ADVERTISEMENT

തൊഴിൽ ലംഘന ആരോപണങ്ങളെ തുടർന്ന് ചൈനീസ് കമ്പനിയായ പെഗാട്രോണിനെ ഐഫോൺ നിർമാതാക്കളുടെ പട്ടികയിൽ നിന്ന് ആപ്പിൾ സസ്പെൻഡ് ചെയ്തു. വിതരണ പെരുമാറ്റച്ചട്ടം കമ്പനി ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആപ്പിൾ ചൈനയിലെ ഐഫോൺ നിർമാതാക്കളിലൊരാളായ പെഗട്രോണുമായി ബിസിനസ്സ് പ്രവർത്തനങ്ങൾ നിർത്തിവച്ചത്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് പെഗാട്രോണിൽ വിദ്യാർഥി തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. ഇതിൽ വിദ്യാർഥി തൊഴിലാളികളെ ‘തരംതിരിക്കാത്തതാണ്’ പ്രശ്നമായത്. കൂടാതെ ചിലരെ രാത്രി വൈകിയും ഓവർടൈമിലും ജോലി ചെയ്യിപ്പിക്കുന്നുണ്ടെന്നും കണ്ടെത്തി. ഇത് കാലിഫോർണിയ ആസ്ഥാനമായുള്ള ടെക് ഭീമന്റെ വിതരണ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. 

 

നിലവിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നത് വരെ പെഗട്രോണിന് ആപ്പിളിൽ നിന്ന് പുതിയ ബിസിനസ്സൊന്നും ലഭിക്കില്ലെന്നാണ് യുഎസ് കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നത്. ഐഫോൺ നിർമാണത്തിനായി ആശ്രയിക്കുന്ന ‍കമ്പനികളിൽ ഒന്നാണ് പെഗാട്രോൺ. എന്നാൽ മറ്റ് വിതരണക്കാരായ ഫോക്സ്കോൺ, ഹോൺ ഹായ് പ്രിസിഷൻ ഇൻഡസ്ട്രി എന്നിവരും തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. 

 

നിലവിൽ ആപ്പിൾ നാല് പുതിയ ഐഫോൺ 12 മോഡലുകളാണ് നിർമിച്ച് വതിരണം ചെയ്യുന്നത്. അതേസമയം, ചൈനയ്ക്ക് പുറത്ത് ഐഫോൺ ഉത്പാദനം വ്യാപിപ്പിക്കുന്നതിനും പെഗട്രോണിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, നിലവിലെ തെറ്റുകൾ തിരുത്താതെ വീണ്ടും തിരിച്ചെടുക്കില്ലെന്നാണ് കരുതുന്നത്. കമ്പനിയിൽ പ്രായപൂർത്തിയാകാത്ത തൊഴിലാളികളെ നിർബന്ധിച്ച് ജോലിയെടുപ്പിക്കുന്നതിന്റെ തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും ആപ്പിൾ പറഞ്ഞു. എന്നാൽ, തൊഴിൽ ലംഘനങ്ങൾ മറയ്ക്കുന്നതിന് വിതരണക്കാരൻ നൽകിയ വിവരങ്ങൾ വ്യാജമാണെന്ന് ആപ്പിൾ കണ്ടെത്തിയിട്ടുണ്ട്.

 

ഏതൊരു വിദ്യാർഥി തൊഴിലാളി പ്രോഗ്രാമിനും കമ്പനിക്ക് കർശനമായ അവലോകനവും അംഗീകാര പ്രക്രിയയും ഉണ്ട്. ഇത്തരത്തിൽ ജോലി ചെയ്യുന്ന വിദ്യാർഥികൾക്ക് രാത്രി ഷിഫ്റ്റുകൾ നൽകുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് ആപ്പിൾ പറയുന്നത്.

അതേസമയം, കിഴക്കൻ ചൈനയിലെ ഷാങ്ഹായ്, കുൻഷാൻ ക്യാംപസുകളിൽ വിദ്യാർഥി തൊഴിലാളി പ്രോഗ്രാമിന് മേൽനോട്ടം വഹിച്ച മാനേജരെ പെഗട്രോൺ പുറത്താക്കിയതായും റിപ്പോർട്ടുണ്ട്. ഇതിനിടെ കമ്പനി വിദ്യാർഥി തൊഴിലാളികളെ ഉൽ‌പാദന പരിധിയിൽ നിന്ന് മാറ്റി നിർത്തിയതായും ആവശ്യമായ പിന്തുണയും പരിചരണവും നൽകിക്കൊണ്ട് ശരിയായ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും പെഗട്രോൺ അറിയിച്ചു.

 

English Summary: Apple Suspends China's Pegatron From Manufacturers List After Labour Violation Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com