ADVERTISEMENT

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനികളുടെ ഉത്സവ സീസൻ വിൽപ്പനയ്ക്ക് വൻ പ്രതികരണമാണ് ലഭിച്ചത്. വിൽപ്പനയുടെ ആദ്യ നാല് ദിവസങ്ങളിൽ ആമസോൺ, ഫ്ലിപ്കാർട്ട് വഴി നടന്നത് 3.5 ബില്യൺ ഡോളറിന്റെ ( ഏകദേശം 26,000 കോടി രൂപ) ഇടപാടുകളാണ്. കൊറോണ വൈറസ് കാരണം വിപണികളിലെല്ലാം വൻ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഓൺലൈൻ കച്ചവടം പൊടി പൊടിക്കുകയാണ്.

 

ഉത്സവ സീസൻ വിൽപ്പന അവസാനിക്കുമ്പോൾ രാജ്യത്തെ ഇ–കൊമേഴ്സ് വിൽപ്പനയിലെ എല്ലാ റെക്കോർഡുകളും മറികടക്കുമെന്നാണ് കരുതുന്നത്. വ്യവസായ കൺസൾട്ടന്റുമാരായ ഫോറസ്റ്റർ റിസേർച്ച്, റെഡ്സീർ കൺസൾട്ടിങ് ഒക്ടോബർ 15 മുതൽ 22 വരെ രണ്ട് കമ്പനികളുടെ വിൽപ്പന ശരാശരി 4.7 ബില്യൺ ഡോളറായി ഉയരുമെന്നാണ് പറയുന്നത്.

 

മുന്‍നിര ബ്രാൻഡുകളായ സാംസങ്, ആപ്പിൾ, ഷഓമി, വൺപ്ലസ്, അസൂസ്, ലെനോവോ, എച്ച്പി, എൽജി, വേൾപൂൾ, ബജാജ് അപ്ലയൻസസ് എന്നിവർ തങ്ങളുടെ രണ്ട് ദിവസത്തെ ഏറ്റവും വലിയ വിൽപ്പനയ്ക്കാണ് സാക്ഷ്യം വഹിച്ചത്. 1,100 പുതിയ ഉൽപ്പന്ന ലോഞ്ചുകളും ആമസോണിൽ നടന്നു.

 

ഉപഭോക്താക്കൾ വാങ്ങിയ ഇലക്ട്രോണിക് വസ്തുക്കളിൽ പകുതിയും വർക്ക്ഫ്രോം-ഹോം വിഭാഗത്തിലാണെന്ന് വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് വക്താവ് പറഞ്ഞു. വലിയ സ്‌ക്രീൻ ടെലിവിഷനുകൾ, ലാപ്‌ടോപ്പുകൾ, ഐടി ആക്‌സസറികൾ എന്നിവയുടെ വിൽപ്പന കഴിഞ്ഞ വർഷത്തേതിനേക്കാൾ 1.4 മടങ്ങ് വർധിച്ചു.

 

2019 ഒക്ടോബറിലെ ആറ് ദിവസത്തെ സെയിലിൽ ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും വിൽപ്പന 2.7 ബില്യൺ ഡോളറിലെത്തിയിരുന്നു (ഏകദേശം 20,000 കോടി രൂപ). റെഡ്സീറിന്റെ കണക്കനുസരിച്ച് 2018 ലെ 2.1 ബില്യൺ ഡോളറിൽ നിന്ന് 30 ശതമാനം വർധനയാണ് ഇത് കാണിക്കുന്നത്. ഇക്കോമേഴ്‌സ് കമ്പനികൾ, മുൻനിര ബ്രാൻഡുകൾ, സ്വതന്ത്ര അനലിസ്റ്റുകൾ എന്നിവരുടെ അഭിപ്രായത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ഉത്സവ വിൽപ്പനയുടെ ഒരാഴ്ച കാലയളവിൽ മൊത്തത്തിലുള്ള ഇ-കൊമേഴ്‌സ് വ്യവസായം വിൽപ്പന 30-36 ശതമാനം വർധിക്കുമെന്നണ്.

 

ഈ വർഷം ബ്രാൻഡുകൾ ശരാശരി കുറഞ്ഞ കിഴിവുകൾ നൽകിയിട്ടും ആദ്യ നാല് ദിവസത്തെ വിൽപ്പന കുതിച്ചുയർന്നു. ഉയർന്ന നിലവാരമുള്ള സ്മാർട് ഫോണുകൾ, ഫാഷൻ, ഫർണിച്ചർ എന്നിവ പോലുള്ള വിഭാഗങ്ങളിൽ പരമാവധി കിഴിവുകൾ നൽകുന്നുണ്ട്. ടെലിവിഷനുകൾ, വീട്ടുപകരണങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ സ്റ്റോക്കുകളുടെ കുറവ് കാരണം കിഴിവുകൾ വളരെ കുറവാണ്.

 

സാംസങ്, ആപ്പിൾ, എൽജി, ഷഓമി എന്നിവയുൾപ്പെടെയുള്ള മുൻനിര ബ്രാൻഡുകൾ സ്മാർട് ഫോണുകളിലൂടെയും ഇക്കോമേഴ്‌സ് ചാനലുകളിലൂടെ ഉപഭോക്തൃ ഡ്യൂറബിളുകളിലൂടെയും 80-100 ശതമാനം വർധനവ് രേഖപ്പെടുത്തി. ഒക്ടോബറിൽ ആരംഭിച്ച് ദീപാവലി വരെ നടക്കുന്ന ഉത്സവ സീസൺ വിൽപ്പന മിക്ക ഉപഭോക്തൃ അഭിമുഖ കമ്പനികൾക്കും വാർഷിക വരുമാനത്തിന്റെ 35-40 ശതമാനം വരും.

 

ടയർ 2, 3 ടൗണുകളിൽ നിന്നുള്ള ഉപഭോക്താക്കളെ ഉൾപ്പെടുത്തിക്കൊണ്ട് എൽ‌ജി ബിസിനസിൽ 100 ശതമാനം വളർച്ച കൈവരിച്ചു. കൂടാതെ വിവിധ വിഭാഗങ്ങളിലുടനീളം പ്രീമിയം ഉൽ‌പ്പന്നങ്ങളുടെ ഡിമാൻഡ് വർധിച്ചിട്ടുണ്ടെന്നും എൽ‌ജിയുടെ ഓൺ‌ലൈൻ ബിസിനസ് മേധാവി ദീപക് തനേജ പറഞ്ഞു. എന്നാൽ ഈ റിപ്പോര്‍ട്ടുകൾ പുറത്തുവന്നതോടെ ട്വിറ്റർ ഒന്നടങ്കം ചോദിക്കുന്നത് ഇന്ത്യയിൽ ശരിക്കും സാമ്പത്തിക പ്രതിസന്ധി ഉണ്ടോ എന്നാണ്.

 

English Summary: Amazon, Flipkart rake in $3.5 billion in first four days of festive sales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com