ADVERTISEMENT

രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അവതരിപ്പിച്ച ആരോഗ്യ സേതു ആപ് വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പൊതു– സ്വകാര്യ മേഖലകളെ കൂട്ടിയിണക്കി കോവിഡ് മഹാമാരിക്കെതിരെ പോരാടാൻ ഏറ്റവും സുതാര്യമായ രീതിയിൽ സർക്കാർ തന്നെയാണ് ആപ് നിർമിച്ചതെന്നാണ് കേന്ദ്രം അറിയിച്ചത്.

 

ദശലക്ഷകണക്കിന് ഇന്ത്യക്കാർ ഡൗൺലോഡ് ചെയ്ത ആപ് നിർമിച്ചത് ആരെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവും കൈമലർത്തിയതിനു പിന്നാലെയാണ് വിശദീകരണവുമായി സർക്കാർ രംഗത്തുവന്നിരിക്കുന്നത്. എന്നാൽ, ഇത്തരം ആപ്പുകൾ ചോർത്തുന്ന ഡേറ്റ നാളെ ജനങ്ങളുടെ സ്വകാര്യജീവിതത്തെ ബാധിക്കുമെന്ന് നിരവധി ടെക് വിദഗ്ധരാണ് മുന്നറിയിപ്പ് നൽകുന്നത്. ഇക്കാര്യം എഡ്വേഡ് സ്നോഡനും മുന്നറിയിപ്പ് നൽകിയിരുന്നു.

 

കോവിഡ് പോരാട്ടം ശക്തിപ്പെടുത്താനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ആപ് ആരാണ് നിർമിച്ചതെന്ന് വ്യക്തമായ ഉത്തരം നൽകാൻ ഇതുവരെ സർക്കാരിനായിട്ടില്ല. നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവും ചേർന്നാണ് ആപ് നിർമിച്ചതെന്ന് ആരോഗ്യ സേതു വെബ്സൈറ്റിൽ പറയുന്നത്. എന്നാൽ ഈ രണ്ട് വിഭാഗങ്ങളും തങ്ങളല്ല ആപ് നിർമിച്ചതെന്ന് അറിയിച്ചു. അപ്പോൾ പിന്നെ രാജ്യത്തെ കോടാനുകോടി ജനങ്ങളുടെ ഡേറ്റ ചോർത്തുന്ന ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്നവർ ആരാണ്? എവിടേക്കാണ് ഈ ഡേറ്റ പോകുന്നത്?

 

ആരോഗ്യ സേതു ഉൾപ്പടെയുള്ള ആപ്പുകൾ ചോർത്തുന്ന ഡേറ്റകൾ എവിടേക്കെല്ലാം ആണ് പോകുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ആപ്പുകൾ തന്നെ ആരാണ് നിർമിച്ചതെന്ന് കൃത്യമായി പറയാൻ സാധിക്കാത്തവർക്ക് പിന്നെ ഈ ഡേറ്റ എവിടേക്കാണ് പോകുന്നതെന്നും പറയാന്‍ സാധിക്കില്ല. ഇന്ന് വാരിക്കൂട്ടുന്ന സ്വകാര്യ ഡേറ്റയെല്ലാം നാളത്തെ വിലകൂടിയ ഒന്നാണെന്ന് മിക്ക് ടെക് കമ്പനികൾക്കും സർക്കാരുകൾക്കും അറിയാം.

 

ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ കൊറോണാവൈറസിന്റെ വ്യാപനത്തെയും മറ്റുമുള്ള കാര്യങ്ങള്‍ക്കായി ഹൈ-ടെക് നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ ആവശ്യമുണ്ടോ എന്നു ചിന്തിക്കുന്നവരാണ് ഇപ്പോൾ ഒരു വിഭാഗം. മുന്‍ സിഐഎ കോണ്‍ട്രാക്ടറായിരുന്ന എഡ്വേഡ് സ്‌നോഡന്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറയുന്നത് ഇപ്പോള്‍ കൊറോണാവൈറസിനെതിരെ എന്നു പറഞ്ഞ് പെട്ടിയില്‍ നിന്നു പുറത്തെടുത്തു സ്ഥാപിച്ചുവരുന്ന സാമഗ്രികള്‍ വൈറസ് പിന്‍വലിഞ്ഞാലും തിരിച്ചുവയ്ക്കാന്‍ സാധിച്ചേക്കില്ല എന്നാണ്.

 

ഈ കാലത്ത് ആരോഗ്യ സേതു പോലുള്ള സംവിധാനങ്ങൾ രാജ്യങ്ങള്‍ സ്ഥാപിക്കുന്ന അടിയന്തര നടപടികള്‍ പലതും തിരിച്ചു വിളിക്കപ്പെട്ടേക്കില്ല എന്ന ഭീതിയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. പുതിയ നടപടികള്‍ വികസിപ്പിക്കുകയായിരിക്കും അധികാരികള്‍ ചെയ്യുക. തങ്ങളുടെ പുതിയ അധികാരം അവര്‍ക്ക് ഗുണകരമായി തീര്‍ന്നുവെന്ന തോന്നലുണ്ടാകുകയും അതു വിട്ടുകളയാന്‍ ഇഷ്ടമില്ലാതെ വരികയും ചെയ്യാം. സാധാരണ നിയമങ്ങള്‍ കൊറോണാവൈറസ് പടരുന്ന സമയത്ത് പോരാ എന്ന വാദമുള്ളവരാണ് പല രാജ്യത്തെയും ഭരണാധികാരികള്‍. ഇതുണ്ടാക്കാവുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ വൈറസ് പോയിക്കഴിഞ്ഞ് ഒഴിവാക്കുകയും ചെയ്യാം എന്നതാണ് പലരുടെയും നിലപാട്. എന്നാല്‍ തങ്ങളുടെ പുതിയ അധികാരം ആസ്വദിക്കുകയായിരിക്കും പല സർക്കാരുകളും എന്നാണ് സ്‌നോഡന്റെ മുന്നറിയിപ്പ്.

 

സുരക്ഷാ സംവിധാനങ്ങളിലേക്ക് പുതിയ സാങ്കേതികവിദ്യയെ കൊണ്ടുവന്നേക്കും. എന്നാല്‍, പ്രതിസന്ധി ഘട്ടം കഴിയുമ്പോള്‍ പുതിയ നിയമം കൊണ്ടുവന്ന് അവ സ്ഥിരമായി തുടരട്ടെ എന്നു പറയുന്ന സർക്കാരുകള്‍ ഉണ്ടാകാമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. തങ്ങള്‍ക്കെതിരെ തങ്ങളുടെ പാര്‍ട്ടിയില്‍ തന്നെ ഉയരുന്ന മുറുമുറുപ്പുകളെ നിശബ്ദമാക്കാനും എതിരാളികളെ നിലംപരിശാക്കാനും കൊറോണാവൈറസിന്റെ മറവില്‍ സ്ഥാപിക്കുന്ന ടെക്‌നോളജിക്കു സാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

 

പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കൊറോണാവൈറസ് പടരുന്ന സ്ഥലങ്ങളും രോഗി പോകുന്നിടവുമെല്ലാം മാപ്പിലാക്കാം. ഇതുപയോഗിച്ച് ഭീകരപ്രവര്‍ത്തകരെയും രാഷ്ട്രീയ ശത്രുക്കളെയും ട്രാക്കു ചെയ്യാന്‍ തോന്നിയാല്‍ അതില്‍ അദ്ഭുതപ്പെടേണ്ട. എഐ നിഷ്ഠൂരവാഴ്ച ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയങ്കരമാകുന്ന സാഹചര്യത്തിനായിരിക്കാം കൊറോണാവൈറസ് നയിക്കുന്നത്. ചൈനയില്‍ തെര്‍മ്മല്‍ സ്‌കാനറുകള്‍ റെയില്‍വേ സേറ്റേഷനുകളില്‍ പിടിപ്പിച്ചു കഴിഞ്ഞു. റഷ്യയിലാകട്ടെ ക്വാറന്റീന്‍ ലംഘിച്ചു പുറത്തിറങ്ങുന്നവരെ പിടിക്കാനായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റങ്ങളും സ്ഥാപിച്ചു.

 

സമൂഹ്യ മാധ്യമങ്ങളില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളുമായി ആളുകളെ തിരിച്ചറിയാന്‍ ഇറക്കിയ പ്രോഗ്രാമായിരുന്നു ക്ലിയര്‍വ്യൂ എഐ. ഇതിനെതിരെ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് പിൻവലിച്ചിരുന്നു. എന്നാലിപ്പോള്‍ പുതിയ സാഹചര്യം മുതലെടുത്ത് അവരിപ്പോള്‍ വിവിധ സർക്കാരുകളുമായി ചര്‍ച്ചയിലാണ് എന്നു റിപ്പോര്‍ട്ടുകളുണ്ട്. ചില കാര്യങ്ങള്‍ ചെയ്യാന്‍ ചില സംഘടനകള്‍ക്ക് സാധിച്ചേക്കുമെന്നു തിരിച്ചറിയാനുള്ള കഴിവാണ് എഐയുടെ ഇന്നത്തെ ഒരു ആകര്‍ഷണീയത. എന്നാല്‍, ഇത് ആത്യന്തികമായി ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കലാലും. പൊലീസുകാരുടെ വരെ അധികാരം വിവിധ നിയമങ്ങളിലൂടെ കുറച്ചിരിക്കുന്നത്, അതെല്ലാം വിനയാകാം എന്ന ബോധമുള്ളതുകൊണ്ടാണ്. ഇതിനെല്ലാമെതിരെ എളുപ്പത്തില്‍ നടപ്പിലാക്കാവുന്ന ഒന്നാണ് അല്‍ഗോറിതങ്ങളെക്കൊണ്ട് പൊലീസിന്റെ പണി ചെയ്യിക്കുക, അല്ലെങ്കില്‍ അല്‍ഗൊറിതമിക് പൊലീസിങ്. വിവിധ വംശങ്ങളെ പോലും തിരിച്ചറിഞ്ഞ് നിയമത്തെക്കൊണ്ടു പ്രവര്‍ത്തിപ്പിക്കാനായേക്കും. എല്ലാത്തരം നിരീക്ഷണ സംവിധാനത്തിലേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉള്‍ക്കൊള്ളിക്കുന്നതാണ് സ്‌നോഡന് ഉത്കണ്ഠ വളര്‍ത്തിയിരിക്കുന്നത്.

 

നിങ്ങള്‍ ഇന്റര്‍നെറ്റില്‍ എന്തു ചെയ്യുകയാണെന്ന് സർക്കാരുകള്‍ക്ക് അറിയാം. നിങ്ങളുടെ ഫോണിന്റെ ലൊക്കേഷനും അവര്‍ക്കറിയാം. നിങ്ങളുടെ ഹൃദയമിടിപ്പിന്റെ തോതും അറിയാം. നങ്ങളുടെ നാഡീസ്പന്ദനവും. അവര്‍ ഈ ഡേറ്റ എല്ലാം ഒരുമിപ്പിച്ച് അവയ്ക്കു മേല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്നും സ്‌നോഡന്‍ ചോദിക്കുന്നു.

 

സുരക്ഷയും സ്വകാര്യതയും തമ്മില്‍ ഒരു സന്തുലാതവസ്ഥ സാധ്യമല്ല. പ്രത്യേകിച്ചും ഇതുപോലൊരു ആഗോള പ്രതിസന്ധി നിലനില്‍ക്കുന്ന സമയത്ത്. രോഗത്തിന്റെ രൂക്ഷതയെ സ്‌നോഡന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, അധികം താമസിയാതെ വാക്‌സിനുകളും, ഹേര്‍ഡ് ഇമ്മ്യൂണിറ്റിയുമായി രോഗത്തെ തടഞ്ഞു നിർത്തും. പക്ഷെ, ഇതിനായി അധികാരികള്‍ ചെയ്തുവയ്ക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി എല്ലാത്തിനും ശേഷം നിലനില്‍ക്കും.

 

English Summary: Ministry has no information on who created Aarogya Setu, RTI body issues showcause notice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com