ADVERTISEMENT

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഐഫോണ്‍ 12 സീരീസ് ഹാൻഡ്സെറ്റുകൾ ഹോങ്കോങ്ങില്‍ വന്‍ വിലക്കുറവില്‍ വാങ്ങാമെന്ന് കേട്ടത് സത്യമാണ്. ഇന്ത്യയിലേക്കാള്‍ 40,895 രൂപ കുറച്ച് നല്‍കിയാല്‍ ഹോങ്കോങ്ങില്‍ നിന്ന് ഐഫോണ്‍ 12 സ്വന്തമാക്കാം. ഹോങ്കോങ് മാത്രമല്ല വിലക്കുറവില്‍ ഐഫോണ്‍ 12 ലഭിക്കുന്ന ലോകത്തിലെ ഏകസ്ഥലം. ഇന്ത്യക്കാരന് എളുപ്പം പോയി വരാന്‍ കഴിയുന്ന സ്ഥലമാണ്‌ ഹോങ്കോങ്. വിമാനത്തില്‍ പോയി ഐഫോണ്‍ വാങ്ങി വന്നാലും ലാഭമായിരിക്കും.

 

ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഐഫോണ്‍ 12 സീരീസ് എത്തുമ്പോള്‍ അതിനു നല്‍കേണ്ട വിലയിലും വ്യത്യാസം വരുന്നുണ്ട്. ഏറ്റവുമധികം വില നല്‍കേണ്ട രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. അമേരിക്ക, ഹോങ്കോങ്, ജപ്പാന്‍, ദുബൈ തുടങ്ങിയ സ്ഥലങ്ങളിലാണ് ഐഫോണ്‍ ഏറ്റവും വില കുറച്ചു ലഭിക്കുക എന്ന് വെബ്‌സൈറ്റുകളില്‍ നിന്നുള്ള ഡേറ്റ പറയുന്നു. ഉദാഹരണത്തിന് ഐഫോണ്‍ 12 മിനിയുടെ തുടക്ക വേരിയന്റിന് ഹോങ്കോങ്ങില്‍ 5999 ഹോങ്കോങ് ഡോളറാണ് വില. അതായത് ഏകദേശം 56,804 രൂപ. എന്നാല്‍, ഇന്ത്യയില്‍ ഇതേ മോഡലിന്റെ ഔദ്യോഗിക വില 69,900 രൂപയാണ്! 

 

ഇതുപോലെ, നിങ്ങള്‍ ഹോങ്കോങില്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് വാങ്ങിയാല്‍ 89,005 രൂപ നല്‍കിയാല്‍ മതി. എന്നാല്‍, അതേ മോഡലിന് 129,900 രൂപയാണ് ഇന്ത്യയിലെ ഔദ്യോഗിക വില. അതായത് വില വ്യത്യാസം 40,895 രൂപ! ഐഫോണ്‍ 12 തുടക്ക വേരിയന്റിന്റെ ദുബൈയിലെ വില എഇഡി 2999 ആണ്. അതായത് 59,964 രൂപ. ഇതൊക്കെയാണെങ്കിലും ഏറ്റവും വിലക്കുറവ് അമേരിക്കയില്‍ തന്നെയാണ്. എന്നാല്‍, വിലയില്‍ സെയില്‍സ് ടാക്‌സ് ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഇല്ലെങ്കില്‍ പോലും ഏറ്റവും വിലക്കുറവ് അമേരിക്കിയിലാണ്.

 

അതേസമയം, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയ്ന്‍ ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ സ്ഥലങ്ങളിലും ഐഫോണിന് താരതമ്യേന വിലക്കൂടുതലാണ്. ഉദാഹരണത്തിന് ബ്രിട്ടനില്‍ ഐഫോണ്‍ 12 തുടക്ക വേരിയന്റിന് 799 ഡോളറാണ് വില (ഏകദേശം 75,905 രൂപ). എന്നാല്‍ ഈ രാജ്യങ്ങളിലെ ശമ്പളവും മറ്റുമായി തട്ടിച്ചു നോക്കിയാല്‍ അതൊരു വലിയ കാര്യമല്ലെന്നും കാണാം. ഐഫോണ്‍ ഏറ്റവും വിലക്കുറവില്‍ ലഭിക്കുന്നത് അമേരിക്കയിലും ജപ്പാനിലുമാണ്. ഏറ്റവുമധികം വില നല്‍കേണ്ടത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലും.

 

∙ ജിയോയുടെ സ്വന്തം 5ജി വിപ്ലവം തുടങ്ങുന്നത് ഇങ്ങനെ

 

ചൈനീസ് കമ്പനികളെ അകറ്റി നിർത്താനായി തങ്ങള്‍ സ്വന്തം 5ജി വികസിപ്പിക്കാന്‍ ശ്രമിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി പ്രഖ്യാപിച്ചപ്പോള്‍ അതൊതു വങ്കന്‍ പ്രസ്താവനയാണെന്നു പറഞ്ഞവർ ഏറെയാണ്. എന്നാല്‍, അംബാനിയുടെ കമ്പനിയായ ജിയോയിലേക്ക് ലോകത്തെ വിവിധ ബിസിനസ് ഭീമന്മാര്‍ പിന്നീട് നിക്ഷേപമിറക്കി സഖ്യത്തിലാകുകയുമായിരുന്നു. ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ക്കൊപ്പം, ഹാര്‍ഡ്‌വെയര്‍ ഭീമനും മുതല്‍മുടക്കാനായി മുന്നോട്ടുവന്നു. ഗൂഗിളും ജിയോയും ചേര്‍ന്ന് 2500 രൂപ വിലയുള്ള 5ജി ഫോണ്‍ ഇറക്കുമെങ്കില്‍, ക്വാല്‍കമുമായുള്ള സഖ്യത്തിലൂടെയായിരിക്കും രാജ്യത്ത് 5ജി രൂപകല്‍പ്പനയ്ക്ക് ആക്കംകൂട്ടുക. ജിയോയുടെ കീഴിലുള്ള കമ്പനിയായ റാഡിസ് കോര്‍പറേഷനും ക്വാല്‍കമുമായിരിക്കും ഇതിനു മുന്നില്‍ നില്‍ക്കുക. ഇരു കമ്പനികളും ചേര്‍ന്ന് വെര്‍ച്വലൈസ്ഡ് റേഡിയോ അക്‌സസ് നെറ്റ്‌വര്‍ക്ക്, അഥവാ വെര്‍ച്വലൈസ്ഡ് റാന്‍ ( virtualized RAN (Radio Access Network) സാങ്കേതികവിദ്യയെ ആശ്രയിച്ച് 5ജി വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അവരുടെ ഉദ്ദേശം ഇന്ത്യയിലെ 5ജി വകസനം ത്വരിതപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള്‍ താമസംവിനാ ഒരുക്കിത്തുടങ്ങാനുമാണ്.

jio-mimo

 

അതേസമയം, തങ്ങള്‍, ക്വാല്‍കമിന്റെ 5ജി റാന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന, റിലയന്‍സ് ജിയോ 5ജിഎന്‍ആര്‍ സോഫ്റ്റ്‌വെയറില്‍ സെക്കന്‍ഡില്‍ 1ജിബിയിലധികം സ്പീഡ് എന്ന നാഴികക്കല്ല് നേടിയതായി ഇരു കമ്പനികളും അറിയിച്ചു. ഇതോടെ, ജിയോയുടെ 5ജി വികസന ശേഷി തെളിയിക്കപ്പെടുക മാത്രമല്ല, അവര്‍ക്ക് ഗിഗാബൈറ്റ് 5ജി എന്‍ആര്‍ പ്രൊഡക്ട് പോര്‍ട്ട്‌ഫോളിയോ ഉയര്‍ത്തിക്കാണിക്കുകയും ചെയ്യാമെന്ന് ക്വാല്‍കം അറിയിച്ചു. 5ജി വരുന്നതോടെ അതിവേഗ ഡേറ്റാ സ്പീഡുകള്‍ ഉപയോക്താക്കള്‍ക്കും വിവിധ സേവനങ്ങള്‍ക്കും ഉപയോഗിക്കാനാകും. ഇതു കൂടാതെ, ഓഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകള്‍ക്ക് അതിവേഗ വളര്‍ച്ചയും പ്രതീക്ഷിക്കുന്നു. ഇവയെല്ലാം കംപ്യൂട്ടറുകള്‍, സ്മാര്‍ട് ഫോണുകള്‍ തുടങ്ങിയവയിലൂടെ ഉപയോക്താവിലേക്ക് എത്തുകയും ചെയ്യും.

 

ക്വാല്‍കം ടെക്‌നോളജീസുമൊത്ത് ക്ലൗഡില്‍ വസിക്കുന്ന, പുതിയ തലമുറ 5ജി റാന്‍ ടെക്‌നോളജി വികിസിപ്പിക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ അത്യധികം ഉത്സാഹഭരിതരാണ്. ഇത് 'ഓപ്പണ്‍' വിഭാഗത്തില്‍ പെടുത്താവുന്നതും, സോഫ്റ്റ്‌വെയര്‍ കേന്ദ്രീകൃതവുമാണ്. ക്വാല്‍കം ടെക്‌നോളജീസും, ജിയോ പ്ലാറ്റ്‌ഫോംസും ചേര്‍ന്നു വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ മാതൃകാപരമായ ഒന്നാണ്. അത് പ്രാദേശിക നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പോഷിപ്പിക്കുന്നതും, സ്വതന്ത്ര 5ജി രാജ്യമാകാനുള്ള ആത്മനിര്‍ഭര്‍ ഭാരത് സ്വപ്നം പൂര്‍ത്തികരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും കാണണമെന്നും റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ പ്രസിഡന്റ് മാത്യു ഉമ്മന്‍ പറഞ്ഞു. അതേസമയം റിലയന്‍സി ജിയോയുമായുള്ള ദീര്‍ഘകാല സഹകരണത്തിലേക്കു കടക്കുന്നതില്‍ തങ്ങളും അതീവ സന്തുഷ്ടരാണെന്ന് ക്വാല്‍കം ഇന്ത്യയുടെ പ്രസിഡന്റായ രാജന്‍ വഗാഡിയ പറഞ്ഞു. തങ്ങളുടെ 5ജി സാങ്കേതികവിദ്യ പങ്കുവയ്ക്കുക വഴി ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ശക്തിപകരാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആശ്രയിക്കാവുന്നതും, അതിശക്തവുമായ മൊബൈല്‍ ഇന്റര്‍നെറ്റിന്റെ ആവശ്യകത വര്‍ധിച്ചുവരുന്ന ഈ സന്ദര്‍ഭത്തില്‍, സാധാരണ ഉപയോക്താക്കള്‍ക്കും, കമ്പനികള്‍ക്കും ഉപകാരപ്രദമായ രീതിയില്‍ അതു നല്‍കാനുള്ള ശ്രമമാണിതെന്നും പറയുന്നു. റീട്ടെയില്‍ മേഖലയിലും, വൈദ്യ മേഖലയിലും, നിര്‍മാണ മേഖലയിലുമൊക്കെ പുതിയ സാങ്കേതികവിദ്യ പുത്തനുണര്‍വു പകരും. വിലക്കുറവില്‍ 4ജി ഡേറ്റാ എത്തിച്ചു നല്‍കുന്ന കാര്യത്തില്‍ വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് ജിയോ. അവരുമായി അടുത്തു സഹകരിച്ച് 5ജി എത്തിക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്നും ക്വാല്‍കം അറിയിച്ചു.

 

∙ വെറൈസണ്‍ നോക്കിയയുമായി ചേര്‍ന്ന് സ്വകാര്യ 5ജി നെറ്റ്‌വര്‍ക്ക് ബിസിനസുകാര്‍ക്ക് എത്തിക്കും

 

ചൈനീസ് കമ്പനികളുടെ അപ്രതീക്ഷിത പതനം മുതലാക്കാനായ കമ്പനികളിലൊന്നാണ് ഫിന്‍ലാന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ നോക്കിയ. അമേരിക്കന്‍ ടെലികോം കമ്പനിയായ 'വെറൈസണ്‍ ബിസിനസ്' നോക്കിയയുമായി സഹകരിച്ച് യൂറോപ്പും, ഏഷ്യാ-പസഫിക് വിഭാഗവും കേന്ദ്രീകരിച്ച് ബിസിനസുകാര്‍ക്കായുള്ള പുതിയ 5ജി പ്ലാറ്റ്‌ഫോം അവതരിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിലൂടെ ബിസിനസുകാര്‍ക്ക് വ്യാവസായികാവശ്യങ്ങള്‍ക്ക് ഉതകുന്ന തരത്തിലുള്ള സ്വകാര്യ 5ജി എത്തിച്ചുകൊടുക്കാനാണ് ഉദ്ദേശം. സ്വകാര്യ 5ജി നെറ്റ്‌വര്‍ക്കില്‍ അള്‍ട്രാ-ലോ ലേറ്റന്‍സി പ്രയോജനപ്പെടുത്തി കൂടുതല്‍ സ്പീഡു നല്‍കുന്നു. കമ്പനികളുടെ സ്വന്തം സ്ഥലത്ത് അവരുടെ ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്ത മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഏര്‍പ്പാടാക്കി കൊടുക്കും. വെറൈസണ്‍ അടുത്ത ഘട്ട ആഗോള 5ജി വകസനം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണെന്നാണ് കമ്പനി അറിയിച്ചത്. ബിസിനസുകാരുടെ പ്രവര്‍ത്തന രീതിയെ ഗുണകരമായ രീതിയില്‍ തിരുത്തിയെഴുതാന്‍ കഴിവുള്ള അതിശക്തമായ ടെക്‌നോളജിയാണ് സ്വകാര്യ 5ജി എന്നു കമ്പനി അറിയിച്ചു. നോക്കിയയുടെ ഡിജിറ്റല്‍ ഓട്ടോമേഷന്‍ ക്ലൗഡ് കേന്ദ്രീകൃതമായിരിക്കും ഇത്.

 

∙ അഡോബി മാക്‌സ് 2020 വാര്‍ഷിക സമ്മേളനം തുടങ്ങി

 

സോഫ്റ്റ്‌വെയര്‍ ഭീമന്‍ അഡോബിയുടെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനമായ മക്‌സ് 2020 തുടങ്ങി. ഈ വര്‍ഷത്തെ മറ്റു സമ്മേളനങ്ങളെപ്പോലെ ഇതും വെര്‍ച്വല്‍ ആയാണ് നടത്തുന്നത്. തങ്ങളുടെ വളര്‍ച്ചയില്‍ അഡോബി കമ്മ്യൂണിറ്റിയുടെ പങ്കിനെ പ്രകീര്‍ത്തിക്കാന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റായ മാലാ ശര്‍മ്മ മറന്നില്ല. തങ്ങളുടെ പ്രൊഡക്ടുകളായ ഫോട്ടോഷോപ്പിലും ലൈറ്റ്‌റൂമിലും പുതുമകള്‍ അവതരിപ്പിക്കുന്ന കാര്യവും അഡോബി അറിയിച്ചു. ഏതാനും വര്‍ഷം മുൻപ് ചിന്തിക്കാന്‍ പോലും സാധ്യമല്ലാതിരുന്ന തരം മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്ന് അവര്‍ അറിയിച്ചു. ഫോട്ടോഷോപ്പില്‍ കൊണ്ടുവരുന്ന ന്യൂറല്‍ ഫില്‍റ്ററുകള്‍ ഫോട്ടോ എഡിറ്റിങ് സമ്പൂര്‍ണമായി മാറ്റുമെന്നാണ് അവര്‍ പറയുന്നത്. ഒരാളുടെ മുഖത്തിന്റെ ഭാവം മുതല്‍ ത്വക്കു വരെ വേണ്ടരീതിയില്‍ മാറ്റാനാകും. മറ്റു ഫോട്ടോകളില്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ വൃത്തിയാക്കി എടുക്കലും എളുപ്പമാകും. ഇനി മേല്‍ വരച്ച (drawing) രീതിയില്‍ ഫോട്ടോ മാറ്റാനുമാകും. പണ്ടുമുതല്‍ ഫോട്ടോയ്ക്കു മാറ്റം വരുത്തിയാല്‍ അതിനെ 'ഫോട്ടോഷോപ്പു ചെയ്തത്' എന്നാണ് വിളിച്ചുവന്നത്. ഇനി അത് അക്ഷരാര്‍ഥത്തില്‍ ആ വിധത്തില്‍ ആകാന്‍ പോകുന്നു. ഐപാഡ് ആപ്പിനും കാര്യമായ മാറ്റങ്ങള്‍ നല്‍കാന്‍ തങ്ങള്‍ ആപ്പിളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചതായും അഡോബി അറിയിച്ചു.

 

English Summary: Jio, Qualcomm in major tie-up for indigenous 5G tech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com