ADVERTISEMENT

ആമസോണ്‍ ഗ്രെയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഐഫോണ്‍ 11 ന്റെ തുടക്ക വേരിയന്റ് 47,999 രൂപയ്ക്കു വില്‍ക്കും. എച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു പണമടയ്ക്കുന്നവര്‍ക്ക് കൂടുതല്‍ ഇളവുകളും ലഭിക്കും. തവണ വ്യവസ്ഥയിലും ഫോണ്‍ വാങ്ങാം. ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യന്‍ ഡെയ്സ് സെയിലില്‍ ഐഫോണ്‍ 11 പ്രോ 79,999 രൂപയ്ക്കും വാങ്ങാം. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഐഫോണ്‍ 12 സീരിസിലെ തുടക്ക മോഡലിന്റെ വില 69,900 രൂപയായിരിക്കും. അതേസമയം, ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് ഐഫോണ്‍ 11 വാങ്ങിയാല്‍ 54,900 രൂപ നല്‍കണം. പക്ഷേ, എയര്‍പോഡ്‌സ് ഫ്രീ ആയി ലഭിക്കും. ഈ ഓഫര്‍ ഒക്ടോബര്‍ 17 മുതല്‍ ലഭ്യമാകും.

 

അതേസമയം, പുതിയ ഐഫോണുകള്‍ അവതരിപ്പിച്ചതെ പഴയ മോഡലുകളുടെ വില ആപ്പിള്‍ തന്നെ താഴ്ത്തിയിട്ടുമുണ്ട്. പുതിയ വിലകള്‍ ഇപ്രകാരമാണ്:

 

ഐഫോണ്‍ 11 - 64ജിബി 54,900 രൂപ; 128ജിബി 59,900 രൂപ; 256 ജിബി 69,900 രൂപ.

ഐഫോണ്‍ XR 64 ജിബി 47,900 രൂപ.

ഐഫോണ്‍ എസ്ഇ 2020 തുടക്ക വേരിയന്റ് 39,900 രൂപ; 128ജിബി 44,900 രൂപ; 256ജിബി 54,900 രൂപ.

OnePlus-8T-5G

 

∙ വണ്‍പ്ലസ് 8റ്റി 5ജിക്ക് അത്യുജ്വല സ്‌ക്രീന്‍; 1100 നിറ്റ്‌സ് ബ്രൈറ്റ്‌നസ് വരെ ലഭിക്കും

 

ലോകത്തെ പ്രീമിയം ഫോണ്‍ പ്രേമികള്‍ക്കിടയ്ക്ക് പ്രിയപ്പെട്ട ബ്രാന്‍ഡുകളിലൊന്നാണ് വണ്‍പ്ലസ്. ഇന്ത്യയിലും നിരവധി ആരാധകരുള്ള കമ്പനി തങ്ങളുടെ ഏറ്റവും പുതിയ മോഡലുകളിലൊന്ന് അവതരിപ്പിച്ചു- വണ്‍പ്ലസ് 8റ്റി. ഫോണിന് ശക്തിപകരുന്നത് ക്വാല്‍കമിന്റെ ഏറ്റവും ശക്തമായ പ്രോസസറുകളിലൊന്നായ സ്‌നാപ്ഡ്രാഗണ്‍ 865 ആണ്. ഓപ്പം എക്‌സ്55 5ജി മോഡവും ഉണ്ട്. അഡ്രെനോ 650 ജിപിയു, 6.55-ഇഞ്ച് 120ഹെട്‌സ് റിഫ്രെഷ് റെയ്റ്റ് ഉള്ള ഫ്‌ളൂവിഡ് അമോലെഡ് ഫുള്‍ എച്ഡി പ്ലസ് റെസലൂഷനുള്ള ഡിസ്‌പ്ലെ; 48എംപി പ്രധാന ക്യാമറ, 16എംപി അള്‍ട്രാ വൈഡ്; 5 എംപി മോണോ; 2എംപി മക്രോ; 16എംപി മുന്‍ ക്യാമറ; 4500 എംഎഎച് ബാറ്ററി; 15 മിനിറ്റു ചാര്‍ജ് ചെയ്താല്‍ പത്തു മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ സാധിച്ചേക്കാം, തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍.

 

∙ ഫോണില്‍ എന്താണ് പുതിയതായുള്ളത്?

 

ഫോണിന്റെ ഡിസ്‌പ്ലെയ്ക്ക് ആവശ്യമെങ്കില്‍ 1100 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസ് ലഭിക്കുമെ‌ന്നത് ഏതു പ്രകാശത്തിലും വ്യക്തത ഉറപ്പാക്കുന്ന ഫീച്ചറാണെന്നു കരുതുന്നു. ഉജ്ജ്വലമാണിതില്‍ വിഡിയോ കാണുന്നതും മറ്റും. വണ്‍പ്ലസ് ക്യാമറകളില്‍ കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ ക്യാമറാ മൊഡ്യൂള്‍ ആണ് 8റ്റിയ്ക്ക് ഉള്ളത്. 65 വാട്ട് വാര്‍പ് ചാര്‍ജ് നിലവില്‍ ലഭ്യമായ ഏറ്റവും വേഗമേറിയ ചാര്‍ജിങ് ടെക്‌നോളജികളിലൊന്നാണ്. ഫോണ്‍ പുറത്തെടുക്കുമ്പോഴെ ആന്‍ഡ്രോയിഡ് 11 ലഭിക്കുന്നു. അധികം ചൂടാകാതിരിക്കാനുള്ള ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓള്‍വെയ്‌സ് ഓണ്‍ ഡിസ്‌പ്ലെ; താരതമ്യേന മികച്ച ഗെയിമിങ് അനുഭവം തുടങ്ങിയവ ഫോണിനെ ആകര്‍ഷകമാക്കുന്നു. ക്യാമറയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയരുന്നുണ്ട്. ചാര്‍ജര്‍ പതിവിലേറെ വലുപ്പക്കൂടുതലുള്ളതാണ് എന്നത് അതു കൊണ്ടു നടക്കേണ്ടിവന്നാല്‍ പോക്കറ്റിലും മറ്റും സൂക്ഷിക്കുക എന്നത് ബുദ്ധിമുട്ടായി തോന്നിയേക്കാം.

 

8ജിബി/128ജിബി വേര്‍ഷന് 42,999 രൂപയാണ് വില; 12ജിബി/256ജിബി വേരിയന്റിന് 45,999 രൂപ നല്‍കണം. വണ്‍പ്ലസ് 5റ്റി അതിനു മുമ്പുള്ള വേരിയന്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫോണ്‍ മാറാറായി എന്നു തോന്നുന്നുണ്ടെങ്കില്‍ പരിഗണിക്കാവുന്ന ഒരു മോഡലാണിത്.

bcg-vaccine

 

∙ റിലയന്‍സ് ജിയോ കസ്റ്റമര്‍ കെയറിനെക്കുറിച്ചറിയാം

 

ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിലേക്കു നയിക്കുക എന്നത് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. അതിനായി അദ്ദേഹം തന്റെ ജിയോ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ജിയോയുടെ വരിക്കാര്‍ക്കായി ഏറ്റവും മികച്ച കസ്റ്റമര്‍ സേവനമാണ് നല്‍കുന്നത് എന്നാണ് പറയുന്നത്. എന്നാല്‍ പല ഉപയോക്താക്കള്‍ക്കും കസ്റ്റമര്‍ കെയറില്‍ വിളിക്കേണ്ടത് ഏതു നമ്പര്‍ ഉപയോഗിച്ചാണ് എന്നറിയില്ല. അത്തരം ചില വിവരങ്ങള്‍ ഇതാ:

 

ഡേറ്റാ ബാലന്‍സ്, വാലിഡിറ്റി, റീച്ചാര്‍ജ് പ്ലാനുകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയാന്‍ വിളിക്കേണ്ടത്- 1991

പരാതികള്‍ റജിസ്റ്റര്‍ ചെയ്യാന്‍ -198

മറ്റേതെങ്കിലും ഓപ്പറേറ്ററുടെ സേവനം ഉപയോഗിച്ചാണ് ജിയോ കസ്റ്റമര്‍ കെയറില്‍ വിളിക്കുന്നതെങ്കില്‍ ഉപയോഗിക്കേണ്ട നമ്പര്‍- 1800 889 9999

 

∙ വാക്‌സീന്‍ വിരുദ്ധരെ തുരത്താന്‍ ഫെയ്‌സ്ബുക്കും, യുട്യൂബും

 

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അമാനുഷിക അവതാരാമായി ചിത്രീകരിച്ചുവന്ന ക്യൂആനന്‍ ഗൂഢാലോചനാ വാദക്കാരുടെ പോസ്റ്റുകള്‍ മൊത്തമായി നീക്കംചെയ്യാന്‍ തീരുമാനിച്ച ശേഷം, അടുത്തതായി വാക്‌സീന്‍ വിരുദ്ധത പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് തുടച്ചുനീക്കാന്‍ ഒരുങ്ങുകയാണ് ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമ വെബ്‌സൈറ്റായ ഫെയ്‌സ്ബുക്. തങ്ങള്‍ക്ക് അത്തരം പരസ്യങ്ങള്‍ ഇനി വേണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാക്‌സീന്‍ തട്ടിപ്പൂമായി ഇറങ്ങിയിരുന്നവരെ തങ്ങള്‍ നേരത്തെ തന്നെ നിരോധിച്ചിരുന്നു. അടുത്തതായി വാക്‌സീന്‍ കുത്തിവയ്ക്കരുത് എന്നു പറഞ്ഞ് നല്‍കുന്ന പരസ്യങ്ങള്‍ സ്വീകരിക്കുകയില്ല എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കോവിഡ്-19നെക്കുറിച്ചുള്ള പല തരം ഗൂഢാലോചനാ വാദങ്ങളും ഫെയ്‌സ്ബുക്കിലൂടെ അതിവേഗം പ്രചാരം നേടുന്നു എന്നതാണ് പുതിയ നീക്കത്തിനു പിന്നിലെന്നു പറയുന്നു. ലോകാരോഗ്യ സംഘടനയും മറ്റും നല്‍കുന്ന വിവരങ്ങള്‍ക്കു പ്രാധാന്യം നല്‍കാനാണ് കമ്പനിയുടെ തീരുമാനം.

 

അതേസമയം കോവിഡ്-19 വാക്‌സീനുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വിഡിയോകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് യുട്യൂബും അറിയിച്ചു. മഹാവ്യാധിയെക്കുറിച്ചുള്ള ഗൂഢാലോചനാ വാദക്കാരുടെ വിഡിയോകള്‍ നേരത്തെ തന്നെ നീക്കംചെയ്തു തുടങ്ങിയിരുന്നു. ലോകാരോഗ്യ സംഘടന അടക്കം ആരോഗ്യരംഗത്ത് വിശ്വസംവേണ്ട അധികാരികളുടെ നിലപാടിനോട് വിയോജിക്കുന്ന പോസ്റ്റുകള്‍ക്കാണ് നിരോധനം വരുന്നത്. വാക്‌സീനുകള്‍ ആളുകളെ കൊല്ലുമെന്നും, അത് വന്ധ്യതയ്ക്കു കാരണമാകുമെന്നും, അവയിലൂടെ മൈക്രോചിപ്പുകള്‍ കുത്തിവയ്ക്കുമെന്നും എല്ലാം പ്രചരിപ്പിക്കുന്ന വിഡിയോകളായിരിക്കും നീക്കംചെയ്യുക.

 

English Summary: Older iPhone prices go down; OnePlus 8t 5g; FB, YouTube to ban covid conspiracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com