ADVERTISEMENT

ആദ്യ ഐഫോണ്‍ 5ജി ചൊവ്വാഴ്ച അവതരിപ്പിക്കപ്പെടും. അത്യുജ്വല സ്പീഡുള്ള ഒന്നോ ഒന്നിലേറെയോ 5ജി മോഡലുകള്‍ ഉണ്ടായേക്കുമെന്നും കേള്‍ക്കുന്നു. എന്നാല്‍, ഇതിന്റെ പ്രയോജനം ഉപയോക്താക്കളിലേക്ക് ഉടനെ എത്തിയേക്കില്ല എന്നാണ് അവലോകകര്‍ പറയുന്നത്. അഞ്ചാം തലമുറ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് അഥാവ 5ജി എന്നറിയപ്പെടുന്ന സാങ്കേതികവിദ്യയ്ക്ക് 4ജിയെക്കാള്‍ 10 മുതല്‍ 20 ശതമാനം വരെ വേഗം കൂടുതലായിരിക്കും. പുതിയ ഐഫോണ്‍ 5ജി അമേരിക്കയിലടക്കം പല രാജ്യങ്ങളിലും നിലവിലുള്ള നെറ്റ്‌വര്‍ക്കില്‍ ഉപയോഗിക്കുന്നതിനെ ഫെറാറി കാർ വാങ്ങി ഗ്രാമങ്ങളിലെ കുണ്ടുംകുഴിയും പിടിച്ച റോഡില്‍ ഉപയോഗിക്കുന്നതിനു തുല്യമായിരിക്കുമെന്നാണ് സട്രാറ്റജി അനലിസ്റ്റ് കമ്പനിയിലെ വിശകലന വിദഗ്ധന്‍ ബോറിസ് മെറ്റൊഡിയേവ് പറയുന്നത്. പുതിയ ഐഫോണ്‍ മോഡലുകളുടെ അവതരണം ചൊവ്വാഴ്ച നടന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

എന്നാല്‍, നെറ്റ്‌വര്‍ക്കുകളുടെ സ്പീഡില്ലായ്മ ആപ്പിളിന് അവതരണ സമയത്ത് ഒരു പ്രശ്‌നം സൃഷ്ടിച്ചേക്കുമെന്നും പറയുന്നു. തങ്ങളുടെ 5ജി ഫോണ്‍ വാങ്ങിയാല്‍ 20 മടങ്ങു ഡേറ്റാ സ്പീഡു പ്രതീക്ഷിക്കാമെന്നും പറഞ്ഞ് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചാല്‍ വാങ്ങുന്നവര്‍ നിരാശരാകുമെന്നതാണ് കാരണം. എന്നാല്‍, കൂടിയ സ്പീഡ് വാഗ്ദാനം ചെയ്യുകയും അമിത പ്രതീക്ഷ നല്‍കാതിരിക്കുകയുമായിരിക്കാം കമ്പനി സ്വീകരിക്കാന്‍ പോകുന്ന നയമെന്നാണ് ഒരു അനുമാനം. അമേരിക്കയില്‍ ഇപ്പോള്‍ വ്യാപകമായി വിന്യസിച്ചിരിക്കുന്ന 5ജി സാങ്കേതികവിദ്യ, ലോ-ബാന്‍ഡ് വയര്‍ലെസ് സ്‌പെക്ട്രം അഥവാ എയര്‍സ്‌പെയ്‌സ് എന്നറിയപ്പെടുന്ന ഒന്നാണ്. ഇത് ഹൈ-ബാന്‍ഡ് സ്‌പെക്ട്രത്തേക്കാള്‍ വേഗം കുറഞ്ഞ ഒന്നാണ്. എന്നാല്‍, ടവര്‍ അകലെയാണെങ്കില്‍ ലോ-ബാന്‍ഡ് ആണ് കുടുതല്‍ വിശ്വസിക്കാവുന്നത്. ഇനിയും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മാത്രമായിരിക്കും ഉജ്വല സ്പീഡുള്ള 5ജി വരികയുള്ളു. അതു വന്നാല്‍ മാത്രമെ ഓഗ്‌മെന്റഡ് റിയാലിറ്റിയും തത്സമയ ഗെയിമിങും തടസം കൂടാതെ പ്രവര്‍ത്തിക്കൂ.

 

പല അമേരിക്കന്‍ ടെലികോം ഓപ്പറേറ്റര്‍മാരും ലോ-ബാന്‍ഡ് സ്‌പെക്ട്രമാണ് വിന്യസിച്ചിരിക്കുന്നത്. അതിന് 4ജിയേക്കാള്‍ അല്‍പ്പം സ്പീഡ് കൂടുതല്‍ മാത്രമേയുള്ളു. എന്നാല്‍, അതിനേക്കാള്‍ കുറച്ചുകൂടെ സ്പീഡുള്ള മിഡ്-ബാന്‍ഡ് 5ജി ഇപ്പോള്‍ പല കമ്പനികളും അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അത് അമേരിക്കക്കാരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും കിട്ടണമെങ്കില്‍ 2025 എങ്കിലും ആയേക്കുമെന്നു പറയുന്നു. വേഗമേറിയ 5ജിയുടെ പേര് മില്ലിമീറ്റര്‍ വേവ് അഥവ എംഎംവേവ് എന്നാണ്. എന്നാല്‍ ഇവ നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ അടുത്തടുത്തു ടവറുകള്‍ സ്ഥാപിക്കണം. അമേരിക്കയില്‍ ഏറ്റവുമധികം എംഎംവേവ് ടവറുകള്‍ ഇപ്പോള്‍ ഉള്ളത് വെറിസണ്‍ കമ്പനിക്കാണ്. എന്നാല്‍, ഇത് വളരെ കുറച്ചു പ്രദേശത്തു മാത്രമാണ് ഉള്ളത്. വെറിസണിന്റെ 5ജി ഉപയോക്താക്കള്‍ക്ക്, സ്പ്രിന്റ്, ടി-മൊബൈല്‍ തുടങ്ങിയവയെ അപേക്ഷിച്ച് 10 ശതമാനം സ്പീഡു കിട്ടുമെന്ന് തത്വത്തില്‍ പറയാമെങ്കിലും പ്രയോഗത്തില്‍ വരുമ്പോള്‍ അതും വളരെ താഴെയുള്ള സ്പീഡായിരിക്കും എന്നാണ് ഗവേഷണ കമ്പനിയായ ഓപ്പണ്‍സിഗ്നല്‍ (OpenSignal) ജൂണില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എടിആന്‍ഡ്ടിയുടെയും വെറിസണിന്റെയും ഉപയോക്താക്കള്‍ക്ക് 5ജി നെറ്റ്‌വര്‍ക്ക്‌സ് ഉപയോഗിക്കുമ്പോള്‍ ചെറിയൊരു സ്പീഡു വര്‍ധന അനുഭവപ്പെട്ടാതയി ചില പഠനങ്ങള്‍ പറയുന്നു.

 

എന്നാല്‍, അതല്ല ദക്ഷിണകൊറിയയിലെ സ്ഥിതി. അവിടെവേഗമേറിയ 5ജി നെറ്റ്‌വര്‍ക്കുകള്‍ കൂടുതല്‍ പ്രചാരത്തിലായിക്കഴിഞ്ഞു. എന്നാല്‍, അവിടെ ആപ്പിളിന് പ്രാദേശിക ഭീമനായ സാംസങ് അടക്കമുള്ള കന്വനികളോടായിരിക്കും മത്സരിക്കേണ്ടി വരിക. സാംസങ് തങ്ങളുടെ രണ്ടാം തലമുറ 5ജി ഫോണുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. വാവെയും കൊറിയയില്‍ തള്ളിക്കളയാനാകാത്ത സാന്നിധ്യമാണ്. മറ്റൊരു കുഴപ്പം 5ജിയുടെ അധിക സ്പീഡ് ഉപയോഗപ്പെടുത്തി പുതിയതായി എന്തെങ്കിലു ചെയ്യുന്ന ആപ്പുകളൊന്നും തന്നെ സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നതാണ്. ഇവിടെ മുട്ടയാണോ കോഴിയാണോ ആദ്യം എന്ന ചോദ്യമാണത്രെ ഉയരുന്നത്. ഒരു ആപ്പിന്റെ പ്രവര്‍ത്തനം കാണുമ്പോള്‍ എന്നാല്‍പ്പിന്നെ ഒരു 5ജി ഫോണ്‍ വാങ്ങിയേക്കാം എന്നു പറയിപ്പിക്കുന്ന ആപ്പുകള്‍ ഇനി ഇറങ്ങാനിരിക്കുന്നതേയുള്ളു എന്നു പറയുന്നു. വരുംകാലത്തേക്കുമുള്ള ഒരു നിക്ഷേപം എന്ന നിലയിലായിരിക്കും 5ജി ഐഫോണ്‍ വാങ്ങുന്നയാള്‍ ചിന്തിക്കുക എന്ന് സിസിഎസ് ഇന്‍സൈറ്റ് കമ്പനിയിലെ ഗവേഷകന്‍ പറയുന്നു. 4ജി ഫോണിന് ഇന്നു സാധിക്കാത്ത അധികം കാര്യങ്ങളൊന്നും 5ജി ഫോണില്‍ നിന്നു പ്രതീക്ഷിക്കാതിരുന്നാല്‍ നിരാശരാകാതിരിക്കാം എന്നാണ് വിശകലന വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.

 

facebook

∙ ആഗോള തലത്തില്‍ 5ജി ഫോണ്‍ വില്‍പ്പന ഈ വര്‍ഷം 25 കോടി കടക്കുമെന്ന്

 

ആഗോള തലത്തില്‍ 5ജി ഫോണ്‍ വില്‍പ്പന ഈ വര്‍ഷം 25 കോടി കടക്കുമെന്ന് സ്ട്രാറ്റജി അനലിസ്റ്റ് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അവരുടെ റിപ്പോര്‍ട്ട് പ്രകാരം 5ജി ഫോണുകളുടെ വില്‍പ്പന 1,300 ശതമാനം വര്‍ധിക്കും. ലഭ്യമായ കണക്കു പ്രകാരം 2019ല്‍ 1.8 കോടി 5ജി ഫോണുകളാണ് വിറ്റു പോയത്. ചൈനയിലും അമേരിക്കയിലുമായിരിക്കും 5ജി ഫോണുകളുടെ വില്‍പ്പന പൊടിപൊടിക്കുക എന്നും റിപ്പോര്‍ട്ട് പറയുന്നു.

 

∙ ഹോളോകോസ്റ്റ് നടന്നില്ല എന്നു പറഞ്ഞുവന്ന ഫെയ്‌സ്ബുക് പേജുകള്‍ നീക്കംചെയ്തു

 

ഫെയ്‌സബുക് പോലെയുള്ള സമൂഹ മാധ്യമങ്ങളുടെ വരവ് എരിഞ്ഞടങ്ങി എന്നു കരുതിയ പല പ്രശ്‌നങ്ങളും തലപൊക്കാനിടയാക്കി. അവയ്ക്ക് സമൂഹ മാധ്യമങ്ങള്‍ യഥേഷ്ടം പ്രചാരവും നല്‍കി. എന്നാല്‍, അത്തരം പലതും നീക്കംചെയ്യാനൊരുങ്ങുകയാണ് ഫെയ്‌സ്ബുക്. യൂറോപ്പിലെ ജൂതന്മാരെ 1941നും 1945നും ഇടയ്ക്കു കൂട്ടക്കൊലയ്ക്ക് ഇരകളാക്കിയതിനെ വിശേഷിപ്പിക്കന്ന വാക്കാണ് ഹോളോകോസ്റ്റ് എന്നത്. ഇതു നടന്നില്ല എന്നു പ്രചരിപ്പിച്ചു വന്ന ഫെയ്‌സ്ബുക് ഗ്രൂപ്പുകളെ മുഴുവന്‍ കമ്പനിയിപ്പോള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് പിഴുതു കളഞ്ഞിരിക്കുകയാണ്.

 

∙ സോണി ആല്‍ഫാ എ7എസ് 3 ഇന്ത്യയിലെത്തി

 

മിറര്‍ലെസ് ക്യാമറാ ഉപയോക്താക്കളുടെ മോഹ വിഡിയോ ക്യാമറയായ സോണി ആല്‍ഫാ എ7എസ് 3 ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. 12.1 എംപി ബാക്-ഇലൂമിനേറ്റഡ് ഫുള്‍ഫ്രെയിം ഇമേജ് സെന്‍സറും, ബിയോണ്‍സ് എക്ആര്‍ ഇമേജ് പ്രോസസിങ് എൻജിനും ശക്തിപകരുന്ന ക്യാമറ വിഡിയോ റെക്കോഡിങ്ങില്‍ ലോകമെങ്ങും തരംഗം തീര്‍ക്കുകയാണ്. ക്യാമറയ്ക്ക് 15 സ്‌റ്റോപ്പിലേറെ ഡൈനാമിക് റെയ്ഞ്ചും, 4കെ 120പി വിഡിയോ റെക്കോഡിങ് ശേഷിയും 10-ബിറ്റ് 4:2:2 കളര്‍ ഡെപ്തും, ചൂടു കുറയ്ക്കാനുള്ള സംവിധാനവും, മികച്ച ഹൈ ഐഎസ്ഒ പ്രകടനവും എല്ലാം ഈ ക്യാമറയുടെ ആകര്‍ഷണീയതകളാണ്. ഒക്ടോബര്‍ 14 മുതല്‍ വാങ്ങാനാകുന്ന ക്യാമറ ബോഡിയുടെ എംആര്‍പി 3,34,990 രൂപയായിരിക്കും.

 

∙ 996 ഗ്രാം ഭാരമുള്ള ലെനോവോ യോഗാ സ്ലിം 7ഐ കാര്‍ബണ്‍ ലാപ്‌ടോപ് വില്‍പ്പനയ്ക്ക്

 

ഭാരം കുറയ്ക്കുകയും എന്നാല്‍ കരുത്തു നിലനിര്‍ത്തുകയും ചെയ്യുന്നുവെന്ന അവകാശവാദവുമായി എത്തുകയാണ് ലെനോവോ യോഗാ സ്ലിം 7ഐ കാര്‍ബണ്‍ ലാപ്‌ടോപ്. കേവലം 996 ഗ്രാമാണ് ഭാരം. ഇന്റല്‍ 11-ാം തലമുറയിലെ ഐ5, ഐ7 പ്രോസസറുകളും, ഇന്റലിന്റെ തന്നെ ഐറിസ് എക്‌സ്ഇ ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സും, 16ജിബി എല്‍പിഡിഡിആര്‍4എക്‌സ് റാമും, 1ടിബി എം.2 പിസിഐഇ എസ്എസ്ഡിയുമാണ് ലാപ്‌ടോപ്പിന്റെ കരുത്ത്. ടച്‌സ്‌ക്രീന്‍ അല്ലെങ്കിലും മികച്ച 13-ഇഞ്ച് ക്യുഎച്ഡി സ്‌ക്രീനും ഉണ്ട്. മൂന്നു യുഎസ്ബി-സി പോര്‍ട്ടുകളും വൈ-ഫൈ6ഉം ഉണ്ട്. സറൗണ്ട് സൗണ്ട് അനുഭവം പകരുന്നു എന്നു പറയുന്ന ഡോള്‍ബി അറ്റ്‌മോസ് സര്‍ട്ടിഫിക്കറ്റുള്ള സ്പീക്കറുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

 

എന്നാല്‍ ബാറ്ററി ലൈഫിലും കരുത്തറിയിക്കുന്നതായിരിക്കും തങ്ങളുടെ ലാപ്‌ടോപ് എന്നു കമ്പനി പറയുന്നു. ബാറ്ററിക്ക് ഒറ്റ ഫുള്‍ ചാര്‍ജില്‍ 15 മണിക്കൂര്‍ വരെ വിഡിയോ കാണാനാകുമെന്നാണ് കമ്പനി പറയുന്നത്. ദിവസം മുഴുവന്‍ മറ്റുപയോഗത്തിനാണെങ്കില്‍ 13 മണിക്കൂര്‍ ലഭിക്കുമെന്നും പറയുന്നു. പുതിയ റാപ്പിഡ് ചാര്‍ജ് ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നതിനാല്‍ 15 മിനിറ്റു മാത്രം ചാര്‍ജ് ചെയ്താല്‍ 2 മണിക്കൂര്‍ ഉപയോഗിക്കാനാകുമത്രെ. ഇന്ത്യയില്‍ ലാപ്‌ടോപ് വില്‍പ്പന കുത്തനെ ഉയര്‍ന്ന സമയത്താണ് ലെനോവൊയുടെ പുതിയ ലാപ്‌ടോപ് എത്തുന്നത്.

 

∙ നിഞ്ചാകാര്‍ട്ടിലേക്ക് കൂടുതല്‍ പണമിറക്കി വാള്‍മാര്‍ട്ട്

 

ഫ്‌ളിപ്കാര്‍ട്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ്-ടു-ബിസിനസ് സപ്ലൈ ചെയിന്‍ കമ്പനിയായ നിഞ്ചാകാര്‍ട്ടിലേക്ക് ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമയായ വാള്‍മാര്‍ട്ടും ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പും കൂടുതല്‍ പണമിറക്കും.

 

∙ ഫെയ്‌സ്ബുക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടറായി സുനില്‍ എബ്രഹാം

 

ഫെയ്‌സ്ബുക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടറായി സുനില്‍ എബ്രഹാം നിയമിതനായി. ഡേറ്റാ ആന്‍ഡ് എമേര്‍ജിങ് ടെക്‌നോളജി വിഭാഗത്തിലാണ് അദ്ദേഹത്തിന്റെ നിയമനം. കമ്പനിയുടെ പബ്ലിക് പോളിസി ഡയറക്ടര്‍ അംഖി ദാസായിരിക്കും അദ്ദേഹത്തിന്റെ മേധാവി. മാഹിതി ഇന്‍ഫോടെക് (Mahiti Infotech) കമ്പനിയുടെ സഹസ്ഥാപകനാണ് സുനില്‍.

 

English Summary: Users will not be able to utilize the 5g speeds of iPhone? new light weight laptop arrives 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com