ADVERTISEMENT

സമ്പൂര്‍ണമായും മലയാളത്തിലുള്ള ഒരു വിഡിയോ-കേന്ദ്രീകൃത ഓണ്‍ലൈന്‍ പഠനശാല ഒരുക്കുക എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ തുടങ്ങിയ സ്റ്റാര്‍ട്ട്-അപ് പ്ലാറ്റ്‌ഫോമാണ് ട്രൈക്കിൾ. കോഴിക്കോട്ടെ സൈബര്‍പാര്‍ക്കില്‍ തുടങ്ങിയിരിക്കുന്ന ഈ സംരംഭം എട്ട് മിനിറ്റിലേറെ ദൈര്‍ഘ്യമില്ലാത്ത വിഡിയോകളിലൂടെ വിവിധ വിദ്യാഭ്യാസ പ്രോഗ്രാമുകളാണ് നല്‍കാന്‍ ശ്രമിക്കുന്നത്. ഇതില്‍ വിദ്യാർഥികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുക, വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, കലാനൈപുണ്യം മിനുക്കിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി വിവിധ രംഗങ്ങളിലുള്ള വിദഗ്ധരെ രംഗത്തിറക്കാനും ട്രൈക്കിൾ സ്ഥാപകര്‍ ശ്രമിച്ചിട്ടുണ്ട്.

 

ഉദാഹരണത്തിന് മെഷീന്‍ ലേണിങ്, ഡേറ്റാ സയന്‍സ് പാഠ്യഭാഗങ്ങള്‍ വിശദീകിരിക്കുന്നത് ഈ രംഗത്ത് 12 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള എൻജിനീയറാണ്. ഈ പ്ലാറ്റ്‌ഫോമില്‍ അധ്യാപകരാകാന്‍ ശ്രമിക്കുന്നവര്‍ക്കു നല്‍കിയിരിക്കുന്ന പ്രധാന നിര്‍ദ്ദേശംതന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വ്യത്യസ്തമായ സമീപനരീതി വ്യക്തമാക്കുന്നു. നിങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന വിഷയം നിങ്ങളുടെ സുഹൃത്തിനോ സഹോദരനോ വിശദീകരിച്ചുകൊടുക്കാന്‍ ശ്രമിക്കുന്ന രീതിയില്‍ വേണം പറഞ്ഞുകൊടുക്കാന്‍. അതായത് ആവശ്യമില്ലാത്ത ഗൗരവം ഒഴിവാക്കി, സാധാരണ സംഭാഷണത്തില്‍ വേണം അവതരിപ്പിക്കാന്‍. ഇത് വിദ്യപകരുന്നയാളും സ്വീകരിക്കുന്നയാളും തമ്മിലുള്ള മതിലുകള്‍ തകര്‍ത്ത് കൂടുതല്‍ സ്വാഭാവികമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് ട്രൈക്കിളിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നത്.

 

ട്രൈക്കിൾ പിറക്കുന്നത് ഈ വര്‍ഷം ജനുവരിയിലാണ്. ഏതാനും കോഴ്‌സുകള്‍ ഫ്രീയായി ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍, മറ്റു കോഴ്‌സുകള്‍ക്ക് 2500- 3500 രൂപവരെയാണ് ഫീസ് നല്‍കേണ്ടത്. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നു. വൈവിധ്യമുള്ള വിഷയങ്ങളാണ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്- ആന്‍ഡ്രോയിഡ് ആപ് ഡവലപ്‌മെന്റ് മുതല്‍ ഉത്തരവാദിത്വത്തോടെ മോട്ടോര്‍ബൈക്കിങ് നടത്തേണ്ടത് എങ്ങനെയാണെന്നു വരെ വിശദീകരിക്കുന്ന കോഴ്‌സുകളുണ്ട്.

 

ട്രൈക്കിൾ എന്ന ആശയം വയനാട്ടുകാരൻ അരുണ്‍ ചന്ദ്രൻ, പാലക്കാട്ടുകാരി സുജാത രാജഗോപാലന്‍ എന്നിവരുടെ മനസിലുദിച്ചതാണ്. പത്തു വര്‍ഷത്തോളം ടെക്‌നോളജിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവന്നയാളാണ് അരുണ്‍. സമൂഹത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ഗര്‍ത്തത്തെക്കുറിച്ചുള്ള അവബോധവും, അതിനെതിരെ എന്തെങ്കിലു ചെയ്യണമെന്ന തോന്നലുമാണ് ഈ ആശയത്തിനു പിന്നലെന്ന് അരുണ്‍ പറയുന്നു. സുജാതയാകട്ടെ, ഗോള്‍ഡ്മാന്‍ സാക്‌സില്‍ വൈസ് പ്രസിഡന്റിന്റെ പദവിയില്‍ ജോലി ചെയ്തിട്ടുള്ളയാളാണ്. വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിനു വരുത്തിത്തീര്‍ക്കാവുന്ന നല്ലമാറ്റത്തെക്കുറിച്ചുളള ചിന്തകളാണ് പുതിയ സംരംഭവുമായി മുന്നോട്ടുപോകാന്‍ ഇരുവര്‍ക്കുമുള്ള പ്രേരണ. കുട്ടിക്കാലത്ത് തങ്ങള്‍ക്ക് അവശ്യത്തിനു വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍, ഇന്ന് അതല്ല കഥ. പുതിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിവു പകരാനാകുമെന്ന ചിന്തയില്‍ നിന്നാണ് ട്രൈക്കിൾ എന്ന ആശയം ഉടലെടുത്തത്.

 

ട്രൈക്കിൾ എന്ന പ്ലാറ്റ്‌ഫോമിനു പിന്നിലെ ആശയം ആളുകള്‍ക്ക് വേണ്ടവിവരം അധികം പണം ചെലവിടാതെ, അവര്‍ക്ക് മനസിലാകുന്ന ഒരു ഭാഷയിലൂടെ എത്തിച്ചു നല്‍കുക എന്നതാണെന്ന് അരുണ്‍ പറയുന്നു. ഇന്നും ടൗണുകളില്‍ ജീവിക്കുന്നവര്‍ക്കാണ് കൂടുതല്‍ എളുപ്പത്തില്‍ ടെക്‌നോളജി എത്തിപ്പിടിക്കാനാകുക. സുജാതയ്ക്കും തനിക്കും യുവ പ്രൊഫഷണലുകളെ ജോലിക്കെടുക്കുന്ന കാര്യത്തിലും അവര്‍ക്കു പരിശീലനം നല്‍കുന്ന കാര്യത്തിലും അനുഭവസമ്പത്തുണ്ടെന്ന് അരുണ്‍ പറയുന്നു. ആദ്യം കരുതിയത് ഒരു സ്‌കൂള്‍ തുടങ്ങാമെന്നാണ്. അതിന് വളരെയധികം സാമ്പത്തികച്ചെലവുണ്ടായിരുന്നു. കൂടാതെ പല അധ്യാപകരും തങ്ങള്‍ ആഗ്രഹിച്ച സ്ഥലത്തേക്ക് യാത്രചെയ്‌ത് എത്താനും താത്പര്യം പ്രകടിപ്പിച്ചില്ല. ഇതിനാലാണ് ഒരു വെര്‍ച്വല്‍ സ്ഥലത്ത് ഇത് തുടങ്ങാന്‍ തീരുമാനിച്ചത്. മഹാമാരിയുടെ പശ്ചാത്തലത്തിലും അതായിരുന്നു ഉചിതമായ തീരുമാനമെന്നും അരുണ്‍ പറയുന്നു.

 

ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പോഷിപ്പിക്കാനുള്ള ഒരു വേദികൂടിയായാണ് ട്രൈക്കിൾ സ്ഥാപകര്‍ അവതരിപ്പിക്കുന്നത്. ലഭിക്കുന്ന പ്രവൃത്തിപരിചയം ജോലി സമയത്ത് ഗുണകരമാകും. ഉദ്യോഗസ്ഥ നിയമനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പലരുമായി സംസാരിച്ചതില്‍ നിന്ന് ട്രൈക്കിളിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മനസിലായ ഒരു കാര്യം പല മലയാളി ഉദ്യോഗാര്‍ഥികള്‍ക്കും അത്യന്താപേക്ഷിതമായ പല ശേഷികളും ഇല്ല എന്നതാണ്. ഇതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദിയായി ട്രൈക്കിളിനെ അവതരിപ്പിക്കുകയാണ് അരുണും കൂട്ടുകാരും.

 

ഇതുവരെ രണ്ടായിരത്തിലേറെ പേര്‍ ട്രൈക്കിളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതീയുവാക്കളെ തങ്ങള്‍ക്കു താത്പര്യമുള്ള വിഷയങ്ങള്‍ പഠിപ്പിക്കാനായി കൂടുതല്‍ കോഴ്‌സുകള്‍ അവതരിപ്പിക്കാനും അവര്‍ ഉദ്ദേശിക്കുന്നു. കല, ഫൊട്ടോഗ്രാഫി, പെയ്ന്റിങ്, യുഐ/യുഎക്‌സ് ഡിസൈനിങ് തുടങ്ങിയവയൊക്കെ അവതരിപ്പിക്കാനാണ് ഉദ്ദേശം. നിലവില്‍ മലായളത്തിലാണ് കോഴ്‌സുകളെങ്കില്‍ ഭാവിയില്‍ മറ്റു ഭാഷകളിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഉദ്ദേശമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവു കൂടി ഉള്‍പ്പെടുത്തി ഓരോ വ്യക്തിക്കും ഉചിതമായ രീതിയില്‍ കോഴ്‌സുകള്‍ ക്രമപ്പെടുത്താനും ഉദ്ദേശമുണ്ടെന്നും പറയുന്നു. ഇന്റര്‍വ്യൂവിനുള്ള പരിശീലനവും നല്‍കും. മറ്റു കമ്പനികള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ള ഉദ്യോഗാര്‍ഥികളെ കണ്ടെത്താനുള്ള ഒരു വേദി കൂടിയായി കേരളാ സ്റ്റാർട്ട്-അപ് മിഷന്റെ ഭാഗമായ ട്രൈക്കിളിനെ പരിണമിപ്പിക്കാനാണ് ശ്രമം.

 

പഠിപ്പിക്കാന്‍ കഴിവുള്ളവര്‍ക്കും ട്രൈക്കിളിനെ പ്രയോജനപ്പെടുത്താം. താത്പര്യമുളളവര്‍ക്ക് hello@trycle.com എന്ന മെയില്‍ ഐഡിയിലൂടെ സംരംഭകരുമായി ബന്ധപ്പെടാം. വിഡിയോകള്‍ റെക്കോഡു ചെയ്താണ് അധ്യാപകര്‍ ക്ലാസുകള്‍ എടുക്കുന്നത്. Trycleapp എന്ന പേരിലൂടെ 70000 ത്തോളം ആളുകള്‍ ട്രൈക്കിളിന്റെ സേവനങ്ങള്‍ ആസ്വദിക്കുന്നുണ്ടന്ന് കമ്പനി അറിയിക്കുന്നു. പതിനായിരിക്കണക്കിന് വാട്‌സാപ് ഉപയോക്താക്കളും സ്റ്റാര്‍ട്ട്-അപ്പിന്റെ സേവനം ആസ്വദിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://www.trycle.com

 

English Summary: Trycle e-learning platform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com