഖലകളും കണ്ടെത്തിക്കഴിഞ്ഞു. ഗൃഹോപകരണങ്ങള്‍, ചെരുപ്പ്, എയര്‍ കണ്ടിഷണറുകള്‍ തുടങ്ങി പല സാധനങ്ങളും ഇത്തരത്തില്‍ നിര്‍മിക്കുന്നവര്‍ക്ക് പല വിധ പ്രോത്സാഹനങ്ങളും നല്‍കുന്നു.

 

മറ്റൊരു രാജ്യത്തു നിന്നും ഇറക്കുമതി ചെയ്യാന്‍ പറ്റാത്ത സാധനങ്ങള്‍ തിരിച്ചറിഞ്ഞ് അവ ഇന്ത്യയില്‍ തന്നെ നിര്‍മിച്ചെടുക്കണം. ഇക്കാര്യത്തില്‍ ഹൃസ്വകാല-ഇടക്കാല സാധ്യതകള്‍ ആരായണം. പലരും പറയുന്നത് ഇന്ത്യ പൂര്‍ണമായും ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിർത്തിയാലും ചൈനയ്ക്ക് ഒന്നും സംഭവിക്കാനില്ല എന്നാണ്. എന്നാല്‍, അങ്ങനെയായിരിക്കില്ല കാര്യങ്ങളെന്നാണ് ഈ പഠനം നടത്തിയവര്‍ പറയുന്നത്.

 

English Summary: Can India avoid China in imports?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com