ADVERTISEMENT

അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷം തുടരുന്നതിനിടെ ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടി നൽകി വീണ്ടും ഇന്ത്യ. ചൈനീസ് ഉല്‍പ്പന്നങ്ങളെ നിയന്ത്രിക്കാനായി ഇന്ത്യ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് കമ്പനികളുടെ എയർ കണ്ടീഷനറുകളുടെ ഇറക്കുമതി ഇന്ത്യ പൂർണമായി നിരോധിച്ചു എന്നാണ്. ഇതോടെ ചൈനീസ് കമ്പനികൾ വൻ പ്രതിസന്ധിയാണ് നേരിടാൻ പോകുന്നത്.

 

ഏകദേശ 500 ദശലക്ഷം ഡോളർ വിലവരുന്ന എയർകണ്ടീഷനറുകളുടെ ഇറക്കുമതിക്കാണ് വ്യാഴാഴ്ച രാത്രി ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. പ്രാദേശിക ഉൽ‌പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ചൈനയിൽ നിന്നുള്ള ഇറക്കുമതി നിർത്തുന്നതിനും ലക്ഷ്യമിട്ടാണ് ‘അനിവാര്യമല്ലാത്ത ഇറക്കുമതി’ യിലെ മാനദണ്ഡങ്ങൾ ഇന്ത്യ കൂടുതൽ കർശനമാക്കിയത്.

 

ac

ജൂലൈയിൽ ഇന്ത്യ ടെലിവിഷൻ സെറ്റുകൾ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിത പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇറക്കുമതിക്കാരോട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിൽ (ഡിജിഎഫ്ടി) ലൈസൻസ് തേടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക എയർകണ്ടീഷനറുകളും അതിൽ നിറച്ച റഫ്രിജറന്റുകളുമായാണ് (എസിയിൽ ഉപയോഗിക്കുന്ന വാതകം) വരുന്നത്. 469 ദശലക്ഷം ഡോളർ വിലമതിക്കുന്ന സ്പ്ലിറ്റ് എയർകണ്ടീഷനറുകൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.

 

2020 സാമ്പത്തിക വർഷത്തിൽ ചൈനയിൽ നിന്ന് 241 ദശലക്ഷം ഡോളറിന്റേയും തായ്‌ലൻഡിൽ നിന്ന് 189 ദശലക്ഷം ഡോളറിന്റേയും എയർ കണ്ടീഷനറുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതേ കാലയളവിൽ 35 ദശലക്ഷം ഡോളർ വിലമതിക്കുന്ന വിൻഡോ എയർകണ്ടീഷനറുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതിൽ തായ്‌ലൻഡിൽ നിന്നും 18 ദശലക്ഷം ഡോളറിന്റേതും ചൈനയിൽ നിന്ന് 14 ദശലക്ഷം ഡോളറിന്റേതും ഇറക്കുമതി ചെയ്തു.

 

വടക്കൻ രാജ്യത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായി ചൈനയുമായുള്ള വ്യാപാര ബന്ധം പരിമിതപ്പെടുത്തുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള എല്ലാ എഫ്ഡിഐ വരവുകൾക്കും സർക്കാർ അനുമതി നൽകിക്കൊണ്ട് സർക്കാർ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രതിരോധവും ദേശീയ സുരക്ഷയും കണക്കിലെടുത്ത് രാജ്യത്തെ യോഗ്യതയുള്ള അധികാരികളുടെ അനുമതിയില്ലാതെ ചൈനീസ് കമ്പനികൾ പൊതു ഇടപാടുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ജൂലൈയിൽ ഇന്ത്യ വിലക്കിയിരുന്നു. ദേശീയ സുരക്ഷാ കാരണങ്ങളാൽ ടിക് ടോക്ക് ഉൾപ്പെടെ നിരവധി ചൈനീസ് ആപ്ലിക്കേഷനുകളും നിരോധിച്ചിട്ടുണ്ട്.

 

English Summary: After TV sets & tyres, govt bans AC imports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com