ADVERTISEMENT

ഐഫോണ്‍ 12 സീരിസിനൊപ്പം ചാര്‍ജറും ഇയര്‍ഫോണും നല്‍കില്ലെന്നു കേള്‍ക്കാനിരിക്കുകയായിരുന്നു എന്നു തോന്നും സാംസങ്ങിന്റെ  ഇപ്പോഴത്തെ നീക്കം കണ്ടാല്‍. അവര്‍ അടുത്തായി ഇറക്കാന്‍ പോകുന്ന ഗ്യാലക്‌സി എസ്30 (ഗ്യാലക്‌സി എസ്21) മോഡലിനൊപ്പവും ഇയര്‍ഫോണും ചാര്‍ജറും നല്‍കിയേക്കില്ലെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുമെങ്കിലും ഒപ്പം ചാര്‍ജറും ഇയര്‍ഫോണും നല്‍കുമെന്ന് ഉറപ്പു പറഞ്ഞിരിക്കുന്ന കമ്പനികളിലൊന്ന് ഷഓമിയാണ്. എന്നാല്‍, അവരും എത്രകാലത്തേക്ക് അതു ചെയ്യുമെന്നതാണ് അറിയാത്ത കാര്യം.

 

∙ 35 ബില്ല്യന്‍ ഡോളറിന് സൈലിങ്‌സ് വാങ്ങാന്‍ എഎംഡി

 

പ്രോസസര്‍ നിര്‍മാണ രംഗത്ത് വന്‍ കുതിപ്പു നടത്തി, തങ്ങളുടെ അടുത്ത എതിരാളിയായ ഇന്റലിനു മേല്‍ ആധിപത്യം നേടാന്‍ ശ്രമിക്കുന്ന കമ്പനിയായ അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസ് ഇങ്ക് അഥവാ എഎംഡി, സൈലിങ്‌സ് (Xilinx Inc) കമ്പനിയെ 3500 കോടി ഡോളറിന് വാങ്ങാന്‍ തീരുമാനിച്ചതായി അറിയിച്ചു. വഴക്കമുള്ള പ്രോസസിങ് രീതികളില്‍ കൊണ്ടുവരുന്നതില്‍ മുൻപനായ കമ്പനിയാണ് സൈലിങ്‌സ്. തങ്ങളുടെ എതിരാളികളായ ഇന്റലിനെ വീണ്ടും പിന്നോട്ടു തള്ളാനുള്ള നീക്കങ്ങളിലൊന്നായാണ് നിരീക്ഷകര്‍ കാണുന്നത്. ഡേറ്റാ സെന്റര്‍ ചിപ്പ് മാര്‍ക്കറ്റില്‍ ഇന്റിലിനെ നേരിടുക എന്നതാണ് ഈ ഇടപാടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സിപിയു, ജിപിയു തുടങ്ങിയവ നിര്‍മിക്കുന്നതില്‍ വൈദഗ്ധ്യം തെളിയിച്ച കമ്പനിയായ എഎംഡി, ഫീല്‍ഡ്-പ്രോഗ്രാമബിൾ ഗെയ്റ്റ് അറെ അഥവാ എഫ്പിജിഎ കമ്പനിയായ സൈലിങ്‌സിന്റെ ഏറ്റെടുക്കല്‍ വഴി തങ്ങളുടെ മകവ് വന്‍ തോതില്‍ വര്‍ധിപ്പിക്കാനാണ് എഎംഡിയുടെ ഉദ്ദേശം. 2.5ഡി, 3ഡി തുടങ്ങിയ സാങ്കേതികവിദ്യകളെ മുന്നോട്ടു നയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതും സൈലിങ്‌സ് ആണെന്നാണ് വയ്പ്പ്.

 

ഇരു അമേരിക്കന്‍ കമ്പനികള്‍ക്കുമായി മൊത്തം 13,000 എൻജിനീയര്‍മാരുണ്ടായിരിക്കും. എന്നാല്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പരിപൂര്‍ണമായും ഔട്ട്‌സോഴ്‌സ് ചെയ്യുകയായിരിക്കും. ഇരു കമ്പനികള്‍ക്കും വേണ്ടി ഇപ്പോള്‍ ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന തായ്‌വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡ് അഥവാ ടിഎസ്എംസിയുമായുള്ള സഹകരണം തുടരും. സെന്‍ട്രല്‍ പ്രോസസര്‍ യുണിറ്റുകളുടെ നിര്‍മാണത്തില്‍ വളരെക്കാലമായി ഇന്റലിന്റെ എതിരാളിയായിരുന്നു എഎംഡി. കമ്പനിയുടെ മേധാവിയായി ലിസാ സു ചുമതലയേല്‍ക്കുന്നത് 2014ല്‍ ആണ്. അക്കാലം മുതല്‍ ഡേറ്റാ സെന്ററുകളിലൂടെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ആപ്പുകളുടെ കാര്യത്തിലും ലിസ ശ്രദ്ധിച്ചുവന്നിരുന്നു.

apple-logo

 

ഇന്റലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ടിഎസ്എംസിയുടേതിനേക്കള്‍ വര്‍ഷങ്ങള്‍ പിന്നിലായിരിക്കുന്നു എന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്ന സമയത്താണ് ഈ കച്ചവടം നടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഹൈ-എന്‍ഡ് പ്രോസസറുകളുടെ വില്‍പ്പനയില്‍ എഎംഡി 50 ശതമാനത്തിലേറെ ഇപ്പോള്‍ എഎംഡിയാണ് നടത്തുന്നതെന്നു പറയുന്നു.

 

∙ ഇന്റലിനോട് വിട പറഞ്ഞ് ആപ്പിളും

 

ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ആപ്പിള്‍ തങ്ങളുടെ സ്വന്തം സിലിക്കന്‍ ചിപ്‌സെറ്റുകള്‍, ഇന്റല്‍ പ്രോസസറുകള്‍ക്കു പകരം ഉപയോഗിക്കാന്‍ പോകുന്നുവെന്ന് അറിയിച്ചത്. ചൈനാ ടൈംസ് ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ആപ്പിളിന്റെ സിലിക്കന്‍ കേന്ദ്രീകൃത ഐമാക് 2021ല്‍ പുറത്തുവരും. ആപ്പിളിന്റെ സ്വന്തം എ14ടി എന്ന പേരിലുള്ള പ്രോസസറായിരിക്കും ഇതില്‍ ഉപയോഗിക്കുക. ടിഎസ്എംസി നിര്‍മിച്ച 5എന്‍എം പ്രോസസറായിരിക്കും ഉള്‍ക്കൊള്ളിക്കുക. എംടി ജെയ്ഡ് ( Mt Jade) എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന പ്രോസസറിനൊപ്പം, ലിഫുകാ (Lifuka) എന്നു പേരിട്ട ഗ്രാഫിക്‌സ് പ്രോസസറുമുണ്ടായിരിക്കും. അതും എഎസ്എംസി ആയരിക്കും നിർമിക്കുക. എന്നാല്‍, അവയായിരിക്കില്ല ആപ്പിളിന്റെ സ്വന്തം സിലിക്കന്‍ ചിപ്പ് ശക്തി പകരുന്ന ആദ്യ കംപ്യൂട്ടറുകള്‍. ഈ വര്‍ഷം നവംബറില്‍ കമ്പനി ഒരു മാക് ഇവന്റ് സംഘടിപ്പിക്കുന്നുണ്ട്. അതില്‍ ആദ്യ ആപ്പിള്‍ സിലിക്കന്‍ പ്രോസസറുപയോഗിച്ചുള്ള കംപ്യൂട്ടര്‍ പുറത്തെടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഒരു പുതിയ മാക്ബുക്കും, ഐപാഡ് പ്രോയുമായിരിക്കും പുറത്തിറക്കുക. ഇവ രണ്ടും ആപ്പിളിന്റെ സ്വന്തം എ14എക്‌സ് ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്നവായായിരിക്കും. ഇതിന്റെ കോഡ് നാമം ടോങ്ഗാ എന്നാണ്. ഇവയും ടിഎസ്എംസിയുടെ 5എന്‍എം പ്രോസസ് കേന്ദ്രീകൃതമായിരിക്കും.

 

അതേസമയം, തങ്ങളുടെ അടുത്ത തലമുറയിലെ പ്രോസസറുകളുടെ വികസിപ്പിക്കലിനായി ആപ്പിളിന്റെ എൻജിനീയര്‍മാര്‍ തല പുകച്ചു തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത ഐഫോണിലടക്കം വരുന്ന എ15 ബയോണിക് ചിപ്‌സെറ്റുകളുടെ നിര്‍മാണത്തിനായായിരിക്കും ഇനി എൻജിനീയര്‍മാര്‍ ഒത്തു ചേരുക.

 

∙ വാട്‌സാപിലെ ഫോട്ടോയും വിഡിയോയും വേണ്ടെങ്കില്‍ എന്തു ചെയ്യണം?

whatsapp

 

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സാപ്, രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഒട്ടു മിക്ക സ്മാര്‍ട് ഫോണുകളിലും സജീവമാണ്. വളരെ സൗകര്യാമാണിതെന്നു തോന്നാമെങ്കിലും, പലര്‍ക്കും ഒരു ദിവസം തന്നെ ലഭിക്കാവുന്ന ഫോട്ടോ, വിഡിയോ ഫയലുകളുടെ സൈസ് അപാരമായിരിക്കാം. ഇവ വരുന്നതിന്റെ നോട്ടിഫിക്കേഷനുകളും പ്രശ്‌നം സൃഷ്ടിക്കാം. നിരന്തരം വന്നു കൊണ്ടിരിക്കുന്ന നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കാനായാണ് വാട്‌സാപ് 'ഫോര്‍എവര്‍ മ്യൂട്ട്' എന്ന ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.

 

വരുന്ന മീഡിയയുടെ സൈസ് കുറയ്ക്കാനുള്ള ആദ്യ പടി ഓട്ടോ ഡൗണ്‍ലോഡ്‌സ് വേണ്ടന്നു വയ്ക്കുക എന്നതാണ്. അപ്പോള്‍ സ്റ്റിക്കറുകള്‍ അടക്കം ഒരു മീഡിയയും നിങ്ങളുടെ ഫോണുകളിലേക്ക് തനിയെ ഡൗണ്‍ലോഡ് ആവില്ല. ആവശ്യമുള്ളത് നിങ്ങള്‍ക്ക് സ്വയമേ ടാപ്പു ചെയ്ത് കാണുകയും ചെയ്യാം.

 

ചില ടെക്സ്റ്റ് സന്ദേശങ്ങള്‍ നിങ്ങള്‍ കാണേണ്ടായുണ്ടാകാം. വാട്‌സാപില്‍ ഫോട്ടോകളും, വിഡിയോകളും മറ്റും ഡിലീറ്റു ചെയ്യാനും ടെക്സ്റ്റ് മാത്രം കാണാനുമുള്ള ഓപ്ഷനും ഉണ്ട്. ഇത് ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്.

– സെറ്റിങ്‌സില്‍ പോയി, ഡേറ്റാ ആന്‍ഡ് സ്റ്റോറേജ് യൂസേജില്‍ ക്ലിക്കു ചെയ്യുക. തുടര്‍ന്ന് സ്‌റ്റോറെജ് യൂസേജില്‍ ക്ലിക്കു ചെയ്യുക.

– തുടര്‍ന്ന് ഏതു കോണ്ടാക്ടിന്റെ അല്ലെങ്കില്‍ ഗ്രൂപ്പിന്റെ മീഡിയായാണ് നിങ്ങള്‍ക്കു ഡിലീറ്റു ചെയ്യേണ്ടത് എന്നു തീരുമാനിക്കാം.

– അതിനു ശേഷം 'മാനേജ്' ക്ലിക്കു ചെയ്യുക. തുടര്‍ന്ന് വേണ്ട ബോക്‌സുകളിലെല്ലാം ടിക്കു ചെയ്യുക. ഉദാഹരണത്തിന് ഫോട്ടോസ്, വിഡിയോസ് അങ്ങനെ. ടെസ്റ്റ് സന്ദേശത്തിന്റെ ബോക്‌സ് മാത്രം ടിക്കു ചെയ്യാതിരിക്കുക. തുടര്‍ന്ന് ക്ലീയര്‍ എന്ന ബട്ടിണില്‍ ക്ലിക്കു ചെയ്യുക. അതല്ലെങ്കില്‍, മീഡിയ മുഴുവന്‍ നിലനിര്‍ത്തി ടെക്‌സ്റ്റ് മുഴുവന്‍ വേണമെങ്കിലു നിലനിര്‍ത്താനും സാധിക്കും. ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം.

– മറ്റൊരു സെറ്റിങ്‌സ് ഒരു പ്രത്യേക ഗ്രൂപ്പിന്റെയോ കോണ്ടാക്ടിന്റെയോ ചാറ്റും വിഡിയോയും ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്യേണ്ടന്നാണെങ്കില്‍ അതും ചെയ്യാം. സേവ് ടു ക്യാമറാ റോള്‍ എന്ന സെറ്റിങ്‌സില്‍ മാറ്റം വരുത്തിയാല്‍ മതി.

– ഫോണിന്റെ മെമ്മറി മുഴുവന്‍ തിരയേണ്ടെങ്കില്‍ പ്രയോഗിക്കാവുന്ന മറ്റൊരു തന്ത്രം വാട്‌സാപ് വെബ് ചാറ്റ് ഉപയോഗിക്കുക എന്നതാണ്. തുടര്‍ന്ന് ഏതു വിഡിയോ ഡൗണ്‍ലോഡ് ചെയ്യണം അല്ലെങ്കില്‍ ചെയ്യേണ്ട എന്നു തീരുമാനിച്ച ശേഷം കാണാം. വെബിലെ മീഡിയ ഡൗണ്‍ലോഡ് ആയാലും അത് ഫോണില്‍ സേവ് ആവില്ല.

 

∙ അംഖി ദാസിന്റെ രാജി 40ലേറെ ഇന്റര്‍നെറ്റ് സംഘടനകളുടെ സമ്മര്‍ദ്ദത്തിന്റെ ഫലം

 

ഫെയസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി മേധാവി അംഖി ദാസ് രാജി വച്ചതിനു പിന്നില്‍ 40ലേറെ മനുഷ്യാവകാശ, ഇന്റര്‍നെറ്റ് വാച്ച്‌ഡോഗ് സംഘടനകള്‍ ചെലുത്തയ സമ്മര്‍ദ്ദത്തിന്റെ ഫലം കൂടെയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യയിലെ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതു വരെ അംഖിക്ക് അവധി നല്‍കി മാറ്റി നിർത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇന്ത്യയിലെ ആരോപണങ്ങള്‍ ഫെയ്‌സ്ബുക്കിന് ആഗോള തലത്തില്‍ തന്നെ നാണക്കേടുണ്ടാക്കിയിരുന്നു. കമ്പനിയുടെ മറ്റു രാജ്യങ്ങളിലുള്ള ജോലിക്കാരും അംഖിയ്‌ക്കെതിരെ നടപടി എടുക്കാത്തതു ചോദ്യംചെയ്തിരുന്നു. അംഖി 2011ലാണ് ഫെയ്‌സ്ബുക്കില്‍ ചേരുന്നത്. ദി വാള്‍സ്ട്രീറ്റ് ജേണലാണ് അംഖിയുടെ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിച്ചത്.

 

English Summary: Report: Don’t expect a charger or earphones in the Galaxy S30’s box

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com