ADVERTISEMENT

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരികളിലൊന്നായ ഫ്‌ളിപ്കാര്‍ട്ട് ആപ്പിള്‍ പ്രൊഡക്ടുകള്‍ വിലക്കുറവില്‍ വില്‍ക്കുകയാണിപ്പോള്‍. ഐഫോണ്‍ എസ്ഇ (2020) മോഡല്‍ ഇന്ത്യയില്‍ ഇന്നേ വരെ വിറ്റിരിക്കുന്നതിനേക്കാള്‍ കുറവിലാണ് വില്‍ക്കുന്നത് - 35,999 രൂപയ്ക്ക്. 64ജിബി വേരിയന്റിനാണ് ഈ വില. 128 ജിബിക്ക് 40,999 രൂപ നല്‍കണം. എന്നാല്‍ 256 ജിബിക്ക് 50,999 രൂപയാണ് വില.

 

മറ്റു ഫോണുകളും അവയുടെ ഡിസ്‌കൗണ്ട് വിലയും

ഐഫോണ്‍ XR 64 ജിബി- 45,999 രൂപ

ഐഫോണ്‍ XR 128 ജിബി- 51,999 രൂപ

 

ഇതൂ കൂടാതെ ആക്‌സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 5 ശതമാനം അധിക ഡിസ്‌കൗണ്ടും ലഭിക്കും. പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ 13,450 രൂപ വരെ കിഴിവു ലഭിക്കും. ഐഫോണുകള്‍ കൂടാതെ മാക് ബുക്കുകള്‍ക്കും വിലക്കുറവുണ്ട്.

 

apple-logo

∙ ഐഫോണ്‍ എസ്ഇക്ക് സ്ഥിരമായി വില കുറഞ്ഞേക്കം, ഇന്ത്യയില്‍ നിര്‍മാണം തുടങ്ങിയെന്ന് ആപ്പിള്‍

 

തങ്ങളുടെ എക്കാലത്തെയും വില കുറഞ്ഞ ഐഫോണുകളിലൊന്നായ ഐഫോണ്‍ എസ്ഇ (2020) ഇന്ത്യയില്‍ നിര്‍മാണം തുടങ്ങിയതായി ആപ്പിള്‍ അറിയിച്ചു. ഇവിടെ നിര്‍മിക്കുന്നവ പ്രാദേശിക മാര്‍ക്കറ്റിലും വില്‍പ്പനയ്‌ക്കെത്തുമെന്നും അറിയിച്ചതോടെ ഈ മോഡലിന്റെ വില കാര്യമായി കുറഞ്ഞേക്കാമെന്നാണ് വിലയിരുത്തലുകള്‍. ഇന്നേവരെ ഇറക്കിയ ഏറ്റവും ശക്തമായ ഐഫോണ്‍ പ്രോസസര്‍ (എ13 ബയോണിക്) ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്ന ഈ ഫോണ്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ തുടങ്ങിയെന്നും, ഏറ്റവും വിലക്കുറവില്‍ എത്തുന്ന ഈ ഫോണ്‍ തങ്ങളുടെ പ്രാദേശിക ഉപയോക്താക്കള്‍ക്കു വേണ്ടി നിര്‍മിക്കുന്നു എന്നത് തങ്ങള്‍ക്ക് സന്തോഷം പകരുന്നുവെന്നുമാണ് കമ്പനി പറയുന്നത്. ഈ വര്‍ഷം ഏപ്രില്‍ 15നാണ് ഈ മോഡല്‍ ഐഫോണ്‍ എസ്ഇ അവതരിപ്പിക്കുന്നത്. ഇതിന്റെ തുടക്ക വേരിയന്റിന് 42,500 രൂപയാണ് വിലയിട്ടിരിക്കുന്നത്.

 

oneplus-nord

കൂടുതല്‍ പ്രീമിയം മോഡലുകളടങ്ങുന്ന ഐഫോണ്‍ 11 സീരിസിന്റെ തുടക്ക വേരിയന്റിന് 60,000 രൂപയ്ക്കു മുകളിലാണ് വില. ആപ്പിളിനായി ഐഫോണുകള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനികളിലൊന്നായ വിന്‍സ്ട്രണ്‍ തങ്ങളുടെ ബെംഗളൂരുവിലെ ഫാക്ടറിയിലാണ് ഇതിന്റെ ഉത്പാദനം തുടങ്ങിയിരിക്കുന്നത്. താമിയാതെ ഇത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയക്കെത്തും. ഇപ്പോള്‍ ഐഫോണ്‍ 7 ഈ ഫാക്ടറിയിലാണ് നിര്‍മിക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫോണിന് എംആര്‍പിയില്‍ എന്തു കുറവു വരുത്തണമെന്ന കാര്യത്തില്‍ കമ്പനി ഇനിയും തീരുമാനമെടുത്തിട്ടില്ല. അമേരിക്കയില്‍ 399 ഡോളര്‍ വിലയുള്ള ഫോണാണ് 42,500 രൂപയ്ക്കു വില്‍ക്കുന്നത് എന്നതിനാല്‍, അതിന്റെ വില ഇടിച്ചു വിറ്റേക്കുമെന്നു കരുതുന്നു. ഇറക്കുമതി ചുങ്കം നല്‍കേണ്ടി വരുന്നില്ലാത്തതിനാല്‍ വിലക്കുറവ് പ്രതീക്ഷിക്കാമെന്നും, തങ്ങളുടെ എതിരാളികളെ പിടിച്ചുകെട്ടാനുള്ള ഒരവസരമായി ഇതിനെ കമ്പനി എടുക്കുമെന്നുമാണ് രാജ്യത്തെ ഐഫോണ്‍ പ്രേമികള്‍ കരുതുന്നത്. ഐഫോണ്‍ എസ്ഇ മോഡലിന്റെ വിലക്കുറവ് പരിഗണിച്ചാണ് വണ്‍പ്ലസ് നോര്‍ഡിന്റെ തുടക്ക വേരിയന്റിന്റെ വില 25,000 രൂപയാക്കിയിരിക്കുന്നത്. ആപ്പിളിനു വേണ്ടി ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്ന മറ്റൊരു കമ്പനിയായി ഫോക്‌സ്‌കോണ്‍ തങ്ങളുടെ ചെന്നൈയിലെ ഫാക്ടറിയില്‍ ഐഫോണ്‍ XR, ഐഫോണ്‍ 11 എന്നിവ നിര്‍മിക്കുന്നുണ്ട്. ഇവയാണ് ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള ഐഫോണ്‍ മോഡലുകള്‍.

 

∙ സിങ്കപ്പൂരില്‍ സവിശേഷമായ മറ്റൊരു ആപ്പിള്‍ സ്റ്റോര്‍

 

വലിയൊരു പന്ത് വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന പ്രതീതിയുണര്‍ത്തുന്ന ഒരു സ്‌റ്റോറാണ് ആപ്പിള്‍ ഇപ്പോള്‍ സിങ്കപ്പൂരില്‍ തുടങ്ങിയിരിക്കുന്നത്. ഇപ്പോള്‍ മൂന്നു സ്‌റ്റോറുകളാണ് കമ്പനിക്ക് ഈ നഗരത്തിലുള്ളത്. ഇന്ത്യയില്‍ തങ്ങളുടെ ഒരു സ്‌റ്റോര്‍ ബെംഗളൂരുവില്‍ തുടങ്ങാനുള്ള ചര്‍ച്ചകളില്‍ തുടങ്ങിയിരിക്കുകയാണ് കമ്പനി.

 

∙ നോര്‍ഡിനെക്കാള്‍ വിലകുറച്ചൊരു മോഡല്‍ വണ്‍പ്ലസ് ഇറക്കിയേക്കും

 

ഷഓമി, റിയല്‍മി തുടങ്ങിയ കമ്പനികള്‍ രാജാക്കന്മാരായി വിലസുന്ന സെഗ്‌മെന്റില്‍ ഫോണിറക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയില്‍ ഏറ്റവുമധികം വിശ്വാസ്യതയുള്ള ബ്രാന്‍ഡുകളിലൊന്നായ വണ്‍പ്ലസ് എന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്. സ്‌നാപ്ഡ്രാഗണ്‍ 460 (SM4250) പ്രോസസര്‍ ഉപയോഗിച്ചായിരിക്കും ഈ ഫോണ്‍ നിര്‍മിക്കുക എന്നും പറയുന്നു. ഇപ്പോള്‍ വൈ-ഫൈ6 ഫീച്ചറുള്ള ലോകത്തെ മൂന്നു പ്രോസസറുകളിലൊന്നാണിത്. തങ്ങളുടെ 400 സീരിസ് പ്രോസസറുകള്‍ക്ക് പെര്‍ഫോമന്‍സ് കോറുകള്‍ ആദ്യമായി നല്‍കുന്നതും ഈ പ്രോസസറിലാണ്. അടുത്തിറങ്ങാന്‍ പോകുന്ന ഒപ്പോ എ53 ഇതേ പ്രോസസര്‍ ഉപയോഗിച്ചായിരിക്കും നിര്‍മിക്കുക എന്നു പറയുന്നു. സ്‌നാപ്ഡ്രാഗണ്‍ 662/665 പ്രോസസറായിരിക്കാം വണ്‍പ്ലസിന്റെ ബജറ്റ് ഫോണിന് എന്നു വാദിക്കുന്നവരും ഉണ്ട്. എന്തായാലും ഈ മോഡലിന്റെ വില തുടങ്ങുന്നത് 16,000- 18000 രൂപ റെയ്ഞ്ചിലായിരിക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. മറ്റൊരു അഭ്യൂഹം പറയുന്നത് സ്‌നാപ്ഡ്രാഗണ്‍ 400 സീരിസിലും, 600 സീരിസിലും രണ്ടു വ്യത്യസ്ത മോഡലുകള്‍ ഇറക്കിയേക്കാമെന്നാണ്.

 

∙ മോട്ടറോള ജി 9 അവതരിപ്പിച്ചു, തുടക്ക വേരിയന്റിന് 11,499 രൂപ വില

 

മോട്ടറോള കമ്പനി തങ്ങളുടെ വില കുറഞ്ഞ മോഡലുകളിലൊന്നായ ജി9 അവതരിപ്പിച്ചു. 11,499 രൂപ വിലയിട്ടിരിക്കുന്ന ഈ മോഡല്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെയായിരിക്കും വില്‍ക്കുക. 6.5-ഇഞ്ച് എഡി ഡിസ്‌പ്ലേ, വാട്ടര്‍ഡ്രോപ് സ്റ്റൈല്‍ നോച്ച്, സ്‌നാപ്ഡ്രാഗണ്‍ 662 പ്രോസസര്‍ 4 ജിബി റാം, 64 ജിബി സംഭരണശേഷി, ആന്‍ഡ്രോയിഡ് 10 തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍.

 

∙ ലോകത്തെ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് സ്പീഡ് നേടിയെന്ന് അവകാശവാദം

 

തങ്ങള്‍ ലോകത്ത് ഇന്നേവരെ സാധിക്കാത്ത തരത്തിലുള്ള ഡേറ്റാ ട്രാന്‍സ്മിഷന്‍ സ്പീഡ് കൈവരിച്ചതായി ബ്രിട്ടനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ ഗവേഷകര്‍ പറയുന്നതു ശരിയാണെങ്കില്‍ അവര്‍ നേടിയിരിക്കുന്നത് സെക്കന്‍ഡില്‍ 178 ടിബി ഡൗണ്‍ലോഡ് സ്പീഡാണ്. എന്നു പറഞ്ഞാല്‍ നെറ്റ്ഫ്‌ളിക്‌സ് തങ്ങളുടെ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള കണ്ടെന്റെല്ലാം ഒരു സെക്കന്‍ഡിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് ചുരുക്കം. നിലവിലുള്ള റെക്കോഡിന്റെ 5 ഇരട്ടി വേഗമാണിത്. നേരത്തെയുള്ള റെക്കോഡ് ജാപ്പനീസ് ശാസ്ത്രജ്ഞരായിരുന്നു സ്വന്തമാക്കിയിരുന്നത്.

 

English Summary: iPhones available at lowest prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com