ADVERTISEMENT

വിലക്കുറവില്‍ ഡേറ്റാ നല്‍കുന്നത് പുതിയ ഡിജിറ്റല്‍ ഇന്ത്യയുടെ കുതിപ്പിന് അത്യന്താപേക്ഷിതമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പേപ്പറില്‍ നോക്കിയാല്‍ അത്യാകര്‍ഷകമാണ് ഇന്ത്യയുടെ ഡേറ്റാ പ്ലാനുകള്‍. ഏതു രാജ്യക്കാര്‍ക്കും ഇതു കാണുമ്പോള്‍ അസൂയ തോന്നാതിരിക്കില്ല. പ്രതിദിനം 2ജിബി 4ജി ഡേറ്റയ്ക്ക് ഒരു മാസത്തേക്കു നല്‍കേണ്ടത് 5 ഡോളറൊക്കെയാണ്. അല്‍പ്പം കൂടി പൈസ നല്‍കിയാല്‍ പ്രതിദിനം 3 ജിബി ഉപയോഗിക്കാമെന്ന വ്യാമോഹവും ടെലികോം കമ്പനികള്‍ സൃഷ്ടിക്കുന്നു. അതായത്, സോഷ്യല്‍മീഡിയക്കാർ തമാശയായി പറയുന്നത് പോലെ ഓഫർ ഡേറ്റ ഉപയോഗിച്ച് തീർക്കാൻ ഫോണിന്റെ കൂടി ടവറും കൂടി കൊണ്ടുനടക്കേണ്ടി വരുമെന്ന് ചുരുക്കം.

 

എന്നാല്‍, ഒരാള്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവനദാതാക്കളില്‍ നിന്ന് ലഭിക്കുന്ന ഡേറ്റ ഉപയോഗിക്കുന്ന രീതി പരിഗണിക്കുമ്പോഴാണ് ഇതിന്റെ വാസ്തവം മനസിലാകുന്നത് എന്നാണ് ഇപ്പോള്‍ രാജ്യത്തു നടത്തിയിരിക്കുന്ന ഒരു സര്‍വേ വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള മിക്ക ഉപയോക്താക്കളും തങ്ങളുടെ 2 ജിബി അല്ലെങ്കില്‍ 3ജിബി ഡേറ്റാ ഒരു ദിവസം ഉപയോഗിച്ചു തീര്‍ക്കാന്‍ പാടുപെടുന്നു എന്നാണ് കണ്ടെത്തല്‍. മൊബൈലില്‍ സ്ട്രീമിങ് ഗെയിം കളിക്കാന്‍ ശ്രമിക്കുന്നവരില്‍ പലരും, എന്തെങ്കിലും ഡേറ്റാ സ്പീഡ് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും, വിഡിയോ കോള്‍ സുഗമമായിരിക്കണം എന്നു നിര്‍ബന്ധമുള്ളവരുമെല്ലാം ബ്രോഡ്ബാന്‍ഡിനെയാണ് ആശ്രയിക്കുന്നതെന്നും സര്‍വെ പറയുന്നു. 

കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ആ സേവന ദാതാവാണോ നല്ലത് അതോ ഈ സേവനദാതാവാണോ എന്നു ചോദിച്ച് മാറിമാറി കണക്ഷന്‍ എടുക്കാന്‍ പാഞ്ഞു നടക്കുന്ന മാതാപിതാക്കളെയും ഇന്ന് രാജ്യത്തുടനീളം കാണാം.

 

ഇതില്‍ നിന്ന് മനസിലാക്കാവുന്ന ഒരു കാര്യമിതാണ്- ചുറ്റും ഡേറ്റാ പ്രളയമാണ്. പക്ഷേ സ്പീഡില്ല. എന്നാല്‍, നിങ്ങളിപ്പോള്‍ നിങ്ങളുടെ ഫോണില്‍ ഏതെങ്കിലും ഇന്റര്‍നെറ്റ് സ്പീഡ് ചെക്ക് ആപ് ഉപയോഗിച്ചു പരിശോധിച്ചാല്‍, ആ..ഹാ.. എന്താ സ്പീഡ് എന്നു പറഞ്ഞു പോകും. എന്നാല്‍ നിങ്ങള്‍ യുട്യൂബില്‍ ഒരു 720പി വിഡിയോ സ്ട്രീം ചെയ്തു നോക്കൂ. ശരിക്കുള്ള സപീഡു കാണാം. മിക്കവര്‍ക്കും മുക്കിയും മൂളിയും മാത്രമായിരിക്കും യുട്യൂബ് പ്ലേയാകുക. അതിന്റെ അര്‍ഥം സ്പീഡ് ചെക്ക് ആപ്പ് രേഖപ്പെടുത്തിയത് തെറ്റായ സ്പീഡ് ആണെന്നാണ്. (എന്നാല്‍, അടുത്തു ടവറുള്ളവര്‍ക്കും മറ്റും ഇക്കാര്യത്തില്‍ മാറ്റം കണ്ടേക്കാം.) എന്തായാലും ഊക്‌ലയുടെ ആഗോള റാങ്കിങും സത്യം വിളിച്ചു പറയുന്നു- ഡേറ്റാ സ്പീഡില്‍ ഇന്ത്യയുടെ സ്ഥാനം 138 രാജ്യങ്ങള്‍ക്കിടയില്‍ 131-ാമതാണ്! ഡൗണ്‍ലോഡ് സ്പീഡിലെ ആഗോള ശരാശരി 35.26 എംബിപിഎസ് (മെഗാബിറ്റ്‌സ് പെര്‍ സെക്കന്‍ഡ്) ആണ്. അതേസമയം ഇന്ത്യയുടേത് 12.07 എംബിപിഎസ് ആണ്. ശരാശരി ആഗോള അപ്‌ലോഡ് സീപീഡും ലേറ്റന്‍സിയും 11.22 എംബിപിഎസും 42 മില്ലി സെക്കന്‍ഡ്‌സുമാണെങ്കില്‍, ഇന്ത്യയില്‍ അത് 4.31എംബിപിഎസും, 52 മില്ലിസെക്കന്‍ഡ്‌സുമാണ്. അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും, ശ്രീലങ്കയും നേപ്പാളും ഇന്ത്യയേക്കാള്‍ മുന്നിലാണ് ആഗോള ഇന്റര്‍നെറ്റ് സ്പീഡ് റാങ്കിങില്‍ എന്നുകൂടെ കാണുമ്പോഴാണ് ചിത്രം കൂടുതല്‍ വ്യക്തമാകുന്നത്.

 

ശ്രീലങ്കയുടെ റാങ്കിങ് 102 ആണ്. 19.5 എംബിപിഎസ് ശരാശരി സ്പീഡാണ് അവരുടേത്. പാക്കിസ്ഥാന്‍ 116-ാമതാണ്. 17.13 എംബിപഎസ് സ്പീഡ്. നേപ്പാള്‍ 117-ാമതാണ്. അവര്‍ക്കു പോലുമുണ്ട് 17.12എംബിപിഎസ് ശരാശരി സ്പീഡ്. ഏറ്റവുമധികം ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡുള്ള രാജ്യം ദക്ഷിണ കൊറിയായാണ്-  121 എംബിപിഎസ്. അതായത് ഇന്ത്യയുടെ ശരാശരിയേക്കാള്‍ 108.93 എംബിപിഎസ് അധിക സ്പീഡ്! ബ്രോഡ്ബാന്‍ഡിന്റെ കാര്യത്തിലും ഇന്ത്യയുടെ ഇരട്ടി സ്പീഡാണ് ദക്ഷിണ കൊറിയയ്ക്ക്. ഇതില്‍ നിന്ന് മനസിലാക്കാവുന്ന കാര്യം അണ്‍ലിമിറ്റഡ് ഡേറ്റപ്ലാനുകളൊക്കെ കൊള്ളാം. ഒരു പക്ഷേ മിക്കവര്‍ക്കും 2ജിബിയും 3ജബിയും പ്രതിദിന ഡേറ്റയും വേണ്ട. പക്ഷേ, അത്യാവശ്യമായി സ്പീഡ് വര്‍ധിപ്പിക്കണം.

 

∙ ഇതാണ് ശരാശരി ഉപയോക്താവിന്റെ ഡേറ്റാ ഉപയോഗ രീതി:

 

കോള്‍ ഓഫ് ഡ്യൂട്ടി മൊബൈലില്‍ ഒരു മണിക്കൂര്‍ കളിച്ചാല്‍ ചെലവാകുന്നത്-  35എംബി ഡേറ്റ

യുട്യൂബ് 360പി ഒരു മണിക്കൂര്‍ കാണാന്‍ വേണ്ടത് 280 എംബി ഡേറ്റ

യുട്യൂബ് 720പി കാണണമെങ്കില്‍ 600 എംബി ഡേറ്റ വേണം

ഒരു മണിക്കൂര്‍ ഫെയ്‌സ്ബുക് വിഡിയോ സ്ട്രീമിങിന് 300എംബി ഡേറ്റാ

ഒരു മണിക്കൂര്‍ നെറ്റ്ഫ്‌ളിക്‌സ് ലോ റെസലൂഷന്‍ സ്ട്രീമിങിന് 650എംബി ഡേറ്റ

വെബ് ബ്രൗസര്‍ ഏകദേശം 150 എംബി. (ഇതിലേറെ ഡേറ്റ പ്രതിദിനം ഉപയോഗിക്കുന്നയാള്‍ക്കാര്‍ വേറെ പണിയൊന്നുമില്ലാത്തവര്‍ ആയിരിക്കാം.)

(Photo by STR / AFP)
(Photo by STR / AFP)

 

ഇതെല്ലാം ഒരു ദിവസം ചെയ്താല്‍ പോലും അത് 2 ജിബിയില്‍ താഴെയെ വരൂ. കൂടുതല്‍ ഡേറ്റ ലഭിക്കുന്നതിനേക്കാള്‍ ഊന്നല്‍ ഡേറ്റയുടെ സ്പീഡു വര്‍ധിപ്പിക്കുന്ന കാര്യത്തിലാകണം എന്നാണ് വാദം.

 

∙ സാംസങ് ടിവിക്കൊപ്പം ഗ്യാലക്‌സി ഫോള്‍ഡ് ഫ്രീ!

 

ദക്ഷിണ കൊറിയന്‍ ഉപകരണ നിര്‍മാണ ഭീമന്‍ സാംസങ് തങ്ങളുടെ 8കെ ടിവിയുടെ വില്‍പ്പനാ മേള തുടങ്ങിയിരിക്കുകയാണ്. ഇവയില്‍ പ്രീമിയം ശ്രേണിയിലുള്ള ക്യൂലെഡ് 8കെ ടിവികളും ഉള്‍പ്പെടും. പ്രീമിയം ടിവികള്‍ വാങ്ങുന്നവര്‍ക്ക് തങ്ങളുടെ ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ മോഡലുകളിലൊന്നായ ഗ്യാലക്‌സി ഫോള്‍ഡ് ഫ്രീയായായി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തങ്ങളുടെ 8കെ ക്യൂലെഡ് ടിവികളുടെ 85, 82, 75-ഇഞ്ച് മോഡലുകള്‍ വാങ്ങുന്നവര്‍ക്കാണ് ഫോണ്‍ വെറുതെ നല്‍കുക. ഏറ്റവും കൂടിയ മോഡലിന് 630,000 രൂപയാണ് വില.

 

∙ ആപ്പിളിന്റെ എ14ബയോണിക് പ്രോസസറിനേക്കാള്‍ 30 ശതമാനം ശക്തി കൂടിയതാണ് കിരിന്‍ 9000 എന്ന് വാവെയ്

 

ചൈനീസ് കമ്പനിയായ വാവെയുടെ ഏറ്റവും പുതിയ മെയ്റ്റ് 40 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത് കമ്പനിയുടെ സ്വന്തം കിരിന്‍ 9000 പ്രോസസറാണ്.  5 എന്‍എം പ്രോസസിലൂടെയാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ മൊത്തം 15.3 ബില്ല്യന്‍ പ്രോസസറുകളുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനാല്‍ അത് ആപ്പിളിന്റെ ഏറ്റവും പുതിയ എ14 ബയോണിക് പ്രോസസറിനേക്കാള്‍ 30 മടങ്ങ് ശക്തി കൂടിയതാണെന്നും കമ്പനി പറയുന്നു. കിരിന്‍ 9000ന്റെ ഒരു കോര്‍ട്ടെക്‌സ് എ77 പ്രോസസര്‍ 3.13 ഗിഗാഹെട്‌സ് വരെ ക്ലോക്കു ചെയ്യാം. ഒപ്പമുള്ള മറ്റു മൂന്നു കോര്‍ട്ടക്‌സ് എ77 പ്രോസസറുകള്‍ 2.54 ഗിഗാഹെട്‌സ് വരെ ക്ലോക്കു ചെയ്യാം. നാല് കോര്‍ട്ടക്‌സ് എ55 പ്രോസസറുകളാകട്ടെ 2.05 ഗിഗാഹെട്‌സ് വരെ സ്പീഡുള്ളവയാണ്. തങ്ങളുടെ പുതിയ മെയ്റ്റ് സീരിസില്‍ ഉള്‍ക്കൊള്ളിച്ചരിക്കുന്ന മാലി ജി78 ഗ്രാഫിക്‌സ് പ്രോസസറിന് 24 കോറുകള്‍ ഉണ്ട്. എന്നാല്‍, എൻജിനീയറിങ് മികവ് ഉണ്ടെങ്കിലും കിരിന്‍ അല്ല ആപ്പിളിന്റെ പ്രോസസറാണ് മികച്ച പ്രകടനം നടത്തുന്നതെന്ന് ജിഎസ്എം അരീന നടത്തിയ ടെസ്റ്റുകള്‍ പറയുന്നു. അതേസമയം, മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളെക്കാള്‍ മികച്ച പ്രകടനവും നടത്തുന്നു.

 

∙ ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ദീപാവലി സെയില്‍ ഒക്ടോബര്‍ 29 മുതല്‍

 

ഇന്ത്യയിലെ ഓണ്‍ലൈന്‍ വില്‍പ്പാനാ ഭീമന്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ അടുത്ത വിറ്റഴിക്കല്‍ മേള ബിഗ് ദീപാവലി സെയില്‍ ഒക്ടോബര്‍ 29ന് ആരംഭിക്കും.

 

English Summary: India ranks 131 in mobile internet speeds; falls below Sri Lanka, Pakistan, Nepal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com